കണക്കുപുസ്തകം – 1

………….

ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങിയ അതേ സമയത്തുതന്നെ ഹരിയും ഇറങ്ങി. കൂടെ രാമേട്ടനും ഉണ്ട്. ഓഫീസിൽ നിന്നും റോഡിലേക്ക് ഇറങ്ങി അല്പദൂരം പിന്നിടുമ്പോൾ പ്രായമായ ദമ്പതിമാർ നടത്തുന്ന ഒരു ചായക്കടയുണ്ട്. ഓഫീസിൽ വന്നാൽ അവിടുന്ന് ഒരു ചായയും വടയും നിർബന്ധമാണ് ഹരിക്ക്. ആഡംബര കാറിൽ വന്നിറങ്ങി മരപ്പലകയിലിരുന്ന് ചായ കുടിക്കുന്ന ഹരിയുടെ എളിമയും വിനയവും സഹായ ഹസ്തവും ഒരുപാട് അനുഭവിച്ചവരാണ് ആ കടക്കാർ. ഹരിയെ കണ്ടയുടനെ അയാൾ ചിരിച്ചുകൊണ്ട് വരവേറ്റു. ഒരുപാട് നാളായി ഇരുവരും കണ്ടിട്ട്, അതുകൊണ്ട് പറയാനും ഒത്തിരിയുണ്ട്. ചൂട് ചായയും വടയും കഴിക്കുന്ന ഹരിക്ക് മുന്നിലൂടെ മീനയുടെ സ്കൂട്ടറിന്റെ പുറകിലിരുന്ന് പോകുന്ന സ്വപനയെ കണ്ടതും ഹരി നന്നായൊന്ന് പുഞ്ചിരിച്ചു. സ്കൂട്ടറിന് പുറകിലിരിക്കുന്ന അവളുടെ ചെമ്പൻ മുടിയിഴകൾ കാറ്റിൽ അലക്ഷ്യമായി പറക്കുന്നത് ഹരിയുടെ മനസിനെ തലോടി..
: പാവം കുട്ടി… അല്ലെ രാമേട്ടാ

: ഹരി ആരുടെ കാര്യമാ ഈ പറയുന്നേ…

: ഹേയ് ഒന്നുമില്ല… ഞാൻ വേറെ എന്തോ ആലോചിച്ച് പറഞ്ഞതാ

: ശരി വാ… നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അവൾ എന്നെ വിളിച്ചിരുന്നു. സമയത്ത് ചെന്നില്ലെങ്കിൽ അവളുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും..

: അപ്പൊ വിട്ടാലോ…

കാറുമായി വീടിന്റെ മുറ്റത്തേക്ക് എത്തിയതും വൈഗാലക്ഷ്മി അകത്തുനിന്നും പുറത്തേക്ക് ഓടിയെത്തി. കാറിൽ നിന്നും പുറത്തേക്കിറങ്ങിയ ഹരിയെ ഓടിച്ചെന്ന് കെട്ടിപിടിച്ച അവളെ ഹരി എടുത്ത് പൊക്കി രണ്ടുവട്ടം കറങ്ങിയ ശേഷം അവളുടെ നെറ്റിയിൽ ഒരുമ്മകൊടുത്ത് അവളെ അടിമുടിയൊന്ന് നോക്കി.

: എന്ത് കോലമാടി പെണ്ണെ ഇത്… നിനക്കവിടെ കഴിക്കാനൊന്നും കിട്ടാറില്ലേ.. ആകെ വാടിയപോലുണ്ടല്ലോ

: ഇത് ഏട്ടൻ എന്നെ എപ്പോ കണ്ടാലും പറയുന്നതാ.. ഇനി ഞാൻ ബോളുപോലെ ആവണോ…അല്ലേലും നമ്മള് കണ്ടിട്ട് ഇപ്പൊ ഒരുമാസം തികഞ്ഞില്ലല്ലോ…

: ഇതാ മോളെ ഭംഗി… ഇവൻ പറയുന്നതൊന്നും കേൾക്കണ്ട.

: ഏട്ടന് വയസായില്ലേ അങ്കിളേ… അതിന്റെ അസൂയയാണ്..

: അത് നിനക്ക് പറഞ്ഞാൽ മനസിലാവില്ല… പെങ്ങളുടെ മുഖമൊന്ന് വാടിയാൽ മതി ആങ്ങളമാരുടെ ചങ്ക് പിടയും.. എനിക്ക് നീയല്ലാതെ വേറെ ആരാടി ഉള്ളത്…

: ഇന്നൊരു പെണ്ണിന് കേക്ക് മുറിച്ച് വായിൽ വച്ചുകൊടുക്കുന്നത് കണ്ടല്ലോ… അവളില്ലേ ഏട്ടന്

: അപ്പൊ ഏതുനേരവും കാമറ നോക്കി ഇരിപ്പാണല്ലേ..

: അയ്യേ… എന്നോട് അങ്കിൾ വിളിച്ചു പറഞ്ഞിട്ട് നോക്കിയതാ.. അല്ല, ഇതുപോലൊരു സംഭവം ആ ഓഫിസിൽ ആദ്യമായിട്ടല്ലേ. എന്തുപറ്റി… ഏട്ടന് ഒരാളോട് ഇത്ര വിശ്വാസം തോന്നാൻ.. അല്ലെങ്കിൽ ജാതകം വരെ നോക്കിയാലും ബോധിക്കാത്തത് ആണല്ലോ

: നിനക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ മാറ്റാമെടി…

: ഹേയ് അത് വേണ്ട.. എന്റെ ഏട്ടൻ ഒരാളെ നല്ലത് പറയണമെങ്കിൽ അത് ഒരു ഭൂലോക സംഭവമായിരിക്കും. പിന്നെ ആള് കൊള്ളാം.. എനിക്ക് ഇഷ്ടായി.

: എന്ന രാമേട്ടനെ പറഞ്ഞുവിട്ടാലോ… പെണ്ണ് ചോദിക്കാൻ

: അയ്യട മോനെ.. സമയമാവുമ്പോ ഞാൻ പറയാം ട്ടോ.. ഇനി എന്റെ പുന്നാര ആങ്ങള വന്നേ… മുറിയൊക്കെ ആകെ അലങ്കോലമായി കിടക്കുവാ…എല്ലാമൊന്ന് തൂത്തുവാരി വൃത്തിയാക്കണം.
: വാ… നീ കൂടി വന്നില്ലേ.. ഇനി വേണം നമുക്ക് ഓരോന്നായി തുടച്ചുനീക്കി കണക്ക് പുസ്തകം മടക്കിവച്ച് പെട്ടിയിലടക്കാൻ…

(തുടരും)

❤️🙏

© wanderlust

Leave a Reply

Your email address will not be published. Required fields are marked *