തണൽ – 3

അതെന്താ അമ്മ നിന്നോട് അങ്ങനെ പറഞ്ഞോണ്ടാണോ..

ഹേയ്.. അതല്ല ഇക്കി എന്തോ വിശപ്പില്ല. ഞാൻ ഒഴിഞ്ഞുമാറാൻ ശ്രമിച്ചു.

ഡാ.. നമ്മുക്ക് എന്തെങ്കിലും വഴിയുണ്ടാക്കാം. അല്ലാതെ നീ ഇങ്ങനെ പട്ടിണി കിടന്നിട്ടെന്താ..

ചേട്ടാ.. നീ തൽകാലം ഒന്ന് മിണ്ടാണ്ട് പ്പോ..

അവൻ പിന്നെ ഒന്നും മിണ്ടിയില്ല കുറച്ച് കഴിഞ്ഞ് അവൻ അവിടെനിന്നും ഇറങ്ങി പോയി.

നന്നായി വിശക്കുന്നുണ്ട്. പക്ഷേ നിരാഹാരം കിടന്നുനോക്കാം വല്ലതും നടന്നല്ലോ. ഞാൻ തലയിണയിൽ മുഖം പൊതി കമിഴ്ന് കിടന്നു.

ഡാ… കിച്ച എഴുന്നേൽക്ക്. ശബ്ദം കേട്ടപ്പോൾത്തനെ അച്ഛനാണ് എന്ന് മനസ്സിലായി. ഞാൻ ഒന്നും മിണ്ടാൻ പോയില്ല.

ഡാ.. വാ.. ചോറുണ്ണാം. അച്ഛൻ എന്റെ പുറത്ത് തട്ടികൊണ്ട് പറഞ്ഞു.

നിങ്ങൾക്ക് വിശക്കുന്നുണ്ടെങ്കിൽ കഴിച്ചോ എന്നെ എന്തിനാ നിർബന്ധിക്കുന്നത്. ഞാൻ അല്പം ഈർഷ്യയോടെ ചോദിച്ചു.

അതെങ്ങനാടാ നീ ഇവിടെ ഒന്നും കഴിക്കാതെ കിടക്കുബോൾ ഞങ്ങള് കഴിക്കുന്നത്.

അച്ഛാ.. ഒന്ന് പോവുന്നുണ്ടോ എന്നെ ദേഷ്യം പിടിപ്പിക്കാതെ.. ഞാൻ ഒച്ചയിട്ടു.

അച്ഛൻ പിന്നെ ഒന്നും മിണ്ടാതെ റൂമിൽ നിന്നും ഇറങ്ങിപ്പോയി.

കുറച്ച് കഴിഞ്ഞ് ഏകദേശം ഒരു മണിക്കൂറ് കഴിഞ്ഞുകാണും. റൂമിനുള്ളിൽ ഒരു കാൽ പെരുമാറ്റം കേൾക്കുന്നുണ്ട്.

അമ്മയാണെന്ന് തോനുന്നു. ഞാൻ തല ഉയർത്താൻ പോയില്ല.

കിച്ച.. ഞാൻ ഒട്ടും പ്രദീക്ഷിക്കാത്ത സൗണ്ട് കേട്ടതുമൂലം ഞാൻ തലഉയർത്തി നോക്കി. ഏടത്തിയാണ്. അവർ എന്നെ നോക്കി ഒന്ന് ചിരിച്ചു.

ദാ.. ഇത് കുറച്ച് കഴിഞ്ഞിട്ട് കഴിക്ക് ട്ടോ. അവർ ചെറിയ ടേബിളിൽ വച്ചിരുന്ന രണ്ട് നേന്ത്രപ്പഴം ചൂണ്ടി കൊണ്ട് പറഞ്ഞു. പിന്നെ ഒരു ജഗ് വെള്ളവും.

പിന്നേയ് ഇത് അവര് അറിയാതെ കൊണ്ടുവന്നതാണ് അതോണ്ട് നീ പേടിക്കണ്ട. ഇത് കഴിച്ചോണ്ട് നിന്റെ നിരാഹാരം മുറിയില്ല അവർ അതും പറഞ്ഞു പുറത്തേക്കിറങ്ങി. ഞാൻ അവരെ അന്ധം വിട്ടു നോക്കിയിരുന്നു.
സത്യം പറഞ്ഞാൽ അവരുടെ ഉദ്ദേശം എനിക്ക് മനസ്സിലായില്ല.

ഞാൻ കട്ടിലിൽ നിന്നും ഇറങ്ങി വാതിലിന്റെ അടുത്തുപോയി നോക്കി. ഇല്ല ആരും വരുന്നില്ല എന്ന് ഉറപ്പുവരുത്തിയ ശേഷം ഞാൻ ചേട്ടത്തി കൊണ്ടുതന പഴം എടുത്ത് കഴിച്ചു. കൂടെ കൂറച്ച് വെള്ളം കൂടി കുടിച്ചപ്പോൾ തൽകാലം നാളെ രാവിലെ വരെ നിരാഹാരം കിടക്കാനുള്ള എന്നർജി കിട്ടി.

അഭിയെ ഒന്ന് വിളിക്കണം ഉച്ചക്ക് വിളിച്ചതാണ് വീട്ടിൽ ആയതുകൊണ്ട് അതികം വിളി വേണ്ട എന്ന് അവളുടെ ഉഗ്രശാസനയുണ്ട്. ഇവിടത്തെ അവസ്ഥയൊന്നും ഞാൻ പറഞ്ഞിട്ടില്ല. എന്തിനാ വെറുതെ ആ പാവത്തിനെ കൂടി വിഷമിപ്പിക്കുന്നത് എന്നുവിചാരിച്ചു.

ഞാൻ അഭിക്ക് കാൾ ചെയ്തു. റിങ് ചെയുന്നതിന് മുൻപ് തന്നെ കാൾ എടുത്തു. So ഫാസ്റ്റ്

എന്താ ഇത്ര നേരം വിളിക്കാഞ്ഞേ.. കാൾ എടുത്തതും അവൾ പരിഭവം പറയാൻ തുടങ്ങി. ഞാൻ ടെൻഷനായിട്ടാണ് ഇവിടെ ഇരിക്കുന്നെ. അവൾ പറഞ്ഞു.

ഞാൻ തിരിച്ച് ഒന്നും പറയാൻ പോയില്ല.

കിച്ചു.. എന്താ മിണ്ടാതെ.. അവരോട് പറഞ്ഞോ..

മ്മ് പറഞ്ഞു.

അവര് എന്താ പറഞ്ഞെ.. അവൾ ആകാംഷയോടെ ചോദിച്ചു.

പകുതി സമ്മതം.

എന്താണെങ്കിലും ഒന്ന് തെളിച്ച് പറ കിച്ചു. അവൾ തിടുക്കം കൂട്ടി.

ഞാൻ നടന്ന കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തു. നിരാഹാരം ഒഴികെ.

മ്മ്… എല്ലാം കേട്ടുകഴിഞ്ഞ് വോൾട്ടേജ് കുറഞ്ഞ ഒരു മൂളലായിരുന്നു അവളുടെ പ്രതികരണം.

ഞാൻ കുറച്ച് നേരം കൂടി അവളോട് സംസാരിച്ചു. എന്നെകൊണ്ട് പറ്റുന്നിടത്തോളം അവൾക്ക് എല്ലാം ശരിയാകും എന്ന ആത്മവിശ്വാസം പകർന്നു കൊടുത്തു.

കുറച്ചു നേരത്തെ സംസാരത്തിന് ശേഷം ഞാൻ കാൾ കട്ട് ചെയ്ത് കിടന്നു.

ഉറക്കത്തിനിടയിൽ ഞാൻ പെട്ടൊന്ന് കണ്ണുതുറന്നു.

എന്തോ മനസ്സിൽ വല്ലാത്ത ഒരു ഭയം പോലെ. എനി ഇവിടെ നിന്നാൽ കാര്യങ്ങൾ കൈവിട്ട് പോകും എന്നൊരു തോന്നൽ.

ഞാൻ എഴുനേറ്റ് ലൈറ്റിട്ടു. സമയം 11. മണി കഴിഞ്ഞിരിക്കുന്നു.

ഞാൻ ബാഗ് എടുത്തു. ശബ്ദം ഉണ്ടാകാതെ പുറത്തേക്കിറങ്ങി. പുറത്ത് നല്ല ഇരുട്ടാണ്.

ഞാൻ വീടിന് പുറത്തിറങ്ങി ഗേറ്റ് തുറന്ന് നേരെ നടന്നു.

ഞാൻ എങ്ങിനെയോ തപ്പി തടഞ്ഞ് മെയിൻ റോഡിലെത്തി.
റോഡ് വിജനമാണ്. പെട്ടെന്ന് എവിടെനിന്നോ ഒരു ബൈക്ക് കാരൻ എന്റെ മുന്നിൽ വന്ന് നിർത്തി. അയാൾക്ക്‌ ദുൽകർ സൽമാന്റെ നല്ല മുഖചായ.

ചേട്ടാ.. ഈ… ലഡാക്കിലേക്ക് എങ്ങനെയാ പോവുക… അവൻ ചോദിച്ചു.

അത് നേരെ പോയി ലെഫ്റ്റ് തിരിഞ്ഞാൽ മതി. ഞാൻ അയാൾക്ക് വഴി പറഞ്ഞുകൊടുത്തു.

അതേയ് ഞാനും കൂടി വന്നോട്ടെ.. ഞാൻ അയാളോട് ചോദിച്ചു.

ആ കയറിക്കോ.. അയാൾ എന്നോട് കയറിക്കോളാൻ പറഞ്ഞു.

ഞാൻ കയറിയതും അവൻ വേഗത്തിൽ ചവിട്ടാൻ തുടങ്ങി. ഞാൻ നോക്കുബോൾ അവൻ ഓടിച്ചു വന്നിരുന്ന ഹിമാലയൻ ബൈക്ക് ഒരു ഹെർക്കുലീസ് സൈക്കളായി മാറിയിരിക്കുന്നു.

സൈക്കിളെങ്കിൽ സൈക്കിൾ എന്ന് വിചാരിച്ച് അവന് പുറകിൽ താനെയിരുന്നു.

നല്ല സ്പീഡിലാണ് ഞങ്ങൾ പോകുന്നത്. ഞാൻ സൈക്കിളിന്റെ മീറ്ററിലേക്ക് നോക്കി. ഡിജിറ്റൽ മീറ്ററാണ് അതിൽ 110 km /h എന്ന് കാണിക്കുന്നു.

ഞാൻ വീഴാതിരിക്കാൻ കണ്ണുകൾ അടച്ച് അവനെ ചുറ്റി പിടിച്ചിരുന്നു .

പെട്ടൊന്ന് കണ്ണുതുറന്നപ്പോൾ സൈക്കിളുമില്ല ഓടിച്ച് വന്ന റൈഡറും ഇല്ല. ഞാൻ നിൽക്കുന്നത് നടുറോഡിലാണ്.

എനിക്ക് നേരെ ഒരു പാണ്ടിലോറി പാഞ്ഞു വരുന്നത് ഞാൻ കണ്ടു.

അതിലെ ഡ്രൈവറെ കണ്ട് ഞാൻ ശരിക്കും ഞെട്ടി.

അമ്മേ… എന്നെ കൊല്ലല്ലേ… ഞാൻ ഉറക്കെ കരഞ്ഞു.

പെട്ടെന്ന് ഞാൻ കണ്ണുതുറന്നു. ഹോ.. സ്വപ്നമായിരുന്നോ.. ഞാൻ കുറച്ച് നേരം ഇരുന്ന് കിതച്ചു.

അമ്മ രാവിലെതന്നെ പാണ്ടി ലോറി എടുത്ത് ഇറങ്ങിയിരിക്കുകയാണ് മനുഷ്യനെ കൊല്ലാൻ.

അതൊരു ഭീകരമായ സ്വപ്നമായിരുന്നു.

പക്ഷേ ആ സ്വപ്നം എന്റെ ജീവിതത്തിന്റെ ഗതി മാറ്റും എന്ന് ഞാൻ അറിഞ്ഞില്ല.

തുടരും…

Dear. ✒️ .JK

Leave a Reply

Your email address will not be published. Required fields are marked *