കണക്കുപുസ്തകം – 3

: ദൈവമേ ഇത് സ്വപ്നമാണോ… ഞാൻ നിന്നെ കെട്ടിപിടിച്ച് ഒരുമ്മ തരട്ടെ….

: അയ്യേ…. ആദ്യം ബ്ലെസ്സിയും അമ്മയും… ആ വഴിക്ക് നടന്നാൽ കിട്ടും അവളുടെ മടിക്കുത്തഴിച്ചവളെ….അതൊക്കെ കണ്ടുപിടിച്ചിട്ട് മതി ഉമ്മയും ബാപ്പയുമൊക്കെ…

: അതൊക്കെ ഏകദേശം മനസ്സിലായിട്ടുണ്ട്… പക്ഷെ ദുബായിലുള്ള ബ്ലെസ്സിയെ നാട്ടിലെത്തിക്കണം.. അവളുടെ വായിൽനിന്ന് വേണം എനിക്ക് കേൾക്കാൻ ആരാണ് അവളുടെ പ്രായംതികയാത്ത പൂവറുത്തതെന്ന്..

: ഓഹോ.. അമ്മയും മോളും ഇപ്പൊ ദുബായിൽ ആണോ…

: അമ്മ ഇവിടുണ്ട്…. നമ്മുടെ അവറാച്ചന്റെ വീട്ടിൽ. മേരിയും മോളും അയാളുടെ കെട്ടിയോള് അന്നാമ്മയുടെ ബന്ധുവാണെന്നല്ലേ എന്റെ അച്ഛനെ പറഞ്ഞുപറ്റിച്ചത്.. അതൊക്കെ കള്ളമാണെന്ന് മേരിയെ നന്നായൊന്ന് പെരുമാറിയപ്പോൾ കിട്ടി.. എന്നാലും അവള് ഒന്നും വിട്ടു പറയുന്നില്ല.. പക്ഷെ അവള് പറയും… അതിനുള്ള വടയും ചായും ഞാൻ കാച്ചുന്നുണ്ട്..

ബോംബെയിൽവച്ച് മേരിയെ കണ്ടതും, അതിന്റെ പുറകെ വൈഗയെകൊണ്ട് ബാർ റെയ്ഡ്ചെയ്തതും, ജാമ്യത്തിലിറങ്ങിയ മേരിയെ പൊക്കിയതും അവൾ ഛർദിച്ചതുമായ എല്ലാ വിവരങ്ങളും ഹരി സ്വപ്നയോട് തുറന്നുപറഞ്ഞു.

: അപ്പൊ നമ്മുടെ ഓഫീസിൽ വരുന്ന അന്ന….

: ഉം… ആ അന്നതന്നെ അവറാച്ചന്റെ അന്നാമ്മ.. പക്ഷെ അവൾക്കും കെട്ടിയോനും അറിയില്ല ലക്ഷ്മണന്റെ ലായും ലതയുടെ ലായും ചേർന്നതാണ് ലാലാ ഗ്രൂപ്പെന്ന്..
: അതൊക്കെ കണ്ടുപിടിക്കാൻ എളുപ്പമല്ലേ… കമ്പനി രെജിസ്ട്രേഷൻ നോക്കിയാൽ അറിയില്ലേ

: അവർ ആ വഴിക്കൊക്കെ പോയിക്കാണും.. പക്ഷെ അവിടൊന്നും ഹരിയുടെ പേര് കാണില്ല. എല്ലായിടത്തും ഒരു പേരേ ഉണ്ടാവൂ… അമ്മയുടെ മൂത്ത ചേട്ടൻ.. എന്റെ സ്വന്തം അമ്മാവൻ വാസുഅമ്മാവനെന്ന് ഞാൻ വിളിക്കുന്ന ഭാസ്കരൻ മാഷ്.

: അത് പൊളിച്ചു ഹരിയേട്ടാ…. അപ്പൊ തുടക്കം മുതൽ എല്ലാം പ്ലാൻ ചെയ്തിരുന്നു അല്ലെ..

: പിന്നല്ല…

: ഹരിയേട്ടാ… ഞാൻ ഒരു സംശയം ചോദിക്കട്ടെ.. തെറ്റാണെങ്കിൽ ക്ഷമിക്കണം…

: നീ ചോദിക്കെടി പെണ്ണേ…

: അച്ഛൻ തെറ്റുചെയ്തിട്ടില്ലെന്ന് ഹരിയേട്ടന് ഉറപ്പുണ്ടോ… ഈ പറഞ്ഞ കഥയിലൊക്കെ ഹരിയേട്ടന്റെ സംശയങ്ങൾ മാത്രമല്ലേ ഉള്ളു… നമുക്ക് ഇപ്പോഴും ഉറപ്പില്ലല്ലോ വേറെ ആരാണ് ബ്ലെസ്സിയെ…

: ഈ ചോദ്യം പലയാവർത്തി ഞാൻ എന്നോട് ചോദിച്ചിട്ടുണ്ട്… അന്നൊക്കെ എനിക്ക് ഒരു ഉറപ്പ് മാത്രമേ ഉണ്ടായിരുന്നുള്ളു… എന്റെ അച്ഛന്റെ കണ്ണീർ വീണ എഴുത്ത്. അതിൽ അച്ഛൻ പറയുന്നില്ല ആരാണ് ഇത് ചെയ്തതെന്ന്… പക്ഷെ അച്ഛൻ ഒരു കാര്യം എന്നോട് പറയുന്നുണ്ട്… നിനക്ക് അച്ഛനെയും അമ്മയെയും ഇല്ലാതാക്കിയതിന് ഉത്തരവാദികൾ ആരാണെന്ന് ഈ സമൂഹം അറിയണമെന്ന്.. അവിടെ നിന്നാണ് ഞാൻ തുടങ്ങിയത്. അന്വേഷണങ്ങൾക്കൊടുവിൽ എനിക്കൊരു തുമ്പുകിട്ടി…

: എന്താ അത്…

: ഞാൻ സൂക്ഷിച്ചുവച്ചിരുന്ന പഴയ പത്രങ്ങളിൽ ഒരു റിപ്പോർട്ടർ എഴുതിയ അധികമാരും ശ്രദ്ദിക്കാതെ പോയൊരു വാർത്ത… അച്ഛൻ ഉച്ചയ്ക്ക് കടയിലേക്ക് കയറിപ്പോകുന്നത് കണ്ട ഒരാളുണ്ടായിരുന്നു. അച്ഛൻ കടയിൽ കയറി നിമിഷങ്ങൾക്കുള്ളിൽ ബ്ലെസ്സിയുടെ നിലവിളി കേട്ടിരുന്നു എന്നായിരുന്നു അയാളുടെ മൊഴി.. പക്ഷെ പിന്നീട് ആരും അതിന്റെ പുറകെ പോയില്ല. ഈ മൊഴി പോലീസ് രേഖപെടുത്തിയതുമില്ല.. അയാൾ അച്ഛന്റെ അടുത്ത കൂട്ടുകാരനാണെന്നും പ്രതിയെ സഹായിക്കാനായി കള്ളം പറയുന്നതാണെന്നും നാട്ടുകാർ പറഞ്ഞുപരത്തി.. നാട്ടുകാരുടെ രോക്ഷം അത്രയ്ക്കുണ്ടായിരുന്നു. കാരണം ഇരയായത് പ്രായംതികയാത്ത ഒരു പെൺകുട്ടിയല്ലേ…

: എന്നിട്ട് ഹരിയേട്ടൻ അയാളെ കണ്ടുപിടിച്ചോ….

: ഉം… അവിടെ നിന്നാണ് എന്റെ സംശയങ്ങൾ ബ്ലെസ്സിയിലേക്കും അവറാച്ചനിലേക്കും എത്തിയത്…

: ആരാണ് അയാൾ……

ഹരിയുടെ മനസിലുള്ള കാര്യങ്ങളൊക്കെ സ്വപ്നയോട് വിവരിച്ചപ്പോഴേക്കും സ്വപ്നയ്ക്ക് കാര്യങ്ങളുടെ ഏകദേശ ധാരണയായി. ഇതൊക്കെ കേട്ടുകഴിഞ്ഞപ്പോൾ ഹരിയേക്കാൾ ആവേശമാണ് സ്വപ്നയ്ക്ക്. ഒരാളെപ്പോലും വെറുതെ വിടരുതെന്നാണ് സ്വപ്നയുടെ പക്ഷം.
: ഹരിയേട്ടാ…. ഇന്നലെ അന്നാമ്മ വിളിച്ചിരുന്നു. ചുമ്മാ വിളിച്ചതാ. എന്നെ കമ്പനിയാക്കാനുള്ള പ്ലാനാണ്. സൂത്രത്തിൽ ഹരിയേട്ടനെക്കുറിച്ചും ഹരിയേട്ടന്റെ യാത്രകളെക്കുറിച്ചൊക്കെ ചോദിച്ചു…

: നീ ഒന്നും പറഞ്ഞില്ലല്ലോ അല്ലെ…

: ഇപ്പൊഴും വിശ്വാസമില്ല അല്ലെ ദുഷ്ടൻ….

: അത് കലക്കി… ഇപ്പോഴാ നീയെന്റെ പെണ്ണായത്… ഇതുപോലെ ഫ്രീയായിട്ട് സംസാരിക്കണം.

: അല്ല നമുക്ക് പോകണ്ടേ…

സ്വപ്നയുടെ കവിളിൽ ചെറുതായി ഒരു അടികൊടുത്ത് ഹരി വണ്ടിയെടുത്തു. ആദ്യമായി ഹരിയുടെ കൈ തനറെ കവിളിൽ സ്പർശിച്ചതിന്റെ കുളിരിൽ സ്വപ്ന നാണത്തോടെ ഹരിയെ നോക്കിയിരുന്നു. വണ്ടിയിൽ ശബ്ദം കുറച്ചുവച്ചിരിക്കുന്ന പ്രണയഗാനങ്ങളിൽ ലയിച്ചുകൊണ്ട് അവൾ ഓരോ കിനാവുകണ്ടുകൊണ്ട് യാത്ര തുടർന്നു. ദൂരങ്ങൾ താണ്ടുംതോറും സ്വപ്നയ്ക്കും ഹരിക്കുമിടയിലുള്ള അകലം കുറഞ്ഞുവന്നു. അവൾ മനസ്സറിഞ്ഞ് ഹരിയേട്ടാ എന്ന് വിളിക്കുന്നത് ഹരിയെ സന്തോഷിപ്പിച്ചു. ഏകദേശം രണ്ടുമണിയോടെ അവർ കണ്ണൂരിന്റെ ഹൃദയഭാഗത്തുകൂടി കടന്നുപോയി.

: ഹലോ മാഡം… ഇങ്ങനെ സ്വപ്നം കണ്ടുകൊണ്ട് ഇരുന്നാമതിയോ.. എന്തെങ്കിലും കഴിക്കണ്ടേ..

: രണ്ട് മണിയല്ലേ ആയുള്ളൂ… ഹരിയേട്ടന് വിശക്കുന്നുണ്ടോ…

: പിന്നില്ലാതെ…

: ഇനിയും കുറേ ദൂരമുണ്ടോ…

: ഹേയ്…. ഇനി ഒരു അരമണിക്കൂർ ഓടിയാൽ വീട്ടിലെത്താം…

: എന്ന വീട്ടിൽ പോയിട്ട് കഴിച്ചാൽ പോരെ….

: അവരൊക്കെ നേരത്തേ കഴിച്ച് ഉച്ചയുറക്കത്തിൽ ആയിരിക്കും.. വൈകുന്നേരമേ എത്തൂ എന്നാ ഞാൻ പറഞ്ഞിരിക്കുന്നത്… അമ്മായിയുടെ വക കിടിലൻ ഡിന്നർ ഉണ്ടാവും..ഇപ്പൊ നമുക്ക് നല്ലൊരു ബിരിയാണി കഴിക്കാം എന്തേ…

: എന്ന വാ… കണ്ണൂരിന്റെ ബിരിയാണി എങ്ങനുണ്ടെന്ന് നോക്കട്ടെ…

: വാഴയിലയിൽ പൊതിഞ്ഞ നല്ല ചിക്കൻ ധം ബിരിയാണി കിട്ടുന്ന ഒരു ഹോട്ടലുണ്ട്… എന്റെ മോളെ… പറയുമ്പോ തന്നെ വായിൽ വെള്ളമൂറുന്നു…

: അത്രയ്ക്ക് ഭയങ്കരമാണോ…സ്വന്തം നാടാണെന്ന് വച്ചിട്ട് ഇങ്ങനെ തള്ളല്ലേ ഹരിയേട്ടാ

: നീ വാ…

വാഴയിലയിൽ പൊതിഞ്ഞ ധം ബിരിയാണിയുടെ മണം മൂക്കിലടിച്ചതും സ്വപ്നയുടെ കണ്ണുകൾ പാതിയടഞ്ഞു. ആസ്വദിച്ച് മണത്തശേഷം അവൾ ഹരിയുടെ മുഖത്തേക്ക് നോക്കി…

: ഇപ്പൊ എങ്ങനുണ്ട്….. ഇനി കഴിച്ചു നോക്ക്… ഇതുപോലെ മണവും നെയ്പ്പറ്റും രുചിയുമുള്ള ബിരിയാണിയൊന്നും നീ ജീവിതത്തിൽ കഴിച്ചിട്ടുണ്ടാവില്ല…
: കഴിച്ചിട്ട് പറയാം ട്ടോ…

സ്വപ്ന ഓരോ പിടി വാരി വായിലേക്ക് വയ്ക്കുന്നതും നോക്കി ഹരിയും ആസ്വദിച്ച് കഴിച്ചു. കഴിച്ചുകഴിഞ്ഞ് ഹരി വച്ചു നീട്ടിയ ഒരു ഗ്ലാസ് ചൂട് വെള്ളം കുടിച്ചപ്പോഴേക്കും സ്വപ്നയുടെ വയറും മനസും നിറഞ്ഞു….

Leave a Reply

Your email address will not be published. Required fields are marked *