“എടി എന്താ ഉണ്ടായേ അതൊന്നു തെളിച്ചു പറ നീ ആദ്യം” അവൾ വീണ്ടും ഒച്ചയിട്ടു.
“ഇന്നലെ അമ്മ വിളിച്ചിരുന്നു, വീട് ജപ്തി ചെയ്യാൻ ആളുകൾ എത്തി. അമ്മയുടെ കരച്ചിൽ കേട്ട് സഹിക്കാൻ പറ്റുന്നുണ്ടായില്ലഡി, നാട്ടിലെ അനാഥ മന്ദിരത്തിൽ ഞാൻ വിളിച്ചു അച്ഛനോട് സഹായം ചോദിച്ചു അപ്പൊ തന്നെ, അവർ വന്ന് അമ്മയെ അങ്ങോട്ട് കൊണ്ടുപോയി. അവിടെ എത്തിയിട്ടും അമ്മ ഒന്നും കഴിക്കാൻ കൂട്ടാക്കാതെ ഇരുന്നു കരച്ചിൽ ആയിരുന്നു എന്ന് അച്ഛൻ വിളിച്ചു പറഞ്ഞു.”
“ഇത്രേം ഒക്കെ ആയിട്ടും ഒരു മകൾ എന്ന നിലയിൽ എനിക്ക് എനിക്ക് എന്റെ അമ്മയോട് ഉള്ള കടമകൾ പോലും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന് ഓർത്ത് ആകെ തകർന്ന ഒരു അവസ്ഥയിൽ ആയിരുന്നു ഞാൻ ഇന്നലെ. അപ്പോഴാണ് അവൻ ഡ്യൂട്ടി കഴിഞ്ഞ് വന്നത്, എന്തോ അപ്പോഴത്തെ ഒരു അവസ്ഥയിൽ ഞാൻ അവനോട് ദേഷ്യപ്പെട്ടു സംസാരിച്ചു, പക്ഷേ അവൻ ഇറങ്ങി പോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.”
“രാവിലെ നോക്കുമ്പോൾ അവന്റെ സാധനങ്ങൾ ഒന്നും തന്നെ കാണാനില്ല, പോയി കാണും എങ്ങോട്ടേലും പാവം, എനിക്ക് ഇത് എല്ലാം കൂടെ വട്ട് പിടിക്കുന്നുണ്ട് പൂജ..”
പൂജ അവളെ ചേർത്ത് പിടിച്ചു, മിഴി അവളെ ഇറുക്കി പിടിച്ചു പൊട്ടിക്കരയാൻ തുടങ്ങി. കരയട്ടെ.. അങ്ങനെ എങ്കിലും കുറച്ച് ആശ്വാസം കിട്ടുവല്ലോ എന്ന് പൂജയും ഓർത്തു.
അവൾ കരഞ്ഞു തീരും വരെ പൂജ അവളെ ഒരു കുഞ്ഞിനെ എന്നപോലെ ചേർത്ത് അണച്ചു പിടിച്ചിരുന്നു.
“മിഴി… അവൻ എവിടേം പോയിട്ടുണ്ടാവില്ല, പെട്ടെന്ന് ഉള്ള ഷോക്കിൽ പോയത് ആവും നമുക്ക് മഹീന്ദർ ഭായ്യെ വിളിച്ച് നോക്കാം. പിന്നെ അമ്മ ഇപ്പൊ തൽക്കാലം അവിടെ നിക്കട്ടെ അത് തന്നെ ആണ് സേഫ്. ആ വീട് നമുക്ക് തിരിച്ചു പിടിക്കാൻ നോക്കാം എങ്ങനേലും. ബാങ്കിനോട് റിക്വസ്റ്റ് ചെയ്ത് നോക്കാം ഇൻ കേസ് അവർ ആ പ്രോപ്പർട്ടി ലേലത്തിൽ വെക്കുവാണേൽ തന്നെ കുറച്ച് ഒന്ന് ഡീലേ ആക്കാൻ.”
“ഞാൻ ഉണ്ട് നിന്റെ കൂടെ എന്തിനും. ഇന്ന് ഇനി നീ ഡ്യൂട്ടിക്ക് കേറണ്ട ഞാനും ലീവ് എടുക്കാം. മനസ്സ് ഒന്ന് ശാന്തമാകട്ടെ എന്നിട്ട് മതി ബാക്കി ഒക്കെ. നീ പോയി കുളിച്ചു വാ, അപ്പോഴേക്കും ഞാൻ ഒരു കോഫി ഇടാം ഒന്ന് ഉഷാർ ആവട്ടെ വാ എഴുനേക്ക്.” പൂജ അവളെ ഉന്തി തള്ളി ബാത്‌റൂമിലേക്ക് വിട്ടിട്ട് ഫോണും എടുത്ത് അടുക്കളയിലേക്ക് നടന്നു.
അവൾ മാഹീന്ദറിന്റെയും ചോട്ടുവിന്റെയും ഫോണിലേക്ക് മാറി മാറി വിളിച്ചു, രണ്ടും സ്വിച്ചഡ് ഓഫ് ആയിരുന്നു. പൂജ ഒന്ന് ചിന്തിച്ചിട്ട് അടുക്കളയിലേക്ക് പോയി കോഫി ഇടാൻ തുടങ്ങി. ************************ ഇതേ സമയം പൂനെ – മുംബൈ ഹൈവേയിൽ പിമ്പോലി എന്നൊരിടത്ത്… തലങ്ങും വിലങ്ങും ചീറി പായുന്ന വണ്ടികളുടെ ശബ്ദം അസ്ലന്റെ ചിന്തകളെ ഇടക്കിടക്ക് മുറിച്ചുകൊണ്ടിരുന്നു.
“ട്രെയിൻ പൂനെയിൽ എത്തുമ്പോൾ അവർ അതിൽ ഇല്ല, നമ്മടെ ആൾകാർ പറഞ്ഞത് വെച്ച് നോക്കുമ്പോൾ അവൻ കേറിയത് ലോണാവാലയിൽ നിന്നാണ്.
ലോണാവാലാക്കും പൂനെക്കും നടുവിൽ ആകെ മൂന്നു ചെറിയ സ്റ്റേഷൻ ആണ് ഉള്ളത്. മലവ്‌ലി, കാംഷെത് പിന്നെ കാൻഹി. ഇതിൽ മലവ്‌ലി നമുക്ക് ഒഴിവാക്കാം കാരണം ലോണാവാല ടു മലവ്‌ലി ഏകദേശം 20 മിനിറ്റ് ദൂരമേ ഉള്ളു.
നമ്മുടെ പിള്ളേരെ എല്ലാം ഇടിച്ചിട്ട് ബോധം ഇല്ലാതെ കിടക്കുന്ന അവരെ ഉണർത്തിയിട്ട് അവനു 20 മിനിറ്റ് കൊണ്ട് രക്ഷപെടാൻ കഴിയില്ല.”
“കാംഷെത് ആണെങ്കിലും അത്പോലെ തന്നെ, എന്നാലും അത് മുഴുവനായി അങ്ങ് ഒഴിവാക്കേണ്ട. പിന്നെ ഉള്ളത് കാൻഹി. എന്റെ ഊഹം ശെരി ആണെങ്കിൽ ആ നായിന്റമക്കൾ ഇറങ്ങിയത് ഈ രണ്ട് സ്റ്റേഷന് അടുത്ത് ആവാൻ ആണ് സാധ്യത. എക്സ്പ്രസ്സ് ട്രെയിനിനു അവിടെ സ്റ്റോപ്പ് ഇല്ലാത്തതിനാൽ എവിടേലും സ്ലോ ചെയ്തപ്പോ ആവണം രക്ഷപെട്ടത്.” അസ്‌ലാൻ പക എരിയുന്ന കണ്ണോടെ പറഞ്ഞു നിർത്തി.
“പക്ഷേ ഭായ്, എങ്ങനെ? നമ്മൾ ഈ റൂട്ടിൽ ഉള്ള റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻഡ് ഒക്കെ അരിച്ചു പെറുക്കിയില്ലേ, പോരാത്തേന് സിസിടിവിയും ചെക്ക് ചെയ്തു അതിൽ ഒന്നും ഇവരുടെ പൊടി പോലും കാണാനില്ലല്ലോ.” കൂട്ടത്തിൽ ഒരുവൻ ചോദിച്ച കേട്ട് അസ്ലന്റെ കണ്ണൊന്നു കുറുകി.
“ഇതിനിടയിൽ ആരോ കളിക്കുന്നുണ്ട്, ആരോ അവരെ ഒക്കെ സഹായിക്കാൻ ഉണ്ട്. എന്തായാലും ഒന്ന് ഉറപ്പാണ് അവർ എല്ലാം ഒന്നിച്ചു തന്നെ ആണ് ഇപ്പോഴും ഉള്ളത്. അത് അല്ലാരുന്നെങ്കിൽ ഇവരിൽ ആരെങ്കിലും ഒരാൾ നമ്മുടെ കണ്ണിൽ വന്ന് പെട്ടേനെ. എന്നാൽ നമ്മൾ വൈകും തോറും ഇവർ ഇവരുടെ നാട്ടിലേക്ക് പോകാൻ ചാൻസ് ഉണ്ട്, അങ്ങനെ ഉണ്ടാവും മുന്നേ എല്ലാത്തിനേം പൊക്കണം.”
