കണക്കുപുസ്തകം – 1

: അവളോട് ഞാൻ പറയാഞ്ഞിട്ടാണോ… രാമേട്ടനെ അവൾ അങ്കിളേ എന്നല്ലേ വിളിക്കാറ്.. പറഞ്ഞുനോക്ക്..

: അതിലും ബേധം വല്ല ട്രെയിനിനും തല വയ്ക്കുന്നതാ… ഞാനറിഞ്ഞു, അവൾ അവിടെ കാട്ടിക്കൂട്ടിയ പുകിലൊക്കെ.
: രാമേട്ടാ… തെറ്റിദ്ധരിക്കില്ലെങ്കിൽ ഞാൻ ഒരു കാര്യം പറയട്ടെ…

: ഉം.. പറ. നിന്റെ കാര്യമായതുകൊണ്ട് ഞാൻ ഒരു ധാരണയും വയ്ക്കുന്നില്ല…

: നമ്മുടെ സ്വപ്ന എങ്ങനുണ്ട്… വിശ്വസിക്കാമോ.. ആള് നല്ല ആത്മാർത്ഥത ഉള്ള കൂട്ടത്തിൽ ആണെന്ന് തോനുന്നു. സ്മാർട്ടാണ്..

: എനിക്ക് മുന്നേ പറയണമെന്നുണ്ടായിരുന്നു…. പിന്നെ നീ എന്ത് കരുതുമെന്ന് വിചാരിച്ചു, പുതിയ ആളല്ലേ…

നല്ല നിലയിൽ ജീവിച്ച പെണ്ണായിരുന്നു. അച്ഛന് കാൻസർ വന്നതോടുകൂടി ഉള്ള സമ്പാദ്യം മുഴുവൻ ചിലവാക്കി, ഉണ്ടായ സ്വത്തൊക്കെ വിറ്റും പണയം വച്ചുമാണ് ചികിൽസിച്ചത്. എന്നിട്ടും ആള് ബാക്കിയായില്ല. അദ്ദേഹം മരിക്കുന്നതിന് മുൻപ് നല്ലൊരു ആലോചന വന്നതായിരുന്നു. കടക്കെണിയിൽ പെട്ട കുടുംബമാണെന്നറിഞ്ഞിട്ടും പെണ്ണിന്റെ മൊഞ്ച് കണ്ടിട്ട് വന്നവരായിരുന്നു. അച്ഛന്റെ ജീവൻ നിലനിർത്തിയിട്ട് മതി എനിക്കൊരു ജീവിതമെന്ന് പറഞ്ഞ് അവൾതന്നെ അത് വേണ്ടെന്ന് വച്ചു. കടക്കാരും ബാങ്കുകാരും വീട് കയറിയിറങ്ങാൻ തുടങ്ങിയപ്പോഴാണ് ഒരു ജോലിക്ക് വേണ്ടി എന്നെ കാണുന്നത്. ആള് നന്നായി പഠിച്ചിട്ടും ഉണ്ട്. MBA ഫസ്റ്റ് ക്ലാസ്സിൽ പാസ്സായി. ഹോസ്പിറ്റലിലും മറ്റുമായി ജീവിതം വഴിമാറിയപ്പോൾ ഉണ്ടായിരുന്ന ജോലിയും പോയി. കരീർ ബ്രേക്ക് വന്നെന്നും പറഞ്ഞ് നല്ല കമ്പനികളൊന്നും പിന്നീട് ജോലി കൊടുത്തുമില്ല. നമുക്ക് ഇവിടെ ആകെയുണ്ടായിരുന്നത്‌ ഈ ഒരു വാക്കൻസി മാത്രമാ.. അതാ അവിടെ വച്ചത്…

: റിസെപ്ഷനിലോ… അത് മോശം ജോലിയല്ല. പക്ഷെ അതിനുവേണ്ടിയാണോ അവൾ കഷ്ടപ്പെട്ട് ഇത്രയും പഠിച്ചത്. എന്റെ രാമേട്ടാ.. ഈ കമ്പനിയിൽ പൂർണ സ്വാതന്ദ്ര്യം ഉള്ള ആളല്ലേ നിങ്ങൾ.. എന്നിട്ടാണോ ഇങ്ങനൊക്കെ. വളരെ മോശമായിപ്പോയി..

: ഇതിപ്പോ നിന്നോട് ഇത്രയും പറഞ്ഞ എന്നെ വേണം തല്ലാൻ… ഒരു കാര്യം കൂടി പറയാം. നല്ല കുട്ടിയാ, എന്നേക്കാളും വിശ്വസിക്കാം.

: എന്ന പോയി ലെറ്റർ അടിക്ക് രാമചന്ദ്രാ… അവളോട് കാര്യം പറയണ്ട. ഞാൻ പറഞ്ഞോളാം. ഒരു കവറിലിട്ട് കൊടുത്താ മതി. ഇപ്പൊ എല്ലാവരും കഴിക്കാൻ ഇരുന്നിട്ടാ ഉള്ളത്. അതാവുമ്പോ തുറന്നുനോക്കാൻ പറ്റില്ല. കുറച്ച് ടെൻഷൻ അടിക്കട്ടെ. വേഗം പോയി ശരിയാക്ക് രാമേട്ടാ…

: ഇതാ നിന്റെ കുഴപ്പം.. എന്തെങ്കിലും തീരുമാനിച്ചാൽ അപ്പൊ നടക്കണം..
രാമചന്ദ്രൻ ഉടനെ ഹരി പറഞ്ഞപോലെ സ്വപ്നയ്ക്കുള്ള പ്രൊമോഷൻ ലെറ്റർ ശരിയാക്കി ഒരു കവറിലിട്ട് നേരെ ക്യാന്റീനിലേക്ക് പോയി. ഹരിയുടെ നിർദേശപ്രകാരം മുഖഭാവം അല്പം നിരാശ നിറച്ചാണ് പോയത്. കയ്യിലൊരു കവറുമായി ഹരിയുടെ ഓഫീസിൽ നിന്നും ഇറങ്ങി തന്നെ ലക്ഷ്യമാക്കി വരുന്ന മാനേജരെ കണ്ടയുടനെ സ്വപ്നയുടെ ഹൃദയം പടപടാ മിടിച്ചുതുടങ്ങി.

: മോളേ… ഇത് ഹരി സാർ നിനക്ക് തരാൻ ഏല്പിച്ചതാ.. കഴിച്ചു കഴിഞ്ഞിട്ട് നോക്കിയാൽ മതി.

: സാറെ.. എന്താ ഇതിൽ..

: എല്ലാം നല്ലതിനാണെന്ന് കരുതിയാൽ മതി..സ്വപ്നയെ റിസപ്ഷനിൽ നിന്നും മാറ്റാനാണ് ഹരി സാർ പറഞ്ഞിരിക്കുന്നത്..

രാമേട്ടൻ തിരിഞ്ഞു നടക്കാൻ തുടങ്ങിയപ്പോഴേക്കും സ്വപ്നയുടെ കണ്ണുകൾ നിറഞ്ഞു. മീന സ്വപ്നയെ സമാധാനിപ്പിക്കുന്നുണ്ടെങ്കിലും അവളുടെ കണ്ണുനീർ തുള്ളികൾ നിയന്ത്രണം വിട്ട് പുറത്തേക്ക് ചാടി. ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ സ്വപ്ന കണ്ണുതുടച്ചെങ്കിലും അവളുടെ വിഷമത്തിന് അറുതിയായില്ല. കഴിക്കാൻ എടുത്തുവച്ച ഭക്ഷണം അവൾക്കുമുന്നിൽ വലിയൊരു ഭാരമായി തോന്നി. മീന എന്തൊക്കെയോ പറയുന്നുണ്ടെങ്കിലും സ്വപ്നയുടെ കാതുകൾ അടഞ്ഞിരിക്കുകയാണ്.

ഹരി തന്റെ ഓഫീസിൽ നിന്നും ഇറങ്ങി വന്നതും സ്വപ്നയുടെ പുറകിലായി നിന്നതുമൊന്നും അവളറിഞ്ഞില്ല. സ്വപ്നയുടെ തയലിൽ ഒരു കൊട്ടുകൊടുത്ത് ഹരി ഒരു കസേരവലിച്ച് അതിലിരുന്ന് സ്വപ്നയുടെ കലങ്ങിയ കണ്ണുകളിലേക്ക് നോക്കി. അവൾ പാടുപെട്ട് തന്റെ കണ്ണുകൾ തുടയ്ക്കുമ്പോൾ ഹരിക്ക് മുഖത്ത് പുഞ്ചിരിയാണ് വന്നത്. സ്വപ്നയുടെ പാത്രത്തിൽ നിന്നും അവൾ കുഴച്ചുവച്ച ചോറെടുത്ത് രുചിച്ചുനോക്കിയ ശേഷം ഹരി മീനയെ നോക്കി കണ്ണിറുക്കി..മീനയ്ക്ക് അത്ഭുതമാണ് തോന്നിയത്. ഇത്രയും വലിയൊരു മനുഷ്യൻ തന്റെ ഓഫിസിലെ ഒരു സാധാ ജോലിക്കാരിയുടെ പാത്രത്തിൽ നിന്നും ഒരു മടിയും കൂടാതെ ഭക്ഷണം ആസ്വദിച്ച് രുചിച്ചത് അവൾക്ക് വിശ്വസിക്കാനായില്ല..

: കറിക്ക് അധികം എരിവൊന്നും ഇല്ലല്ലോ പിന്നെ എന്തുപറ്റി സ്വപ്നയ്ക്ക്… കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു..

: ഹേയ്.. ഒന്നുമില്ല സാറെ..

: എന്ന പിന്നെ കഴിക്ക് പെണ്ണേ..

: സാറെ… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ. കമ്പനി മേധാവിയെ ആളറിയാതെ തടഞ്ഞു. അത് എന്റെ ജോലിയായിരുന്നു. അതിന് ഇങ്ങനൊരു ശിക്ഷ വേണമായിരുന്നോ..

: സ്വപ്ന.. ഞാൻ മനസ്സിലാക്കിയിടത്തോളം സ്വപ്ന അവിടെയിരിക്കേണ്ട ആളല്ല. അതിന് ഉടനടി ഒരു നടപടിയെടുത്തു. അതിനുള്ള അവകാശം എനിക്കില്ലേ. എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കല്ലേ കുട്ടീ.. നീ കഴിക്കെടോ. എന്നിട്ട് കൈയൊക്കെ കഴുകി ആ കവർ തുറന്നു നോക്ക്..
: വേണ്ട സാറെ.. ഇനി ഈ ചോറ് തിന്നാൻ ഞാൻ അർഹയല്ല. പണവും പ്രതാപവുമില്ലെന്നേ ഉള്ളു. ആത്മാഭിമാനം കൈവിട്ടിട്ടില്ല.

: സ്വപ്ന ഇങ്ങനെ വിഷമിക്കല്ലേ… നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം..

: വേണ്ട സാറെ.. ഇത്രയും നാൾ ശമ്പളം തന്നതിന് നന്ദിയുണ്ട്. പിന്നെ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസവും ഉണ്ട്. അതുകൊണ്ട് പശ്ചാത്താപവും ഇല്ല.

: ശരി… ഒരു കാര്യം ചെയ്യ് അതിനകത്തുള്ള പേപ്പറിൽ ഒരൊപ്പിട്ട് മാനേജരുടെ കയ്യിൽ കൊടുത്തേക്ക്..

ടേബിളിൽ നിന്നും എഴുന്നേറ്റ് പോയ സ്വപ്ന കൈ കഴുകി നേരെ വന്ന് കവർ തുറന്നുനോക്കി അതിനുള്ളിലെ പേപ്പർ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

: ദേ… വീണ്ടും കരയുന്നു… ഇതിനുമാത്രം കണ്ണുനീർ എവിടാ ഈ ശരീരത്തിൽ

: സാറേ…. എനിക്ക്..

: ഒപ്പിട്ട് കൊടുത്തിട്ട് ദേ ആ കാണുന്ന ഓഫീസിൽ പോയിരിക്ക് പെണ്ണേ… ഇനി മേലാൽ കരയരുത് കേട്ടോ…

: സാറെ എന്നാലും… ഇതെങ്ങനെ

: എനിക്ക് ചില നിബന്ധനകൾ ഉണ്ടായിരുന്നു.. ഞാൻ നോക്കിയപ്പോ അതിലൊക്കെ സ്വപ്നയ്ക്ക് നൂറിൽ നൂറാണ് മാർക്ക്… ഇനി മോള് വേഗം കണ്ണൊക്കെ തുടച്ച് ഉഷാറായേ….

സ്വപ്ന തന്റെ പുതിയ ക്യാബിനിൽ കയറിയിരുന്ന് ഹരിയുടെ നിർദേശങ്ങൾക്കായി കാത്തിരുന്നു. അൽപനേരത്തെ ഇടവേളയ്ക്ക് ശേഷം ഓഫിസ് ബോയ് ഒരു കേക്കുമായി വന്ന് ക്യാന്റീനിൽവച്ച് ഹരിയെ വിവരമറിയിച്ചു. രാമേട്ടൻ ഉടനെ എല്ലാ സ്റ്റാഫിനെയും വിളിച്ച് സ്വപ്നയുടെ പുതിയ നേട്ടത്തിന്റെ സന്തോഷം എല്ലാവരോടുമായി പങ്കുവച്ചു. തന്റെ ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ ഇല്ലാതായിട്ട് വർഷങ്ങളായ സ്വപ്നയ്ക്ക് ഇതൊന്നും അപ്പോഴും വിശ്വസിക്കാനായില്ല. അവളുടെ മിഴികൾ ആനന്ദാശ്രുക്കൾ പൊഴിക്കുമെന്ന് കണ്ടതോടെ ഹരി അവളുടെ തലയിലൊരു കൊട്ടുകൊടുത്തിട്ട് കേക്ക് മുറിക്കെടി എന്നും പറഞ്ഞ് അവളുടെ അരികിലായി നിന്നു. ആദ്യത്തെ കേക്കിൻ കഷ്ണം ഹരിക്ക് വച്ചുനീട്ടിയ സ്വപ്നയുടെ കയ്യിൽ നിന്നും അത് വാങ്ങി ഹരി അവളുടെ ചുണ്ടോട് ചേർത്തുവച്ചു.

Leave a Reply

Your email address will not be published. Required fields are marked *