കണക്കുപുസ്തകം – 3

: ഇനി പോകാം…

: ഹരിയേട്ടാ… എന്നാലും അവരെങ്ങനാ അത് ഉണ്ടാക്കുന്നേ… എന്താ ഒരു ടേസ്റ്റ്.. ആ അച്ചാറിന് പോലും ഒരു പ്രത്യേക ടേസ്റ്റാണ്.. സമ്മതിച്ചു മോനെ..

: ഞാൻ ചെറുപ്പം മുതൽ കഴിക്കാറുണ്ട് ഇവിടെനിന്ന്… അന്ന് അച്ഛനും അമ്മയ്ക്കും നടുവിലിരുന്ന് കഴിച്ച ബിരിയാണിയുടെ അതേ ടേസ്റ്റാണ് ഇന്നും അതിന്.

: അപ്പൊ കണ്ണൂർ ഞാൻ വിചാരിച്ചപോലല്ല അല്ലെ..

: നീ എന്തൊക്കെ കാണാൻ കിടക്കുന്നു പെണ്ണെ…

നഗരത്തിന്റെ തിരക്കുകളിൽ നിന്ന് മാറി ശാന്തമായൊഴുകുന്ന പുഴകളും കടന്ന് ഹരി തന്റെ അമ്മവീട്ടിലേക്ക് വണ്ടിയോടിച്ചു കയറ്റി… വടിയുടെ ശബ്ദം കേട്ടയുടനെ അമ്മാവനും അമ്മായിയും വീടിന്റെ പുറകിൽ നിന്നും മുറ്റത്തേക്ക് ധൃതിയിൽ നടന്നുവന്നു… ഹരിയുടെ വണ്ടി കണ്ടയുടനെ രണ്ടുപേരും സന്തോഷംകൊണ്ട് മതിമറന്നു. കാലം കുറച്ചായേ ഹരി ഇങ്ങോട്ടൊക്കെ വന്നിട്ട്…

: മുതലാളിക്ക് ഇവിടേക്കുള്ള വഴിയൊക്കെ ഓർമയുണ്ടോ…

: അമ്മായി തുടങ്ങിയല്ലോ…. ആദ്യം ഞങ്ങളെയൊന്ന് വീട്ടിലേക്ക് ക്ഷണിക്കെടോ…

: നീ പോടാ…. മോള് വാ… അവന് അമ്മാവന്റെ കൂടെ പറമ്പിലൊക്കെ നടന്നിട്ടേ അകത്തേക്ക് കയറൂ…

: അങ്ങനങ്ങു പോവല്ലേ…. ആളെ പരിചയപ്പെടണ്ടേ….

: നീ കഷ്ടപ്പെടണ്ട… ഞങ്ങൾക്കറിയാം.. അല്ലേടി സുമതീ..

: ഓഹ്… എന്ന അങ്ങനാവട്ടെ…

അമ്മാവനെ കെട്ടിപിടിച്ച് ആശ്ലേഷിച്ച ശേഷം ഹരി അമ്മാവനുമൊത്ത് തൊടിയിലേക്കിറങ്ങി. സുമതി പുതിയ മോളെ കിട്ടിയ സന്തോഷത്തിൽ സ്വപ്നയെ താഴത്തും തലയിലും വയ്ക്കാതെ സ്നേഹിക്കുന്നുണ്ട്. സ്വപ്നയുടെ സാധനങ്ങളൊക്കെ ഒരു മുറിയിലേക്ക് വച്ച് സ്വപ്നയെ കുളിക്കാൻ പറഞ്ഞുവിട്ടിട്ട് സുമതി തന്റെ പിറക്കാത്ത മകന്റെ വിശേഷങ്ങൾ തിരക്കുവാനായി പുറത്തേക്കിറങ്ങി.

: എന്റെ ഹരീ…എവിടുന്ന് ഒപ്പിച്ചെടാ നീയീ കൊച്ചിനെ…. അമ്മായിക്ക് ഇഷ്ടായി.. നല്ല സുന്ദരി മോള് …

: എന്റെ സുമതീ നീയാ കൊച്ചിനെ കണ്ണുവയ്ക്കല്ലേ…

: അമ്മായി പറയട്ടെ വാസൂട്ടാ…
: അവള് സമ്മതിച്ചില്ലെന്നല്ലേ നീ ഇന്നലെ വിളിച്ചപ്പോ പറഞ്ഞത്… നീ ആദ്യം അവളോട് കഥകളൊക്കെ പറഞ്ഞുനോക്ക്…

: എന്റെ അമ്മാവാ… അതൊക്കെ എപ്പോഴേ പറഞ്ഞു…പിന്നെ വേറൊരു കാര്യം… അമ്മായിയെപോലെ പേടിത്തൂറിയൊന്നുമല്ല, ആള് നല്ല സ്ട്രോങ്ങാ…. കട്ടയ്ക്ക് കൂടെയുണ്ടാവുമെന്നാ പറഞ്ഞിരിക്കുന്നത്…

: എന്റെ ഹരീ… എനിക്ക് ഇപ്പോഴും പേടി തന്നെയാ… എത്ര വളർന്നാലും നീ എനിക്ക് ഇപ്പോഴും പഴയ കുട്ടി തന്നെയാ.. കുട്ടികളില്ലാത്ത ഞങ്ങൾക്ക് ദൈവമായിട്ടാ നിന്നെയും മോളെയും തന്നത്… നിങ്ങൾക്ക് എന്തെങ്കിലും പറ്റിയാൽ ഈ അമ്മായിക്ക് സഹിക്കില്ല.. അതുകൊണ്ട് എന്റെ മോൻ ആപത്തിലൊന്നും പോയി ചാടരുത്…

: എന്റെ അമ്മായീ…. ഞാനായിട്ട് ഒന്നും ചെയ്യില്ല.. കടിച്ച പാമ്പിനെകൊണ്ട് തന്നെ വിഷം ഇറക്കുന്നത് അമ്മായി കണ്ടോ..

: ഡാ ഹരീ… നീ പോയി കുളിച്ച് ഫ്രഷായിട്ട് വാ… അവളിങ്ങനെ പലതും പറയും…

സ്വപ്നയും ഹരിയും കുളിയൊക്കെ കഴിഞ്ഞ് ഉമ്മറത്തിരിക്കുകയാണ്. വീടിന്റെ ഒരു വശത്തുനിന്ന് നോക്കികയാൽ കാണുന്നത് പരന്നു കിടക്കുന്ന നെൽവയലാണ്. അമ്മാവൻ നട്ടുനനച്ചു വളർത്തിയിരുന്ന പലവിധങ്ങളായ കായ്കനികൾ വേറെയും. സ്വപ്നയെകൂട്ടി നാട്ടുവഴികളിലൂടെ ഒരു നടത്തമായാലോ എന്ന് ഹരി മനസ്സിൽ ചിന്തിച്ചതും സ്വപ്ന അതേ ആവശ്യവുമായി വന്നു. കൊയ്ത്തുകഴിഞ്ഞ പാടത്ത് വെള്ളരിയും വെണ്ടയും ചീരയും സമൃദ്ധമായി വളർന്നിട്ടുണ്ട്. സിറ്റിയിൽ ജനിച്ചു വളർന്ന സ്വപ്നയ്ക്ക് ഇതൊക്കെ അന്യമാണ്. സമൃദ്ധമായി വിളിഞ്ഞുനിൽകുന്ന പാടത്തിന് നടുവിലൂടെയവൾ നടന്നു.

: എടി പെണ്ണേ… ഇതെങ്ങോട്ടാ ഈ ചാടി ചാടി പോവുന്നെ…

: ഹരിയേട്ടാ നോക്കിയേ…. എന്താ ഭംഗി ഇതൊക്കെ ഇങ്ങനെ തഴച്ചു വളർന്നത് കാണാൻ….

: ഇതൊക്കെ നിന്റെ സിറ്റി ലൈഫിൽ കാണാൻ കിട്ടുമോ… ചെറുപ്പത്തിൽ ഞങ്ങൾ ഇവിടാ ബോള് കളിചോണ്ടിരുന്നത്…

: അടിപൊളി സ്ഥലം… എനിക്കിഷ്ടായി

: സ്ഥലം മാത്രമാണോ… അപ്പൊ എന്നെ ഇഷ്ടമായില്ലേ

: അത് ഞാൻ നേരത്തേ പറഞ്ഞില്ലേ…

: അങ്ങനെ പറഞ്ഞാൽ പോര…. മുഖത്തുനോക്കി പറ ഇഷ്ട്ടമായെന്ന്

: ഈ കളിക്ക് ഞാനില്ല…. ഇത് ഇത്തിരി കഷ്ടമുണ്ട്

: ഓഹ് ഒരു നാണക്കാരി വന്നിരിക്കുന്നു…. ഇഷ്ടമായെങ്കിൽ അത് തുറന്നു പറയെന്നേ
: അത് ഞാൻ പറയാം… അവസാനം ലാലേട്ടൻ പറയിപ്പിച്ചപോലെ ആക്കരുത്..

: ഹേയ് ഈ പാടവരമ്പത്തുവച്ചോ… വേണേൽ വീട്ടിൽ ചെന്നിട്ട് കെട്ടിപിടിച്ച് പറഞ്ഞോ…

: അയ്യട…

: എന്ന വേണ്ട… സത്യം പറ…. ഈ സുന്ദരിക്കുട്ടിക്ക് എന്നെ ഇഷ്ടമായോ

: ഉം…. ഇനി ഈ കള്ളനെ ഞാൻ ആർക്കും വിട്ടുകൊടുക്കില്ല… എന്റെയാ… എന്റെ സ്വന്തം ഹരിയേട്ടൻ.. love you dear…

: എന്റെ പെണ്ണേ… നിന്നെ എടുത്തുപൊക്കി ഒന്ന് കൂവി വിളിക്കട്ടെ ഞാൻ

: ചതിക്കല്ലേ പൊന്നേ……

പാടവരമ്പത്തൂടെ ഹരിയുടെ മുന്നിലായി നടക്കുന്ന സ്വപ്നയുടെ ആകാരവടിവ് നന്നായി ആസ്വദിച്ചുകൊണ്ട് ഹരി അവളുടെ പുറകെ നടന്നു. കൊത്തിവച്ച വെണ്ണക്കൽ ശില്പംപോലുള്ള അവളുടെ മേനിയിൽ മൃദുവായി തലോടാൻ അവന്റെ കൈകൾ കൊതിച്ചു. ഇളംകാറ്റിൽ അലക്ഷ്യമായി പാറിനടക്കുന്ന മുടിയിഴകൾക്ക് പോലും എന്ത് ചന്തമാണ്. അവിടത്തെ കാറ്റിനുപോലും സ്വപ്നയുടെ മണമാണ്. നടത്തത്തിനിടയിൽ ഇടയ്ക്ക് തിരിഞ്ഞുനോക്കുന്ന അവളുടെ മാൻപേട മിഴികൾ ഹരിയുടെ ഹൃദയം കൊത്തിവലിക്കുന്നുണ്ട്.

: എന്റെ സ്വപ്നേ… നീയിങ്ങനെ നോക്കല്ലേ മുത്തേ….

: എന്താണ് മോനെ…. ഒട്ടും കോൺട്രോളില്ല അല്ലെ..

: സത്യായിട്ടും ഇല്ലെടി…. എത്രയെത്ര പെൺപിള്ളേരെ കണ്ടിട്ടുണ്ട്…പക്ഷെ അവർക്കൊന്നുമില്ലാത്ത എന്തോ ഒന്ന് നിനക്കുണ്ട്

: മതി മോനെ സുഖിപ്പിച്ചത്…. അത്രയ്ക്ക് കൊതിയാവുന്നുണ്ടെങ്കിൽ എന്തിനാ വച്ച് താമസിപ്പിക്കുന്നത്, വേഗം കെട്ടിക്കൊണ്ട് വന്നൂടെ

: വേണ്ടിവരും…. നീ മനുഷ്യനെ കൊതിപ്പിച്ചു നിർത്തുവല്ലേ..

തല തിരിച്ച് ഹരിയെനോക്കി കൊഞ്ഞനംകുത്തിയ അവളുടെ കാലൊന്ന് തെറ്റിയതും പുറകിലേക്ക് മലർന്ന് വീണതും ഒരുമിച്ചായിരുന്നു. ഹരിയുടെ ദേഹത്തേക്ക് വീഴാൻപോയ സ്വപ്നയെ അവൻ തന്റെ കൈകളിൽ ഭദ്രമാക്കി. ഹരിയുടെ കൈകളിൽ അമർന്ന സ്വപ്നയെ അവൻ ഇരുകൈകൊണ്ടും എടുത്തു പൊക്കി മുന്നോട്ട് നടന്നു. അവന്റെ കഴുത്തിലൂടെ കൈയ്യിട്ട് പിടിച്ച അവൾ ആ കണ്ണുകളിലേക്ക് നോക്കി നിന്നു. അവളുടെ ചുണ്ടിൽ വിടർന്ന പുഞ്ചിരിനോക്കി ഹരി ഉമ്മ യെന്ന് കാട്ടിയതും പെണ്ണിന്റെ നുണക്കുഴി ചേലുള്ള കവികുളകിൽ നാണം മിന്നിമറഞ്ഞു.

: എന്തൊരു ഭാരമാടി നിനക്ക്… എന്റെ കൈ കഴച്ചല്ലോ

: ചുമ്മാ പറയല്ലേ…..കാണാൻ നല്ല തടിമിടുക്കുണ്ടല്ലോ… ഇതൊക്കെ വെറും പൊള്ളയായിരുന്നോ…
: ഇറങ്ങെടി കാന്താരി…

: ദുഷ്ടൻ….

പാടത്തിന് ഓരത്തായി വാനംമുട്ടെ വളർന്നുനിൽക്കുന്ന തെങ്ങിൻ തോപ്പിന് മുകളിലൂടെ കൂട്ടമായി പറന്നകലുന്ന പറവകളെ നോക്കികൊണ്ട് അവർ നടന്നു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് യാത്രയാവുന്ന നേരംനോക്കി പാടത്തേക്കിറങ്ങിയവർ പച്ചക്കറികൾ നനയ്ക്കുന്ന തിരക്കിലാണ്. താൽക്കാലികമായി കുത്തിയ കുളത്തിൽ നിന്നും നിറച്ച ബഹുവർണ കുടങ്ങളുമേന്തി അമ്മമാർ തങ്ങളുടെ കൃഷിയിടത്തിലേക്ക് വരിവരിയായി നടക്കുന്നത് കാണാം. അവർക്ക് വഴികാട്ടിയെന്നപോലെ കുട്ടികുറുമ്പന്മാരുമുണ്ട്. ഹരിയെ കണ്ടതോടെ എല്ലാവരുടേയും ശ്രദ്ധ ഹരിയിലേക്കായി. കുറേ നാളായി ഹരി തന്റെ നാട്ടുകാരെയൊക്കെ കണ്ടിട്ട്. എല്ലാവരോടും കുശലം പറഞ്ഞ് സ്വപ്നയെ അവർക്കുമുന്നിൽ പരിചയപ്പെടുത്തി പരസ്പരം വിശേഷങ്ങൾ പങ്കുവച്ചു. തിരിച്ച് വീട്ടിലേക്ക് നടക്കാൻ നേരം സ്വപ്നയുടെ കയ്യിൽ ഓരോ കെട്ട് പച്ചക്കറികൾ കൊടുത്തുവിട്ട അമ്മമാരുടെ സ്നേഹം നാട്ടിൻപുറത്തിന്റെ ഇന്നും നിലനിൽക്കുന്ന നന്മയിൽ ഒന്നുമാത്രം.

Leave a Reply

Your email address will not be published. Required fields are marked *