ഞാൻ കുറച്ചുനേരം അവിടെ ഇരുന്നു. ഞാൻ ഇരിക്കുന്നത് കണ്ടപ്പോൾ അച്ഛൻ അവിടുന്ന് എഴുന്നേറ്റ് ഉമ്മറത്തേക്ക് നടന്നു.
ഞാൻ എഴുന്നേറ്റു നിന്നു.
അച്ഛൻ എന്റെ അടുത്ത് വന്ന് ചോദിച്ചു: “നല്ല ഉറക്കം കിട്ടിയോ?”
ഞാൻ തലയാട്ടി.
“നീ കുളിച്ചോ?” എന്ന് അച്ഛൻ ചോദിച്ചു. ഞാൻ ഒന്നു മൂളി.
അച്ഛൻ മുന്നോട്ട് നടന്ന്, ഉമ്മറത്ത് തൂക്കിയിട്ടിരുന്ന ഭസ്മച്ചെമ്പിൽ നിന്ന് ഭസ്മമെടുത്ത് എന്റെ നെറ്റിയിൽ വരച്ചു.
അപ്പോഴേക്കും ഇളയമ്മമാർ ഉമ്മറത്തെ വാതിലിനു പുറകിൽ വരുന്നത് ഞാൻ കണ്ടു.
അച്ഛൻ എന്നെയും കൂട്ടി കുറച്ചു മുന്നോട്ട് നടന്നു. എല്ലാവരും താഴെ മുറ്റത്ത് വന്നു നിരന്നുനിന്നു. ഞാൻ എല്ലാവരെയും നോക്കി.
അച്ഛന്റെ മുഖത്ത് നോക്കാതെ താഴേക്ക് നോക്കിയാണ് നിൽക്കുന്നത്.
അച്ഛൻ എന്റെ തോളിൽ പിടിച്ച് പറഞ്ഞു: “ഇത് എന്റെ മകൻ, ദേവേന്ദ്ര
മന്നാടിയാർ!”
എല്ലാവരുടെയും മുഖത്തൊരു അത്ഭുതം! എല്ലാവരും എന്നെയൊന്ന് നോക്കി, വീണ്ടും തലകുനിച്ചു നിന്നു.
ഞാൻ എന്റെ പേര് കുറേ വർഷങ്ങൾക്കു ശേഷമാണ് കേൾക്കുന്നത്.
സ്കൂളിൽ പഠിക്കുമ്പോഴാണ് ആകെ ഈ പേര് കേട്ടിട്ടുള്ളത്. അന്നും ആരും ദേവേന്ദ്രൻ എന്ന് വിളിക്കാറില്ല,
ദേവൻ എന്നേ വിളിക്കൂ. സ്കൂളിൽ ‘ദേവേന്ദ്രൻ എം.’ എന്നായിരുന്നു. എം എന്നാൽ മന്നാടിയാർ എന്നാണെന്ന് എനിക്കറിയില്ലായിരുന്നു!
അച്ഛന്റെ പേര് മുകുന്ദൻ എന്നായതുകൊണ്ട് അത് അച്ഛന്റെ പേരിന്റെ ആദ്യ അക്ഷരമായിരിക്കും എന്നാണ് കരുതിയത്.
ഇപ്പോൾ അച്ഛന്റെ ശരിക്കുള്ള പേര് പോലും ഇതാണോ എന്ന് സംശയമാണ്…
ഞാൻ ഇത് ആലോചിക്കുമ്പോൾ അച്ഛൻ അവരോടായി തുടർന്നു: “ഇനി ഇവനും ഇവിടുത്തെ അംഗമാണ്… അത് അറിഞ്ഞു പെരുമാറുക!”
എല്ലാവരും തലയാട്ടി.
അച്ഛൻ വീണ്ടും തുടർന്നു: “ഞാനിത് ഇപ്പോൾ എല്ലാവരോടും പറഞ്ഞത്, ഇനി ഇതിന്റെ പേരിൽ പോറ്റിയുടെ കടയിൽ ഒരു സംസാരമുണ്ടായാൽ…”
അച്ഛൻ അതും പറഞ്ഞ് നിർത്തി. എല്ലാവരുടെയും മുഖത്ത് ഭയമായിരുന്നു.
അപ്പോൾ കുട്ടേട്ടൻ എല്ലാവരോടുമായി പറഞ്ഞു: “എല്ലാവരും പണിക്ക് പിരിഞ്ഞോളൂ…”
പെട്ടെന്ന് തന്നെ അവിടം ശൂന്യമായി.
അച്ഛൻ എന്നോട് ചോദിച്ചു: “പ്രാതൽ കഴിച്ചോ?”
“ഇല്ല” എന്ന് ഞാൻ പറഞ്ഞു.
“എന്നാൽ വന്നോളൂ” എന്ന് അച്ഛൻ പറഞ്ഞു.
ഞാൻ പുറകെ പോയി കൈ കഴുകി. അച്ഛൻ ഇരുന്ന ശേഷം എന്നോടും ഒരു മരപ്പീഠം വലിച്ചിട്ട് ഇരുന്നോളാൻ പറഞ്ഞു.
വലിയമ്മയെ കണ്ടില്ല. ചെറിയമ്മ വന്ന് ഞങ്ങൾക്ക് ഇഡ്ഡലിയും സാമ്പാറും ചട്ണിയും വിളമ്പി.
കുറച്ചുകഴിഞ്ഞപ്പോൾ വലിയമ്മ ഒരു പിച്ചള കപ്പിൽ എനിക്ക് വെള്ളവും, വെള്ളി കപ്പിൽ അച്ഛന് പാലും കൊടുത്തു.
അല്പം കഴിഞ്ഞ് ഇത് കണ്ട അച്ഛൻ
വലിയമ്മയെ വിളിച്ചു.
വന്നത് ചെറിയമ്മയായിരുന്നു. അച്ഛൻ ചെറിയമ്മയെ നോക്കിയ നോക്ക് കണ്ട് എനിക്ക് പേടിയായി. ചെറിയമ്മയ്ക്ക് കാര്യം ആദ്യം മനസ്സിലായില്ല.
പിന്നെ പെട്ടെന്ന് പുറകോട്ടു പോയി, ഒരു വെള്ളി കപ്പിൽ എനിക്കും പാൽ കൊണ്ടുവെച്ചു.
പിച്ചള കപ്പ് കൊണ്ടുപോവുകയും ചെയ്തു.
അച്ഛൻ കഴിച്ച് കൈകഴുകി ഉമ്മറത്തേക്ക് പോയി.
അപ്പോൾ വലിയമ്മ വന്ന് എന്നോടായി പറഞ്ഞു: “ഓ… അവനു പാൽ മാത്രമേ ഇറങ്ങുകയുള്ളൂ!”
ഞാൻ ഒന്നും മിണ്ടാതെ തലതാഴ്ത്തിയിരുന്നു. കഴിക്കാൻ പറ്റുന്നില്ലായിരുന്നു, ഞാൻ മതിയാക്കി എഴുന്നേൽക്കാൻ തുടങ്ങിയപ്പോൾ ചെറിയമ്മ എന്നെ നോക്കാതെ പറഞ്ഞു: “അന്നം ദൈവമാണ്… ഓർമ വേണം!”
ഞാൻ അവിടെയിരുന്ന് അത് ഒരുവിധം കഴിച്ചെഴുന്നേറ്റു.
ചെറിയമ്മ വന്ന് ഇലയും കപ്പും വാങ്ങിപ്പോയി.
ഞാൻ കൈ കഴുകി ഉമ്മറത്തേക്ക് ചെന്നു… ദൂരെ ഗേറ്റിന്റെ അവിടെ കുട്ടേട്ടൻ നിൽക്കുന്നുണ്ട്. ഞാൻ അങ്ങോട്ട് നടന്നു…
എന്റെ എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം കുട്ടേട്ടനിൽ നിന്ന് കിട്ടണം എന്ന് ചിന്തിച്ചുകൊണ്ട് ഞാൻ മുന്നോട്ട് നടന്നു.
എന്നെ കണ്ട കുട്ടേട്ടൻ ചോദിച്ചു: “വീട് മാറി കിടന്നിട്ട് ഉറക്കം ശരിയായോ കുഞ്ഞേ…?”
“ക്ഷീണം കാരണം പെട്ടെന്ന് ഉറങ്ങിപ്പോയി കുട്ടേട്ടാ…” ഞാൻ പറഞ്ഞു.
