ജീവിതമാകുന്ന നൗക – 11 Like

ഞാനവളെ പറഞ്ഞു മനസ്സിലാക്കാൻ ഒരു ശ്രമം നടത്തി.

“ഇതിൽ കൂടുതൽ എന്തു മോശമാകാൻ”

അവൾ പിറുപിറുത്തു.

“നീ എന്തൊക്കെ പറഞ്ഞാലും ഇത് നടക്കില്ല. നീ വേറെ എവിടെയെങ്കിലും പോ. നിൻ്റെ അപ്പച്ചി ഇല്ലേ സിറ്റി പോലീസ് കമ്മിഷണർ. അതുമല്ലെങ്കിൽ നിൻ്റെ അനിയനില്ലേ സ്റ്റീഫൻ. അവരുടെ ഒപ്പം പോയി താമസിക്ക്.”

“അർജ്ജു അവിടെ ഒന്നും ഞാൻ സേഫ് അല്ല. എനിക്ക് ഇഷ്ടമില്ലാത്ത കല്യാണം അവർ നടത്തും.”

അപ്പോൾ അതാണ് കാര്യം. എങ്കിലും എനിക്കങ്ങോട്ട് വിശ്വാസമായില്ല.

“പ്ളീസ് ഒക്കെ പറയുന്നുണ്ടെങ്കിലും അവൾ കട്ടിലിൽ തന്നെ ഇരുന്നോണ്ടാണ് സംസാരം. പിന്നെ വന്നപ്പോൾ ഉള്ള ഭാവം തന്നെ കണ്ണിലെ ആ തിളക്കം അപ്പോഴും ഉണ്ട്. ഇത് വേറെ എന്തോ കളിയാണ്. “

“നിന്നോട് എത്ര പ്രാവിശ്യം പറയണം. “

അവൾ പോകാനെന്ന പോലെ എഴുന്നേറ്റു. താഴെ നിന്ന് ബാഗുമെടുത്തു.

“എന്നാൽ ശരി ഞാൻ അപ്പച്ചിയുടെ അടുത്തക്ക് തന്നെ പോയേക്കാം ശിവ. നിതിനോടും പറഞ്ഞേരെ. ഞാൻ അറിഞ്ഞിടത്തോളം ആൾമാറാട്ടം ഒക്കെ IPC പ്രകാരം വലിയ കുറ്റമാണ്. “

വീണ്ടും എനിക്കു മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ പറഞ്ഞു

അവളുടെ വാക്കുകൾ കേട്ട് ഞാൻ ശരിക്കും ഞെട്ടി. ഉറപ്പായിട്ടും അവൾ അത് കണ്ട് കാണണം. കാരണം അവളുടെ കണ്ണുകൾ ഒന്ന് വിടർന്നു.

ഇവൾ ഇത് എങ്ങനെയാണ് അറിഞ്ഞത്? വേറെ ആർക്കൊക്കെ അറിയാം? യഥാർത്ഥ ഐഡൻറിറ്റി പുറത്തറിഞ്ഞാൽ ഇവിടെ തുടരാൻ വിശ്വ അനുവദിക്കില്ല. ഒരു നിമിഷ നേരത്തേക്ക് ഞാൻ മരവിച്ചു പോയി.

ഞാൻ നോക്കുമ്പോൾ എൻ്റെ മുഖത്തു തന്നെ അവൾ നോക്കി നിൽക്കുകയാണ്. എൻ്റെ മനസ്സ് വായിച്ചെടുക്കാനുള്ള ശ്രമമാണോ?

ഇനി അവൾ ഒരു ബ്ലഫ് അടിച്ചതാണോ?

“ഏതു ശിവ ഏത് നിതിൻ ? നീ ആരുടെ കാര്യമാണ് പറയുന്നത്?”

കാര്യമൊന്നുമില്ലെങ്കിലും എൻ്റെ വായിൽ നിന്ന് അതാണ് വന്നത്.

“ശിവ രാജശേഖരൻ, അധവ സൈക്കോ ശിവ, വീട് പൂനെ, എഞ്ചിനീയറിംഗ് പഠിച്ചത് ബാംഗ്ലൂർ, പെങ്ങളുടെ പേര് അഞ്ജലി. “

അപ്പോഴേക്കും ശബ്‌ദം പുറത്തേക്ക് കേൾക്കാത്ത കാരണമാണ് എന്ന് തോന്നുന്നുന്നു. എല്ലാവരും വാതിലിൻ്റെ അടുത്ത് വന്ന് നോക്കുന്നുണ്ട്.

ഇനി എന്തെങ്കിലും പറഞ്ഞാൽ എല്ലാവരും കേൾക്കും.

അവൾ ഒന്നും മിണ്ടാതെ ബാഗുമെടുത്തു ലിവിങ് റൂമിലേക്ക് ഇറങ്ങി. ഒരു കൂസലുമില്ലാതെ നേരെ പോയി suitcase കൾ എടുത്തു.

“അർജ്ജു ഏതാണ് എൻ്റെ മുറി?”

“ഡീ… ഇവിടെ പൊറുതി തുടങ്ങാമെന്ന് കരുതേണ്ട.”

രാഹുൽ കണ്ട്രോൾ പോയി അലറി. മാത്യ അവൻ അക്രമാസക്തനായാൽ തടയാൻ റെഡിയായാണ് നിൽക്കുന്നത്

ഞാൻ വേഗം അവൻ്റെ അടുത്തേക്ക് ചെന്ന് ചെവിയിൽ പറഞ്ഞു

“ഡാ ഇപ്പോൾ വേണ്ട. അവൾ ചില കാര്യങ്ങൾ അറിഞ്ഞിട്ടുണ്ട്”

അവൻ എന്നെ ഒന്ന് തുറിച്ചു നോക്കി, എന്നിട്ടവളെയും

“എന്നെ ഇങ്ങനെ നോക്കുകയൊന്നും വേണ്ട നിങ്ങൾ രണ്ട് പേരും കൂടി വൃത്തികെട്ട കളി കളിച്ചല്ലേ എന്നെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. ഇനി നിങ്ങൾ നല്ലൊരു താമസ സ്ഥലം ശരിയാക്കുന്നവരെ ഞാൻ ഇവിടെ തന്നെ താമസിക്കും. ചുമ്മാ വേണ്ട ഇപ്പോൾ ഞാൻ ഹോസ്റ്റലിൽ കൊടുക്കുന്നതിൽ നിന്ന് 1000 രൂപ കൂടുതൽ തന്നേക്കാം.”

എല്ലാവരെയും കാണിക്കാൻ വേണ്ടിയുള്ള അഭിനയം കുറ്റം പറയരുതല്ലോ ഉഗ്രൻ പെർഫോമൻസ് .

അപ്പോളാണ് കാളിങ് ബെൽ മുഴങ്ങിയത്. ആരും അനങ്ങുന്നില്ല എല്ലാവരും അന്ധാളിച്ചു നിൽക്കുകയാണ്. വീണ്ടും ബെൽ മുഴങ്ങിയപ്പോൾ പോൾ പോയി വാതിൽ തുറന്നു.

“ഫുഡ് ആണ്.” അവൻ അവിടന്ന് വിളിച്ചു നടന്നു

നേരത്തെ ഓർഡർ ചെയ്‌ത ഫ്രൈഡ് റൈസും ചില്ലി ചിക്കനും ഐസ്ക്രീമും.

അന്ന പെട്ടിയും ഉരുട്ടികൊണ്ട് മണി ചേട്ടൻ്റെ അടുത്തേക്ക് ചെന്നു.

“മണി ചേട്ടൻ അല്ലേ. കഴിഞ്ഞയാഴ്ച്ച ഇവിടെ വന്ന സ്റ്റീഫൻ്റെ ചേച്ചിയാണ്. ഇവരുടെ ക്ലാസ് മേറ്റ് ആണ്. “

അവൾ സ്വയം പരിചയപ്പെടുത്തി.

മണി ചേട്ടൻ ഒരു വളിച്ച ചിരി പാസാക്കി.

“ചേട്ടാ ഇവിടെ കാലിയായി കിടക്കുന്ന റൂം ഒന്ന് കാണിച്ചു തരാമോ. “

മണി ചേട്ടൻ ഒന്ന്എന്നെ നോക്കി. ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും മണി ചേട്ടൻ അവളുടെ കൈയിൽ നിന്ന് ബാഗ്‌ വാങ്ങി. കാലിയായി കിടന്ന റൂമിലേക്ക് നടന്നു.

Leave a Reply

Your email address will not be published. Required fields are marked *