ഹരി ഓഫീസിലൂടെ നടന്നു പോകുമ്പോൾ ഓരോരുത്തരായി ഗുഡ്മോർണിംഗ് പറയുന്നുണ്ട്. ഹരിയെ കണ്ടപ്പോൾ എല്ലാവരുടെ മുഖത്തും നല്ല സന്തോഷമുണ്ട്. കാരണം, വല്ലപ്പോഴുമാണ് ഓഫിസിലുള്ളവർക്ക് തങ്ങളുടെ മുതലായളിയെ ഒന്ന് നേരിട്ട് കാണാൻ കിട്ടുന്നത്. അയാൾ ഓഫീസിൽ അധികം വരാറില്ല. വല്ലപ്പോഴും വന്നാൽ ആയി. ഹരി മിക്കപ്പോഴും മുംബൈ, ദുബായ്, സിങ്കപ്പൂർ ഒക്കെയായിരിക്കും. കൊച്ചിയിൽ ആണ് കോർപ്പറേറ്റ് ഓഫീസെങ്കിലും ഇവിടത്തെ കാര്യങ്ങൾ എല്ലാം നോക്കുന്നത്ത് രാമേട്ടൻ ആണ്.
ഹരി കാമറ കണ്ണിലൂടെ റിസെപ്ഷനിലേക്ക് നോക്കുമ്പോൾ സ്വപ്ന രാമേട്ടന്റെ മുന്നിൽ മുഖം കുനിച്ച് നിൽപ്പാണ്.
: നീ കണ്ണ് നിറക്കല്ലേ.. ഇനി അത് കണ്ടാൽ മതി സാറിന് ഹാലിളകാൻ.. പോയി മുഖമൊക്കെ കഴുകി ഫ്രഷായി വാ..
: രാമേട്ടാ…പറഞ്ഞുവിടുമോ..
: നോക്കാം..
രാമേട്ടൻ ഹരിയുടെ ഓഫിസിലേക്ക് പോയി ഹരിയുമായി ഒത്തിരി നേരം സംസാരിച്ചിരിക്കുന്നത്ത് സ്വപ്ന ഒളികണ്ണിട്ട് നോക്കുന്നുണ്ട്. ഹരിയുടെ ക്യാബിനിൽ ഇരുന്നാൽ റിസപ്ഷൻ വരെ കാണാം. അതാണ് ആ ഓഫിസിന്റെ പ്രത്യേകത. ഹരി തന്റെ ഓഫിസ് കാര്യങ്ങളിൽ മുഴുകുന്നതും, രാമേട്ടൻ എന്തൊക്കെയോ ഫയലുമായി പോകുന്നതും ഒക്കെ അവളുടെ നെഞ്ചിടിപ്പ് കൂട്ടി.
ഉച്ചസമയത്ത് ക്യാന്റീനിൽ തന്റെ സുഹൃത്ത് മീനയോട് സ്വപ്ന കാര്യങ്ങളൊക്കെ വിവരിച്ചു. മീന ആ ഓഫിസിൽ ജോലി ചെയ്യാൻ തുടങ്ങിയിട്ട് വർങ്ങളായി. അതുകൊണ്ട് ഹരിയെ മീനയ്ക്ക് പരിചയമുണ്ട്.
: എടി കുഴപ്പമാവുമോ… പെർമനെന്റ് ആക്കുന്നതിന് പകരം ഡിസ്മിസ് ആക്കുമോ..
: ഹേയ്.. അങ്ങനൊക്കെ ചെയ്യോ… പറയാൻ പറ്റില്ല, ഇത്രയും വർഷമായിട്ടും ഹരിസാറിന്റെ സ്വഭാവം മാത്രം എനിക്ക് ഇതുവരെ പിടികിട്ടിയിട്ടില്ല. എന്തോ ഒരു പ്രത്യേക ടൈപ്പ് ആണ്. ചിലപ്പോ ഇത്രയും നല്ല മനുഷ്യൻ വേറെ ഉണ്ടാവില്ല. ചില സമയത്ത് ഇതുപോലെ വൃത്തികെട്ട ജീവി വേറെ ഇല്ലെന്ന് തോന്നും.
: പോടി… നല്ല ആളാണെന്നാ എനിക്ക് തോന്നിയത്. അല്ലെങ്കിൽ എന്നെ രണ്ട് ചീത്തയെങ്കിലും പറയേണ്ടതല്ലേ..
: നിനക്കുള്ളത് രാമേട്ടൻ തന്നില്ലേ…അത് ആര് പറഞ്ഞിട്ടാണെന്ന വിചാരിച്ചേ..
: ഓഹോ.. അപ്പൊ ആളെ ഭയക്കണം…
: സാർ ഇറങ്ങാൻ നേരം നീ പോയി ഒരു സോറി പറഞ്ഞുനോക്ക്….. ഈ മുതലാളിമാരുടെയൊക്കെ സ്വഭാവം എപ്പോഴാ മാറുന്നതെന്ന് പറയാൻ പറ്റില്ലേ..
: ഞാൻ എന്റെ ഡ്യൂട്ടിയല്ലേ ചെയ്തത്…
: അതൊക്കെ ശരിതന്നെ.. പക്ഷെ ഇയാൾക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ ഒരു ദയയും ഉണ്ടാവില്ല. നിനക്കറിയോ… സാറിന്റെ സെക്രെട്ടറി പോസ്റ്റ് ഒഴിഞ്ഞു കിടക്കുവാ.. ഞാൻ കുറേ തവണ അപ്ലിക്കേഷൻ ഇട്ടുനോക്കി… പക്ഷെ ഒരു രക്ഷയും ഇല്ല.. അയാൾക്ക് ആരെയും വിശ്വാസമില്ല, ഞാൻ ഇപ്പൊ എത്ര വർഷമായി ഇവിടെ ജോലി ചെയ്യുന്നു. എന്നിട്ടും ഒരു പരിഗണനയും തന്നില്ല. എന്നാൽ ഒരാളെ ബോധ്യപ്പെട്ടാൽ എടുത്ത് തോളത്ത് വച്ചുകൊണ്ട് നടക്കും. അങ്ങനെ ഒരാളെ ഉള്ളു.. അത് നമ്മുടെ രാമേട്ടൻ ആണ്. അല്ലാതെ ഒരാളെപ്പോലും പുള്ളി വിശ്വസിച്ച് ഒരു കാര്യം ഏൽപ്പിക്കുന്നത് ഞാൻ കണ്ടിട്ടില്ല.
: രാമേട്ടൻ ഈ സാറിന്റെ ബന്ധുവാണെന്നാണ് എന്റെ അറിവ്…
എല്ലാവരും ക്യാന്റീനിൽ ഭക്ഷണത്തിൽ മുഴുകിയിരിക്കുമ്പോൾ ഹരിയും രാമേട്ടനും ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. കഴിക്കാൻ ഇരുന്നവരുടെയൊക്കെ നോട്ടം ഇടയ്ക്കൊക്കെ ഹരിയുടെ ക്യാബിനിലേക്ക് പോകുന്നുണ്ട്. ഇനി വല്ല ബോണസും താരനായിരിക്കുമോ ഇത്രയും കാര്യമായ ചർച്ച എന്നാണ് ചിലരുടെയെങ്കിലും മനസ്സിൽ. ഈ സാമ്പത്തിക വർഷം അവസാനിക്കാറായേ… സാധാരണ എന്തെങ്കിലും വലിയ തീരുമാനങ്ങൾ എടുക്കാനുള്ളപ്പോഴാണ് ഹരി ഓഫിസിലേക്ക് വരാറുള്ളത്. അതുകൊണ്ട് ജോലിക്കാർക്കൊക്കെ പ്രതീക്ഷയും വാനോളമുണ്ട്..
: രാമേട്ടാ.. എന്തായി നമ്മുടെ സെക്രട്ടറിയുടെ കാര്യം
: എന്റെ ഹരീ… നിനക്ക് ആരെയും ബോധിക്കാത്തതിന് ഞാൻ എന്ത് ചെയ്യാനാ.ആ മീന കുറേതവണ അപ്ലിക്കേഷൻ ഇട്ടതല്ലേ, ഇനി ആരെയും കിട്ടിയില്ലേൽ തൽക്കാലം അവളെ നോക്കണോ…..അല്ലേൽ നീ ഒരു കാര്യം ചെയ്യ്, വീട്ടിലില്ലേ ഒരു പെണ്ണ്, അവളോട് ജോലിയൊക്കെ രാജിവച്ച് ഇവിടെവന്നിരിക്കാൻ പറ..
