പാർവണം – 1 Likeഅടിപൊളി  

പിന്നെ അമ്മയും ചേച്ചിയും കൂടി കല്യാണക്കഥകളും ബന്ധുക്കളുടെ വിശേഷങ്ങളും പങ്കുവെക്കുന്ന തിരക്കിലായി. ഞാൻ പതിയെ അടുക്കളയിൽ നിന്ന് ഉമ്മറത്തേക്ക് നടന്നു. പുറത്ത് നല്ല വെയിലുണ്ടായിരുന്നു. ആ വെയിലിലേക്ക് നോക്കി നിൽക്കുമ്പോഴും എന്റെ ഉള്ളിൽ കാറ്റ് വീശുന്ന പാലക്കാടൻ വഴികളായിരുന്നു. പ്രിന്റ് എടുത്ത ഫോട്ടോയുമായി അവളുടെ വീടിന്റെ പടിപ്പുര കടന്നുചെല്ലുന്ന ആ നിമിഷം ഞാൻ വെറുതെ മനസ്സിൽ കണ്ടു……

“ഇതാ നിന്റെ ഫോൺ…”

അമ്മയുടെ ശബ്ദം കേട്ടാണ് ഞാൻ തിരിഞ്ഞു നോക്കിയത്. അമ്മ ഉമ്മറത്തേക്ക് വന്ന് ഫോൺ എന്റെ നേരെ നീട്ടി…

“അവൾക്ക് അവിടെ ഭയങ്കര തിരക്കാണെന്നാ പറയുന്നേ. എപ്പോഴും ആ ലാപ്ടോപ്പിന്റെ മുൻപിൽ തന്നെയാത്രേ ഇരുപ്പ്,”.

അമ്മ ചെറിയൊരു പരിഭവത്തോടെ പറഞ്ഞു.

“അവളവിടെ ജോലിയെടുക്കാൻ പോയതല്ലേ അമ്മേ, അല്ലാതെ വെറുതെ ഇരിക്കാൻ അല്ലല്ലോ,”

ഞാൻ ചിരിച്ചുകൊണ്ട് ഫോൺ വാങ്ങി.

പോക്കറ്റിലിടാൻ തുടങ്ങിയെങ്കിലും, പെട്ടെന്ന് എന്തോ ഓർത്ത് ഞാൻ സ്ക്രീനിലേക്ക് നോക്കി. സച്ചുച്ചേട്ടന്റെ മെസ്സേജ് വന്നിട്ടുണ്ട്!.

നെഞ്ചിടിപ്പോടെ ഞാൻ വാട്സ്ആപ്പ് തുറന്നു. ഞാൻ കാത്തിരുന്ന ആ അഡ്രസ്സ് ആണ്.

പാർവണ

C/o രാമനാഥൻ

ഇന്ദ്രനീലം തറവാട്

കരിമ്പനക്കാവ് ക്ഷേത്രത്തിന് സമീപം,

കൊല്ലങ്കോട് പി.ഒ, പാലക്കാട് – 678506

‘ഇന്ദ്രനീലം…’ ആ പേര് ഞാൻ ഒന്നുകൂടി മനസ്സിൽ ഉരുവിട്ടു. എത്ര മനോഹരമായ പേര്! അവളുടെ ആ ഇളം നീലക്കണ്ണുകൾക്ക് ഏറ്റവും അനുയോജ്യമായ പേര്. കുടുംബ കാരണവരായ മുത്തശ്ശൻ രാമനാഥന്റെ പേരിലാണ് ആ വലിയ തറവാട് ഇപ്പോഴും അറിയപ്പെടുന്നത്.

സച്ചുച്ചേട്ടൻ പറഞ്ഞതനുസരിച്ച് അവളുടെ അച്ഛൻ കൃഷ്ണമൂർത്തി കുറച്ചു നാൾ മുൻപ് മരിച്ചുപോയി. എങ്കിലും അവൾ ഒറ്റയ്ക്കല്ല, ആ നാലുകെട്ടിൽ മുത്തശ്ശനും മുത്തശ്ശിയും മാമനും മാമിയും ഒക്കെയായി വലിയൊരു കൂട്ടുകുടുംബമാണ് അവരുടേത്. ആളും ബഹളവുമുള്ള ആ വലിയ തറവാട്ടിൽ, സ്വന്തമായി ഒരു ഫോൺ പോലുമില്ലാതെ നടക്കുന്ന ആ പഴയകാല പെൺകുട്ടിയെ ഞാൻ ഒന്നുകൂടി മനസ്സിൽ സങ്കൽപ്പിച്ചു നോക്കി.

പിന്നെ എന്റെ ശ്രദ്ധ

ആ സ്ഥലത്തിന്റെ പേരിലായിരുന്നു—കൊല്ലങ്കോട്. അതിരുകളില്ലാത്ത നെൽപ്പാടങ്ങളും, ഇടവഴികളിൽ കാവൽ നിൽക്കുന്ന കരിമ്പനകളും, പഴയ തറവാടുകൾ ഉറങ്ങുന്ന പാലക്കാടിന്റെ സ്വന്തം ഗ്രാമം. സിനിമകളിലും മറ്റും കണ്ടിട്ടുള്ള ആ മനോഹരമായ ഗ്രാമത്തിലേക്കാണ് എന്റെ യാത്ര എന്നോർത്തപ്പോൾ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നി. അവിടെ, ആ പച്ചപ്പിന് നടുവിലുള്ള ‘ഇന്ദ്രനീലം’ എന്ന തറവാട്ടിൽ അവളെ വീണ്ടും കാണാമല്ലോ..

“നീ ഇതെന്താടാ ഫോണിലും നോക്കി ഇങ്ങനെ പകച്ചുനിൽക്കുന്നത്?”

അമ്മയുടെ ചോദ്യം എന്നെ വീണ്ടും ചിന്തകളിൽ നിന്ന് പുറത്തുകൊണ്ടുവന്നു.

“ഏയ്… ഒന്നുമില്ല അമ്മേ, ഞാൻ ആ പാലക്കാട്ടുള്ള വർക്കിന്റെ അഡ്രസ്സ് ഒന്ന് നോക്കിയതാ,”

ഞാൻ വേഗം ഫോൺ പോക്കറ്റിലിട്ടുകൊണ്ട് പറഞ്ഞു..

“ഉം… ന്നാ നീ പോയി മുഖമൊക്കെ ഒന്നൂടെ കഴുകി വാ. സമയം ഒൻപതര കഴിഞ്ഞു. ഞാൻ ചൂട് ദോശയും ചമ്മന്തിയും എടുത്തുവെക്കാം. കാലത്തേ ഒന്നും കഴിക്കാതെ ഓരോരോ ചിന്തകളുമായി ഇരുന്നോളും…”

അമ്മ വാത്സല്യത്തോടെ ശാസിച്ചുകൊണ്ട് തിരികെ അടുക്കളയിലേക്ക് നടന്നു.

ഞാൻ വീണ്ടും ആ മുറ്റത്തേക്ക് നോക്കി നിന്നു. ഇന്ദ്രനീലത്തിലെ ആ നീലക്കണ്ണുകളെ തേടിയുള്ള എന്റെ യാത്ര അക്ഷരാർത്ഥത്തിൽ ഇവിടെ തുടങ്ങുകയാണ്. ഇന്ന് തന്നെ ആ ഫോട്ടോകൾ കൊണ്ടുപോയി സ്റ്റുഡിയോയിൽ കൊടുക്കണം, നല്ല കട്ടിയുള്ള പേപ്പറിൽ തന്നെ പ്രിന്റ് എടുക്കണം. അങ്ങനെ ഓരോ കാര്യങ്ങളും പ്ലാൻ ചെയ്ത് ഞാൻ പതിയെ അകത്തേക്ക് നടന്നു….

തുടരും….

Updated: July 4, 2026 — 7:11 pm

Leave a Reply

Your email address will not be published. Required fields are marked *