ജീവിതമാകുന്ന നൗക – 6

” മോർണിംഗ് അർജ്ജുൻ ”

അന്നത്തെ പോലെ പുച്ഛമോന്നുമില്ല. യഥാർത്ഥമായി ആണ് അവൾ വിഷ് ചെയ്‌തിരിക്കുന്നത്. എങ്കിലും ഞാൻ ഒന്നും പറയാൻ പോയില്ല. ഞാൻ വേഗം ലാപ്ടോപ്പിലേക്ക് തന്നെ നോട്ടം മാറ്റി. ക്ലാസ്സിൽ എല്ലാവരും ഞങ്ങളെ നോക്കുന്നുണ്ട് എന്ന് എനിക്ക് മനസ്സിലായി. ഞാൻ എന്തു ചെയ്യണം എന്നറിയാതെ ലാപ്ടോപ്പിൽ തന്നെ നോക്കിയിരുന്നു.

ആ പീരീഡ് ബീന മിസ്സാണ് വന്നത് . ക്ലാസ്സ് എടുക്കുന്നതിനിടയിൽ പുള്ളിക്കാരിയുടെ ശ്രദ്ധ മുഴുവൻ എന്നെയും അന്നെയെയുമാണ്. എൻ്റെ ഭാവം കണ്ടിട്ടാണോ എന്നറിയില്ല മിസ്സിന് ചിരി വരുന്നതായി എനിക്ക് തോന്നി. അവൾ സൈഡിൽ എന്തെടുക്കുകയാണ് എന്ന് നോക്കണം എന്നുണ്ട്. പക്ഷേ കടിച്ചു പിടിച്ചിരുന്നു. അകെ പാടെ ഉള്ളൊരു ആശ്വാസം ആ പെർഫ്യൂമിൻ്റെ മണമാണ്.

ഇന്റർവെൽ ആയപ്പോൾ ഞാൻ ക്ലാസ്സിൽ നിന്നിറങ്ങി നേരെ ക്യാന്റീനിലേക്ക്. ആകെ പാടെ ഒരു വീർപ്പുമുട്ടൽ. രാഹുൽ ചിരിച്ചു കൊണ്ടാണ് വരുന്നത്. കൂടെ ജെന്നിയുമുണ്ട്. ഞാൻ കൈകാര്യം ചെയ്യാം എന്ന് പറഞ്ഞതൊക്കെ പാളി എന്ന് അവൻ്റെ മുഖത്തെ ആ ചിരിയിൽ തന്നെയുണ്ട്.

ഡാ എന്തായി. എനിക്ക് ദേഷ്യം വരുന്നുണ്ട് എന്ന് അറിഞ്ഞോണ്ടാണ് അവൻ്റെ കൊണച്ച ചോദ്യം

“നീ ഒന്ന് മിണ്ടാതിരുന്നേ “ ജെന്നി അവനോട് പറഞ്ഞു

“അർജ്ജു നീ വിചാരിക്കുന്ന പോലെ ഇത് അടിച്ചും ഇടിച്ചും തീർക്കാൻ പറ്റില്ല. അന്ന ഒരു പെണ്ണാണ്. നല്ല ബുദ്ധിയുള്ള പെണ്ണ്.”

ജെന്നിയാണ് എന്നോട് പറഞ്ഞത്.

“പെണ്ണൊരുമ്പിട്ടാൽ എന്ന് കേട്ടിട്ടേയുള്ളു ഇപ്പൊ കണ്ടു” രാഹുൽ കൂട്ടി ചേർത്തു.

ജെന്നി പറയുന്നതിൽ കാര്യമുണ്ടെന്ന് എനിക്ക് തോന്നി കുറച്ചു നാൾ മൈൻഡ് ചെയ്യാതിരിക്കുക. അതോടെ തീരുന്നെങ്കിൽ തീരട്ടെ.
അടുത്ത പീരീഡ് തുടങ്ങിയപ്പോളും എൻ്റെ അവസ്ഥയിൽ മറ്റൊമൊന്നുമില്ല. എപ്പോഴോ ഇടകണ്ണിട്ട് നോക്കിയപ്പോൾ അന്ന ഇങ്ങോട്ട് ശ്രദ്ധിക്കുന്നുപോലുമില്ല. ക്ലാസ്സിലാണ് അവളുടെ ശ്രദ്ധ. അതും ഏറ്റവും ബോർ ബിസിനസ്സ് ലോ ക്ലാസ്സിൽ. എല്ലാവരും ലാപ്ടോപ്പിൽ മെസെൻജർ തുറന്നു വെച്ചിരുന്നു ചാറ്റിങ്ങാണ്. ഞാൻ പതിവായി ഉറങ്ങാറുള്ള പീരീഡ്. അവള് കാരണം ഉറക്കവും പോയി.

അടുത്ത ബ്രേക്കിന് ഞാൻ അവിടെ തന്നെയിരുന്നു അന്ന എഴുന്നേറ്റ് അങ്ങോട്ടോ പോയി. രാഹുൽ അവിടെ വന്നിരിക്കട്ടെ എന്ന് ആംഗ്യ ഭാഷയിൽ കളിയാക്കി ചോദിക്കുന്നുണ്ട്. ഞാൻ മൈൻഡ് ചെയ്യാൻ പോയില്ല.

ദീപുവാണെങ്കിൽ കീർത്തനയുടെ അടുത്ത് പോയി എന്ധോക്കയോ പറയുന്നുണ്ട്, എന്നിട്ട് അന്ന ഇരിക്കാറുള്ള സീറ്റിലേക്ക് ഇരുന്നു. രമേഷ് അവന് ലാപ്ടോപ്പ് ബാഗ് എത്തിച്ചു കൊടുക്കുന്നുണ്ട്. നാശം അവളുടെ ആ സീറ്റിൽ അവനിരുപ്പുറപ്പിച്ചാൽ അവൾ ഇനി എങ്ങോട്ട് മാറിയിരിക്കും?

ഇന്റർവെൽ ആയപ്പോൾ ദീപു പതുക്കെ കീർത്തനയുടെ അടുത്ത് ചെന്ന്. കീർത്തനയാണെങ്കിൽ അകെ ദുഃഖിതയാണ്. താൻ മനസ്സിൽ കരുതിയ പോലത്തെ ആളല്ല അർജ്ജു എന്ന് അവൾക്ക് തോന്നി. ഒപ്പം അർജ്ജു നോ പറഞ്ഞതിൽ എവിടയോ ഒരു ദുഃഖം. അന്നയാണെങ്കിൽ പകരം വീട്ടാൻ പോയിരിക്കുന്നു. അകെ ഒറ്റപ്പെട്ട അവസ്ഥ. അന്നേരമാണ് ദീപു വീണ്ടും വരുന്നത്. കഴിഞ്ഞ തവണ അവനെ അപമാനിച്ചതിൽ അവൾക്ക് കുറ്റ ബോധം തോന്നി.

“ഹായ് കീർത്തന… അന്നത്തെ സംഭവത്തിൽ ഒരു സോറി പറയണം എനിക്കുണ്ടായിരുന്നു പിന്നെ നീ എങ്ങനെ പെരുമാറും എന്നറിയാത്തത് കൊണ്ടാണ്” അവൻ നല്ല പോലെ നിഷ്കളങ്കത അഭിനയിച്ചു കൊണ്ട് പറഞ്ഞു

അത് കേട്ട് കീർത്തന ഒന്ന് ഞെട്ടി, താൻ അപമാനിച്ചതിന് അവൻ ഇങ്ങോട്ട് സോറി പറഞ്ഞിരിക്കുന്നു.

“അയ്യോ ഞാനല്ലേ സോറി പറയേണ്ടത് ഞാനല്ലേ ദീപുവിനെ എല്ലാവരുടെയും മുൻപിൽ നാണം കെടുത്തിയത്.”

“അത് സാരമില്ല കീർത്തന. ഞാൻ ഇവിടെ ഇരുന്നോട്ടെ. അന്നയിരിക്കുന്ന സീറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് ദീപു ചോദിച്ചു.

ആദ്യമൊന്ന് മടിച്ചെങ്കിലും കീർത്തന ഇരുന്നോളാൻ പറഞ്ഞു

“കീർത്തന എന്താണ് എന്ന് വിചാരിക്കുന്നത് എന്ന് മനസ്സിലായി. ഇനി എൻ്റെ ഭാഗത്തു നിന്ന് അങ്ങനയൊന്നും ഉണ്ടാകില്ല. നമക്ക് നല്ല ഫ്രണ്ട്സാകം.”
അതിന് കീർത്തന തലയാട്ടുക മാത്രമാണ് ചെയ്‌തത്‌. ദീപു രമേഷിനോട് ബാഗ് കൊണ്ടുവരാൻ ആംഗ്യം കാണിച്ചതും അവൻ ബാഗ് എത്തിച്ചു കൊടുത്തു.

ദീപു സീറ്റ് മാറി ഇരുന്നത് ചിലരൊക്കെ ശ്രദ്ധിച്ചെങ്കിലും അന്നത്തെ അന്നയുടെ ആരവത്തിൽ അതൊക്കെ മുങ്ങി പോയി.

കാര്യങ്ങൾ അറിഞ്ഞ സ്റ്റീഫൻ അന്നയെ ഉപദേശിക്കാൻ നോക്കിയെങ്കിലും അന്ന പിന്മാറാൻ റെഡിയായില്ല. അർജ്ജുവിനെ കുറിച്ച് കൂടുതൽ കാര്യങ്ങൾ അറിയാനുള്ള പരിപാടിയാണ് എന്ന് പറഞ്ഞു.

അന്ന പതിവിലും ഭംഗിയായി ഡ്രെസ്സൊക്കെ ചെയ്താണ് വരവ്. അവളുടെ വരവ് കാണാൻ തന്നെ കുറച്ചു പേർ രാവിലെ തന്നെ കുറ്റി അടിച്ചു നിൽപ്പുണ്ട്. ഫാൻസ്‌ അസോസിയേഷനിൽ ഏതാനും സീനിയർസും ഉണ്ട്.

അങ്ങനെ ദിവസങ്ങൾ കടന്ന് പോയി. ദീപുവും കീർത്തനയും ഫ്രണ്ട്സായി മാറി. അന്ന കീർത്തനയുടെ അടുത്ത് സംസാരിക്കുമെങ്കിലും കീർത്തന പഴയ അടുപ്പം കാണിക്കാറില്ല. കീർത്തനക്ക് അന്നയോട് എന്തോ ഒരു അകൽച്ച ഫീൽ ചെയുന്നുണ്ട്.

ക്ലാസ്സിലേക്ക് കയറി വരുമ്പോൾ അന്ന അർജ്ജുവിനെ നോക്കി പുഞ്ചിരിക്കും. പിന്നെ സീറ്റിൽ എത്തുമ്പോൾ ഒരു ഗുഡ്മോർണിംഗിന് ഉച്ചക്ക് ഒരു ഗൂഡാഫ്റ്റർ നൂണും പോകാൻ നേരം ഗുഡ്ബൈയും പറയും. ഒന്ന് രണ്ടു വട്ടം മുഖമുഖം വന്നപ്പോൾ അന്ന അർജ്ജുവിൻ്റെ മുഖത്തു നോക്കി പുഞ്ചിരിച്ചു. അർജ്ജുവിനാണെങ്കിൽ മുഖത്തു പോയിട്ട് ഇടക്കണ്ണിട്ട് പോലും അന്നയെ നോക്കാൻ സാധിക്കുന്നില്ല.

സുന്ദരിയായ അന്ന അടുത്തിരിക്കുന്നുണ്ട് എന്ന ഭാവം തന്നെ അവനില്ല. അന്നയാണെങ്കിൽ വാശിയിൽ ആണ്. പുതിയ പരിപാടിയായി സുമേഷ് അടക്കമുള്ളവരെ അങ്ങോട്ട് വിളിച്ചു വരുത്തി സംസാരിക്കും. സ്വാഭാവികമായി അവർ അർജ്ജുവിൻ്റെ അടുത്തും സംസാരിക്കും അപ്പോൾ തന്നെ അവളും കൂട്ടത്തിൽസംസാരിക്കാൻ കൂടും. ഇത് മനസ്സിലാക്കിയതോടെ അന്നയോട് സംസാരിക്കാൻ വരുന്ന അവൻ്റെ കൂട്ടുകാരുടെ അടുത്ത് പോലും സംസാരിക്കില്ല. സീറ്റിൽ ഇരുന്നാൽ മുഴുവൻ സമയവും ലാപ്ടോപ്പിൽ എന്ധെങ്കിലും ചെയ്തുകൊണ്ടിരിക്കും. ആദ്യം അന്നയുടെ സാമീപ്യം അസഹ്യമായി അർജ്ജുവിന് തോന്നിയെങ്കിലും ഇപ്പോൾ അത് ഇല്ല. പിന്നെ ക്ലാസ്സിലുള്ളവർ ഇപ്പോൾ കാര്യമായി ശ്രദ്ധിക്കാറില്ല.

ഇതിനിടയിൽ അർജ്ജുവിൻ്റെ ലാപ്ടോപ്പ് പാസ്സ്‌വേർഡ് അന്ന മനസ്സിലാക്കി.

‘അഞ്ജലി’ ഇനി ഇത് അവൻ്റെ പെങ്ങൾ ആകുമോ. അർജ്ജുൻ അഞ്ജലി ആയിരുന്നേൽ ചാൻസ് ഉണ്ട്. പക്ഷേ ശരിക്കുള്ള പേര് ശിവ എന്നായത് കൊണ്ട് അങ്ങനെ അകാൻ ചാൻസില്ല. ഇനി ഗേൾ ഫ്രണ്ട് ആയിരിക്കുമോ? ഇങ്ങനെ ഓരോരോ ചിന്തകൾ അന്നയുടെ മനസ്സിലേക്ക് വന്നു.
കുറച്ചു ദിവസത്തെ കണക്കുകൂട്ടലുകൾക്ക് ശേഷം അന്ന രണ്ടും കൽപ്പിച്ച അർജ്ജുവിൻ്റെ ലാപ്ടോപ്പിൽ കയറി പരതാൻ തീരുമാനിച്ചു. അവൾ വന്നിരിക്കാൻ തുടങ്ങിയതിൽ പിന്നെ അർജ്ജുൻ ലഞ്ച് കഴിക്കാൻ പോയാൽ ബെൽ അടിക്കുമ്പോൾ മാത്രമാണ് തിരികെ വരിക.

Leave a Reply

Your email address will not be published. Required fields are marked *