കണക്കുപുസ്തകം – 3

: സാറേ…. ഇനിയെങ്കിലും പറഞ്ഞൂടെ എവിടേക്കാ പോകുന്നതെന്ന്…

: ഞാൻ ജനിച്ചുവളർന്ന മണ്ണിലേക്ക്… തെയ്യങ്ങളുടെയും തറികളുടെയും നാടായ കണ്ണൂരേക്ക്…ലോകത്തിൽ എവിടെ പോയാലും തിരിച്ചെത്തണമെന്ന് ഞാനാഗ്രഹിക്കുന്ന എന്റെ സ്വന്തം നാട്ടിലേക്ക്.

: അപ്പൊ സാർ ബോംബുണ്ടാക്കുന്ന നാട്ടിലാണല്ലേ ജനിച്ചത്… വടിവാളും ബോംബുമൊക്കെ ഉണ്ടോ വണ്ടിയിൽ

: ഇതാണ് ഈ പുറംനാട്ടുകാരുടെ കുഴപ്പം… എന്റെ പെണ്ണേ, അവിടെ ജനിച്ചു വളർന്നിട്ട് ഞാൻ ഇതുവരെ ഒരു ബോംബോ വടിവാളോ നേരിട്ട് കണ്ടിട്ടില്ല..

: അത് കള്ളം.. എന്നിട്ടല്ലേ നിങ്ങളുടെ നാട്ടിൽ ആളുകളെ വെട്ടിയും ബോംബെറിഞ്ഞും കൊല്ലുന്നത്

: അങ്ങനെ നോക്കിയാൽ അക്രമം ഇല്ലാത്ത സ്ഥലമുണ്ടോ… ചിലയിടത്ത് ബോംബാണെങ്കിൽ ചിലയിടത്ത് തോക്ക് ഉപയോഗിക്കും, ചിലയിടത്ത് രാഷ്ട്രീയ പകപോക്കലുകൾ നടക്കുമ്പോൾ മറ്റുചിലയിടത്ത് ഗുണ്ടാ വിളയാട്ടം നടക്കുന്നു..രീതികൾ പലതാണെന്നേ ഉള്ളു. അക്രമം എല്ലായിടത്തുമുണ്ട്. എന്നുകരുതി ഈ അക്രമങ്ങളുടെ പേരിൽ ഒരുനാടിനെയാകെ അപമാനിക്കുന്നത് ശരിയല്ലല്ലോ… കണ്ണൂർ പോയിട്ടുള്ളവരും അവിടെ താമസിച്ചിട്ടുള്ളവരും ഒരിക്കലും ആ നാടിനെ കുറ്റം പറയില്ല. അതൊക്കെ എന്റെ സ്വപ്നസുന്ദരിക്ക് കുറച്ച് കഴിയുമ്പോ മനസിലാവും കേട്ടോ…

: നോക്കാം… സത്യം പറഞ്ഞാൽ കണ്ണൂർ എന്ന് കേൾക്കുമ്പോൾ തന്നെ എനിക്ക് പേടിയായിരുന്നു … എങ്ങനാ ഒരു മനുഷ്യന് മറ്റൊരാളെ പച്ചയ്ക്ക് വെട്ടികൊല്ലാനൊക്കെ തോന്നുന്നത്…

: എടി പെണ്ണേ…. നീ രാവിലെതന്നെ കൊലയുടെ കണക്കെടുക്കാൻ വന്നതാണോ… നിന്റെ എല്ലാ സംശയവും ഈ രണ്ടുദിവസംകൊണ്ട് ഞാൻ മാറ്റിത്തരാം കേട്ടോ…

: ഉം.. അത് മതി. സാറിന്റെ വീട്ടിൽ ആരൊക്കെയുണ്ട്…

: അതൊക്കെ നീ അവിടെ പോയിട്ട് കണ്ടാൽ മതി…നമ്മൾ എന്തായാലും വീട്ടിൽ എത്താൻ ഉച്ചകഴിയും..അതുവരെ നിനക്ക് ഞാനൊരു കഥ പറഞ്ഞുതരാം… അതൊക്കെ കേട്ട് കഴിഞ്ഞിട്ട് മോള് പറ സാറെന്ന് വിളിക്കുമോ അതോ ഹരിയേട്ടാന്ന് വിളിക്കുമോ എന്ന്…
: അത് നോക്കാം… സാർ കഥ പറ

ഹരി തന്റെ ഓർമകളിലെ മറക്കാനാവാത്ത ഏടുകൾ ഓർത്തെടുത്തു

……… ഒരു പെണ്ണ് വാവയെ വാങ്ങിത്തരുമോന്ന് ചോദിച്ച് വാശിപിടിച്ചു കരഞ്ഞിരുന്ന എന്നെ അമ്മയുടെ വയറിനോട് ചേർത്തിപ്പിടിച്ചപ്പോൾ അവര്പോലും കരുതിയില്ല ആ കുഞ്ഞ് പെണ്ണായിരിക്കുമെന്ന്. അങ്ങനെയിരിക്കുമ്പോഴാണ് എനിക്കൊരു കൂട്ടായി ചുവന്നുതുടുത്ത ചോരക്കുഞ്ഞായി അവൾ പിറന്നത്. വൈഗാലക്ഷ്മിയെന്ന് പേരുവിളിച്ച അവളായിരുന്നു എന്റെ ഏറ്റവും നല്ല കൂട്ടുകാരി. നാട്ടുകാർക്കൊക്കെ പ്രിയങ്കരനായ ലക്ഷമണൻ തന്റെ കടയ്ക്ക് വൈഗ ബ്യൂട്ടി ഷോപ്പെന്ന് പേരിട്ടത് ഏറ്റവും കൂടുതൽ സന്തോഷിപ്പിച്ചത് എന്നെയാണ്. എന്റെ വിരലിൽ തൂങ്ങി വളർന്ന അവൾക്ക് കിട്ടുന്ന ഒരു ബഹുമതിയും എന്നിൽ അസൂയ പടർത്തിയില്ല. നാട്ടിൽ ഒരു കോളേജ് വന്നതോടുകൂടി ആ ഏരിയ മുഴുവൻ വികസനത്തിന്റെ പാതയിലായി. തുടർന്ന് ബാങ്കുകളും, ആശുപത്രികളുമൊക്കെ വന്നതോടെ പുതിയ പുതിയ കച്ചവട സ്ഥാപനങ്ങൾ നിരനിരയായി വന്നുതുടങ്ങി. നാട്ടിൽ വികസനം വന്നതോടുകൂടി ഒറ്റമുറി കടയിൽ തുടങ്ങിയ അച്ഛന്റെ ബിസിനസും വളർന്നു. വലിയൊരു സൂപ്പർ മാർക്കറ്റ് പോലെ രൂപാന്തരം വന്ന കടയിൽ കച്ചവടം പൊടിപൊടിച്ചു. അച്ഛന്റെ വർഷങ്ങളുടെ അധ്വാനം ഫലംകണ്ടു തുടങ്ങിയതോടെ നാട്ടിൽ പലരും ഇതേ മാതൃക പരീക്ഷിച്ചെങ്കിലും പിടിച്ചുനിൽക്കാനായില്ല. വർഷങ്ങളോളം എതിരാളികളില്ലാതെ തുടർന്ന അച്ഛന് ചെറിയൊരു തിരിച്ചടി കിട്ടിയത് അവറാച്ചന്റെ വരവോടുകൂടിയാണ്. മാർക്കറ്റ് പിടിക്കാനായി അവറാച്ചൻ സാധനങ്ങൾക്ക് വിലകുറച്ചു വിൽക്കുവാൻ തുടങ്ങിയപ്പോൾ അച്ഛന് വിറ്റുവരവ് കുറഞ്ഞുതുടങ്ങി. പക്ഷെ സ്വന്തം കെട്ടിടത്തിൽ ബിസിനസ് ചെയ്യുന്നതിന്റെ ഗുണം അച്ഛൻ നന്നായി ഉപയോഗിച്ചു. വാടകയ്ക്ക് കടമുറിയെടുത്ത് കച്ചവടം ചെയുന്ന അവറാച്ചനെക്കാളും വിലകുറച്ചുനൽകി അച്ഛൻ അയാളെ നേരിട്ടു. അവസാനം അവറാച്ചൻ സന്ധി സംഭാഷണത്തിന് തയ്യാറായി വന്നു. അത് സൗഹൃദമായി തെറ്റിദ്ദരിച്ച് അച്ഛൻ അയാളെ നല്ലൊരു സുഹൃത്തായി കണ്ടുതുടങ്ങി.

അങ്ങനെ നല്ലരീതിയിൽ പോകുമ്പോഴാണ് അവറാച്ചന്റെ ഭാര്യ അന്നമ്മയുടെ അകന്ന ബന്ധത്തിലുള്ള കുട്ടിയാണെന്നും പറഞ്ഞ് ബ്ലെസ്സിയെ അവറാച്ചൻ പരിചയപ്പെടുത്തുന്നത്. വീട്ടിൽ കഷ്ടപാടാണെന്നും പറ്റിയാൽ ഒരു ജോലി കൊടുക്കണമെന്നും പറഞ്ഞ് അന്നമ്മയെയും കൂട്ടിയാണ് അവറാച്ചൻ ഒരു ദിവസം വീട്ടിലേക്ക് വന്നത്. അപ്പന്റെ മരണവും വയ്യാത്ത അമ്മച്ചിയുടെ ചികിത്സയും ഈ പെണ്ണിന്റെ തലയിലാണെന്നും പറഞ്ഞാണ് അന്നമ്മ ബ്ലെസിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. അവധി ദിവസങ്ങളിലും കടതുറക്കുവാനായി ഒരാളെ അന്വേഷിച്ചുകൊണ്ടിരുന്ന അച്ഛന് അവരുടെ വാക്കുകളെ നിരസിക്കാനായില്ല.
ബ്ലെസ്സി ജോലിക്ക് വന്ന് അധികം വൈകാതെ തന്നെ എല്ലാ കാര്യങ്ങളും പഠിച്ചെടുത്തു. അവധി ദിവസങ്ങളിൽ കടയിൽ വേറെ പണിക്കാരൊന്നും ഇല്ലാത്തപ്പോഴും ബ്ലെസ്സി ഒറ്റയ്ക്ക് കാര്യങ്ങൾ ചെയ്യാൻ മിടുക്കിയായിരുന്നു. അവളുടെ ജോലിയിലെ മിടുക്ക് അച്ഛന് നന്നായി ഇഷ്ടപ്പെട്ടു. അതുകൊണ്ട് ബ്ലെസ്സിയും അവളുടെ അമ്മ മേരിയും ഞങ്ങളുടെ വീടുമായി നല്ല ബന്ധം സ്ഥാപിച്ചു. പക്ഷെ ചതിയുടെ മാലപ്പടക്കത്തിന് തീകൊളുത്തിയത് അച്ഛനറിഞ്ഞില്ല…..

അന്നൊരു ഞായറാഴ്ചയാണ്. രാവിലെ കടതുറന്ന അച്ഛൻ ഊണ് കഴിക്കാറാവുമ്പോഴാണ് വീട്ടിലേക്ക് വരുന്നത്. കഴിച്ചിട്ട് പോകുമ്പോൾ ബ്ലെസ്സിക്കുള്ളത് പൊതിഞ്ഞെടുക്കുന്നതാണ് പതിവ്. ആ ദിവസവും അമ്മ സ്നേഹത്തോടെ പൊതിഞ്ഞുകൊടുത്ത ചോറുമായി അച്ഛൻ കടയിലേക്ക് പോയി. കട തുറന്നുവച്ചിട്ട് ഇവളിതെവിടെപ്പോയെന്ന് നോക്കുകയായിരുന്ന അച്ഛന് മുന്നിലേക്ക് കരഞ്ഞുകൊണ്ടാണ് ബ്ലെസ്സി ഓഫീസ് റൂമിൽ നിന്നും ഇറങ്ങിവന്നത്. അവളുടെ കുത്തഴിഞ്ഞ സാരിയും കീറിയ ബ്ലൗസും കണ്ട് അച്ഛനാകെ അമ്പരന്നു. പെണ്ണിന്റെ ചുണ്ടിൽ പൊടിയുന്ന ചോര തുടച്ചുകൊണ്ട് അവളെ ചേർത്തുപിടിച്ച് സമാധാനിപ്പിക്കാൻ ശ്രമിച്ച അച്ഛനെ കെട്ടിപിടിച്ച് കരഞ്ഞ ബ്ലെസ്സി എന്തോ മുൻകൂട്ടി നിശ്ചയിച്ചപോലെ അച്ഛന്റെ ഷർട്ട് വലിച്ചു കീറുകയശേഷം നിലത്തേക്ക് തള്ളിയിട്ടുകൊണ്ട് നിലവിളിച്ചു. ഓടിക്കൂടിയ ആളുകൾ നോക്കുമ്പോൾ കീറിയ ബ്ലൗസും ചോരയൊലിക്കുന്ന ചുണ്ടുമായി തന്റെ ചാരിത്ര്യം നഷ്ടപെട്ട പെണ്ണിനെപ്പോലെ ഒരു മൂലയിലിരുന്ന് കരയുകയാണ് ബ്ലെസ്സി. നിലത്ത് വീണുകിടക്കുന്ന അച്ഛൻ എഴുന്നേൽക്കാൻ ശ്രമിക്കുന്നതിനിടയിൽ അവറാച്ചൻ ആളുകളെ വകഞ്ഞുമാറ്റി ആക്രോശത്തോടെ അച്ഛനുനേരെയടുത്തു. പ്രായം തികയാത്ത എന്റെ കൊച്ചിനെ നീ പിഴപ്പിച്ചല്ലോടാ കാമദ്രോഹീ എന്നും പറഞ്ഞ് അയാൾ അച്ഛനെ നാട്ടുകാരുടെ മുന്നിലിട്ട് തല്ലി.

Leave a Reply

Your email address will not be published. Required fields are marked *