അതൊക്കെ തമ്പുരാൻ അറിയുന്നുണ്ടായിരുന്നു. അങ്ങനെ ഞങ്ങൾക്ക് ആ പഴയ തമ്പുരാനെ പതുക്കെ തിരിച്ചു കിട്ടി…
ഇപ്പോൾ കുട്ടി ഇങ്ങു വന്നതോടെ തമ്പുരാൻ വളരെ സന്തോഷവാനാണ്.”
ഇതു കേട്ട് ഞാൻ ആകെ അതിശയിച്ചുപോയി… ഒരു ആൺകുട്ടിക്ക് വേണ്ടി മനുഷ്യർ ഇത്രയുമൊക്കെ ചെയ്യുമോ…!
കുട്ടേട്ടൻ പറഞ്ഞു: “തമ്പുരാന് വെറുമൊരു ആൺകുട്ടി പോരായിരുന്നു.
എല്ലാ ലക്ഷണമൊത്ത
സുന്ദരനായൊരു മകൻ വേണം. അതിനായി പലരെയും തേടി, ഒടുവിൽ കണ്ടെത്തിയതായിരുന്നു കുട്ടിയുടെ അമ്മയെ.
അതുപോലെതന്നെയായിരുന്നു ഇളയ തമ്പുരാട്ടിയെ വേളി കഴിച്ചതും.
തമ്പുരാൻ തിരഞ്ഞെടുക്കുന്നത് എപ്പോഴും ഏറ്റവും ഉത്തമമായതായിരിക്കും. കുട്ടി ആലോചിച്ചു നോക്കൂ…
വലിയ തമ്പുരാട്ടിയേക്കാൾ സുന്ദരി കുട്ടിയുടെ അമ്മയല്ലേ?
കുട്ടിയുടെ അമ്മയേക്കാൾ അഴക് ചെറിയ തമ്പുരാട്ടിയ്ക്കുമുണ്ട്…”
ശരിയാണ്, കുട്ടേട്ടൻ പറഞ്ഞത് ഞാൻ ആലോചിച്ചു. നാട്ടിൽ അമ്മയേക്കാൾ സുന്ദരിയായി വേറെ ആരും ഉണ്ടായിരുന്നില്ല. ഇവിടെ ചെറിയമ്മ അതിലും സുന്ദരിയാണെന്ന് എനിക്കും തോന്നിയിരുന്നു.
ഞാൻ ചോദിച്ചു: “അപ്പോൾ അച്ഛൻ ഇടയ്ക്ക് മാത്രം വന്നിരുന്നത് എന്തുകൊണ്ടാ…?”
“കുട്ടിയല്ലാതെ വേറെ കുട്ടികൾ ഉണ്ടാകാതിരിക്കാൻ വേണ്ടിയാകാം…” കുട്ടേട്ടൻ പറഞ്ഞു.
“എന്നാലും ഒരു ആൺകുട്ടിക്ക് വേണ്ടി ഇത്രയുമൊക്കെ…” ഞാൻ അത്ഭുതത്തോടെ പിറുപിറുത്തു.
കുട്ടേട്ടൻ പറഞ്ഞു: “കുഞ്ഞേ… ഈ മന്നാടിയാർ കോട്ട കാക്കാൻ, അച്ഛന്റെ പിന്തുടർച്ചക്കാരനാകാൻ, തറവാട്ടു കാവിലെ അവകാശങ്ങൾ സംരക്ഷിക്കാൻ…
അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്.”
ഞാൻ മൂളി, എന്നിട്ട് വീണ്ടും ചോദിച്ചു: “അപ്പോൾ വലിയമ്മയുടെ മക്കളോ…?”
“ഇപ്പോൾ ഒരാളേയുള്ളൂ… രണ്ടാമത്തെയാൾ കുഞ്ഞിലേ ദീനം വന്നു മരണപ്പെട്ടു.
ആദ്യത്തെയാൾ മഹാലക്ഷ്മി… കുട്ടിക്ക് കല്യാണം കഴിഞ്ഞു, ഇപ്പോൾ അഞ്ചു മാസം ഗർഭിണിയാണ്.”
“അവർ എവിടെയാണ് താമസിക്കുന്നത്?”
“ശ്രീരംഗത്ത്.”
ഞാൻ വീണ്ടും ചോദിച്ചു: “ഇളയമ്മയും വലിയമ്മയും തമ്മിൽ പ്രശ്നമൊന്നുമില്ലേ…?
എന്റെ അമ്മയെക്കുറിച്ച് ഇവർക്ക് അറിയാമോ?”
“അവരെ ആരും പുറത്തുകാണാറില്ല. എല്ലാവർക്കും താഴത്തെ മുറ്റം വരെ മാത്രമേ പ്രവേശനം ഉള്ളൂ. വലിയ തമ്പുരാട്ടി ആദ്യമൊക്കെ വാശിയിലായിരുന്നു, ഇപ്പോൾ കുറെ ശാന്തമായിട്ടുണ്ട്.
കുഞ്ഞിന്റെ അമ്മയുടെ കാര്യമെല്ലാം രണ്ടുപേർക്കും അറിയാം.
കുഞ്ഞേ… എന്നാൽ ഞാൻ പോകട്ടെ, ഇനിയും വൈകിയാൽ തമ്പുരാന്റെ വഴക്ക് കേൾക്കും.”
ഞാൻ
കുട്ടേട്ടനോട് നന്ദി പറഞ്ഞു.
പിന്നെ അവിടെയൊക്കെ ഒന്നു ചുറ്റിനടന്നു കണ്ടു.
മുൻപിൽ വലിയ ഗേറ്റ്… ഇരുവശത്തും ഇരിക്കാൻ തറയുള്ള വലിയൊരു പടിപ്പുര.
അവിടുന്ന് തറവാട്ടിലേക്ക് ഒരു നൂറു മീറ്റർ ദൂരമുണ്ട്. ഒരുവശത്ത് കാർ ഇടാനുള്ള സ്ഥലം, അതിൽനിന്ന് അല്പം മാറി ഒരു വൈക്കോൽപ്പുര. അതിന്റെ മറുവശത്താണ് ഇന്നലെ കണ്ട മാവും ചാരുകസേരയുമുള്ളത്.
വീടിന്റെ ഇടതുവശത്തായി ചെറിയൊരു പത്തായപ്പുര പോലെയുണ്ട്.
അവിടുന്ന് കുറച്ചു മാറി തൊഴുത്തും. അവിടെ രണ്ടു വലിയ പശുക്കളും ഒരു കിടാവുമുണ്ടായിരുന്നു.
അമ്മയ്ക്ക് വയ്യാതാകുന്നതുവരെ ഞങ്ങളുടെ വീട്ടിലും പശുവുണ്ടായിരുന്നു.
ഞാൻ ചെന്ന് ആ പശുകിടാവിനെ ഒന്നു തലോടി. ജനിച്ചിട്ട് അധികമായിട്ടില്ലെന്ന് തോന്നുന്നു… വെളുപ്പും ഓറഞ്ചും നിറമുള്ള നല്ലൊരു സുന്ദരിക്കുട്ടി!
അവിടുന്ന് നടന്ന് വീടിന്റെ പുറകിലെത്തി.
നിറയെ മാവുകൾ… ഒരുവശത്ത് കുറച്ചു പച്ചക്കറി കൃഷിയുമുണ്ട്. ഞാൻ ആ പറമ്പിലൂടെ കുറേനേരം നടന്നു.
പറമ്പ് കഴിഞ്ഞ് അങ്ങോട്ട് വിശാലമായ നെൽപ്പാടമാണ്!
കണ്ണെത്താദൂരത്തോളം അത് പച്ചപ്പുതച്ചു കിടക്കുന്നു.
പാടത്തൊരു ഏറുമാടം കണ്ടപ്പോൾ ഞാൻ അതിൽ കയറിയിരുന്നു.
അവിടെയിരുന്ന് വയലിലെ മനോഹരമായ കാഴ്ചകൾ കണ്ടുകൊണ്ടിരുന്നു. എപ്പോഴോ ഞാൻ അവിടെക്കിടന്ന് ഉറങ്ങിപ്പോയി.
ഉണർന്നപ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു…
എറുമാടത്തിൽ നിന്ന് എഴുന്നേറ്റ് ഞാൻ കോട്ടയിലേക്ക് നടന്നു.
