എന്റെ ഫോണിൽ വർഷയുടെ കോൾ വന്നത് പ്രഭാതഭക്ഷണം കഴിച്ചു കൊണ്ട് ഇരിക്കുമ്പോൾ ആണ്. എന്റെ കൂടെ ട്രെയിനിങ് ക്യാമ്പിൽ വർഷയും ഉണ്ടായിരുന്നു. ക്യാമ്പിൽ വെച്ച് ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരുന്നു, അതിന് ശേഷം പിന്നെ കോൺടാക്ട് ഇല്ലാതെ ആയി. ഇത്രയും നാളുകൾക്കു ശേഷം ഇങ്ങനെ ഒരു ഫോൺ കാൾ എന്തിനായിരിക്കും, അവൾ ഇടുക്കിയിൽ എ. സ്. പി ആയി അധികാരം ഏറ്റത്തു മാത്രമാണ് അവസാനമായി കിട്ടിയ അറിവ്. ഞാൻ ഫോൺ എടുത്ത് ‘ഹലോ’ പറഞ്ഞു. ‘തൃലോക് അല്ലേ’ എന്ന് അവൾ തിടുക്കത്തിൽ ചോദിച്ചു. ‘അതേല്ലോ പറഞ്ഞോ വർഷ’, ഞാൻ മറുപടി നൽകി. ‘നീ ഇപ്പോൾ ട്രിവാൻഡ്രത്ത് അല്ലേ, ഒന്ന് ന്യൂസ് ഓണാക്കി നോക്ക്’. ഞാൻ എനിക്ക് സാമ്പാർ വിളമ്പി തന്നുകൊണ്ടിരുന്ന അമ്മയോട് ന്യൂസ് ഓൺ ആകാൻ പറഞ്ഞു. അമ്മ ടീവി ഓൺ ആക്കി ഒരു ന്യൂസ് ചാനൽ വെച്ചു. നല്ലരി എന്ന ഒരു ഗ്രാമത്തിൽ നടന്ന ഒരു കൊലപാതകം ആണ് ചർച്ചാ വിഷയം, ഒരു മധ്യവയസ്ക്ക അതിദാരുണമായി സ്വഭവനത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു, പോലീസുകാർ അവിടെ ചെന്ന് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചെന്നും അറിഞ്ഞു.
‘ഞാൻ വാർത്ത കണ്ടു വർഷ, നിന്റെ സ്റ്റേഷൻ പരുതിയിൽ ആണോ ഈ സ്ഥലം’. ‘അല്ലാ ഇത് പൈനാവ് സ്റ്റേഷൻ പരുതിയിൽ വരുന്ന സ്ഥലം ആണ്, പക്ഷെ ഞാനും പോയിരുന്നു അവിടെ’. ‘എന്നിട്ട് നിനക്ക് എന്ത് തോന്നി മോഷ്ണ ശ്രമം ആണോ’ , ഞാൻ ആകാംഷയോടെ ചോദിച്ചു. ‘ഇത്ര ക്രൂരമായി ഒരു കൊലപാതകം ഞാൻ ഇതിനു മുൻപ്പു കണ്ടിട്ടേ ഇല്ലാ, ആ വീടിന്റെ ചുമരിൽ മുഴുവൻ രക്തം തെറിച്ചു കിടക്കുന്നു, ഇരുപതിൽ ഏറെ ആഴത്തിൽ ഉള്ള മുറിവുകൾ ഞങ്ങൾ എണ്ണി, മരിച്ചു കഴിഞ്ഞും ആ സ്ത്രീയുടെ കഴുത്ത് അറത്തു മാറ്റിയിരിക്കുന്നു, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ ഇങ്ങനെ എല്ലാം ചേയുമോ’.
‘ഇല്ലാ, മോഷ്‌ടിക്കാൻ വരുന്ന ഒരാൾ കൊലപാതകം ചെയ്‌തെങ്കിൽ എത്രയും പെട്ടന്ന് അവിടെ നിന്നും രക്ഷപെടുക ആയിരിക്കും ചെയ്യുക’. അമ്മ എന്നെ തോണ്ടി എന്താ കാര്യം എന്ന് കൈ കാണിച്ചു ചോദിക്കുന്നുണ്ടായിരുന്നു. ‘നിന്റെ നിഗമനം അറിയാൻ ആണ് ഞാൻ വിളിച്ചത്, നിനക്ക് തെറ്റ് പറ്റാറില്ല എന്ന് എനിക്കറിയാം’, അവൾ അത് പറഞ്ഞപ്പോൾ എനിക്ക് നല്ല അഭിമാനം തോന്നി.
‘ആദ്യം ഫോറെന്സിക്ക് റിപ്പോർട്ട് വരട്ടെ, റേപ്പ് ചേയ്യപെട്ടിട്ടുണ്ടോ എന്ന് നോക്ക്, അത് ഇല്ലേൽ ആ സ്ത്രീയോട് പക ഉള്ളവരുടെ എല്ലാം ഡീടൈയിൽസ് എടുത്ത് അവരെ ചോദ്യം ചെയ്യാൻ തുടങ്ങിക്കോ’. ‘ഞാൻ എന്തേലും വിവരം കിട്ടിയാൽ നിന്നെ അറിയിക്കാം’, അവൾ അതും പറഞ്ഞ് കട്ട് ചെയ്തു. പറ്റുമെങ്കിൽ ആ ക്രൈം സീനിൽ നിന്നും എടുത്ത ഫോട്ടോകൾ എനിക്ക് ഒന്ന് അയക്കാൻ പറഞ്ഞ് ഞാൻ ഒരു മെസ്സേജ് അയച്ചു.
എന്റെ മെസ്സേജ് അവൾ കണ്ടില്ല എന്ന് തോനുന്നു, മറുപടി ഒന്നും വന്നില്ല. എന്റെ മനസ്സിൽ നിന്നും ആ ചിന്തയെ മറ്റ് പല ചിന്തകളും വന്ന് മൂടി കളഞ്ഞു.
രണ്ട് ദിനങ്ങൾ കൂടെ കടന്നു പോയി, കുട്ടികളിൽ കണ്ട് വരുന്ന ആക്രമണ ചിന്താഗതി എന്ന വിഷയത്തിൽ ഞാൻ പോലീസുകാർക്ക് ഒരു സെമിനാർ എടുത്ത് തിരിച്ചു ഇറങ്ങുമ്പോൾ ആണ് എന്റെ ഫോണിൽ വന്ന് കിടന്ന 27 മിസ്സ്ഡ് കാൾ ഞാൻ കണ്ടത്. അതിൽ അമ്മയുടെയും, വർഷയുടെയും, അനുപമയുടെയും പിന്നെ കുറേ പരിചയം ഇല്ലാത്ത നമ്പറിൽ നിന്നും എല്ലാം കാൾസ് ഉണ്ടായിരുന്നു. എ.ഡി.ജി.പി ദേവൻ സാർ എന്ന പേര് കണ്ടപ്പോൾ ഞാൻ പെട്ടന്ന് തന്നെ തിരിച്ച് വിളിച്ചു. ‘ തൃലോക്, താൻ അറിഞ്ഞോ നല്ലരി എന്ന സ്ഥലത്ത് വീണ്ടും ഒരു ഹോമിസൈഡ് കൂടെ നടന്നു ഒരു സ്കൂൾ കുട്ടി ആണ് ഈ തവണ ഇര ആയത്, ഈ കേസുകൾ തമ്മിൽ ബന്ധം ഉണ്ടെന്ന് പറഞ്ഞ് ഇപ്പോൾ തന്നെ ധാരാളം ആളുകൾ മാധ്യമങ്ങളിലൂടെ എല്ലാം ക്രൈം ബ്രാഞ്ച് അന്വഷണം ആവിശ്യ പെടുന്നുണ്ട്’ .
‘ ഞാൻ എന്താ ചെയ്യണ്ടേ എന്ന് പറഞ്ഞോ സാർ’ , അതല്ലാതെ ഞാൻ എന്ത് പറയാൻ ക്രൈം ബ്രാഞ്ചിന്റെ പരമോന്നതനായ ദേവൻ സാറിനോട്. ‘താൻ ഈ കേസ് ഏറ്റെടുക്കണം , നാളെ ഒഫീഷ്യൽ ആയി തനിക്കു കേരളാ പോലീസ് കേസ് കൈ മാറും, ഒരു ടീമും നാളെ തന്നെ തൃലോകിനെ ജോയിൻ ചേയ്യും’. ‘ഓക്കേ സാർ’ എന്ന് മാത്രം ആണ് ഞാൻ പറഞ്ഞത്. ‘ഏതേലും ആളുകളെ ടീമിൽ ചേർക്കണം എന്ന് താൻ പ്രത്യേകം ആഗ്രഹിക്കുന്നുണ്ടേൽ പറഞ്ഞോ’ എന്ന് കൂടി സാർ പറഞ്ഞു. ‘എന്റെ കൂടെ കായംകുളം കേസ് അന്വേഷിച്ച ടീമിൽ ഉണ്ടായിരുന്ന ക്രൈം ബ്രാഞ്ച് സി. ഐ എൽസണെ ടീമിൽ ചേർക്കണം സാർ ‘ എന്ന് ഞാൻ പറഞ്ഞു. സാർ അതിന് അനുമതി തന്നു. ഞാൻ എന്റെ വാഹനത്തിന്റെ അടുത്തേക്ക് ചെന്നപ്പോൾ സാരഥി ചെറിയാൻ ചേട്ടൻ വണ്ടിയിൽ നിന്ന് ഇറങ്ങി സല്യൂട്ട് തന്നു. ‘ഇന്ന് നമ്മുക്ക് നല്ലരി വരെ പോണം’ എന്ന് ഞാൻ പുള്ളിയോട് പറഞ്ഞു. ‘ആ കേസ് സാറിനു ആണോ’ ‘അതേ നാളെ ഒഫീഷ്യൽ ആയി കേസ് നമ്മുക്ക് കിട്ടും’ ഞാൻ അയാളോട് പറഞ്ഞു. ‘തല വേദന കേസ് ആണെന്ന് തോനുന്നു സാറേ, ഇതിൽ നിന്ന് ഒഴിവാകാൻ പറ്റുമെങ്കിൽ നല്ലതാ’. പക്ഷെ എന്റെ ഉള്ളിൽ ഈ കേസ് എനിക്ക് കിട്ടിയതിന്റെ സന്തോഷം ആയിരുന്നു. എന്നെ വീട്ടിൽ കൊണ്ടുപോയി എത്തിച്ചിട്ട് ചെറിയാൻ ചേട്ടൻ വീട്ടിൽ ചെന്ന് അത്യാവശം ഒരു ആഴ്ച്ച നല്ലരിയിൽ നിൽക്കാൻ ആവിശ്യമായ സാധനങ്ങൾ എടുത്ത് എന്നെ വിളിക്കാൻ വരണം. അത് പറഞ്ഞപ്പോൾ ചെറിയാൻ ചേട്ടൻ തലയാട്ടി .
