താഴേക്ക് പോവുന്നതിനു മുന്നേ എനിക്കൊരു നല്ലയുമ്മ കവിളിൽ കടിച്ചുകൊണ്ട് തന്നാണ് ഞങ്ങളിറങ്ങി പോയത്. ചോറ് കഴിക്കാൻ വിളിക്കാൻ വന്ന ഏട്ടത്തി ഞങ്ങളിറങ്ങി വരുന്നത് കണ്ടുകൊണ്ട് സ്റ്റെപ്പിന് താഴെ നിന്നു.
ഏട്ടത്തി എന്നെയും ചേച്ചിയേയും സൂക്ഷിച്ചു നോക്കി. ഈശ്വരാ ചേച്ചി ലിപ്സ്റ്റിക്ക് ഇട്ടിരുന്നോ. എന്റെ മുഖത്തെല്ലാം ആ പാടാണോ? ഇങ്ങനെ ഏട്ടത്തി നോക്കാൻ. ഇല്ലേൽ ഞങ്ങൾ കള്ളത്തരം കാട്ടുന്നത് ഏട്ടത്തിക്ക് മനസ്സിലായോ? അനുഷേച്ചിയുടെ മുഖം ഏട്ടത്തിയുടെ നോട്ടത്തിൽ ഇത്തിരി പേടിയിൽ ഉരുണ്ടു കൂടി.
“രണ്ടാളും തല്ല് കൂടായിരുന്നു ല്ലേ?..ആദിയുടെ കരച്ചില് കേട്ടല്ലോ…” ഹോ…പിടിച്ചു വെച്ച ശ്വാസം ഞാൻ ആരുമറിയാതെ ആശ്വാസം പോലെവിട്ടു.കള്ളത്തരം മനസ്സിലായില്ല എന്ന സന്തോഷം കൊണ്ട് ഞാൻ അനുഷേച്ചിയെ നോക്കി ഒന്ന് ചിരിച്ചു.അപ്പോ ഏട്ടത്തി എന്റെ മുഖത്തു മെല്ലെ തൊട്ട് നോക്കി. ഉമ്മ തന്ന് അനുഷേച്ചി കടിച്ച ഭാഗത്ത്. പാടുണ്ടോ? അയ്യോ.
“എന്നെ കടിച്ചേടത്തി കണ്ടില്ലേ? ..” വേറൊന്നും ഏട്ടത്തി ആലോചിച്ചു കൂട്ടാൻ സമയം കൊടുക്കാതെ ഞാൻ പെട്ടന്ന് കേറി ഇടപെട്ടു. ഏട്ടത്തി എന്റെ വിഷമം പറയുന്ന കേട്ടു ചിരിയോടെ അനുഷേച്ചിയെ നോക്കി.
“എന്തിനാ കടിച്ചേ ചോദിക്കേടത്തി…”അനുഷേച്ചി അത് തിരിച്ചു എന്റെ നേർക്കിട്ടു.
“എന്തിനാടാ അവള് കടിച്ചേ..നീ വല്ല കുരുത്തക്കേടും കാണിച്ചോ ? …” ഏട്ടത്തി ശെരിക്കും ഞങ്ങളുടെ തല്ല് തീർക്കുന്ന അമ്മയായി!
“ഞാനോ ഞാനങ്ങനെ ചെയ്യോ..” ഞാൻ കള്ള അഭിനയം ഇട്ടു.
“ചെയ്യും ഏട്ടത്തി .ഇവനെ ഇവൻ കള്ളനാ..”അനുഷേച്ചി ഇടയിൽ കേറി.
“അനുഷേച്ചി കള്ളം പറയല്ലേ…കണ്ണ് പൊട്ടിപ്പോവും ട്ടോ..!” ഞാൻ കൈ ചൂണ്ടി ചേച്ചിക്ക് നേരെ തിരിഞ്ഞു. ഏട്ടത്തി ഞങ്ങളുടെ ഇടക്ക് കേറി.
“ഹാ മതി മതി രണ്ടാളും നിർത്തിക്കേ ..ശാരദാമ്മ പറഞ്ഞു രണ്ടിനും കുറുമ്പാണെന്ന്..അമ്മയില്ലേൽ രണ്ടാളും വലിയ കച്ചറയാണെന്ന് കേട്ടല്ലോ അത് ശെരിയല്ലേ?..“ ഞാനും ചേച്ചിയും അത് കേട്ടപ്പോ ചിരിയോടെ കണ്ണിൽ കണ്ണിൽ നോക്കിപ്പോയി .ഞങ്ങളുടെ കുറുമ്പ് എപ്പോഴും ഇങ്ങനെ കള്ളത്തരം കാണിക്കുമ്പോൾ തുടങ്ങുന്നത് അല്ലേ.ഏട്ടത്തി ഞങ്ങളുടെ ചെവിക്ക് വേദനിപ്പിക്കാതെ പിടിച്ചു.
“രണ്ടാളും നടന്നേ..ഇനി കച്ചറ കൂടുന്നത് ഞാനൊന്ന് കാണട്ടെ…” അനുഷേച്ചി കുഞ്ഞിനെ പോലെ ചെവിക്ക് പിടിച്ചപ്പോ ചുണ്ടുകൾ പിളർത്തി ഏട്ടത്തിയെ നോക്കി. എനിക്ക് ഇങ്ങനയൊക്കെ കാണുന്നതും അനുഭവിക്കുന്നതും ആദ്യായിട്ട് ആയോണ്ട് സന്തോഷവും ചിരിയും ഒക്കെ തോന്നി. എന്നേയും അനുഷേച്ചിയേയും ചെവിക്ക് പിടിച്ചു ചോറു കഴിക്കാൻ കൊണ്ട് വരുന്ന കാഴ്ച കണ്ട് ശാരദാമ്മ താടിക്ക് കൈ കൊടുത്തു ചിരിച്ചു.
ഞങ്ങളെ കൈ കഴുകിച്ചു, സീറ്റിൽ ഇരുത്തി ഫുഡ് വിളമ്പി തന്ന് ,മുഴുവൻ കഴിച്ചിട്ടേ രണ്ടും എഴുന്നേൽക്കാവു എന്ന് ഭീഷണിയും ഇട്ട് ഏട്ടത്തി ശാരദാമ്മയുടെ കയ്യിൽ നിന്നും ചോറ് കഴിപ്പിക്കാൻ വാവയെ വാങ്ങി.
ചോറിലേക്ക് വിരല് കുത്തിയതേ ഉണ്ടായിരുന്നുള്ളു. പെട്ടന്ന് എനിക്ക് തമ്പുരാട്ടിയ ഓർമ വന്നു. ഇന്നലെ മുതൽ ഒന്നും കഴിക്കാത്ത അമ്മയവിടെ ഇരിക്കുമ്പോ ഞാനെങ്ങനെയാ വയറു നിറച്ചു സുഖമായി ചോറുണ്ണാ!
അനുഷേച്ചിയോട് ഞാൻ വേഗം കാര്യം പറഞ്ഞു. ചേച്ചിക്ക് എന്റെ സങ്കടം പെട്ടന്ന് മനസ്സിലായി.
ഏട്ടത്തിയോട് കഴിച്ചോ ഇപ്പോ വരാമെന്ന് പറഞ്ഞു അനുഷേച്ചി അമ്മയുടെ എടുത്തേക്ക് പോയപ്പോ..ഒന്ന് വന്നാ മതിയായിരുന്നു എന്നായി എന്റെ ചിന്ത.
വാവക്ക് ചോർ കൊടുത്ത് ഏട്ടത്തി അമ്മ വരുന്നുണ്ടോന്ന് നോക്കുന്നുണ്ടായിരുന്നു. ഏട്ടത്തിക്കിപ്പോ മനസ്സിൽ നിറയെ പേടിയായിരിക്കും!
അനുഷേച്ചി പെട്ടന്ന് തന്നെ തിരിച്ചു വന്നു. എന്തായി എന്നറിയാൻ ഞാൻ തിടുക്കം ഇട്ട് നോക്കുന്ന കണ്ട അനുഷേച്ചി ചിരിച്ചു.
“വരാന്ന് പറഞ്ഞു..” എന്റെ മോന്ത തെളിഞ്ഞു കാണും. എന്റെയുള്ളിൽ തുള്ളിച്ചാടുന്ന അമ്മകുട്ടിയുണ്ടെന്ന് അനുഷേച്ചിക്ക് അറിയാലോ! ഞാൻ വറ്റുകൾ എണ്ണിയെണ്ണി വായിലേക്കിടാൻ തുടങ്ങി. അമ്മയൊന്ന് വന്നു കിട്ടിയാ പിന്നെ സുഖമായി വയറു നിറച്ചു കഴിക്കാലോ!
