ഞാൻ തലപൊക്കി എഴുന്നേറ്റപ്പോഴേക്കും ഏട്ടത്തി അമ്മയുടെ അടുത്തെത്തിയുട്ടുണ്ട്. വാവയെ നെഞ്ചിൽ വെച്ച അമ്മയെ കണ്ട് ഏട്ടത്തി ആകെ അന്തം വിട്ടു നിന്നു .എന്നാ തമ്പുരാട്ടിയുടെ മുഖത്തുള്ള ദേഷ്യം കണ്ടപ്പോ പെണ്ണിന്റെ വിരലുകൾ അടക്കം വിറക്കുന്നുണ്ട്.
“അനുഷയ്യെവിടെ ….? ” ചേച്ചിയാണ് വാവയെ എടുത്തു ഇത്ര നേരം നടന്നേന്നാണ് അമ്മ കരുതിയെ . ഇവിടെ വെച്ച് പോയത് ചേച്ചിയാന്നായിരിക്കും അമ്മയുടെ വിചാരം. എന്നാലും അമ്മ ഏട്ടത്തിയെ ചീത്ത പറഞ്ഞു കൊല്ലും എന്ന് വിചാരിച്ചെങ്കിലും അതുണ്ടായില്ല. അമ്മക്ക് ഏട്ടത്തിയോട് ദേഷ്യമേയില്ല!
“മുറിയിലാ മീറ്റിംഗ്….”
“ആദിയോ…?” ഏട്ടത്തി മുഴുവനാക്കുന്നതിന് മുന്നേ തന്നെ അമ്മയുടെ അടുത്ത ചോദ്യം!
“മോളെയും കൊണ്ട്….” ഏട്ടത്തി പേടിച്ചു വിക്കി പറഞ്ഞപ്പോഴേക്കും ഞാൻ അവരുടെ മുന്നിലെത്തി. ഏട്ടത്തിയും അമ്മയും എന്നെ പല ഭവങ്ങളോടെ നോക്കി. ഞാനാണ് ഇത് ചെയ്തത് എന്ന് മനസ്സിലാക്കിയപ്പോ അമ്മയൊന്നും പറഞ്ഞില്ല. ഞാൻ എന്തിനാണ് ഇത് ചെയ്തതെന്ന് മനസ്സിലായി കാണും.
ശെരിക്കും അമ്മ പേടിച്ച കണ്ടിട്ട് എനിക്കിട്ട് നാലെണ്ണം കിട്ടേണ്ടതാണ്. പക്ഷെ എന്റെ ശ്രീദേവി പെണ്ണിന് എന്നോട് ലവ്വാന്നാ എനിക്ക് തോന്നുന്നേ? ഞാനെന്ത് ചെയ്താലും ഒരു പ്രശ്നവും ഇല്ലാത്തപോലെയാണ് ഇപ്പോഴത്തെ മട്ടും ഭാവവും! അതോണ്ട് നന്നായി എനിക്കെന്ത് വേണേലും
അമ്മപ്പെണ്ണിനെ കാട്ടാലോ!
ചോറ് കഴിച്ചു കഴിഞ്ഞപ്പോ വീണ്ടും അമ്മയെ കളിപ്പിക്കാൻ എനിക്കൊരു അവസരം പിന്നേയും കിട്ടി. അമ്മ വരാന്തയിൽ ചാരു കസേരയിൽ കാലിൽ കാലും വെച്ച് എന്തോ വായിക്കായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ സെന്തിലിന് ഫോർറ്റ്യുണർ അത്യാവശ്യമായി വേണമെന്ന് അവന്റെ ഫോൺ കാൾ . ഞങ്ങളുടെ പറമ്പിൽ പോലും കാലു കുത്താൻ പേടിച്ചിട്ട്. ഗേറ്റിന് പുറത്ത് റോട്ടിൽ നിന്നാണ് എന്നെയവൻ ഫോൺ ചെയ്ത്.
“നിനക്ക് ഇങ്ങട്ട് കേറി വന്നൂടെ സെന്തിലേ?… ”മടിയിലുള്ള വാവയെയും വാരി എടുത്ത്. കാറിന്റെ കീയും എടുത്തു. ഞാൻ ഹാളിൽ നിന്ന് പുറത്തേക്ക് നടന്നു പറഞ്ഞു. ഏട്ടത്തിയുടെയും ചേച്ചിയുടെയും പണി കഴിയുന്ന വരെ വാവയുടെ ചുമതല എന്റെ തലയിലാണ്. അതോണ്ട് എവിടേ പോവുമ്പോഴും പെണ്ണിനെ വാരി എന്റെ നെഞ്ചത്തിടണം.
“മോനെ…ഇന്ത്യൻ പ്രസിഡന്റിന്റെ വസതിയിലേക്ക് കള്ളനായി പോവാൻ പറഞ്ഞാലും ഞാൻ ചെലപ്പോ ചെന്നുന്ന് ഇരിക്കും..എന്നാലും ഇവിടേക്ക് ഞാനില്ലെടാ…”കളിയാക്കികൊണ്ടുള്ള ചിരി. അവന് മാത്രമല്ല നാട്ടുകാർ വരെ ഗേറ്റിന് ഇപ്പുറത്തേക്ക് കാലു കുത്താറില്ല!
അവന്റെ ഊള ചിരിയും കേട്ട് വരാന്തായിലേക്ക് ഇറങ്ങിയപ്പോഴാണ് അമ്മയെവിടെ ഇരിക്കുന്നത് ഞാൻ കണ്ടത്. സുഖിച്ചങ്ങു ഇരിക്കാണ്. ഒരു പണി കൊടുക്കാൻ കൊതിച്ചിരുന്ന എനിക്ക് കയ്യിലുള്ള വാവയെ മാത്രമാണ് ബലിയാടായി തോന്നിയത്.
അച്ഛമ്മയുടെ മടിയിൽ മോളൊന്ന്നിരുന്നു നോക്കെന്ന് .വാവയോട് സ്വകാര്യവും പറഞ്ഞു.അമ്മയെ അധികം ശ്രദ്ധിക്കാതെ…
ഞാനിതാ വരുന്നെടാന്ന്…സെൻതിലിനോട് ഫോണിലൂടെ അമ്മ കേൾക്കാൻ വേണ്ടി പറഞ്ഞു.
വാവയെ അമ്മയുടെ മടിയിലേക്ക് മെല്ലെ വെച്ചു കൊടുത്തു ഒന്നുമറിയാത്ത പോലെ ഞാൻ ഫോണും ചെവിയിൽ വെച്ച് സ്റ്റെപ്പിറങ്ങി മുറ്റത്തേക്ക് നടന്നു. തിരിഞ്ഞു നോക്കി അമ്മയുടെ മുഖഭാവം കാണാൻ നല്ല കൊതിയുണ്ടായിരുന്നു. എനിക്ക് പണി തരാണോടാ എന്നുള്ള ദേഷ്യം ആ മുഖത്തുണ്ടാവും .ഉറപ്പാ.
ചാരി കിടന്നിരുന്ന അമ്മ വാവ മടിയിൽ വന്നപ്പോ പിടഞ്ഞു പൊന്തിയത് മാത്രം ഞാനറിഞ്ഞു. പിന്നേ നോക്കാൻ നിന്നില്ല. അച്ഛമ്മയും മകളും എന്താന്ന് വെച്ചാ ചെയ്തോട്ടെ!
കാറിലേക്ക് കേറി സ്റ്റാർട്ട് ചെയ്ത് മുറ്റത്തു നിന്ന് വളക്കുമ്പോ. അമ്മ വാവയെയും മടിയിൽ വെച്ചിരുന്നു എന്നെ നോക്കുന്നുണ്ട്. കൂർപ്പിച്ച കണ്ണോടെ! ഇത്തിരിയാ വാവയെ ഒന്ന് കൊഞ്ചിച്ചൂടെ ശ്രീദേവിപെണ്ണേ?
ഗേറ്റ് തുറന്നു കാറ് ഞാൻ പുറത്തേക്കിറങ്ങി വെച്ചു. സെന്തിൽ വന്നത് എനിക്ക് തരാൻ വെള്ള ക്രിസ്റ്റയുമായാണ്.
