ജീവിതമാകുന്ന നൗക – 6

തിരിച്ചു പോരുമ്പോൾ അന്നയെങ്ങനെങ്കിലും ആണോ ചെറിയമ്മ യുടെ അടുത്ത് പോയി പറഞ്ഞത് എന്നായി കീർത്തനയുടെ സംശയം. രഹസ്യമായിട്ടാണെങ്കിലും തൻ്റെ ഇഷ്‌ടം അർജ്ജുവിനെ അറിയിക്കണം. അർജ്ജുവിന് ഇഷ്ടമാണെങ്കിൽ പിന്നെ ചെറിയമ്മയെ വരെ അവൻ വരച്ച വരയിൽ നിർത്തിക്കോളും. അവൾ ക്ലാസ്സിൽ പഴയ സീറ്റിൽ തന്നെ പോയിരുന്നു.

കീർത്തന അർജ്ജുവിൻ്റെ അടുത്ത് സീറ്റിൽ പോയിരുന്നതിനെകുറിച്ച് രാഹുലിന് ചില സംശയങ്ങൾ ഉണ്ട്

“ഡാ രാവിലെ എന്താ കീർത്തന നിൻ്റെ അടുത്ത സീറ്റിൽ വന്നിരുന്നത് ?”

“ആ എനിക്കറിയില്ല”

“ആ അന്നയുടെ പ്ലാനായിരിക്കും. നിനക്കിട്ട് പണിയാൻ. എന്നിട്ട് രണ്ടും കൂടി നാടകം കളിക്കുന്നതായിരിക്കും “

അർജ്ജു രാഹുലിനെ ഒന്ന് നോക്കി

“ഡാ നിനക്കയിടെയായി സംശയങ്ങൾ ഇത്തിരി കൂടുതലാണെല്ലോ “

“ഞാൻ പറഞ്ഞെന്നേയുള്ളൂ.”

അർജ്ജുവും രാഹുലും ഉച്ചക്ക് ഊണ് കഴിഞ്ഞു വന്നപ്പോൾ കീർത്തന തിരിച്ചു അവളുടെ പഴയ സീറ്റിലേക്ക് തന്നെ മാറിയിരിന്നു. അത് കണ്ടപ്പോൾ തന്നെ അർജ്ജുവിന് ആശ്വാസം തോന്നി.

അന്നയാണെങ്കിൽ രാവിലത്തെ ബ്രേക്ക് കഴിഞ്ഞു തിരിച്ചു വന്നിട്ടില്ല. ഇവൾ ഇത് എന്തു ഭാവിച്ചാണ്, അവളുടെ കൂട്ടുകാരി ഒന്നിവിടെ വന്നിരുന്നതിനാണോ ഇത്രയും പ്രശനം.

പിറ്റേ ദിവസം അന്ന ക്ലാസ്സിൽ എത്തിയപ്പോൾ കീർത്തന പഴയ സീറ്റിൽ തന്നെ ഇരിക്കുന്നത് കണ്ടു. അന്ന അവളെ നോക്കി പുഞ്ചിരിച്ചു കൊണ്ട് സോറി പറഞ്ഞു.

“സോറി ഡി. നീ ഇന്നലെ പെട്ടന്ന് അവൻ്റെ അടുത്ത് പോയി ഇരുന്നപ്പോൾ എനിക്ക് ദേഷ്യം വന്നു.”

കീർത്തന അൽപ്പ നേരത്തേക്ക് ഒന്നും മിണ്ടിയില്ല.

“നമ്മുക്ക് ഇതിനെകുറിച്ച ബ്രേക്കിന് ക്യാന്റീനിൽ പോയി സംസാരിക്കാം.”

അന്ന പിന്നെ ഒന്നും ചോദിക്കാൻ നിന്നില്ല. രണ്ട് പേരും കൂടി ബ്രേക്കിന് ക്യാന്റീനിൽ പോയി ആളൊഴിഞ്ഞ ഒരു ഭാഗത്തായി ഇരുന്ന്.

അന്ന വീണ്ടും അവളോട് സോറി പറയാൻ തുടങ്ങി.

“ അന്നേ ഞാൻ നിൻ്റെ അടുത്ത് നേരത്തെ പറയേണ്ടിയിരുന്നു. “

“അത് കുഴപ്പമില്ല കീർത്തു സീറ്റ് മാറി ഇരിക്കുന്നതിനെക്കുറിച്ചൊക്കെ എന്തിന് നേരത്തെ പറയണം. തെറ്റ് എൻ്റെ ഭാഗത്തല്ലേ. എനിക്കുണ്ടായ അനുഭവം വെച്ച് ഞാൻ അങ്ങനെയൊന്നും പെരുമാറാൻ പാടില്ലായിരുന്നു.”

കീർത്തന അൽപ്പ സമയം ഒന്നും മിണ്ടിയില്ല എന്നിട്ട് അന്നയോട് പതുക്കെ പറഞ്ഞു.”

“എനിക്ക് അർജ്ജുവിനെ ഇഷ്ടമാണ്.”

അത് കേട്ടതും അന്ന മരവിച്ചു പോയി. എന്തു പറയണം എന്ന് അവൾക്കറിയാതെയായി. അവളുടെ മനസ്സിലുള്ളത് മറയ്ക്കാൻ ശ്രമിച്ചെങ്കിലും കണ്ണുകൾ ചെറുതായി നിറഞ്ഞു. ഒന്നും കാണാനും പറയാനും പറ്റാത്ത അവസ്ഥ,

“ഡി എനിക്കറിയാം അർജ്ജു നിൻ്റെ ശത്രു ആണെന്ന്. അവനെ കുറിച്ചു എനിക്കൊന്നും തന്നെ അറിയില്ല എങ്കിലും എപ്പോളോ ഞാൻ അവനെ ഇഷ്ടപ്പെട്ടു തുടങ്ങിയിരിക്കുന്നു. തത്കാലം നീ ഇതാരോടും പറയരുത്. ഇപ്പോൾ തന്നെ ചെറിയമ്മക്ക് ചില സംശയങ്ങൾ ഒക്കെ ഉണ്ട്.”

കീർത്തന പറഞ്ഞതൊന്നും തന്നെ അന്ന കേൾക്കുന്നുണ്ടായിരുന്നില്ല. കുലുക്കി വിളിച്ചപ്പോളാണ് അന്ന സുബോധത്തിലേക്ക് വന്നത്. അവൾ എല്ലാം മനസ്സിലി ഒതുക്കി ഒന്ന് ചിരിച്ചു കാണിച്ചു. ഒരാളുടെ ഇഷ്ടത്തെ തടഞ്ഞു നിർത്താനാകില്ല എന്ന് അവൾക്ക് മനസ്സിലായി. പിന്നെ അർജ്ജു അവളെ ഇഷ്ടപെടുന്നൊന്നുമില്ലല്ലോ. മാത്രമല്ല കീർത്തന തൻ്റെ കൂട്ടുകാരി കൂടി ആണ്. അവൾക്ക് എതിരെ ഞാൻ ഒന്നും പ്രവർത്തിക്കില്ല. അത് കൊണ്ട് തൽക്കാലം വരുന്നിടത്തു വെച്ച് കാണാം.

“നിനക്ക് അവനെ ഇഷ്ടപെടാനുള്ള എല്ലാ സ്വാതന്ത്യ്രവും ഉണ്ട് ഞാൻ അതിൽ ഇടപെടില്ല. പക്ഷേ നീ എനിക്കൊരു വാക്ക് തരണം. ഞങ്ങളുടെ ഇടയിലേക്ക് നീ ഒരു കാര്യത്തിനും കടന്ന് വരരുത് എന്ന്.”

അന്നയും അർജ്ജുവും തമ്മിലുള്ള ശത്രുതയെ കുറിച്ചയിരിക്കും അന്ന പറയുന്നത് എന്നാണ് കീർത്തന കരുതിയത്. അവൾ സമ്മതമെന്നു തല കുലുക്കി സമ്മതിച്ചു. ഓരോ ചായ കുടിച്ചിട്ട് അവരിരുവരും ക്ലാസ്സിലേക്ക് പോയി.
ക്ലാസ്സുകൾ തുടർന്ന് പോയിക്കൊണ്ടിരുന്നു. കീർത്തനയെ എങ്ങനെയെങ്കിലും സ്വന്തമാക്കണം എന്നായിരുന്നു ദീപുവിൻ്റെ ചിന്ത. അർജുവിനെ എങ്ങെനെയെങ്ങിലും സ്വന്തമാക്കണം എന്ന് കീർത്തനയും. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനാണ് അന്നയുടെ ശ്രമം. ഗുരുകുലം കോച്ചിങ് സെൻറെർ നാല് സ്ഥലത്താണ് ഉള്ളത് അതിൽ അടുത്തുള്ള ബാംഗ്ലൂർ കേന്ദ്രീകരിച്ചു അന്വേഷിക്കാൻ തീരുമാനിച്ചു

ബാംഗ്ളൂർ ഉള്ള കോച്ചിങ്ങ് സെൻ്റെറിൽ അവളുടെ ഒരു കസിൻ വഴി അന്വേഷിച്ചെങ്കിലും നിരാശയായിരുന്നു ഫലം. അവർ സ്റ്റുഡൻസ് ഡീറ്റെയിൽസ് കൈമാറാൻ സാധിക്കില്ല എന്ന് പറഞ്ഞു. അതോടെ ആ വഴി അടഞ്ഞു.

അവളും സ്റ്റീഫനും കൂടി ബാംഗ്ലൂർ ഉള്ള പ്രമുഖ എഞ്ചിനീയറിംഗ് കോളേജുകളുടെ ലിസ്റ്റ് ഉണ്ടാക്കി, അടുത്ത പരിപാടി അവിടെ ആ കൊല്ലം പഠിച്ചിട്ടുള്ള ആരെയെങ്കിലും കണ്ടെത്തണം. അല്ലെങ്കിൽ അവിടെ പഠിപ്പിക്കുന്ന ആരെയെങ്കിലും. പക്ഷേ കാര്യങ്ങൾ എങ്ങനെ മുന്നോട്ട് നീക്കണം എന്നൊരു നിശ്ചയവും ഇല്ല.

അവിടെ പോയി അന്വേഷിക്കാം എന്ന് വെച്ചാൽ ലീവൊന്നുമില്ല താനും.

അതിനിടയിൽ കീർത്തനക്ക് അർജ്ജുവിനെ ഇഷ്ടമാണ് എന്ന തരത്തിൽ ഒരു സംസാരം എല്ലാവരുടെയിടയിലും പരന്നു. സംഭവം തുടങ്ങിയത് മെൻസ് ഹോസ്റെലിലിൽ നിന്നാണ്. ഇഷ്‌ടം തുറന്ന് പറഞ്ഞ ദീപുവിനെ പരസ്യമായി അധിഷേപിച്ചതും കുറച്ചു നേരത്തേക്കെങ്കിലും കീർത്തന അർജ്ജുവിൻ്റെ അടുത്ത് പോയിരുന്നതും ചേർത്ത് വെച്ചാണ് ആളുകൾ പറഞ്ഞു തുടങ്ങിയത്. കീർത്തന ഹോസ്റ്റലിൽ അല്ലാത്തത് കൊണ്ട് ആദ്യമൊന്നും അവളിതറിഞ്ഞില്ല. സംഭവത്തിൻ്റെ നിജസ്ഥിതി അറിയാൻ വേണ്ടി രാഹുൽ ജെന്നിയെക്കൊണ്ട് കീർത്തനയുടെ അടുത്തു ചോദിപ്പിച്ചു. എന്നാൽ കീർത്തന അത് നിരാകരിക്കുകയാണ് ചെയ്‌തത്‌.

ഇങ്ങനെയൊരു സംസാരം ഉണ്ടെന്ന് അറിഞ്ഞപ്പോൾ അവൾക്ക് സന്തോഷം തോന്നി അതേ സമയം പേടിയും. കാരണം ചെറിയമ്മ എങ്ങാനും അറിഞ്ഞാൽ പിന്നെ പഠിത്തം തന്നെ നിർത്തിക്കും.

രണ്ടും കൽപ്പിച്ചു എൻ്റെ ഇഷ്‌ടം അർജ്ജുവിനെ അറിയിക്കാൻ തീരുമാനിച്ചു. നേരിട്ട് പറയാൻ ഭയമുള്ളതു കൊണ്ട് ഒരു ലവ് ലെറ്റർ ഒക്കെ എഴുതി.

നേരിട്ട് കൊടുക്കാൻ ധൈര്യമില്ല. ആരും കാണാതെ എങ്ങെനെയെങ്ങിലുംഅർജ്ജുവിൻ്റെ ലാപ്ടോപ്പ് ബാഗിൽ വെക്കണം. പക്ഷേ അവസരം കിട്ടാത്തത് കൊണ്ട് കുറച്ചു നാളായി ബാഗിൽ തന്നെ കൊണ്ടു നടക്കുന്നു. അവസാനം രണ്ടും കൽപ്പിച്ചു നേരിട്ട് കൊടുക്കാൻ തന്നെ തീരുമാനിച്ചു.
ഒരു ദിവസം വൈകിട്ട് ക്ലാസ്സ് കഴിഞ്ഞപ്പോൾ അന്നയോടെ മാത്രം കാര്യം പറഞ്ഞു.

“ഡി ഞാൻ എൻ്റെ ഇഷ്‌ടം ഈ ലെറ്ററിൽ എഴുതിയിട്ടുണ്ട്. കുറച്ചു നാളായി ഞാനിത് ബാഗിൽ കൊണ്ട് നടക്കുന്നു. ഞാനിത് ഇപ്പോൾ കൊടുക്കാൻ പോകുകയാണ്.”

Leave a Reply

Your email address will not be published. Required fields are marked *