മന്നാടിയാർ കോട്ട – 1 10അടിപൊളി  

ഞാൻ അതും കയ്യിൽ പിടിച്ച് എഴുന്നേറ്റു, ഇതെവിടെ വെക്കണമെന്ന് അറിയില്ലായിരുന്നു. വലിയമ്മ കണ്ട ഭാവം നടിച്ചില്ല.

ഞാൻ ചുറ്റും നോക്കുന്നത് കണ്ടപ്പോൾ ചെറിയമ്മ വന്ന് കയ്യിൽ നിന്ന് കിണ്ണം വാങ്ങി. “ഇടനാഴിക്കു പുറത്തെ വരാന്തയിൽ വെള്ളമുണ്ട്” എന്ന് പറഞ്ഞു.

ഞാൻ കൈ കഴുകി ഉമ്മറത്തേക്ക് ചെന്നു നോക്കിയെങ്കിലും അച്ഛനെ കണ്ടില്ല.

കുറച്ചുനേരം ഞാൻ അവിടെത്തന്നെ ഇരുന്നു.

മുറ്റത്തെ വിളക്കുകൾ മിക്കതും അണഞ്ഞുതുടങ്ങിയിരുന്നു.

പുറകിലെ വാതിൽ അനങ്ങുന്ന ശബ്ദം കേട്ട് നോക്കുമ്പോൾ വലിയമ്മ പുറത്തേക്ക് നോക്കുന്നു. ഞാൻ നോക്കിയതും എന്നെ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി അവർ വാതിൽ വലിച്ച് അടച്ചു!

ഞാൻ പുറത്ത് ഒറ്റയ്ക്കായി… എനിക്ക് ആകെ പേടിയായി. ഞാൻ പോയി വാതിൽ തള്ളിനോക്കി, തുറക്കുന്നില്ല… അകത്തുനിന്ന് സാക്ഷയിട്ടിട്ടുണ്ട്!

ഞാൻ ആകെ പേടിച്ച്, വിളക്ക് കത്തുന്ന ഒരു മൂലയിൽ വന്നിരുന്നു. ഉമ്മറത്തെ മിക്ക വിളക്കുകളും കെട്ടു.

ആകെയുള്ള ഒരു വിളക്കാണ് ഇനി കത്തുന്നത്, അതും ഉടൻ കെടും.

ഞാൻ ഭയന്നുവിറച്ചിരുന്നു.

കുറച്ചുനേരം കഴിഞ്ഞപ്പോൾ വാതിൽ തുറക്കുന്ന ശബ്ദം കേട്ടു.

നോക്കുമ്പോൾ അച്ഛനാണ്!

എന്നെ കണ്ട അച്ഛൻ ചോദിച്ചു:

“നീയെന്താ ഇവിടെ?”

ഞാൻ താഴേക്ക് നോക്കി നിന്നു.

പെട്ടെന്ന് അച്ഛന്റെയൊരു അലർച്ച! “എടീ സുമതീ…!”

അവർ വാതിൽക്കൽ വന്നു നോക്കി. “അവൻ കിടന്നോ എന്ന് ചോദിച്ചപ്പോൾ കിടന്നു എന്ന് പറഞ്ഞിട്ട്, ഇവൻ എങ്ങനെ ഇവിടെ വന്നു?”

അച്ഛന്റെ ശബ്ദം കേട്ട് ഞാൻ പേടിച്ചുവിറച്ചു നിന്നു. പെട്ടെന്നൊരു ശബ്ദം! നോക്കുമ്പോൾ വലിയമ്മ കവിളും പൊത്തിപ്പിടിച്ച് നിൽക്കുകയാണ്.

അച്ഛൻ എന്റെ അടുത്ത് വന്ന് പറഞ്ഞു: “നീ അകത്തുപോയി കിടന്നോളൂ.” അതും പറഞ്ഞ് അച്ഛൻ പുറത്തേക്ക് ഇറങ്ങിനടന്നു.

ഞാൻ അകത്തേക്ക് വരുന്നത് കണ്ട് വലിയമ്മ എന്നെ തുറിച്ചുനോക്കിക്കൊണ്ട് മുറിയിലേക്ക് പോയി.

ഞാൻ അച്ഛൻ വരുമോ എന്ന് നോക്കി കതകിന്റെ അവിടെ കുറച്ചുനേരം നിന്നു. പുറത്ത് നല്ല ഇരുട്ടാണ്, ആരെയും കാണാനില്ല.

ഞാൻ വാതിൽ ചാരി മുകളിലേക്ക് പോകാൻ നടന്നു. പെട്ടെന്ന് വാതിൽ അടയ്ക്കുന്ന ഒച്ച കേട്ടു.

അച്ഛനാണോ എന്ന് നോക്കിയപ്പോൾ അച്ഛനല്ല, ചെറിയമ്മയായിരുന്നു.

ഞാൻ മുകളിലേക്ക് കയറി. പുറകിൽ ആരോ കോണി കയറുന്ന ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

ചെറിയമ്മ കയറിവരുന്നു. ഞാൻ പെട്ടെന്ന് എന്റെ മുറിയുടെ ഭാഗത്തേക്ക് നടന്നു.

ചെറിയമ്മ കോണിപ്പടിയുടെ അവിടുത്തെ വിളക്കും അണച്ച്, അടുത്തുള്ള ഒരു മുറി തുറന്ന് അകത്തുകയറി വാതിലടച്ചു.

ഞാൻ എന്റെ മുറിയിൽ കയറി വാതിൽ ചാരി കട്ടിലിൽ കയറി കിടന്നു. നല്ല രാമച്ചത്തിന്റെ മെത്ത… നല്ല ഗന്ധം!

ആ ഗന്ധത്തിൽ ലയിച്ചുകിടന്ന് ഞാൻ ഓരോന്ന് ആലോചിച്ചു…

അച്ഛൻ… ഇതുവരെ ഞാനും അമ്മയും കരുതിയ ആളേ ആയിരുന്നില്ല! ഇവിടെ അച്ഛന് രണ്ട് ഭാര്യമാർ… ഇതൊന്നും അറിയാതെയാണല്ലോ പാവം അമ്മ പോയത്.

ഒന്നും അറിയാതിരുന്നത് നന്നായി.

ഇങ്ങനെ

പലതും ആലോചിച്ച് ഞാൻ ഉറങ്ങിപ്പോയി…

രാവിലെ ഒരുപാട് വൈകിയാണ് ഉണർന്നത്. മുറിയിൽ നല്ല വെളിച്ചമുണ്ടായിരുന്നു.

ഞാൻ എഴുന്നേറ്റ് പുറത്തേക്കുള്ള വാതിൽ തുറന്ന് നോക്കി.

ഞാൻ ഇതുവരെ കാണാത്തൊരു കാഴ്ച!

വീടിന്റെ പുറകിൽ വിശാലമായൊരു പറമ്പും അതിനുശേഷം ദൂരേക്ക് നീണ്ടുകിടക്കുന്ന വയലും! നല്ല പച്ചപ്പ് പുതച്ചുകിടക്കുകയാണ്.

സൂര്യവെളിച്ചമേറ്റ് അത് മനോഹരമായി തിളങ്ങുന്നു… പാടത്തിനു പുറകിൽ നീണ്ടുകിടക്കുന്ന മലനിരകൾ…

കുറേനേരം ഞാൻ ആ കാഴ്ചകൾ നോക്കിനിന്നു.

കുറച്ചുകഴിഞ്ഞപ്പോൾ താഴെ വന്ന് കുളിച്ചു.

ഉമ്മറത്ത് വന്ന് നോക്കിയപ്പോൾ മാവിൻചുവട്ടിൽ ഒരു ആൾക്കൂട്ടം! ഞാൻ അങ്ങോട്ട് നോക്കി. അച്ഛൻ അവിടെ ഇരിക്കുന്നു. അച്ഛന്റെ പുറകിൽ കുട്ടേട്ടനും വേറെ ഒരു ആളുകുടെ ഉണ്ടാര്ന്നു.

അവിടെ എന്താണ് സംസാരിക്കുന്നതെന്ന് വ്യക്തമല്ലായിരുന്നു. ഒരുപാട് ആളുകൾ കൂട്ടമായി നിൽക്കുന്നുണ്ട്, അച്ഛൻ അവരോട് സംസാരിക്കുന്നു.

Updated: September 24, 2026 — 8:19 pm

Leave a Reply

Your email address will not be published. Required fields are marked *