കണക്കുപുസ്തകം – 1 1

: കറിക്ക് അധികം എരിവൊന്നും ഇല്ലല്ലോ പിന്നെ എന്തുപറ്റി സ്വപ്നയ്ക്ക്… കണ്ണൊക്കെ നിറഞ്ഞിരിക്കുന്നു..

: ഹേയ്.. ഒന്നുമില്ല സാറെ..

: എന്ന പിന്നെ കഴിക്ക് പെണ്ണേ..

: സാറെ… ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാ. കമ്പനി മേധാവിയെ ആളറിയാതെ തടഞ്ഞു. അത് എന്റെ ജോലിയായിരുന്നു. അതിന് ഇങ്ങനൊരു ശിക്ഷ വേണമായിരുന്നോ..

: സ്വപ്ന.. ഞാൻ മനസ്സിലാക്കിയിടത്തോളം സ്വപ്ന അവിടെയിരിക്കേണ്ട ആളല്ല. അതിന് ഉടനടി ഒരു നടപടിയെടുത്തു. അതിനുള്ള അവകാശം എനിക്കില്ലേ. എന്നോടുള്ള ദേഷ്യം ഭക്ഷണത്തോട് കാണിക്കല്ലേ കുട്ടീ.. നീ കഴിക്കെടോ. എന്നിട്ട് കൈയൊക്കെ കഴുകി ആ കവർ തുറന്നു നോക്ക്..
: വേണ്ട സാറെ.. ഇനി ഈ ചോറ് തിന്നാൻ ഞാൻ അർഹയല്ല. പണവും പ്രതാപവുമില്ലെന്നേ ഉള്ളു. ആത്മാഭിമാനം കൈവിട്ടിട്ടില്ല.

: സ്വപ്ന ഇങ്ങനെ വിഷമിക്കല്ലേ… നമുക്ക് എന്തെങ്കിലും പരിഹാരം ഉണ്ടാക്കാം..

: വേണ്ട സാറെ.. ഇത്രയും നാൾ ശമ്പളം തന്നതിന് നന്ദിയുണ്ട്. പിന്നെ ഞാനൊരു തെറ്റും ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസവും ഉണ്ട്. അതുകൊണ്ട് പശ്ചാത്താപവും ഇല്ല.

: ശരി… ഒരു കാര്യം ചെയ്യ് അതിനകത്തുള്ള പേപ്പറിൽ ഒരൊപ്പിട്ട് മാനേജരുടെ കയ്യിൽ കൊടുത്തേക്ക്..

ടേബിളിൽ നിന്നും എഴുന്നേറ്റ് പോയ സ്വപ്ന കൈ കഴുകി നേരെ വന്ന് കവർ തുറന്നുനോക്കി അതിനുള്ളിലെ പേപ്പർ കണ്ടതും അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞൊഴുകി.

: ദേ… വീണ്ടും കരയുന്നു… ഇതിനുമാത്രം കണ്ണുനീർ എവിടാ ഈ ശരീരത്തിൽ

: സാറേ…. എനിക്ക്..

: ഒപ്പിട്ട് കൊടുത്തിട്ട് ദേ ആ കാണുന്ന ഓഫീസിൽ പോയിരിക്ക് പെണ്ണേ… ഇനി മേലാൽ കരയരുത് കേട്ടോ…

: സാറെ എന്നാലും… ഇതെങ്ങനെ

: എനിക്ക് ചില നിബന്ധനകൾ ഉണ്ടായിരുന്നു.. ഞാൻ നോക്കിയപ്പോ അതിലൊക്കെ സ്വപ്നയ്ക്ക് നൂറിൽ നൂറാണ് മാർക്ക്… ഇനി മോള് വേഗം കണ്ണൊക്കെ തുടച്ച് ഉഷാറായേ….

സ്വപ്ന തന്റെ പുതിയ ക്യാബിനിൽ കയറിയിരുന്ന് ഹരിയുടെ നിർദേശങ്ങൾക്കായി കാത്തിരുന്നു. അൽപനേരത്തെ ഇടവേളയ്ക്ക് ശേഷം ഓഫിസ് ബോയ് ഒരു കേക്കുമായി വന്ന് ക്യാന്റീനിൽവച്ച് ഹരിയെ വിവരമറിയിച്ചു. രാമേട്ടൻ ഉടനെ എല്ലാ സ്റ്റാഫിനെയും വിളിച്ച് സ്വപ്നയുടെ പുതിയ നേട്ടത്തിന്റെ സന്തോഷം എല്ലാവരോടുമായി പങ്കുവച്ചു. തന്റെ ജീവിതത്തിൽ സന്തോഷ നിമിഷങ്ങൾ ഇല്ലാതായിട്ട് വർഷങ്ങളായ സ്വപ്നയ്ക്ക് ഇതൊന്നും അപ്പോഴും വിശ്വസിക്കാനായില്ല. അവളുടെ മിഴികൾ ആനന്ദാശ്രുക്കൾ പൊഴിക്കുമെന്ന് കണ്ടതോടെ ഹരി അവളുടെ തലയിലൊരു കൊട്ടുകൊടുത്തിട്ട് കേക്ക് മുറിക്കെടി എന്നും പറഞ്ഞ് അവളുടെ അരികിലായി നിന്നു. ആദ്യത്തെ കേക്കിൻ കഷ്ണം ഹരിക്ക് വച്ചുനീട്ടിയ സ്വപ്നയുടെ കയ്യിൽ നിന്നും അത് വാങ്ങി ഹരി അവളുടെ ചുണ്ടോട് ചേർത്തുവച്ചു.

………….

ഓഫീസ് ടൈം കഴിഞ്ഞ് എല്ലാവരും ഇറങ്ങിയ അതേ സമയത്തുതന്നെ ഹരിയും ഇറങ്ങി. കൂടെ രാമേട്ടനും ഉണ്ട്. ഓഫീസിൽ നിന്നും റോഡിലേക്ക് ഇറങ്ങി അല്പദൂരം പിന്നിടുമ്പോൾ പ്രായമായ ദമ്പതിമാർ നടത്തുന്ന ഒരു ചായക്കടയുണ്ട്. ഓഫീസിൽ വന്നാൽ അവിടുന്ന് ഒരു ചായയും വടയും നിർബന്ധമാണ് ഹരിക്ക്. ആഡംബര കാറിൽ വന്നിറങ്ങി മരപ്പലകയിലിരുന്ന് ചായ കുടിക്കുന്ന ഹരിയുടെ എളിമയും വിനയവും സഹായ ഹസ്തവും ഒരുപാട് അനുഭവിച്ചവരാണ് ആ കടക്കാർ. ഹരിയെ കണ്ടയുടനെ അയാൾ ചിരിച്ചുകൊണ്ട് വരവേറ്റു. ഒരുപാട് നാളായി ഇരുവരും കണ്ടിട്ട്, അതുകൊണ്ട് പറയാനും ഒത്തിരിയുണ്ട്. ചൂട് ചായയും വടയും കഴിക്കുന്ന ഹരിക്ക് മുന്നിലൂടെ മീനയുടെ സ്കൂട്ടറിന്റെ പുറകിലിരുന്ന് പോകുന്ന സ്വപനയെ കണ്ടതും ഹരി നന്നായൊന്ന് പുഞ്ചിരിച്ചു. സ്കൂട്ടറിന് പുറകിലിരിക്കുന്ന അവളുടെ ചെമ്പൻ മുടിയിഴകൾ കാറ്റിൽ അലക്ഷ്യമായി പറക്കുന്നത് ഹരിയുടെ മനസിനെ തലോടി..
: പാവം കുട്ടി… അല്ലെ രാമേട്ടാ

: ഹരി ആരുടെ കാര്യമാ ഈ പറയുന്നേ…

: ഹേയ് ഒന്നുമില്ല… ഞാൻ വേറെ എന്തോ ആലോചിച്ച് പറഞ്ഞതാ

: ശരി വാ… നിന്നെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് അവൾ എന്നെ വിളിച്ചിരുന്നു. സമയത്ത് ചെന്നില്ലെങ്കിൽ അവളുടെ വായിലിരിക്കുന്നത് ഞാൻ കേൾക്കേണ്ടി വരും..

Leave a Reply

Your email address will not be published. Required fields are marked *