മന്നാടിയാർ കോട്ട – 1
[ Ramavarma ]
അമ്മ പോയിട്ട് ഇന്ന് പതിനേഴ് ദിവസമാകുന്നു… കണ്ണൻ ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി.
അമ്മ മരിച്ചപ്പോൾ അച്ഛൻ വന്നില്ല.
അച്ഛന് ദൂരെ യാത്ര ചെയ്യാൻ പറ്റില്ലത്രേ. പകരം അച്ഛന്റെ കാര്യസ്ഥൻ കുട്ടേട്ടൻ വന്നു.
ഇവിടുത്തെ ചടങ്ങുകളൊക്കെ നടത്തി തന്നത് കുട്ടേട്ടനാണ്. ചടങ്ങുകളൊക്കെ കഴിഞ്ഞ് അങ്ങോട്ട് ചെല്ലാനാണ് അച്ഛൻ പറഞ്ഞത്.
അച്ഛൻ എന്നത് എനിക്ക് വല്ലപ്പോഴും മാത്രം വരുന്ന ഒരു അതിഥിയെപ്പോലെയായിരുന്നു.
വർഷങ്ങൾ കൂടുമ്പോൾ ഒരിക്കൽ വരും, കാണും, പോകും. അത്രമാത്രമേ അച്ഛനുമായി എനിക്ക് ബന്ധമുണ്ടായിരുന്നുള്ളൂ.
അച്ഛൻ പാലക്കാട് ഒരു സ്കൂൾ അധ്യാപകനായിരുന്നു… സ്കൂൾ വേനലവധിക്ക് അടച്ചാൽ പോലും അച്ഛൻ വരാറില്ല. ഞാൻ അമ്മയോട് ചോദിക്കുമ്പോൾ അമ്മ പറയും:
“സ്കൂൾ അച്ഛന്റെ കുടുംബവകയല്ലേ, തിരക്കായിരിക്കും… അതാ അച്ഛൻ വരാത്തത്.”
പിന്നെ ഞാനും ഒന്നും ചോദിക്കാറില്ല…
മലമുകളിലെ ഈ ഒറ്റപ്പെട്ട ജീവിതത്തിൽ നിന്ന് ഇനി പാലക്കാടിന്റെ മണ്ണിലേക്ക്…
അച്ഛനുമായി അടുപ്പമില്ലാത്തതുകൊണ്ട് അവിടെ ചെന്നാൽ എന്താകും എന്നൊരു ഭയം മനസ്സിലുണ്ടായിരുന്നു.
നാളെ പോകണമല്ലോ എന്നോർത്ത് ഉമ്മറത്തിരുന്ന് ഉറങ്ങിപ്പോയി. രാവിലെ ഒരു കാറിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.
ഞങ്ങളുടെ ഈ മലമുകളിലേക്ക് ഒരു കാർ വരുന്നത് തന്നെ ആദ്യമായിട്ടായിരുന്നു.
ഞാൻ ബാഗുമെടുത്ത് ഉമ്മറത്തേക്ക് വന്നു.
നേരെ പോയി അമ്മയെ അടക്കിയ ഇടത്തുചെന്ന് യാത്ര പറഞ്ഞു.
കണ്ണുകൾ നിറഞ്ഞു തുളുമ്പി. ഇതുവരെ ഈ വീടുവിട്ട് എങ്ങോട്ടും പോയിട്ടില്ല.
വീടിന് മുൻപിൽ പണിക്കരുമായി കുട്ടേട്ടൻ സംസാരിക്കുന്നുണ്ടായിരുന്നു. വീട് പൂട്ടി താക്കോൽ പണിക്കരെ ഏൽപ്പിച്ചു. ഒന്നും മിണ്ടാനാകാതെ നിന്ന എന്നോട്, “പോയി വാ കുഞ്ഞേ…” എന്ന് പണിക്കർ വിതുമ്പലോടെ പറഞ്ഞു.
ഞാൻ കാറിന്റെ പിൻസീറ്റിൽ കയറി ഇരുന്നു.
കുട്ടേട്ടൻ മുൻപിലും. ഡ്രൈവർ വണ്ടിയെടുത്തു. പുറകോട്ട് നോക്കുമ്പോൾ കാടിന് നടുവിലെ എന്റെ വീട് പതുക്കെ കണ്ണിൽ നിന്നും മാഞ്ഞുപോകുന്നുണ്ടായിരുന്നു…
കാർ മലയിറങ്ങി നിരപ്പായ വഴിയിലേക്ക് പ്രവേശിച്ചു. കരച്ചിൽ അടങ്ങിയപ്പോൾ കുട്ടേട്ടൻ തിരിഞ്ഞുനോക്കി ചോദിച്ചു:
“കുട്ടി ഇതിനു മുൻപ് കൊല്ലങ്കോട് വന്നിട്ടുണ്ടോ?”
“ഇല്ല, ഞാൻ അമ്മയെ വിട്ട് എങ്ങും പോയിട്ടില്ല…”
പിന്നെ കുറേനേരം ആരും ഒന്നും മിണ്ടിയില്ല.
സന്ധ്യമയങ്ങുകയായിരുന്നു.
റോഡിന്റെ ഇരുവശത്തും കരിമ്പനകൾ നിറഞ്ഞ പാടങ്ങൾ. കുറച്ചു ദൂരം ചെന്നപ്പോൾ വലിയൊരു കവാടം കണ്ടു.
അത് കടന്ന് കാർ അകത്തേക്ക് കയറിയപ്പോൾ കുട്ടേട്ടൻ പറഞ്ഞു: “ഇവിടം മുതൽ മന്നാടിയാർ കോട്ട തുടങ്ങുകയാണ്.”
“മന്നാടിയാരോ? അതാരാ?” ഞാൻ ചോദിച്ചു.
കുട്ടേട്ടനും ഡ്രൈവറും പരസ്പരം നോക്കി.
കുട്ടേട്ടൻ പതുക്കെ പറഞ്ഞു:
“കുട്ടിയുടെ അച്ഛൻ… ഞങ്ങളുടെ മന്നാടിയാർ! ഈ നാടിന്റെ ഉടയോൻ!”
എനിക്കൊന്നും മനസ്സിലായില്ല. ഞാൻ ചോദിച്ചു: “അച്ഛൻ സ്കൂൾ മാഷ് അല്ലേ…?”
“അതല്ല കുഞ്ഞേ… ഈ നാട് മുഴുവൻ ജീവിക്കുന്നത് മന്നാടിയാരുടെ തണലിലാണ്.
എണ്ണായിരം ഏക്കർ പാടവും മലവാരവും ഒക്കെ മന്നാടിയാരുടേതാണ്.”
“അപ്പോൾ അച്ഛൻ ഒറ്റയ്ക്കാണോ താമസം?”
കുട്ടേട്ടൻ മറുപടിയൊന്നും പറഞ്ഞില്ല. കാർ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്നു.
കുറച്ചുകഴിഞ്ഞപ്പോൾ വലിയൊരു ഇരുമ്പ് ഗേറ്റിനു മുൻപിൽ കാർ നിന്നു. കുട്ടേട്ടൻ ഇറങ്ങി ഗേറ്റ് തുറന്നു. വിശാലമായ മുറ്റം… വലിയൊരു എട്ടുകട്ട് മാളിക.
ചുറ്റും നിലവിളക്കുകളും പന്തങ്ങളും തെളിയിച്ചിരിക്കുന്നു.
കാർ മുറ്റത്തിന്റെ ഒരു കോണിൽ നിർത്തി. കുട്ടേട്ടൻ വന്ന് വാതിൽ തുറന്നു തന്നു. ഇരുട്ടിൽ, ആ ദീപപ്രഭയിൽ ആ വലിയ തറവാട് തിളങ്ങിനിന്നു.
മുറ്റത്തിന്റെ മറുവശത്തെ മാവിൻചുവട്ടിലെ ചാരുകസേരയിലേക്ക് ചൂണ്ടി കുട്ടേട്ടൻ പതുക്കെ പറഞ്ഞു: “മന്നാടിയാർ…”
ഞാൻ അങ്ങോട്ട് നോക്കി. ഇരുട്ടിൽ ആ രൂപം വ്യക്തമല്ലായിരുന്നു. ഞാൻ മെല്ലെ ആ മാവിൻചുവട്ടിലേക്ക് നടന്നു…
