പാർവണം – 1 Likeഅടിപൊളി  

ഞാനും കൂട്ടുകാരും കൂടി സദ്യ വിളമ്പാൻ ഇറങ്ങി. ഓരോ പന്തിയിലും വിളമ്പി നടക്കുമ്പോഴാണ്, പന്തലിന്റെ ഒരറ്റത്ത് വധുവിന്റെ വീട്ടുകാർക്കൊപ്പമിരിക്കുന്ന അവളെ ഞാൻ കണ്ടത്. ഞാൻ പായസവുമായി അവളുടെ ഇലയുടെ മുൻപിൽ ചെന്നു നിന്നു.

അവൾ മുഖമുയർത്തി എന്നെ നോക്കി.

“മതി…”

ഞാൻ വിളമ്പാൻ തുടങ്ങിയപ്പോൾ അവൾ പതുക്കെ പറഞ്ഞു.

“കുറച്ചുകൂടി ഒഴിക്കട്ടെ?”

ഞാൻ വളരെ സ്വാഭാവികമായി ചോദിച്ചു.

“വേണ്ട… എനിക്ക് മധുരം അത്രക്ക് ഇഷ്ടല്യാട്ടോ,”

അവൾ മൃദുവായി പറഞ്ഞു. എന്നിട്ട് എന്നെ നോക്കി ചോദിച്ചു,

“തിരക്കൊക്കെ കഴിഞ്ഞോ അവിടെ?”

“ഇല്ല, ഇനി

കുറച്ചു പന്തി കൂടി ഉണ്ട്. നിങ്ങളിപ്പോ ഇറങ്ങുമോ?”

“ഉം… സദ്യ കഴിഞ്ഞ ഉടനെ ഞങ്ങൾ അങ്ങട് തിരിക്കും.”

അവളുടെ വാക്കുകളിലെ ആ പ്രത്യേക ശൈലിയും താളവും ഞാൻ അപ്പോഴാണ് ശ്രദ്ധിച്ചത്. കേൾക്കാൻ വല്ലാത്തൊരു ഭംഗിയുള്ള സംസാരം. കൂടുതൽ സംസാരിക്കാൻ അവിടെ നിൽക്കാൻ കഴിയുമായിരുന്നില്ല. ഞാൻ വേഗം അടുത്തേക്ക് നടന്നു..

വൈകുന്നേരം. വധുവിന്റെ വീട്ടുകാരൊക്കെ തിരികെ പോകാൻ തുടങ്ങുകയാണ്. മുറ്റത്ത് വാഹനങ്ങൾ തയ്യാറായി കിടക്കുന്നുണ്ട്. ഞാൻ ഗേറ്റിനടുത്തേക്ക് നടന്നു. അവിടെ വണ്ടിയിൽ കയറാൻ നിൽക്കുകയായിരുന്നു അവൾ. എന്നെ കണ്ടതും അവൾ ഒന്നു നിന്നു.

ഞാൻ അടുത്തേക്ക് ചെന്നു. എന്ത് പറയണമെന്നറിയാത്ത ഒരു വല്ലായ്മ രണ്ടുപേർക്കും ഉണ്ടായിരുന്നു..

“അപ്പൊ… പോവുകയാണ് അല്ലെ.?” ഞാൻ ചോദിച്ചു.

“അതെ… അങ്ങട് എത്തുമ്പോഴേക്കും സന്ധ്യയാകും,”

അവൾ പറഞ്ഞു. പിന്നെ ഒരു നിമിഷം മൗനമായി നിന്നിട്ട് എന്നെ നോക്കി ചോദിച്ചു

, “ആദിത്യനാഥ് ന്നല്ലേ പേര്?”.

“അതെ,”

ഞാൻ മറുപടി നൽകി.

“പക്ഷേ, ആദി എന്ന് വിളിച്ചാൽ മതി. എന്നെ എല്ലാവരും അങ്ങനെയാ വിളിക്കുന്നത്.”

അവളുടെ ചുണ്ടിൽ വീണ്ടും ആ പുഞ്ചിരി വിടർന്നു.

“ശരി… ആദി.”

ആ പേര് അവളുടെ ചുണ്ടുകളിൽ നിന്ന് കേട്ടപ്പോൾ എനിക്കെന്തോ വല്ലാത്തൊരു സന്തോഷം തോന്നി.

“യാത്രയൊക്കെ സുരക്ഷിതമായിരിക്കട്ടെ,”

ഞാൻ പറഞ്ഞു.

“ഉം…”

അവൾ തലയാട്ടി. പിന്നെ വണ്ടിയിലേക്ക്

കയറാൻ തുടങ്ങവേ ഒന്നുകൂടി തിരിഞ്ഞു നിന്നു.

“ന്നാ ശരി… പിന്നെ കാണാട്ടോ…”

ഇത്രയും പറഞ്ഞ് അവൾ വണ്ടിയിലേക്ക് കയറി.

വണ്ടി പതിയെ മുന്നോട്ട് പോകുമ്പോൾ, വിൻഡോയികൂടെ അവൾ എന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു. ആ കാറ്റ് വീശിയപ്പോൾ എനിക്ക് വീണ്ടും സ്വപ്നത്തിൽ അനുഭവിച്ച അതേ ചന്ദനഗന്ധം അനുഭവപ്പെടുന്നതുപോലെ തോന്നി. വണ്ടി കണ്ണിൽനിന്നു മറയുന്നതുവരെ ഞാൻ അവിടെത്തന്നെ നിന്നു…

വണ്ടി കണ്ണിൽനിന്നു മറഞ്ഞതിന് ശേഷവും ഞാൻ കുറച്ചുനേരം ആ ശൂന്യതയിലേക്ക് നോക്കി അവിടെത്തന്നെ നിന്നു. അവളുടെ ആ അവസാനത്തെ വാക്കും ആ നോട്ടവും എന്നെ വല്ലാത്തൊരു ലോകത്ത് എത്തിച്ചിരുന്നു..

“ഡാ ആദി… നീയെന്താ അവിടെത്തന്നെ നിൽക്കുന്നത്? നേരം ഇരുട്ടി, നമുക്ക് പോകണ്ടേ?”.

അമ്മയുടെ ശബ്ദമാണ് എന്നെ തിരികെ യാഥാർത്ഥ്യത്തിലേക്ക് കൊണ്ടുവന്നത്. ഞാൻ വേഗം തിരിഞ്ഞു നോക്കുമ്പോൾ അമ്മ കയ്യിലൊരു കവറുമൊക്കെയായി ഗേറ്റിനടുത്തേക്ക് വരികയായിരുന്നു.

“ഏയ്… ഒന്നുമില്ല, വണ്ടി പോയപ്പോ വെറുതെ നോക്കി നിന്നതാ. നമുക്ക് ഇറങ്ങാം,”

ഞാൻ പെട്ടെന്ന് മുഖത്തെ ഭാവം മാറ്റിക്കൊണ്ട് പറഞ്ഞു.

അമ്മയെയും കൂട്ടി ബൈക്കിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ എന്റെ മനസ്സ് മുഴുവൻ ആ നാലുകെട്ട് തറവാടും അവിടുത്തെ കുളക്കടവും മാത്രമായിരുന്നു. റോഡിലൂടെയുള്ള യാത്രയിൽ മുഖത്തടിക്കുന്ന തണുത്ത കാറ്റിലും എനിക്ക് ആ ചന്ദനഗന്ധം അനുഭവപ്പെടുന്നുണ്ടായിരുന്നു. അവൾക്ക് പാലക്കാടൻ ശൈലിയിലുള്ള ആ സംസാരവും ആ ചിരിയും എന്റെ ഉള്ളിൽ വല്ലാത്തൊരു സന്തോഷം നിറച്ചു.

വീട്ടിലെത്തി വേഷം മാറി ഹാളിലേക്ക് വരുമ്പോൾ അമ്മ ഇന്നത്തെ കല്യാണവിശേഷങ്ങളുടെ കെട്ടഴിക്കാൻ തുടങ്ങിയിരുന്നു.

“കല്യാണം എന്തായാലും കേമമായി. സദ്യ ഉഷാറായിരുന്നു അല്ലെടാ? പിന്നെ സച്ചുവിന്റെ പെണ്ണിനും നല്ല ഐശ്വര്യമുള്ള മുഖം… എന്തായാലും എല്ലാം ഭംഗിയായി നടന്നു,”

Updated: July 4, 2026 — 7:11 pm

Leave a Reply

Your email address will not be published. Required fields are marked *