മൗനങ്ങൾ വാചാലമാകുമ്പോൾ – 4 4

അവൾ വിളമ്പി,, ഞാൻ കഴിച്ചു…

 

കഴിച്ചു കഴിഞ്ഞപ്പോൾ അവൾ എന്റെ എച്ചിൽ വാരിയെടുത്തു… പാത്രങ്ങൾ കഴുകി സാധാരണപോലെ തന്നെ അടുക്കി വെച്ചു.. എല്ലാം പതിവുപോലെ..

 

പക്ഷേ മൗനം മാത്രം അസാധാരണമായി മേശക്കിടയിൽ കട്ടയായി കിടന്നു…

 

അന്നത്തെ ഭക്ഷണത്തിന്

എനിക്ക് ഒരു രുചിയും തോന്നിയില്ല…

വായിൽ പോയത് ഭക്ഷണമല്ലെന്ന് വരെ തോന്നിപ്പോയി…

 

പക്ഷേ ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു…

ഷബീന അന്ന് സാധാരണത്തേക്കാൾ

കൂടുതൽ കഴിച്ചിരുന്നു… അവളുടെ ആ നീക്കത്തിൽ എന്തോ ഒരു വെല്ലുവിളി ഉണ്ടായിരുന്നു…അവൾ വിശപ്പടക്കാൻ ഭക്ഷണം കഴിച്ചതല്ല… മറിച്ച് ഇവിടെ

ഇന്ന് അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ല എന്നൊരു അവകാശവാദം പോലെ…

 

ജീവിതം പതിവുപോലെ തന്നെ മുന്നോട്ട് പോകും എന്ന് അവൾ ഉറപ്പിച്ചുപറയുന്ന പോലെ!!

 

അവൾ ഒരു സാധാരണ ദിവസത്തെ

നാടകമാടി…

 

അവളുടെ ആ ശാന്തത,, എന്റെ മൗനങ്ങളെയും,, പ്രതിഷേധങ്ങളെയും,, നിസ്സാരമാക്കി!!

 

എന്റെ ഉള്ളിൽ എന്തോ മാറിത്തുടങ്ങിയിരുന്നു…

 

ഇതുവരെ ഞാൻ പിടിച്ചുനിന്നത്

നിയന്ത്രണമെന്ന പേരിലായിരുന്നു… പക്ഷെ ഇനി അത് ഭയമായി മാറാൻ തുടങ്ങുന്നുവെന്ന് എനിക്ക് തന്നെ തോന്നി!!

 

****************

തുടർന്നുള്ള കുറച്ചു ദിവസങ്ങൾ എല്ലാം തന്നെ ഒരു തനിയാവർത്തനമായി മാറി…

 

രാവിലെ ഡ്യൂട്ടിക്ക് പോകുമ്പോൾ

അവൾ എനിക്ക് ബ്രേക്ക്‌ഫാസ്റ്റ് നൽകി…

 

വൈകിട്ട് തിരികെ വന്നാ പതിവുപോലെ ഒരു ചായ..

 

രാത്രിയിൽ ഒരേ മേശയ്ക്കരികിൽ

അത്താഴം…

 

എല്ലാം പതിവുപോലെ… പരസ്പരം മുഖത്തോട് മുഖം നോക്കിയില്ല…

ഒരക്ഷരം പോലും സംസാരിച്ചില്ല…

അത് മാത്രമാണ് മാറിയിരുന്നത്!

 

അവൾ ഇപ്പോഴും ഒരു ഭാര്യയുടെ കടമകൾ കൃത്യമായി നിർവഹിച്ചിരുന്നു

 

പക്ഷേ എന്തുകൊണ്ട്??

 

എന്നെ ഇപ്പോഴും ഒരു ഭർത്താവിന്റെ സ്ഥാനത്ത് അവൾ കണക്കാക്കുന്നതുകൊണ്ടോ?

 

അല്ലെങ്കിൽ ഞാൻ വഹിക്കുന്ന ചിലവുകൾക്ക് തിരിച്ചടവായി അവൾ തീർക്കുന്ന ഒരു കടപ്പാട് പോലെയോ?

 

ഈ സംശയം എന്റെ ഉള്ളിൽ ഒരു മുറിവുപോലെ തുറന്നുകിടന്നു…

 

കിടത്തവും ഒരേ മുറിയിൽ തന്നെയായിരുന്നു… ഒരേ മെത്തയിൽ.

 

പക്ഷേ പരസ്പരം പുറം തിരിഞ്ഞ്…

ഉറക്കത്തിലുപോലും അറിയാതെ സ്പർശിച്ചുപോകാതിരിക്കാൻ

ശ്രദ്ധയോടെ ഞങ്ങളുടെ ശരീരങ്ങൾ

തമ്മിൽ ചേർന്നുനിന്നു…

 

അളക്കാൻ കഴിയുന്ന വിധത്തിൽ അകലം ഒന്നുമില്ലായിരുന്നു..

.

പക്ഷേ മനസ്സുകൾ വിദൂരങ്ങളിലായിരുന്നു… ചിന്തകൾ

വേറേ വേറേ വഴികളിലൂടെ അലയുകയായിരുന്നു!

 

ഒരു മെത്ത… രണ്ട് ശരീരങ്ങൾ.

പക്ഷേ ഒരൊറ്റ ബന്ധവും

അവിടെ ഉണ്ടായിരുന്നില്ല!!

 

അത് ഉറക്കം അല്ലായിരുന്നു… ഒരേ ഇടത്ത് വേർപെട്ടു കഴിയുന്ന

ഒരു ശിക്ഷപോലെയായിരുന്നു!!

 

***********

 

അടുത്ത വെള്ളിയാഴ്ച…

ജീവിതത്തിന്റെ താളം തെറ്റി കൃത്യം ഒരാഴ്ച കഴിഞ്ഞു…

 

അന്നും എല്ലാം പതിവുപോലെ തന്നെയായിരുന്നു…

 

ഞാൻ രാവിലെ പുറപ്പെടുമ്പോൾ അവൾ ബ്രേക്ക്‌ഫാസ്റ്റ് തയ്യാറാക്കി വെച്ചിരുന്നു… വൈകുന്നേരം ചായ…

രാത്രി, ഒരേ മേശയ്ക്കു ചുറ്റുമിരുന്ന് അത്താഴം…

 

എല്ലാം ഉണ്ടായിരുന്നു— പക്ഷേ സംസാരങ്ങൾ ഇല്ലായിരുന്നു…

 

മൗനങ്ങൾ പോലും വാചാലമായിരുന്നില്ല!!

 

ഒരാളുടെ നോട്ടം മറ്റേയാളിലേക്കു നീളാൻ ശ്രമിച്ചാൽ, അടുത്ത നിമിഷം തന്നെ രണ്ടുപേരും മുഖം തിരിച്ചു മാറ്റും—അറിയാതെ അല്ല, അവശ്യമായ ജാഗ്രതയോടെ… ഒരേ വീട്ടിൽ, ഒരേമുറിയിൽ, ഒരേ സമയങ്ങളിൽ…

എന്നിട്ടും പരസ്പരം ബന്ധം ഇല്ലാത്തവരെപ്പോലെ നമ്മൾ ജീവിക്കുകയായിരുന്നു…

 

ഈ ഒരാഴ്ച മാനസികമായി എനിക്ക് അത്യന്തം കഠിനമായിരുന്നു…

 

അവൾക്കും അങ്ങനെ തന്നെയായിരിക്കണം..എനിക്കുറപ്പുണ്ട്!

 

ഒരുമിച്ച് ജീവിക്കാൻ തുടങ്ങി ഇത്രയും കാലത്തിനിടയിൽ,

ഇത്ര ദൈർഘ്യമുള്ളതും

ഇത്ര ഗൗരവമുള്ളതുമായ ഒരു പിണക്കം നമുക്കിടയിൽ ഇതുവരെ ഉണ്ടായിരുന്നില്ല…

 

Leave a Reply

Your email address will not be published. Required fields are marked *