കണക്കുപുസ്തകം – 3

പ്രായപൂർത്തിയാവാത്ത പെണ്ണാണ് ബ്ലെസ്സിയെന്ന് അറിയാതെ അവളെ ജോലിക്ക് നിർത്തിയ അച്ഛനെ പെണ്ണുകേസിൽ പെടുത്തി ജയിലിലിടാൻ തക്കതായ അന്തരീക്ഷം അവിടെ കൂടിയവർ ചേർന്ന് ഉണ്ടാക്കി. സത്യമറിയാതെ എന്റെ നാട്ടുകാരും അവറാച്ചന്റെ വാക്ക് വിശ്വസിച്ച് കട അടിച്ചു തകർത്തു. പോലീസ് വന്ന് അച്ഛനെയും ബ്ലെസിയെയും അവിടെനിന്നും മാറ്റുമ്പോഴേക്കും ലക്ഷങ്ങളുടെ മുതൽ അഗ്നിക്ക് ഇരയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം ബ്ലെസ്സി ലൈംഗീക പീഡനത്തിന് ഇരയായെന്നും ക്രൂരമായ ലൈംഗീക അതിക്രമത്തിൽ ബ്ലീഡിങ് ഉണ്ടായെന്നുമുള്ള ഡോക്ടറുടെ റിപ്പോർട്ടിൽ അച്ഛനെ കോടതി റിമാൻഡ് ചെയ്തു.

പത്രങ്ങളിൽ വാർത്ത നിരന്നു. മഞ്ഞപത്രക്കാർ എരിവും പുളിയും ചേർത്ത് വാർത്തകൾ കൊടുത്തു. നാട്ടുകാരുടെ മുന്നിൽ തലയുയർത്തി നടക്കാനാവാതെ വിഷമിച്ച ഞങ്ങളെ അമ്മാവൻ വന്ന് അമ്മവീട്ടിലേക്ക് കൂട്ടികൊണ്ടുപോകുമ്പോഴും സത്യമറിയാതെ ഞങ്ങൾ തേങ്ങിക്കരഞ്ഞു. അന്നൊക്കെ എന്റെ കൈപിടിച്ച് സ്കൂളിലേക്ക് വന്നിരുന്ന വൈഗയ്ക് ഇതൊന്നും അറിയാനുള്ള പ്രായംപോലും ആയിരുന്നില്ല. എന്റെ കുഞ്ഞനിയത്തിയെപ്പോലും സ്കൂളിലുള്ളവർ മറ്റൊരു കണ്ണിലൂടെ കണ്ടുതുടങ്ങിയ കാലം. സഹപാഠികളുടെ നിരന്തര കളിയാക്കലുകൾ ഭയന്ന് അവൾ സ്കൂളിലേക്ക് വരാൻ പോലും മടികാണിച്ചു. ജയിലിൽ അച്ഛനെ കാണാൻ പോയിരുന്ന അമ്മാവനും അമ്മയും നല്ലൊരു വക്കീലിനെ ഏർപ്പാടാക്കി അച്ഛന്റെ ജാമ്യത്തിനുള്ള നടപടികൾ ആരംഭിച്ചു. അന്വേഷണ റിപ്പോർട്ട് വൈകിയതിനാൽ അച്ഛന് ജാമ്യമനുവദിച്ചുകൊണ്ട് കോടതിയുത്തരവായി. ജയിലിൽനിന്നിറങ്ങിയ അച്ഛൻ അമ്മയെയും കൂട്ടി ആദ്യം പോയത് ടൗണിൽ കത്തിച്ചാമ്പലായി നിൽക്കുന്ന ഞങ്ങളുടെ കടയിലേക്കാണ്. നാട്ടുകാർക്ക് മുന്നിൽ തന്റെ നിരപരാധിത്വം പറയാൻ പോയ അച്ഛനെ കൂവിവിളിച്ച നാട്ടുകാർ കല്ലെറിഞ്ഞുകൊണ്ടാണ് വരവേറ്റത്. അമ്മയെക്കുറിച്ച് അസഭ്യം പറയുന്നവരുടെ വായ മൂടിക്കെട്ടാൻ നിൽക്കാതെ അമ്മാവൻ അച്ഛനെയും അമ്മയെയും കൂട്ടി വീട്ടിലേക്ക് പോയി. മക്കൾ കുറച്ചു ദിവസം അവിടെ നില്കട്ടെയെന്ന് പറഞ്ഞ് അമ്മാവനെ ഞങ്ങളുടെ അടുത്തേക്ക് പറഞ്ഞയച്ച അച്ഛൻ ചിലപ്പോൾ അമ്മയെ കെട്ടിപിടിച്ച് കരഞ്ഞിട്ടുണ്ടാവും. കണ്ണീർ തുള്ളികൾ വീണ പാടുകൾ നിറഞ്ഞ കത്തെഴുതുമ്പോൾ ഞങ്ങളെക്കുറിച്ചോർത്ത് ചങ്ക് പിടഞ്ഞിട്ടുണ്ടാവും…. പിറ്റേന്ന് കാലത്ത് ആരെയും പുറത്ത് കാണാഞ്ഞിട്ട് അടുത്ത വീട്ടിലുള്ള ചേച്ചി അമ്മാവനെ വിളിക്കുന്നതുവരെ ഞങ്ങൾക്ക് അറിയില്ലായിരുന്നു അച്ഛനും അമ്മയും ഈ നശിച്ച ലോകത്തോട് വിടപറഞ്ഞിട്ടുണ്ടാവുമെന്ന്. വാതിൽ ചാരിവച്ച് നടുമുറിയിൽ ഒരുമുഴം കയറിൽ തൂങ്ങിയാടുന്ന രണ്ടുപേരെ കണ്ട വാർത്തയുടെ മുഴക്കം ഇപ്പോഴും ഈ കാതുകളിൽ നിന്നും മാഞ്ഞിട്ടില്ല.
അന്നുമുതൽ വന്ന എല്ലാ പത്രങ്ങളും ശേഖരിച്ച് സത്യമെന്താണെന്നറിയാൻ അന്നത്തെ ആ കൊച്ചുപയ്യൻ ഉത്സാഹം കാണിച്ചു. നിറം പിടിച്ച കഥകൾ മാത്രം വായിച്ചറിഞ്ഞ എനിക്ക് അച്ഛനോട് വെറുപ്പ് തോന്നിയ കാലം. അച്ഛൻ കാരണം ഞങ്ങൾക്ക് ഇല്ലാതായ അമ്മയെക്കുറിച്ചോർത്ത് കരഞ്ഞ ആ പയ്യന്റെ നെഞ്ചിൽ കിടന്ന് വളർന്ന വൈഗ എല്ലാം മനസിലാക്കുന്നത് വൈകിയാണ്. പീഡന വാർത്ത പുറംലോകമറിഞ്ഞതിൽപ്പിന്നെ ബ്ലെസ്സിയെയും അമ്മയെയും ആരും കണ്ടിട്ടില്ല. അമ്മാവനും അമ്മായിയും സ്വന്തം മക്കളെപ്പോലെ ഞങ്ങളെ വളർത്തി വലുതാക്കി. ജോലി സമ്പാദിച്ച് ബോംബെയിലേക്ക് പോകാനിരുന്ന എന്റെ കയ്യിൽ വച്ചുതരാൻ അമ്മാവൻ കരുതിവച്ചത് എന്റെ അച്ഛന്റെ ജീവന്റെ വിലയുള്ള ഒരു കടലാസാണ്. അച്ഛന്റെ കണ്ണുനീർ തുള്ളികൾ ഏറ്റുവാങ്ങിയ ആ കടലാസ്സിൽ എന്റെ കണ്ണുനീർ വീണ ആ നിമിഷം തീരുമാനിച്ചതാണ് ഹരിയുടെ പുതിയ ജീവിതം എങ്ങനെയാവണമെന്ന്. അന്ന് തുടങ്ങിയ ഓട്ടമാണ് മുംബൈയിലും ദുബായിലുമായി രാപ്പകൽ പണിയെടുത്ത് ഉണ്ണാതെയുടുക്കാതെ സമ്പാദിക്കാൻ. ദുബായിൽ ട്രേഡിങിൽ പിച്ചവച്ചുതുടങ്ങിയ ഞാൻ മെല്ലെ മെല്ലെ സരംഭങ്ങൾ വളർത്തിയെടുത്തു. ദുബായിൽ നിന്നും എനിക്ക് കിട്ടിയ ഭാഗ്യമാണ് രാമേട്ടൻ.അമ്മയുടെ വകയിലൊരു ബന്ധുവായ രാമേട്ടന് എന്റെ കഥകൾ കേട്ടപ്പോൾ തോന്നിയ സഹതാപം. ദുബായിലെ ഏറ്റവും വലിയ മാർക്കറ്റിംഗ് കമ്പനിയുടെ മാനേജറായി ജോലിചെയ്തിരുന്ന രാമേട്ടൻ വഴിയാണ് ഞാൻ മാർക്കറ്റിലേക്ക് ഇറങ്ങിയതും ഈ കാണുന്നതൊക്കെ ഉണ്ടാക്കിയതും. ഈ കാലത്തിനിടയ്ക്ക് അവറാച്ചൻ പടർന്ന് പന്തലിച്ചു. ഒരു കടയിൽ തുടങ്ങിയ അയാൾ പലരെയും ചതിച്ചും വഞ്ചിച്ചും തന്റെ സാമ്രാജ്യം വളർത്തി. വില്പനക്കാരനിൽ നിന്നും വ്യവസായിലേക്കുള്ള ദൂരം അവറാച്ചൻ പെട്ടെന്ന് തന്നെ സാക്ഷാത്കരിച്ചു. പിന്നീട് പല പല ബിസിനസുകളിലായി അയാളുടെ സാമ്രാജ്യം വളർന്നു. പണവും കൈയ്യൂക്കും വിലപോവാത്തിടത്ത് അന്നമ്മയുടെ ശരീരം കൊടുത്തും അയാൾ പലതും നേടി. അന്നാമ്മയെ വേണ്ടാത്തവർക്കുമുന്നിൽ ബ്ലെസ്സിയെ വച്ചുനീട്ടി അയാൾ വിലപേശൽ ആരംഭിച്ചു. പൂത്തുലഞ്ഞു നിൽക്കുന്ന അന്നാമ്മയേക്കാൾ വിടരാൻ കൊതിക്കുന്ന പൂമൊട്ടായ ബ്ലെസ്സിക്ക് വേണ്ടി ഉദ്യോഗസ്ഥരും മുതലാളിമാരും അവറാച്ചന്റെ ആവശ്യങ്ങൾക്കുമുന്നിൽ കണ്ണടച്ചില്ല. അങ്ങനെയിരിക്കുമ്പോഴാണ് അവറാച്ചന്റെ തലതെറിച്ച മകൻ അവളെയുംകൂട്ടി ദുബായിലേക്ക് പറന്നത്. ഇന്ത്യയിൽ പത്തുപേർക്ക് കാഴ്ചവച്ചാൽ കിട്ടുന്നത് ദുബായിൽ ഒരാളിലൂടെ ഉണ്ടാക്കാമെന്ന ഡെന്നിസിന്റെ കൂർമ്മ ബുദ്ദി അവറാച്ചനും നന്നേ ഇഷ്ടപ്പെട്ടു. ഇന്ന് നക്ഷത്ര വേശ്യയെക്കാൾ ഡിമാൻഡാണ് ബ്ലെസ്സിയെന്ന അച്ചായത്തിപ്പെണ്ണിന് ദുബായിൽ.
ഇത് ചരിത്രം… കഥയുടെ ക്ലൈമാക്സ് എങ്ങനെയാവണമെന്ന് ഹരി തീരുമാനിക്കും…പലരോടുമുള്ള വാശിക്ക് ഞാൻ പലതും നേടിയെടുത്തു, പക്ഷെ കളി കഴിഞ്ഞിട്ടില്ല… ഇനിയൊരു ലക്ഷ്യമുണ്ടെനിക്ക്…. അത് ഇത്തിരി കടന്ന കൈയ്യാണ്… അതുകൂടി അറിഞ്ഞിട്ടുവേണം എന്റെജീവിതത്തിലേക്ക് ഒരു പെണ്ണ് കടന്നുവരാൻ എന്ന് നിർബന്ധമുണ്ടായിരുന്നു…അതുകൊണ്ടാണ് ഞാൻ…

പറഞ്ഞത് മുഴുവിക്കാതെ ഹരി നിർത്തിയത് സ്വപ്നയെ ഒട്ടും അതിശയിപ്പിച്ചില്ല. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞത് ഹരിക്ക് കാണാം. കണ്ണുകൾ തുടച്ചുകൊണ്ട് ദീർഘനിശ്വാസമെടുത്ത് സ്വപ്ന ആത്മവിശ്വാസത്തോടെ ഹരിയുടെ കണ്ണുകളിലേക്ക് നോക്കി വിളിച്ചു….

: ഹരിയേട്ടാ……

സാറിൽ നിന്നും ഹരിയേട്ടനിലേക്കുള്ള ദൂരം ഇത്രയടുത്താണെന്ന് ഒട്ടും പ്രതീക്ഷയില്ലാതിരുന്ന ഹരി വണ്ടി ഓരം ചേർത്ത് നിർത്തി..

: സ്വപ്നേ…. എന്താ വിളിച്ചത്… ഇനി ഞാൻ കേട്ടത് തെറ്റിയതാണോ..

: ഹരിയേട്ടാന്ന്….. ഇനി ഹരിയേട്ടൻ പറയാൻ പോകുന്നത് എന്തുതന്നെയായാലും അതെനിക്കൊരു പ്രശ്നമല്ല. ഹരിയേട്ടന്റെ പ്രശ്നങ്ങൾ ഇനി എന്റേതുകൂടിയാണ്.. പിറകിൽ നടക്കാനല്ല ഹരിയേട്ടന്റെ കൂടെ നടക്കാൻ ഇനി ഞാനുമുണ്ട്…

Leave a Reply

Your email address will not be published. Required fields are marked *