പാർവണം – 1 Likeഅടിപൊളി  

“പാർവണ…” അറിയാതെ എന്റെ ചുണ്ടിൽ നിന്ന് ആ പേര് വീണുപോയി..

“എന്താ?”

അവൾ തിരിഞ്ഞു നോക്കി..

“ഒന്നുമില്ല… ഞാൻ സച്ചുച്ചേട്ടന്റെ അമ്മായിയുടെ മോനാ.”

ഞാൻ പറഞ്ഞു

.

“ആഹ്… കേട്ടിട്ടുണ്ട്. കല്യാണത്തിന്റെ തിരക്ക് കാരണം ആരെയും അങ്ങോട്ട് പരിചയപ്പെടാൻ പറ്റിയില്ല. പുറത്ത് നല്ല ബഹളവും ചൂടുമല്ലേ, അതാ ഇങ്ങോട്ട് പോന്നത്.”

അവൾ കുളത്തിലെ വെള്ളത്തിലേക്ക് നോക്കി വളരെ സാധാരണയായി പറഞ്ഞു.

“അതെ… ഞാനും അത് കാരണം ഇങ്ങോട്ട് വന്നതാ.”

ഞാൻ പതിയെ അവളുടെ അടുത്തേക്ക് നടന്നു, കുറച്ചകലത്തിൽ ആ പടവുകളിൽ ഇരുന്നു.

പെട്ടെന്ന് അവൾ എന്നെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി. അവളുടെ ആ ഇളം നീലക്കണ്ണുകൾ എന്റെ കണ്ണുകളുമായി ഉടക്കി.

“അല്ല, എന്താ മുഖത്തൊരു വല്ലായ്മ? എന്നെ ഇതിനു മുൻപ് എവിടെയെങ്കിലും കണ്ടിട്ടുണ്ടോ?”.

അവൾ വളരെ സ്വാഭാവികമായി ചോദിച്ചു.

എന്റെ ഹൃദയമിടിപ്പ് വീണ്ടും കൂടി. എന്റെ ഓരോ രാത്രികളിലും ഞാൻ കാണുന്നതാണ് ഈ മുഖമെന്ന് എങ്ങനെ ഞാൻ അവളോട് പറയും?

“ഇല്ല… ഇല്ല, എവിടെയോ കണ്ടു മറന്ന ഒരു മുഖം പോലെ തോന്നി. അത്രേ ഉള്ളു…”

ഞാൻ എന്റെ നോട്ടം മാറ്റി കുളത്തിലേക്ക് നോക്കിക്കൊണ്ട്

പറഞ്ഞു.

“ചിലപ്പോ ഏതെങ്കിലും മുൻജന്മത്തിൽ കണ്ടിട്ടുണ്ടാകും!”

ഒരു തമാശരൂപേണ അത് പറഞ്ഞുകൊണ്ട് അവൾ ചെറുതായി ഒന്ന് ചിരിച്ചു.

അവൾ വെറുതെ പറഞ്ഞതാണെങ്കിലും, ആ കരിവളകളുടെ കിലുക്കവും കാറ്റിൽ പാറിവന്ന ആ ചന്ദനഗന്ധവും എന്റെ ഉള്ളിൽ വലിയൊരു കൊടുങ്കാറ്റുണ്ടാക്കുകയായിരുന്നു. ആ നിമിഷം കാറ്റിൽ പറന്നുവന്ന അവളുടെ മുടിയിഴകൾ എന്റെ മുഖത്ത് തഴുകി. ഈ സമയം എങ്ങനെയെങ്കിലും ഇവിടെയൊന്ന് നിശ്ചലമായി നിന്നിരുന്നെങ്കിൽ എന്ന് ഞാൻ വെറുതെ ആഗ്രഹിച്ചുപോയി..

കുറച്ചുനേരം അവിടെ ഒരു നിശബ്ദതയായിരുന്നു. കാറ്റിന്റെ മൂളലും കുളത്തിലെ വെള്ളത്തിൽ ഇലകൾ വീഴുന്ന ശബ്ദവും മാത്രം. പെട്ടെന്ന് ആ നിശബ്ദത ഭേദിച്ച് അവൾ വീണ്ടും ചോദിച്ചു.

“അല്ല, ഇത്രയൊക്കെ സംസാരിച്ചിട്ടും സ്വന്തം പേരെന്താണെന്ന് പറഞ്ഞില്ലല്ലോ?”

അവൾ പുരികം ഉയർത്തിക്കൊണ്ട് ചോദിച്ചു.

“ആദിത്യനാഥ്.. എല്ലാവരും ആദി എന്ന് വിളിക്കും,” ഞാൻ പെട്ടെന്ന് മറുപടി നൽകി.

“ആദിത്യനാഥ്..”

അവൾ ആ പേര് ഒന്നുകൂടി പതിയെ ഉരുവിട്ടു.

 

“കൊള്ളാം, നല്ല പേര്.”

ആ നിമിഷം ഞാൻ എന്തെങ്കിലും മറുപടി പറയുന്നതിന് മുൻപ്, പന്തലിൽ നിന്നുള്ള നാദസ്വരത്തിന്റെ ശബ്ദം ഉച്ചത്തിലായി. അതോടൊപ്പം ആരോ അവളെ തിരയുന്ന ശബ്ദവും കേട്ടു.

“പാർവണേ… എവിടെയാ കുട്ടി നീ? .

മുഹൂർത്തത്തിന് സമയമായി, വേഗം ഇങ്ങോട്ട് വാ…”

നാലുകെട്ടിന്റെ ഉള്ളിൽ നിന്നും പ്രായമുള്ള ഒരു സ്ത്രീയുടെ ശബ്ദം മുഴങ്ങി.

“അയ്യോ, മുത്തശ്ശി അന്വേഷിക്കുന്നുണ്ട്. ഞാൻ ചെല്ലട്ടെ.. ”

അവൾ വേഗം എഴുന്നേറ്റു. അവളുടെ കരിവളകൾ വീണ്ടും കിലുങ്ങി. പടവുകൾ കയറി മുകളിലെത്തിയ ശേഷം അവൾ പെട്ടെന്ന് തിരിഞ്ഞുനിന്നു.

“പിന്നെ കാണാം…”

എന്ന് പറഞ്ഞ് അവൾ ആ നാലുകെട്ടിന്റെ ഇരുളിലേക്ക് നടന്നു മറഞ്ഞു..

ഞാൻ തിരികെ പന്തലിലേക്ക് ചെല്ലുമ്പോൾ താലികെട്ടിനുള്ള ഒരുക്കങ്ങൾ തുടങ്ങിയിരുന്നു.. സച്ചുച്ചേട്ടനും വധുവും മണ്ഡപത്തിൽ ഇരിപ്പുണ്ട്. ചുറ്റും വലിയ തിരക്കാണ്. എന്റെ കണ്ണുകൾ ആ ബഹളങ്ങൾക്കിടയിലും തിരഞ്ഞത് അവളെയാണ്..

പെട്ടെന്നാണ് വധുവിന്റെ ബന്ധുക്കൾ നിൽക്കുന്ന കൂട്ടത്തിൽ ഞാൻ അവളെ കണ്ടത്. ആ കസവ് ദാവണിയിൽ അവൾ കൂടുതൽ സുന്ദരിയായി തോന്നി. താലികെട്ടുന്ന ആ നിമിഷത്തിൽ, ആളുകളുടെ കയ്യടികൾക്കിടയിൽ യാദൃശ്ചികമായി അവളുടെ കണ്ണുകൾ എന്റെ നേരെ പാറിവീണു. ഒരുപാട് ആളുകൾക്കിടയിൽ നിന്ന് ഞങ്ങളുടെ കണ്ണുകൾ പരസ്പരം ഉടക്കി. ആ നോട്ടത്തിൽ വല്ലാത്തൊരു ശാന്തത ഉണ്ടായിരുന്നു. അവൾ വളരെ നേർത്തതൊന്ന് പുഞ്ചിരിച്ചു, ഞാനും..

ചടങ്ങുകളെല്ലാം കഴിഞ്ഞ് സച്ചുച്ചേട്ടനും വധുവും തറവാട്ടിലേക്ക് വലതുകാൽ വെച്ച് കയറി. കല്യാണം തറവാട്ടിൽ വെച്ചുതന്നെയായതുകൊണ്ട് അവർക്ക് വേറെ എങ്ങോട്ടും പോകാനില്ലല്ലോ. ഇനി സദ്യയുടെ തിരക്കാണ്..

Updated: July 4, 2026 — 7:11 pm

Leave a Reply

Your email address will not be published. Required fields are marked *