ഞാൻ വളരെ ബുദ്ധിപരമായി എന്റെ പ്ലാൻ മാറ്റി.
“അതിനെന്താടാ, നീ പോകുന്ന വഴിക്ക് അവിടെയൊന്ന് കയറിക്കോ. അവർക്കും സന്തോഷമാകും. അവളുടെ അച്ഛൻ കുറച്ചു നാൾ മുൻപ് മരിച്ചുപോയതാ, പിന്നെ അമ്മയും കുറച്ചു ബന്ധുക്കളും ഉള്ളു അവിടെ. ഞാൻ അഡ്രസ്സ് നിനക്ക് മെസ്സേജ് ചെയ്യാം.”
ഫോൺ കട്ട് ചെയ്തതും ഞാൻ വലിയൊരു ആശ്വാസത്തോടെ കട്ടിലിലേക്ക് വീണു. വിസ വരുന്നതിന് മുൻപുള്ള എന്റെ ആദ്യത്തെ യാത്ര ഗൾഫിലേക്കല്ല, പാലക്കാട്ടേക്കായിരിക്കും. പ്രിന്റ് ചെയ്ത ആ ഫോട്ടോകൾ അവൾ കയ്യിൽ വാങ്ങുമ്പോൾ ആ നീലക്കണ്ണുകളിൽ ഉണ്ടാകുന്ന തിളക്കം ഞാൻ മനസ്സിൽ കണ്ടു….
സച്ചുച്ചേട്ടനുമായി സംസാരിച്ച് ഫോൺ വെച്ചതിന് ശേഷം വല്ലാത്തൊരു സന്തോഷത്തോടെയാണ് ഞാൻ താഴേക്ക് നടന്നുപോയത്. അടുക്കളയിൽ ചെന്നപ്പോൾ അമ്മ ഉച്ചക്കത്തേക്കുള്ള കറികൾ അരിയുന്ന തിരക്കിലായിരുന്നു.
ഞാൻ പതിയെ പോയി സ്ലാബിന്റെ മുകളിലിരുന്നു…
“അമ്മേ… രാവിലെ തന്നെ വലിയ തിരക്കിലാണല്ലോ,”.
ഞാൻ ഒരു ആപ്പിൾ എടുത്തു കടിച്ചുകൊണ്ട് ചോദിച്ചു..
“പിന്നല്ലാതെ, ഇന്നലെ അവിടെ നിന്നതുകൊണ്ട് ഇവിടുത്തെ പണിയൊന്നും നടന്നിട്ടില്ല. നിന്റെ ക്ഷീണം ഒക്കെ മാറിയോടാ?”.
അമ്മ എന്നെ നോക്കാതെ തന്നെ ചോദിച്ചു..
“മാറി അമ്മേ. അല്ല, ഞാൻ അടുത്ത ആഴ്ച ഒരു വർക്കിന്റെ ആവശ്യത്തിന് പാലക്കാട് വരെ ഒന്ന് പോകുന്നുണ്ട്.”.
ഞാൻ വളരെ ക്യാഷ്വൽ ആയി കാര്യം അവതരിപ്പിച്ചു..
അമ്മ കത്തി താഴെ വെച്ച് എന്നെ നോക്കി. “പാലക്കാടോ? അതെന്തിനാ ഇപ്പൊ പെട്ടെന്ന്?”.
“അത്… എനിക്കൊരു പഴയ തറവാട് മോഡൽ വീടിന്റെ പണി കിട്ടിയിട്ടുണ്ട്. അവിടുത്തെ പഴയ മോഡൽ തടികളും ഡിസൈനും ഒക്കെ നേരിട്ട് പോയി കാണാൻ കോൺട്രാക്ടർ പറഞ്ഞിരുന്നു. രണ്ടു ദിവസം കഴിഞ്ഞു ഞാൻ ഇങ്ങ് വരും.”..
ഞാൻ നേരത്തെ മനസ്സിൽ കരുതിവെച്ച കള്ളം വളരെ വിശ്വസനീയമായി തന്നെ പറഞ്ഞു..
“ഉം… പോയിട്ട് വാ. വിസ വരുന്നതിന് മുൻപ് നീ ഈ വർക്ക് ഒക്കെ തീർക്കാൻ നോക്ക്,”.
അമ്മ വീണ്ടും പണിയിലേക്ക് തിരിഞ്ഞുകൊണ്ട് പറഞ്ഞു..
പെട്ടെന്നാണ് എന്റെ കയ്യിലിരുന്ന ഫോൺ റിങ് ചെയ്തത്. സ്ക്രീനിൽ നോക്കിയപ്പോൾ ‘അനഘ ചേച്ചി’ എന്നായിരുന്നു. ബാംഗ്ലൂരിൽ നിന്നാണ് വിളി. ഞാൻ ഒരു ചിരിയോടെ കാൾ അറ്റൻഡ് ചെയ്തു..
“ഹലോ, എന്താ മേഡം രാവിലെ തന്നെ? ഇന്നലെ വിളിച്ച് ശല്യം ചെയ്യാഞ്ഞത് നന്നായി,”.
ഞാൻ അവളെ കളിയാക്കിക്കൊണ്ട് പറഞ്ഞു.
“പോടാ അവിടുന്ന്. എനിക്ക് ലീവ് കിട്ടാത്തത് കൊണ്ടല്ലേടാ കല്യാണത്തിന് വരാൻ പറ്റാഞ്ഞത്. അതിനല്ലേലും നിനക്ക് ഭയങ്കര സന്തോഷമായിരിക്കും. കല്യാണം ഒക്കെ എങ്ങനെ ഉണ്ടായിരുന്നു? സദ്യ ഗംഭീരമായിരുന്നോ?”.
ചേച്ചിയുടെ ശബ്ദത്തിൽ വരാൻ കഴിയാത്തതിന്റെ ചെറിയൊരു സങ്കടമുണ്ടായിരുന്നു..
“ഓ, പിന്നെ… സദ്യയൊക്കെ
സൂപ്പർ ആയിരുന്നു. നീ വരാത്തതുകൊണ്ട് നിന്റെ പങ്കും കൂടെ ഞാൻ കഴിച്ചു.”
“അസൂയപ്പെടുത്താതെടാ! സച്ചുച്ചേട്ടന്റെ പെണ്ണ് കാണാൻ എങ്ങനെയുണ്ട്? നീ ഫോട്ടോസ് വല്ലതും എടുത്തോ?”.
ചേച്ചി ആകാംക്ഷയോടെ ചോദിച്ചു.
“എടുത്തു എടുത്തു. ഞാൻ കുറച്ചു കഴിഞ്ഞു നിനക്ക് വാട്സ്ആപ്പ് ചെയ്തു തരാം.”
ഞാൻ സംസാരിക്കുന്നത് കേട്ടുകൊണ്ടുനിന്ന അമ്മ പെട്ടെന്ന് എന്റെ അടുത്തേക്ക് വന്നു.
“ഇങ്ങു താടാ, ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടെ,”
എന്ന് പറഞ്ഞ് അമ്മ എന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി..
“ഹലോ, അനഘേ… നീയെന്താ ഇന്നലെ രാത്രി വിളിക്കാഞ്ഞത്?”
അമ്മ ചോദിച്ചു. ഫോണിന്റെ അങ്ങേത്തലക്കൽ നിന്ന് ചേച്ചി എന്തോ മറുപടി പറയുന്നുണ്ടായിരുന്നു.
ഓ, ജോലിത്തിരക്കായിരിക്കും എന്ന് ഞാൻ വിചാരിച്ചു. കല്യാണം ഒക്കെ നല്ല ഭംഗിയായി നടന്നു. സച്ചുവിന്റെ പെണ്ണ് നല്ല ഐശ്വര്യമുള്ള കുട്ടിയാ. പിന്നെ അവിടെ വന്നവരൊക്കെ നിന്റെ കാര്യമാ ചോദിച്ചത്. സച്ചുവിന്റെ കഴിഞ്ഞില്ലേ, ഇനി അടുത്തത് അനഘയുടെ കല്യാണം അല്ലെ എന്ന്… നീ അവിടുത്തെ പണിയൊക്കെ തീർത്ത് വേഗം ഇങ്ങോട്ട് വരാൻ നോക്ക്. എന്നിട്ട് വേണം നിനക്കൊരു പയ്യനെ നോക്കാൻ.” അമ്മ സ്ഥിരം പല്ലവി തുടങ്ങി…
