അവള്‍ ശ്രീലക്ഷ്മി – 3 Like

“എടാ…നീ എന്ത് ചെയ്താലുമിനി അവൾക്കെന്നെ ഇഷ്ടപ്പെടില്ല അവൾക്കത്രയ്ക്കുണ്ട് എന്നോട് ദേഷ്യം..”

“അനൂ താനിങ്ങനെ നെഗറ്റീവ് അടിക്കല്ലേ ഞാനല്ലേ പറയണേ.. അവളെ നിന്നേം ഫ്രണ്ട്‌സ് ആക്കുന്ന കാര്യം ഞാനേറ്റു..നീയിപ്പോ എന്‍റെയൊപ്പമൊന്ന് നിന്നാൽ മാത്രം മതി…!!”

കുറച്ചുനേരം അവളൊന്നും മിണ്ടാതെ ഇരുന്നിട്ട് എന്‍റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചു

“അവസാനം ഇതൊരു തലവേദന ആവരുത് പറഞ്ഞേക്കാം..!!”

“ഒരു പ്രശനോമുണ്ടാവില്ല പ്രോമിസ്..”ഞാനവളുടെ കയ്യിൽ മുറുകെ പിടിച്ച് പറഞ്ഞു

“അതെല്ലാം അവിടെ നിക്കട്ടെടാ..നീ ആദ്യമീ പ്രശ്നം എങ്ങനെ സോൾവ് ചെയ്യുമെന്ന് ചിന്തിക്ക്…”

“എന്ത് പ്രശ്നം?..”അവളെന്താ ഉദ്ദേശിച്ചതെന്ന് പിടികിട്ടാതെ അവളെ നോക്കിയപ്പോ എന്‍റെ നേരെ പുറകിലേക്ക് നോക്കാനായി തലയാട്ടി ആംഗ്യം കാട്ടി…

അനുവിന്‍റെ നോട്ടം പോയിടത്തേക്ക് ഞാൻ നോക്കിയതും എന്നെത്തന്നെ നോക്കി കയ്യും കെട്ടി നിക്കുന്ന ശ്രീയെയാണ് കണ്ടത്

അത് കണ്ട് ഞെട്ടിപിടഞ്ഞെണീറ്റ് അവളുടെ അടുത്തേക്ക് ഒരു ഓട്ടമായിരുന്നു പക്ഷെ ഞാൻ അടുത്തേക്ക് വരുന്ന കണ്ട് ശ്രീ കോപത്തോടെ തിരിഞ്ഞു നടന്നു..

എന്‍റെ ഓട്ടം കണ്ടിട്ടൊ അന്നേരത്തെ എന്‍റെ അവസ്ഥ ഓർത്തിട്ടോ അനു അവിടെ ഇരുന്ന് ചിരിക്കുന്നുണ്ടായിരുന്നു

ശ്രീയുടെ പിറകെ ചെന്നെങ്കിലും അവളൊരക്ഷരം പോലുമെന്നോട് മിണ്ടാൻ കൂട്ടാക്കിയില്ല..

അന്നത്തെ ആ ദിവസം അവളെന്നെയൊന്ന് മൈൻഡ്കൂടെ ചെയ്തില്ല എന്നുള്ളത് പ്രധാന കാര്യം…എല്ലാം വീട്ടിൽ ചെന്ന് സോൾവ് അക്കാമെന്ന് കരുതി എങ്ങനൊക്കെയോ ക്ലാസ് തള്ളി നീക്കി..

വൈകിട്ട് എനിക്ക് മുന്നേ ധൃതി പിടിച്ച് ശ്രീ പോകുന്നത് കണ്ടും ..”ആ എന്തേലും കാണിക്കട്ടെ പെണ്ണ്..അവിടേക്ക് തന്നെയല്ലെ മോളെ ഞാനും വരണേ..നിന്നെ ഞാൻ അവിടെ വെച്ച് എടുത്തോളാടി പെണ്ണേ…”

കുറച്ചു കഴിഞ്ഞപ്പോ ഞാൻ പതിയെ ബാഗുമെടുത്ത് പുറത്തേക്കിറങ്ങി എനിക്ക് പിറകെ അനുവും ഉണ്ടായിരുന്നു…ശ്രീയെ എങ്ങനെ പറഞ്ഞു മനസ്സിലാക്കിക്കും എന്നൊരു ഏകദേശ ധാരണ ഞാൻ അനുവിന് കൊടുത്തിരുന്നു…പുറത്തിറങ്ങി കുറച്ച നടന്നപ്പൊ കൂടെ പഠിക്കുന്നൊരുത്തൻ എന്‍റെയടുക്കലേക്ക് വന്ന് പറഞ്ഞു “അഭിനവേ എവിടെയാർന്നടാ നീ …?”

“എന്തെടാ എന്താ കാര്യം…?”

“എടാ ആ ഹരീഷ് ശ്രീലക്ഷ്മിയെ തടഞ്ഞ്നിർത്തി എന്തൊക്കെയോ ഡയലോഗ് അടിക്കുന്ന കണ്ടു…അവസാനം അവര് തമ്മിൽ വാക്ക് തർക്കം പോലെയോ മറ്റോ ആയിന്ന് തോന്നുണ്ട് ട്ടാ… ആള് കൂടിയപ്പോഴാ അവള് പോയേ…….എന്തായാലും നിന്‍റെ പേര് അതിനിടക്കുണ്ടാർന്നു എന്നുള്ളതൊറപ്പാ…”
“എന്നിട്ടവൾ എവിടെട…?”

“അതറീലടാ…അവളപ്പഴേ അവിടുന്ന് പോയി…”

“ശെരിയട നീ വിട്ടോ ഞാൻ നോക്കികോളാ..”

ഞാനത് പറഞ്ഞവനെ പറഞ്ഞുവിട്ടു

ആ നായിന്‍റെമോൻ ഹരീഷ്ക്കിതെന്തിന്റെ കഴപ്പ കോപ്പ്…ഓരോരോ വയ്യവേലികൾ ഇങ്ങനെ വന്നു കേറിക്കോളും…ഞാൻ പിറുപിറുത്തു..

“എടാ സോറി..ഞാൻ കാരണം ഇത് വീണ്ടും വഷളായല്ലേ…?” ഇതെല്ലാം കേട്ട്കൊണ്ടുനിന്ന അനു പറഞ്ഞു

“നീയൊന്ന് ചുമ്മായിരിക്കനൂ…അവനല്ലേലും തന്തയില്ലാഴ്മ അല്ലെ കാണിക്കൂ…” സ്വരത്തില്‍ സ്വല്പം ദേഷ്യം ഉണ്ടായിരുന്നു

അവനുള്ള പണി വേറൊരു ദിവസത്തേക്ക് മാറ്റിവെച്ചു ഇപ്പൊ ശ്രീയെ പോയി റെഡിയാക്കിയെടുക്കണം ഇല്ലേൽ പെണ്ണ് ഈ ജന്മത്തെന്നോട് മിണ്ടില്ലെന്ന് പോലും ചിന്തിച്ചത് കൊണ്ട് ഞാൻ കോളേജിൽ നിന്നിറങ്ങി അനു അവളുടെ സ്കൂട്ടിയിൽ വീട്ടിലേക്ക് പോയി

തിരികെ പോയ വഴിക്കൊക്കെ ശ്രീയെ നോക്കിയെങ്കിലും അവളെ കണ്ടില്ല…

“ശെടാ പെണ്ണെന്തൊരു പോക്കാ പോയേ…”

മനസ്സിലാകെയൊരു ആധിയായി…അവളെ ഒന്ന് വിളിച്ചു നോക്കാമെന്ന് കരുതി

വണ്ടി ഒരു കയ്യിൽ ബാലൻസ് ചെയ്‌ത് പോക്കറ്റിൽ നിന്ന് ഫോൺ എടുക്കാൻ കൈ പോയതും എതിരെയായി വന്ന മിനിലോറിയെ ഓവർടേക് ചെയ്തൊരു കാർ നല്ല വേഗതിയിൽ എന്‍റെ നേരെ പാഞ്ഞു വന്നു!!!!

.

.

.

.

.

.

.

.

പത്ത് മിനിട്ടുകൾക്ക് മുൻപ്

ശ്രീലക്ഷ്മി ആ സമയം വീട്ടിലെത്തിയിരുന്നു…രണ്ടമ്മമാരും വീടിന് പുറത്ത് തന്നെ ഉണ്ടായിരുന്നു

“പെണ്ണേ അഭിയെവിടെഡി…?”

ശ്രീലക്ഷ്മി അതിനൊന്നും മുഖം കൊടുക്കാതെ ചവിട്ടിത്തുള്ളി അകത്തേക്ക് കയറിപ്പോയി

“ഈ പെണ്ണിന്‍റെ ദേഹത്തിത് എന്ത് ബാധ കേറിയോ..?” ജാനി സന്ധ്യയോടായി ചോദിച്ചു

അഭിയുടെ അമ്മ സന്ധ്യ അത് കേട്ട് ചെറുതായിട്ടൊന്ന് ചിരിച്ചിട്ട്

“ആ ചെറുക്കനിങ്ങ് വരട്ടെ ആ ചവിട്ടിത്തുള്ളിന് അവൻ കാരണമാവാനെ സാധ്യതയുള്ളൂ ജാനി…”

“നീ ഒന്ന് ചുമ്മാതിരിക്ക് സന്ധ്യേ ചെക്കനെ മാത്രം വഴക്ക് പറയണ്ട ഇവളെന്തെങ്കിലുമൊക്കെ ഒപ്പിച്ചു കാണും..”

“ആ ഇനിയിപ്പോ അങ്ങനെ പറ…ദെ ആ ഇരിക്കുന്ന മനുഷ്യന്‍റെ മോനായൊണ്ട് പറയല്ല..ഇത്തിരി കുരുത്തക്കേട് അവന് കൂടുതലാ…” പഴയ ടൂ സ്ട്രോക്ക് എൻജിൻ വണ്ടിയിലെന്തോ പണി ചെയ്തുകൊണ്ടിരുന്ന ഭർത്താവ് രാജീവിനെ നോക്കി സന്ധ്യ പറഞ്ഞു

“ഹഹ…ശോ…അതൊരു പാവമല്ലേ മോളെ..എന്തായാലും നിന്‍റെയത്രെമൊന്നും ആ ഇരിക്കുന്ന പാവത്തിന് ഉണ്ടാവില്ല…”ജാനി ആദ്യമൊന്ന് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
ആ സംസാരത്തിനിടക്ക് രണ്ടുപേരും ജാനിയുടെ വീടിന് മുന്നിലുള്ള ചെറിയൊരു പൂന്തോട്ടത്തിൽ ചെടികളെ പരിപാലിക്കുന്ന പണിയിലേർപ്പെട്ടു..

സന്ധ്യ ഒരു റോസാ ചെടിയുടെ മുൻപിൽനിന്ന് അതിലെ നല്ല ചുമപ്പ് നിറമുള്ളൊരു ഒരു റോസാപ്പൂവിൽ തഴുകി ജാനിയോടായി പറഞ്ഞു “നിനക്കോർമയുണ്ടോ ജാനി…”

“എന്താടീ…?” മറ്റെന്തോ ജോലിയിലായിരുന്ന ജാനി തിരക്കി

“…അന്ന് രാജീവേട്ടൻ എനിക്കിത്പോലൊരു ചുമന്ന റോസാപ്പൂവ് തന്നെന്നെ പ്രൊപ്പോസ് ചെയ്തത്…” സന്ധ്യ അത് പറയുമ്പോ കഴിഞ്ഞുപോയ നല്ല നിമിഷങ്ങൾ ഓർത്ത് അവരുടെ മുഖത്തൊരു ചെറിയ നാണം കലർന്ന ഭാവം വന്നുകൂടിയിരുന്നു

“പിന്നേ അങ്ങനെയൊക്കെ മറക്കാൻ പറ്റ്വോ…അന്ന് നീ തലകറങ്ങി വീണില്ലെന്നെ ഉള്ളൂ…”അത് പറഞ്ഞ് ജാനി ചിരിച്ചു

“..അത് പിന്നെ പെട്ടെന്ന് ഒരു ദിവസം വന്ന് ‘എനിക്ക് സന്ധ്യേനെ ഇഷ്ടാണ് കല്യാണം കഴിക്കാൻ ആഗ്രഹമുണ്ട്’ ന്ന് പറഞ്ഞൊരു പൂവും തന്നോരൊറ്റ പോക്കായിരുന്നില്ലേ ആ മനുഷ്യൻ………..അന്ന് എനിക്ക് എന്തോരം സന്തോഷയിരുന്നൂന്ന് അറിയൊ നിനക്ക്..”

സന്ധ്യ അത് പറയുമ്പോ വല്ലാത്ത ഒരു സന്തോഷം അവരുടെ മുഖത്ത് ഉണ്ടായിരുന്നെന്ന് ജാനിക്ക് മനസ്സിലായി

“എന്തേ ഇപ്പൊ സന്തോഷത്തിനെന്തേലും കുറവുണ്ടോ…?”ജാനിയുടെ ചോദ്യം

“ഒരു കുറവുമില്ല സന്തോഷം മാത്രേ ഉണ്ടായിട്ടുള്ളൂ..സ്നേഹിച്ചിട്ടെ ഉള്ളൂ എന്നെ…. ഇതുപോലെ ഒരാളും സ്നേഹിച്ചിട്ടില്ല…മറ്റൊരു സ്നേഹവും അതിനിനി പകരവുമാവില്ല… ” അത് പറഞ്ഞു മുഴുവിച്ചപ്പോഴേക്കും സന്ധ്യയുടെ കണ്ണിൽ കണ്ണീരുപൊടിഞ്ഞിരുന്നു..

“സന്ധ്യേ…സന്ധ്യേ എന്തിനാ നീ കരയണേ…ശേ ഇപ്പൊ ഇവിടെയെന്താ ണ്ടായെ കരയാനുമ്മേണ്ടി..”ജാനി സന്ധ്യയുടെ കണ്ണുനീര് തുടച്ചിട്ട് ചോദിച്ചു

Leave a Reply

Your email address will not be published. Required fields are marked *