ഓർമ്മകൾക്കപ്പുറം – 5 Like

“കേട്ടിട്ട് മൊത്തത്തിൽ ഒരു സിനിമ കഥ പോലെ ഒണ്ട്, ഇത്പോലെ ഉള്ള സംഭവം ഒക്കെ ഞാൻ അതിലെ കണ്ടിട്ടുള്ളു.” ചോട്ടു അത്ഭുതപ്പെട്ടു. “ഇനിയും ഒരുപാട് കാര്യങ്ങൾ അറിയാൻ ഉണ്ട്. നീ ആരാണ്, നിനക്ക് ഇവിടെ മഹാരാഷ്ട്രയിൽ എന്താണ് പരിപാടി, ജാനകിയെ തട്ടിക്കൊണ്ടു പോയത് എങ്ങനെ.. അങ്ങനെ വ്യക്തമാകാത്ത കൊറേ കാര്യങ്ങൾ കൂടെ ഉണ്ട്.” മഹീന്ദർ വളയം തിരിച്ചുകൊണ്ട് ഹരിയോട് പറഞ്ഞു. “ശെരിയാണ് ഭായ്, പക്ഷേ എനിക്ക് ഓർമ്മ പോയി എന്നുള്ള കാര്യം ഒന്നും ജാനകിക്ക് അറിയില്ല അവളോട്‌ പറയാൻ ഉള്ള സാവകാശം കിട്ടിയില്ല അതാണ് സത്യം. ഭായ് ചോദിച്ച ചോദ്യങ്ങൾക്ക് ഒക്കെ ഉത്തരം അവളുടെ കയ്യിലെ ഉള്ളൂ. ആദ്യം നമുക്ക് ഇവരെ എല്ലാവരെയും സേഫ് ആയി ഒരിടത്തു എത്തിക്കണം. അത് കഴിഞ്ഞ് ബാക്കി നോക്കാം.” “നീ ഒന്നുകൊണ്ടും പേടിക്കണ്ട, അവർ ആരാണെങ്കിലും ഇനി ഇവരെ അവർ തൊടില്ല. അങ്ങനെ തൊടണമെങ്കിൽ അത്‌ ഞാൻ ചത്തിട്ടേ ഉണ്ടാവു.” മഹീന്ദർ പല്ലിറുമ്മി.
അവരുടെ സാമിപ്യം ഹരിക്ക് നല്ലൊരു ആശ്വാസം ആയിരുന്നു. “അല്ല ഭായ് നമ്മൾ എങ്ങോട്ടാ ഇവരെ കൊണ്ടുപോകുന്നത്?” ഹരിയുടെ ചോദ്യം കേട്ട് മഹീന്ദർ അവന്റെ മുഖത്തേക്ക് ഒരു നിമിഷം നിർവികാരനായി ഒന്ന് നോക്കി… എന്നിട്ട് പുറത്തേക്ക് നോക്കികൊണ്ട്‌ പറഞ്ഞു “ത്രയംബകേശ്വർ…”

“ത്രയംബകേശ്വർ… നാസിക്കിന് അടുത്ത് അല്ലേ?” ഹരി ചോദിച്ചു. “മ്മ്… അടുത്തല്ല ഒരു 45 കിലോമീറ്റർ ഉണ്ടാവും നാസിക്കിൽ നിന്ന്. നിനക്ക് എങ്ങനെ അറിയാം ആ സ്ഥലം?” “അതാണ് എനിക്കും അറിയാത്തത്…. മിഴിയും എന്നോട് ഇതേ ചോദ്യം ഒരിക്കൽ ചോദിച്ചിരുന്നു. പക്ഷേ അന്നും ഇന്നും എനിക്ക് അതിനൊന്നും ഉത്തരം കണ്ടെത്താൻ പറ്റിയില്ല.” “അല്ല… അത്‌ പറഞ്ഞപ്പഴാ.., മിഴിക്ക് എന്താ പറ്റിയെ? നിങ്ങൾ തമ്മിൽ എന്താരുന്നു പ്രശ്നം?” മഹീന്ദർ ചോദിച്ചു.

“അറിയില്ല ഭായ്, കൊറേ നാളായില്ലേ ഞാൻ അവിടെ കടിച്ചു തൂങ്ങി നിൽക്കുന്നു, ചെലപ്പോ അതിന്റെ ആവാം, ആദ്യമേ ഒരു വാടക മുറി എടുത്ത് മാറി താമസിക്കണ്ടത് ആരുന്നു ഇതിപ്പോ ഇറക്കി വിട്ടപോലെ ആയി. എന്നാലും എനിക്ക് അതിൽ സന്തോഷം ആണ്, അങ്ങനൊന്നും നടന്നില്ലാരുന്നു എങ്കിൽ എനിക്ക് എന്റെ ജാനകിയെ ഒരുപക്ഷേ എന്നെന്നേക്കുമായി നഷ്ടമായേനെ.” ഹരിയുടെ കണ്ണ് അറിയാതെ നിറഞ്ഞുപോയി. “അബെ സാലെ… മതി പറഞ്ഞത്. ഇപ്പൊ എല്ലാം നന്നായി തന്നെ അവസാനിച്ചല്ലോ പിന്നെന്താ പ്രശ്നം.” മഹീന്ദർ ഹരിയുടെ തലയിൽ ഒന്ന് തട്ടിക്കൊണ്ടു സ്നേഹത്തോടെ ശകാരിച്ചു. *******************

ഈ സമയം ജയന്തി ജനത പൂനെ റെയിൽവേ സ്റ്റേഷൻ എത്തിയിരുന്നു. അവിടെ കാത്തിരുന്ന അസ്ലൻന്റെ ആളുകൾ പെൺകുട്ടികളെ കംപാർട്മെന്റിൽ കാണാതെ പരിഭ്രാന്തരായി. ഒടുവിൽ അവർ ബാത്‌റൂമിൽ അബോധാവസ്ഥയിൽ കിടന്ന അവരുടെ കൂട്ടാളികളെ കണ്ടെത്തി. കഥകൾ മുഴുവൻ അവരിൽ നിന്നും അറിഞ്ഞു. എന്നാൽ ട്രെയിൻ അപ്പോഴേക്കും അവരെയും കൊണ്ട് സ്റ്റേഷൻ വിട്ടിരുന്നു.

“അസ്ലൻ ഭായ്…. പൂനെയിൽ നിന്ന് സൽമാന്റെ കാൾ ഉണ്ട്.” ഒരുവൻ വിക്കി വിക്കി പറഞ്ഞുകൊണ്ട് ഫോൺ അസ്ലന് കൈമാറി. മറുതലക്കൽ നിന്നും സംസാരം നടക്കുംതോറും അസ്ലൻന്റെ മുഖം ദേഷ്യം കൊണ്ട് മുറുകുന്നത് കണ്ട് കൂടെ ഉള്ളവർ ഭയന്നു. അയാളുടെ ചോര കണ്ണുകളിൽ വീണ്ടും രക്തയോട്ടം കൂടിയത് പോലെ.
അടുത്ത നിമിഷം ആ ഫോൺ നിലത്ത് ചിന്നി ചിതറി… അയാളുടെ ആ ഭാവമാറ്റം എല്ലാവരിലും ഭയം ഉളവാക്കി. അയാൾ കലിയടങ്ങാതെ ആക്രോശിച്ചുകൊണ്ട് അടുത്ത് നിന്നവന്റെ മുഖം പൊത്തി അടിച്ച് അവനെ ചുരുട്ടി എടുത്ത് ബാക്കി ഉള്ളവരുടെ ഇടയിലേക്ക് എറിഞ്ഞു.

“നിന്നെയൊക്കെ എന്തിനാടാ നായിന്റമക്കളെ ചെല്ലും ചെലവും തന്ന് ഞാൻ തീറ്റി പോറ്റുന്നത്, ഒരു കാര്യം ഏൽപ്പിച്ചാൽ അത്‌ ചെയ്യാൻ ഉള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ ഒരുത്തനും ഈ പണിക്ക് നിക്കരുത്. ഒന്നും രണ്ടുമല്ല 74 കോടി രൂപയുടെ കൺസൈന്മെന്റ് ആണ് ഇത്. ആരെ കൊന്നിട്ടാണെങ്കിലും നാളെ വൈകുന്നേരത്തിനു ഉള്ളിൽ ആ 20 പെണ്ണുങ്ങളും കൂടെ ആ ജേർണലിസ്റ്റ് തെണ്ടിയും പിന്നെ അവന്മാർ പറഞ്ഞ ഇവരെയെല്ലാം അവരുടെ കണ്ണിന്റെ കീഴെ നിന്ന് എടുത്തോണ്ട് പോയവനെയും എനിക്ക് കിട്ടിയിരിക്കണം. ഇല്ലെങ്കിൽ ഈ മുറിയിൽ നിക്കുന്ന ഒരുത്തന്റെ കുടുംബത്തിലും ജീവന്റെ ഒരു കണിക പോലും ശേഷിക്കാത്ത വിധത്തിൽ കരിച്ചു കളയും ഞാൻ.” അസ്ലൻന്റെ ശബ്ദം അവിടെ കൂടി നിന്ന അവന്റെ കൂട്ടാളികളുടെ കാതിൽ ഒരു ഇടിമുഴക്കം പോലെ പതിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *