അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് ഞങ്ങൾ ടൗണിൽ എത്തി.
വലിയ ടൗൺ ഒന്നുമല്ല അത്. ആകെ പത്ത് ഇരുപത് കടകൾ കാണും. മിക്കതും പഴയ കെട്ടിടങ്ങൾ. ഓടുമേഞ്ഞ മേൽക്കൂരകളും പഴക്കം തോന്നിക്കുന്ന ചുമരുകളും. ഇടയ്ക്ക് പുതിയതായി പണിത കുറച്ച് കടകളും ഉണ്ടായിരുന്നു.
മായ സ്കൂട്ടർ ഒരു പലചരക്ക് കടയുടെ അടുത്തുള്ള വലിയ മരത്തിന്റെ ചുവട്ടിൽ കൊണ്ടുപോയി നിർത്തി.
“നീ ഇവിടെ നിൽക്ക്. ഞാൻ പോയി സാധനങ്ങൾ വാങ്ങി വരാം.”
അതും പറഞ്ഞ് അവൾ സ്കൂട്ടറിൽ നിന്ന് ഇറങ്ങി.
ഞാൻ ഒന്ന് മൂളുക മാത്രം ചെയ്തു.
മായ എന്റെ കയ്യിൽ നിന്നും സഞ്ചി വാങ്ങി കടയിലേക്ക് നടന്നു.
ഞാൻ അവിടെ ചുറ്റും ഒന്ന് നോക്കി നിന്നു. അപ്പോഴാണ് കുറച്ച് അപ്പുറത്തുള്ള ഒരു ചായക്കടയിലേക്ക് എന്റെ കണ്ണ് പോയത്.
ആ മുഖം വീണ്ടും കണ്ടതും എനിക്ക് ആളെ മനസ്സിലായി.
ആ മഞ്ഞ മൈരൻ.
കയ്യിൽ വലിയൊരു പ്ലാസ്റ്റർ ഒക്കെ ആയി ഒരു കസേരയിൽ ഇരിക്കുകയാണ്. ഇന്നും അവന്റെ വേഷത്തിന് ഒരു മാറ്റവും ഇല്ല. പൂക്കൾ നിറഞ്ഞ ഷർട്ട് തന്നെ.
പക്ഷേ ഇത്തവണ ഷർട്ടിന്റെ നിറം മഞ്ഞയല്ല.
പച്ച.
അപ്പോ ഇനി പച്ച മൈരൻ.
അവൻ എന്നെ തന്നെ നോക്കിക്കൊണ്ടിരിക്കുകയായിരുന്നു.
ആ നോട്ടത്തിൽ തന്നെ എന്നോടുള്ള കലിപ്പ് വ്യക്തമായിരുന്നു. കയ്യിൽ പ്ലാസ്റ്റർ ഒക്കെ ഇട്ടിരിക്കുമ്പോഴും മുഖത്തെ ദേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ല.
“ഇവന് കിട്ടിയതൊന്നും പോരേ…” ഞാൻ മനസ്സിൽ പറഞ്ഞു.
അപ്പോഴാണ് അവൻ അടുത്തിരുന്ന ഒരാളെ വിളിക്കുന്നത് ഞാൻ കണ്ടത്. അയാൾ അവന്റെ അടുത്തേക്ക് ചായുമ്പോൾ അവൻ എന്തോ ചെവിയിൽ മന്ത്രിച്ചു.
അത് കേട്ട ഉടനെ അയാൾ എന്റെ നേരെ ഒന്ന് നോക്കി. പിന്നെ തല കുലുക്കുകയും ചെയ്തു.
അത് കണ്ടതും എനിക്ക് ചെറിയൊരു സംശയം തോന്നി.
“എന്തോ അലമ്പുണ്ടാക്കാനുള്ള പരിപാടിയാണല്ലോ…”
ഞാൻ അവരെ നോക്കിക്കൊണ്ട് മനസ്സിൽ പറഞ്ഞു.
എന്നാലും അവിടെ നിന്ന് മാറാതെ ഞാൻ നിന്നു. അവർ ഇനി എന്താണ് ചെയ്യാൻ പോകുന്നതെന്ന് എന്നുള്ള ഒരു കൗതുകം എനിക്കുമുണ്ടായിരുന്നു.
ആ ചായക്കടയിൽ നിന്ന് അഞ്ചാറുപേർ പുറത്തേക്ക് ഇറങ്ങി വന്നു.
എല്ലാവരും നല്ല തടിയും ഉയരവും ഉള്ളവർ. കണ്ടാൽ തന്നെ വെറുതെ വഴക്കിന് ഇറങ്ങുന്ന ടൈപ്പ്.
അവർ നേരെ എന്റെ ഭാഗത്തേക്കാണ് നടക്കുന്നത്.
അത് കണ്ടപ്പോൾ കാര്യങ്ങൾ ഏകദേശം എനിക്ക് മനസ്സിലായി.
“ആഹാ… അപ്പൊ ഇതാണ് പരിപാടി.”
ഞാൻ മനസ്സിൽ പറഞ്ഞു.
വെറുതെ പേടിച്ച് മാറിനിൽക്കാൻ എനിക്കും തോന്നിയില്ല. എന്തായാലും വരുന്നത് വരട്ടെ എന്ന് കരുതി ഞാൻ അവിടെ തന്നെ നിന്നു.
അവർ ഓരോ ചുവടായി അടുത്തേക്ക് വന്നു കൊണ്ടിരുന്നു.
അപ്പോഴാണ് പെട്ടെന്ന് ഒരു വലിയ ഹോണിന്റെ ശബ്ദം കേട്ടത്.
പാം…!
അപ്രതീക്ഷിതമായ ആ ശബ്ദത്തിൽ ഞാൻ ഒന്ന് ഞെട്ടി.
ഞാൻ ഉടനെ ചുറ്റും നോക്കി.
റോഡിന്റെ അപ്പുറത്ത് നിന്ന് ഒരു വാഹനം പതുക്കെ അടുത്തേക്ക് വരികയായിരുന്നു.
ആ ഹോണിന്റെ ശബ്ദം എന്റെ വലത് വശത്ത് നിന്നായിരുന്നു.
ഞാൻ അങ്ങോട്ട് നോക്കി.
ഒരു ബ്ലാക്ക് താർ പതിയെ വന്ന് റോഡരികിൽ നിർത്തി. ഞാൻ നിന്ന സ്ഥലത്ത് നിന്ന് കുറച്ച് അപ്പുറത്തായിരുന്നു അത്.
ആദ്യം പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.
പക്ഷേ വീണ്ടും ആ സംഘത്തിന്റെ ഭാഗത്തേക്ക് നോക്കിയപ്പോൾ എന്തോ പന്തികേട് ഉണ്ടെന്ന് മനസ്സിലായി.
കുറച്ച് മുൻപ് വലിയ ഗംഭീരത്തിൽ എന്റെ നേരെ നടന്ന് വന്നിരുന്നവന്മാർ ഇപ്പോൾ ഒരിടത്ത് തന്നെ നിശ്ചലരായി നിൽക്കുകയാണ്.
എല്ലാവരുടെയും നോട്ടം ആ താർ നിർത്തിയ ഭാഗത്തേക്കാണ്.
മുഖത്തെ ആ ഭാവവും ഞാൻ ശ്രദ്ധിച്ചു.
കുറച്ച് മുമ്പുണ്ടായിരുന്ന ആ ധൈര്യവും ചൂടും ഒന്നും ഇപ്പോൾ കാണാനില്ല.
