അമ്മ സോഫയിലിരുന്ന് തളർച്ചയോടെ പറഞ്ഞു.
ഞാൻ വെറുതെ ഒന്ന് മൂളി.
“ഉം… അതെ.”
എന്റെ മൂളലിൽ ഒരു ജീവനില്ലെന്ന് തോന്നിയിട്ടാകണം അമ്മ എന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
“നിനക്കെന്താടാ ഒരു വല്ലായ്മ? അവിടെ കുറെ ഓടിനടന്ന് പണിയെടുത്തതിന്റെ ക്ഷീണമാണോ അതോ തലവേദനയുണ്ടോ? സദ്യ വിളമ്പാനൊക്കെ നീ മുൻപന്തിയിൽ ഉണ്ടായിരുന്നല്ലോ,”
അമ്മ സ്നേഹത്തോടെ ചോദിച്ചു.
“ഏയ്, അതൊന്നുമില്ല അമ്മേ. കല്യാണപ്പന്തലിലെ ചൂടും ബഹളവും ഒക്കെ കാരണം ചെറുതായിട്ട് ഒരു ക്ഷീണം. ഞാൻ കിടന്നോളാം,”
ഞാൻ വളരെ സ്വാഭാവികമായി പറഞ്ഞു ഒപ്പിച്ചു.
രാവിലെ അമ്മയോട് പറഞ്ഞ ആ സ്വപ്നത്തിലെ പെൺകുട്ടിയെയാണ് ഞാൻ നേരിൽ കണ്ടതെന്ന് പറയാൻ ഒരു നിമിഷം എന്റെ നാവ് തരിച്ചതാണ്. പക്ഷേ, ഞാനത് മനപ്പൂർവ്വം മറച്ചുവെച്ചു. ആ നീലക്കണ്ണുകളും കരിവളകളുടെ കിലുക്കവും കുറച്ചുനാൾ കൂടി എനിക്ക് മാത്രം അവകാശപ്പെട്ട ഒരു രഹസ്യമായി എന്റെ മനസ്സിൽ തന്നെ ഇരിക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു.
“ന്നാ നീ പോയി കിടന്നുറങ്ങിക്കോ… രാവിലെ എഴുന്നേറ്റ് പോയതല്ലേ,”
അമ്മ പറഞ്ഞു..
ഞാൻ തലയാട്ടിയിട്ട് എന്റെ മുറിയിലേക്ക് നടന്നു. വാതിലടച്ച് കട്ടിലിലേക്ക് വീഴുമ്പോൾ എന്റെ ചുണ്ടിൽ അറിയാതെ ഒരു പുഞ്ചിരി വിടർന്നു. കണ്ണുകൾ അടച്ചതും ഇരുട്ടിൽ ആ മുഖം വീണ്ടും തെളിഞ്ഞുവന്നു.
“ന്നാ ശരി… പിന്നെ കാണാട്ടോ…”
അവളുടെ ആ വാക്കുകൾ വീണ്ടും വീണ്ടും എന്റെ കാതിൽ മുഴങ്ങുന്നുണ്ടായിരുന്നു.
ഇനി എങ്ങനെ അവളെ വീണ്ടും കാണും? പാലക്കാട് എവിടെയാണ് അവളുടെ വീട് എന്ന് പോലും എനിക്കറിയില്ലല്ലോ. സച്ചുച്ചേട്ടനോട് ചോദിച്ചാൽ ചിലപ്പോൾ നമ്പർ കിട്ടുമായിരിക്കും, പക്ഷേ അത് എങ്ങനെ ചോദിക്കും? ഒരുപാട് ചോദ്യങ്ങൾ മനസ്സിൽ കിടന്ന് തിളച്ചുമറിയുന്നുണ്ടായിരുന്നു. എങ്കിലും, ഒരു കാര്യം എനിക്കുറപ്പായിരുന്നു—ഈ പ്രണയം ഇവിടെ അവസാനിക്കാൻ പോകുന്നില്ല. അടുത്ത ദിവസം അവളെ കണ്ടെത്താൻ എന്ത് ചെയ്യണം എന്ന ചിന്തയോടെ ഞാൻ ഉറക്കത്തിലേക്ക് വീണു………..
പിറ്റേന്ന് രാവിലെ ഉണർന്നപ്പോഴും എന്റെ മനസ്സിൽ ആ പാലക്കാടൻ ശൈലിയിലുള്ള യാത്രയപ്പ് മാത്രമായിരുന്നു. അവളെ ഒന്നുകൂടി കാണണം, സംസാരിക്കണം. ഫോൺ നമ്പർ സച്ചുച്ചേട്ടനോട് എങ്ങനെ ചോദിക്കും എന്ന് കുറെ ആലോചിച്ചു. അവസാനം എന്തെങ്കിലും ഒരു കള്ളം പറയാൻ മനസ്സിൽ ഉറപ്പിച്ച് ഞാൻ സച്ചുച്ചേട്ടനെ വിളിച്ചു.
രണ്ടു റിങ്ങിനുള്ളിൽ തന്നെ ചേട്ടൻ ഫോണെടുത്തു..
“ഹലോ ആദി… എന്താടാ രാവിലെ തന്നെ?”
“ഏയ്, ഇന്നലത്തെ ക്ഷീണമൊക്കെ മാറിയോ എന്ന് ചോദിക്കാൻ വിളിച്ചതാ ചേട്ടാ…”
ഞാൻ പതിയെ തുടങ്ങി. കുറച്ചുനേരം കല്യാണവിശേഷങ്ങൾ പറഞ്ഞതിന് ശേഷം ഞാൻ കാര്യം അവതരിപ്പിച്ചു.
“അല്ല ചേട്ടാ… ഇന്നലെ എന്റെ ഫോണിൽ എടുത്ത കുറച്ചു നല്ല ഫോട്ടോസ് ഞാൻ സ്റ്റുഡിയോയിൽ പ്രിന്റ് ചെയ്യാൻ കൊടുത്തിട്ടുണ്ടായിരുന്നു. അതിൽ ഏടത്തിയുടെ കൂടെ വന്ന ആ കുട്ടിഇല്ലേ പാർവണ അവളുടെ കുറച്ചു പടങ്ങളുമുണ്ട്. ഞാൻ അത് അയച്ചുകൊടുക്കാം എന്ന് കരുതി, ചേട്ടന്റെ കയ്യിൽ അവളുടെ നമ്പർ ഉണ്ടോ?”
ഞാൻ വളരെ സ്വാഭാവികമായി ചോദിച്ചു.
ഫോണിന്റെ അങ്ങേത്തലക്കൽ സച്ചുച്ചേട്ടൻ ഒന്ന് ചിരിച്ചു..
“എടാ, അവൾക്ക് സ്വന്തമായിട്ട് ഫോണില്ല. അമ്മാവന്റെ വീട്ടിൽ എല്ലാവർക്കും കൂടി ഒരു ലാൻഡ്‌ലൈൻ മാത്രമേ ഉള്ളു. അവളിങ്ങനത്തെ ഈ വാട്സ്ആപ്പും ഫോണും ഒന്നുമില്ലാതെ നടക്കുന്ന പഴയ ടൈപ്പ് ഒരു കുട്ടിയാ.”.
അത് കേട്ടപ്പോൾ എനിക്ക് ചെറിയൊരു നിരാശ
തോന്നിയെങ്കിലും, അവളോടുള്ള ഇഷ്ടം ഒന്നുകൂടി കൂടുകയാണ് ചെയ്തത്. ഇന്നത്തെ കാലത്തും ഇങ്ങനെ ഒരു കുട്ടിയോ?..
“ഓ… അങ്ങനെയാണോ. അല്ല, എന്തായാലും ഞാൻ അടുത്ത ആഴ്ച ഒരു വർക്കിന്റെ ആവശ്യത്തിന് പാലക്കാട്ടേക്ക് പോകുന്നുണ്ട്. ഒരു പഴയ തറവാട് മോഡൽ വീടിന്റെ ഡിസൈനിങ്ങിന് വേണ്ടിയിട്ട് കുറച്ചു തടികൾ നോക്കാൻ. ചേട്ടൻ ആ വീടിന്റെ അഡ്രസ്സ് ഒന്ന് തന്നാൽ ഞാൻ പോകുന്ന വഴിക്ക് ആ ഫോട്ടോസ് ഒരു കവറിലാക്കി അവിടെ കൊടുത്തേക്കാം,”.
