മന്നാടിയാർ കോട്ട – 10 23അടിപൊളി  

അച്ഛൻ: “ദത്തൻ കുഞ്ഞേ, എന്തു പറ്റി?”

തിരുമേനി: “രാജാ, കാര്യങ്ങൾ കൈവിട്ടു പോകുകയാണ്. ഞാൻ കവടി നിരത്തിയിട്ട് ഒന്നും തെളിയുന്നില്ല, അതാ സംശയം വന്നത്. പടിപ്പുരയിലെ കാവൽ നീക്കം ചെയ്തിരിക്കുന്നു. ഈ കുടുംബത്തിലുള്ള ആരുടെയോ കൈകളാലാണ് അത് സംഭവിച്ചത്. അതിന്റെ ഫലമാണ് കഴിഞ്ഞ ദിവസങ്ങളിൽ അവൾ ഇവിടെ പ്രവേശിച്ചത്.”

അകത്തളത്തിൽ നിന്നിരുന്ന എല്ലാവരും സ്തബ്ധരായി പരസ്പരം നോക്കി.

അച്ഛൻ: “അതെങ്ങനെ സംഭവിക്കും? ഞാൻ പോലും അത് നേരെ കണ്ടിട്ടുപോലുമില്ല. പിന്നെ ഇവർ മൂന്നുപേരും അതിനെക്കുറിച്ച് അറിയുക പോലുമില്ല. അപ്പോൾ എങ്ങനെ അത് സംഭവിക്കും?”

തിരുമേനി ആലോചനയിലായി. വലിയമ്മയെ നോക്കി പറഞ്ഞു.

തിരുമേനി: “കുടിക്കാൻ കുറച്ചു വെള്ളം…”

വലിയമ്മ: “സമയം ഒരുപാടായില്ലേ, എല്ലാവരും ജലപാനം ചെയ്തിട്ടില്ലല്ലോ. കുടിക്കാൻ പാൽ എടുത്താലോ തിരുമേനി?”

തിരുമേനി: “ഉം, ആവാം.”

ചെറിയമ്മയും വലിയമ്മയും അടുക്കളയിലേക്ക് നടന്നു. അവിടെയാകെ നിശ്ശബ്ദത പടർന്നു. തിരുമേനി ആലോചനയിൽ തന്നെയായിരുന്നു. കുറച്ചു കഴിഞ്ഞ് തിരുമേനി പെട്ടിയിൽ നിന്നും ഒരു അഞ്ജനക്കല്ല് എന്റെ കൈയിൽ തന്നിട്ട് പറഞ്ഞു, “ഇത് ചാലിച്ച് ഒരു തൂക്കിൽ കുറച്ചു വെള്ളവുമായി വരിക.”

ഞാൻ അതും വാങ്ങി പുറത്തുവന്ന് ഒരു തൂക്കിൽ വെള്ളവുമെടുത്ത് കല്ല് കൈകൊണ്ട് പൊടിച്ചു കലക്കുവാൻ നോക്കി. പക്ഷേ, അത് കലങ്ങുന്നില്ല. ഞാൻ ആ കല്ലുമായി പയ്യെ അടുക്കളയിൽ ചെന്ന് ചെറിയമ്മയോട് ഇത് എങ്ങനെ കലക്കണമെന്ന് ചോദിച്ചു മനസ്സിലാക്കി. വേറെ ഒരു കല്ലിൽ ഉരച്ചു കലക്കി ആ വെള്ളവുമായി അകത്തു ചെന്നു.

തിരുമേനി: “ദേവാ, അത് ആ കാണുന്ന ഉരുളിയിൽ ഒഴിച്ചോളൂ. നിറയ്ക്കണ്ട.”

ഞാൻ ശരി എന്ന് പറഞ്ഞ് ആ വെള്ളം അതിൽ ഒഴിച്ചു. ശേഷം തിരുമേനി പെട്ടിയിൽ നിന്നും എന്തൊക്കെയോ എടുത്ത് അതിനു മീതെ വിതറി.

തിരുമേനി വിതറിയ പൊടി വെള്ളത്തിൽ വീണതും ഉരുളിയിലെ വെള്ളത്തിന് പതിയെ കറുപ്പ് നിറമായി മാറി.

അപ്പോഴേക്കും അടുക്കളയിൽ നിന്നും വലിയമ്മയും ചെറിയമ്മയും വലിയൊരു പിച്ചള കിണ്ടിയും തിളങ്ങുന്ന വെള്ളി ഗ്ലാസുകളുമായി അകത്തളത്തിലേക്ക് വന്നു. എല്ലാവർക്കും ചൂട് പാൽ പകർന്നു നൽകി.

തിരുമേനി അത് കുടിച്ച ശേഷം ആ ഉരുളിയുടെ അടുത്തേക്ക് നീങ്ങി നിന്ന്, കണ്ണുകളടച്ച് എന്തൊക്കെയോ മന്ത്രങ്ങൾ ഉരുവിടാൻ തുടങ്ങി.

നിലവിളക്കിന്റെ നാളം കാറ്റിലൊന്ന് ആടിയുലഞ്ഞു. തിരുമേനി വീണ്ടും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ട് ഉരുളിയിലേക്ക് നോക്കി.

തിരുമേനി:

“ദേവാ, നീ അടുത്തേക്ക് വന്ന് ഈ ഉരുളിയിലേക്ക് സൂക്ഷിച്ചു നോക്കൂ. മനസ്സിൽ മറ്റൊന്നും ചിന്തിക്കരുത്. പടിപ്പുരയിലെ ആ പ്രതിമയ്ക്ക് എന്ത് സംഭവിച്ചുവെന്ന് നിനക്ക് ഇതിൽ കാണാൻ സാധിക്കും.”

ഞാൻ ആകാംക്ഷയോടെ ഉരുളിക്ക് അരികിലേക്ക് നീങ്ങിയിരുന്നു. കറുത്ത വെള്ളത്തിലേക്ക് ഞാൻ ഉറ്റുനോക്കി. ആദ്യം എന്റെ സ്വന്തം മുഖം മാത്രമാണ് അതിൽ തെളിഞ്ഞു കണ്ടത്. പക്ഷേ, തിരുമേനി വീണ്ടും മന്ത്രങ്ങൾ ഉരുവിട്ടതോടെ വെള്ളത്തിൽ ചെറിയൊരു ഓളം വെട്ടി.

പതിയെ ആ കറുത്ത പ്രതലത്തിൽ ഒരു ദൃശ്യം തെളിഞ്ഞു വരാൻ തുടങ്ങി!

അതൊരു പുഴയുടെ തീരമാണ്. ഒഴുകുന്ന പുഴയുടെ കരയിലായി പഴക്കം ചെന്ന ഒരു ചെറിയ കാവ്. ആ കാവിന് മുൻപിലായി വലിയൊരു മരം പടർന്നു പന്തലിച്ചു നിൽക്കുന്നുണ്ട്.

കാവിന്റെ പടിക്കെട്ടിൽ നമ്മുടെ പടിപ്പുരയിലുണ്ടായിരുന്ന ആ വെള്ളി പ്രതിമ ഇരിക്കുന്നത് ഞാൻ വ്യക്തമായി കണ്ടു! കാവിനുള്ളിലേക്ക് നോക്കിയപ്പോൾ അവിടെയൊരു വിഗ്രഹമുണ്ട്. പക്ഷേ, എന്തോ ഒരു നിഗൂഢമായ രൂപമാണത്. ഇരുട്ടായതുകൊണ്ടോ എന്തോ ആ വിഗ്രഹത്തിന്റെ രൂപം തീരെ വ്യക്തമല്ല.

ഞാൻ ഉരുളിയിൽ നിന്നും മുഖം ഉയർത്തി തിരുമേനിയെ നോക്കി.

തിരുമേനി: “എന്താ ദേവാ? നീ എന്താണ് കണ്ടത്?”

ഞാൻ: “തിരുമേനി… ആ പ്രതിമ ഇപ്പോൾ ഒരു പുഴയുടെ തീരത്തുള്ള ചെറിയൊരു കാവിന് മുന്നിലാണുള്ളത്. കാവിന് മുൻപിൽ വലിയൊരു മരമുണ്ട്. ഉള്ളിൽ അവ്യക്തമായ ഏതോ ഒരു വിഗ്രഹവും കാണുന്നുണ്ട്.”

Leave a Reply

Your email address will not be published. Required fields are marked *