ഏടത്തി: “ഓ ശരി തമ്പുരാട്ടി. ഡീ, പുറത്ത് കാർ വന്നു എന്ന് തോന്നണു. മാറ് മറച്ച് അങ്ങോട്ട് പൊയ്ക്കോളൂ.”
ഞാൻ കുളി കഴിഞ്ഞ് ഉമ്മറത്ത് വന്നപ്പോൾ അവരും എത്തി.
തിരുമേനി: “ദേവൻ കുളി കഴിഞ്ഞ് വരികയാണല്ലേ?”
ഞാൻ: “അതെ.”
തിരുമേനി: “ഉം, അത് നന്നായി. എന്നാൽ നേരെ പൂജാമുറിയിൽ കയറി ആ പെട്ടികൾ എടുത്ത് അകത്തളത്തിലേക്ക് വന്നോളൂ.”
ഞാൻ ശരി എന്ന് പറഞ്ഞ് ആ പെട്ടികൾ എടുക്കാൻ പൂജാമുറിയിൽ ചെന്നു. അതും ആയി പുറത്തേക്ക് വന്നു. എല്ലാവരും അവിടെ തിരുമേനിക്ക് ചുറ്റും ഇരിപ്പുണ്ടായിരുന്നു. ഞാൻ അത് തിരുമേനിക്ക് മുൻപിൽ വെച്ച് ഞാനും അവിടെ ഇരുന്നു.
തിരുമേനി: “ഇന്നലെ എല്ലാം ഭംഗിയായി നടന്നില്ലേ?”
ഞാൻ: “അതെ തിരുമേനി, യാതൊരു തടസ്സവും ഉണ്ടായിരുന്നില്ല.”
തിരുമേനി എഴുത്തോലപ്പെട്ടി തുറന്ന് അതിൽ നിന്നും ഓലകൾ പുറത്തെടുത്ത് വായിക്കുവാൻ തുടങ്ങി. കുറച്ചു സമയമെടുത്ത് എല്ലാം വായിച്ചു കഴിഞ്ഞ് വലിയമ്മയോട് കുറച്ചു വെള്ളം കൊടുക്കാൻ പറഞ്ഞു.
തിരുമേനി: “രാജാ, എന്റെ ആ പെട്ടി വണ്ടിയിൽ നിന്നും എടുത്തിരുന്നോ?”
അച്ഛൻ: “ഇല്ല, എടുക്കണോ?”
തിരുമേനി എന്നെ നോക്കി ഒന്ന് എടുത്തു വരാമോ എന്ന് ചോദിച്ചു. ഞാൻ ശരി
എന്ന് പറഞ്ഞ് പുറത്തേക്ക് നടന്നു. അച്ഛൻ പുറകിൽ ഇരിപ്പുണ്ട് എന്ന് വിളിച്ചു പറഞ്ഞു.
ഞാൻ വണ്ടി തുറന്ന് പെട്ടിയുമായി അകത്തേക്ക് വന്നപ്പോൾ തിരുമേനി മൂന്ന് വിളക്ക് തെളിച്ച്, ഒരു വശത്ത് ഒരു വലിയ ഓട്ടുരുളി വെച്ചിട്ടുണ്ട്. ഞാൻ പെട്ടി തിരുമേനിയെ ഏൽപ്പിച്ച് ചെറിയമ്മയ്ക്ക് അടുത്തേക്ക് ഇരിക്കുവാൻ പോയി. അപ്പോഴേക്കും തിരുമേനി എന്നോട് അങ്ങോട്ട് വന്ന് ഇരിക്കാൻ പറഞ്ഞു.
ഞാൻ അവിടെ ഇരുന്നു. തിരുമേനി പെട്ടി തുറന്ന് കവടി പലകയും കവടികളും നിരത്തി.
തിരുമേനി എന്തൊക്കെയോ മന്ത്രങ്ങൾ ജപിച്ച ശേഷം കവടി നിരത്തി അതിൽ നോക്കുവാൻ തുടങ്ങി. ആ മുഖത്ത് ആകെ ഒരു പരിഭ്രമം പോലെ.
പെട്ടെന്ന് തിരുമേനി എഴുന്നേറ്റ് എന്നോട് പുറകെ വരുവാൻ പറഞ്ഞ് പുറത്തേക്ക് നടന്നു. ഞാൻ പുറകെ ചെന്നു. തിരുമേനി പടിപ്പുരയ്ക്ക് മുന്നിൽ എത്തി നിന്നു.
തിരുമേനി: “ദേവൻ പടിപ്പുരയുടെ മുകളിൽ കയറി നോക്കൂ. അവിടെ ആ കോണിലായി വെള്ളിയിൽ തീർത്ത ഒരു ചെറിയ സ്ത്രീ പ്രതിമ കാണും. അത് അവിടെ ഉണ്ടോ എന്ന് ഉറപ്പുവരുത്തൂ.”
ഞാൻ മുകളിൽ കയറി ചുറ്റും നോക്കി. അങ്ങനെ ഒന്ന് അവിടെ കാണുന്നില്ല. ഞാൻ ഇവിടെ അങ്ങനെ ഒന്നും കാണുന്നില്ല എന്ന് പറഞ്ഞു. തിരുമേനിയുടെ മുഖം ആകെ വിളറി വെളുത്തത് പോലെ തോന്നി.
തിരുമേനിയുടെ മുഖത്തെ വിളർച്ച കണ്ട് ഞാൻ പടിപ്പുരയിൽ നിന്നും വേഗം താഴേക്ക് ഇറങ്ങി അദ്ദേഹത്തിന്റെ അടുത്തെത്തി.
ഞാൻ: “എന്താ തിരുമേനി?”
തിരുമേനി പടിപ്പുരയുടെ മുകളിലേക്ക് തന്നെ നോക്കി നിന്നു. അദ്ദേഹത്തിന്റെ ശബ്ദത്തിൽ ഗൗരവവും ആശങ്കയും നിറഞ്ഞിരുന്നു.
തിരുമേനി: “അതൊരു സാധാരണ പ്രതിമയല്ല ദേവാ. ഈ
തറവാടിനെ ലക്ഷ്യമിട്ട് വരുന്ന എല്ലാ ദുഷ്ടശക്തികളും ആഭിചാര പ്രയോഗങ്ങളുമൊന്നും ഈ പടിപ്പുര കടന്ന് അകത്തേക്ക് ഏൽക്കാതിരിക്കാൻ, തലമുറകൾക്ക് മുൻപ് നിന്റെ പൂർവ്വികർ സ്ഥാപിച്ച കാവലാണത്. ആ വെള്ളി പ്രതിമയുള്ളിടത്തോളം കാലം ഒരു ദുഷ്ടശക്തിക്കും ഈ മണ്ണിലേക്ക് കടക്കാൻ കഴിയില്ല.”
ഞാൻ: “അപ്പോൾ ഞാൻ കഴിഞ്ഞ ദിവസം കണ്ടവൾ തന്നെയാണോ അത് എടുത്തുകൊണ്ട് പോയത്?”
തിരുമേനി തലയാട്ടി നിരസിച്ചു.
തിരുമേനി: “ഇല്ല ദേവാ. പുറത്തുനിന്നുള്ള ഒരാൾക്ക് ആ പ്രതിമ തൊടാൻ പോലും സാധിക്കില്ല. പുറത്തുനിന്ന് ആർക്കും അത് കണ്ണിൽ പെടില്ല. അത് അവിടെ നിന്നും മാറ്റണമെങ്കിൽ, ഈ തറവാട്ടിലെ രക്തബന്ധമുള്ള ആരെങ്കിലും തന്നെ വിചാരിക്കണം.”
അത് കേട്ടതും എന്റെ ഉള്ളിലൂടെ ഒരു മിന്നൽപ്പിണർ പാഞ്ഞുപോയി. ഈ കുടുംബത്തിലുള്ള ഒരാൾ തന്നെ എന്തിനാണ് സ്വന്തം തറവാടിന്റെ കാവൽ എടുത്തു മാറ്റുന്നത്?
തിരുമേനി വേഗം അകത്തളത്തിലേക്ക് നടന്നു. ഞാനും പുറകെ ചെന്നു. തിരുമേനിയുടെ മുഖത്തെ പരിഭ്രമം കണ്ട് എല്ലാവരും എഴുന്നേറ്റു.
