“അളിയാ കുറച്ചൂസം നീയിത് അഡ്ജസ്റ്റ് ചെയ്യ്..വന്നിട്ട് ഞാൻ വേണേ ഒരു ടൈപ്പ് ടു ഫോർട്യൂൺർ തരാം..ഇല്ലേൽ ഇതന്നെ തരാം..കുറച്ചു ഓട്ടമുണ്ട് അതാ…” കയ്യിൽ ക്രിസ്റ്റയുടെ കീയും തന്ന്. നായിന്റെ മോന്റെ ഒരു സ്നേഹം.
“ .ആവശ്യമുള്ളപ്പോ നിന്നേ ഞാൻ വിളിച്ചു ശല്യം ചെയ്യില്ലേ?….എന്തിനാ വെറുതെ ഇതിങ്ങനെ മുറ്റത്തിടുന്നെ? !” അവിടെയും ഇവിടെയും പോവാൻ വണ്ടി അത്യാവശ്യമുണ്ടേലും അവനെ ഇങ്ങനെ ബുദ്ധിമുട്ടാക്കുന്നത് ശെരിയല്ലെന്ന് തോന്നി. ചെറിയ കാറാണേൽ പിന്നേയും വെച്ചോന്ന് പറയാം. ഇത് അതല്ലല്ലോ!
തിരക്ക്
കൂട്ടി, ഗേറ്റിന് മുന്നിൽ നിർത്തിയ ഫോർട്യൂണറിൽ കേറി ഡ്രൈവിംഗ് സീറ്റിലിരുന്ന്. അവനെന്നെ നോക്കി.
“പഴയ കഥ ഞാൻ പറയണോ? ” അവനിത്തിരിയിളിച്ചു.
“നീ ക്ലാസ്സിൽ കൊണ്ട് വരുന്ന ചോറിൽ കയ്യിട്ട് വാരിത്തിന്നാ സെന്തിൽ ഈ നിലയിൽ ആയത് “എന്ന ഡയലോഗ് അവന്റെ വായിൽ നിന്ന് പതിനായിരത്താമത്തെ പ്രാവിശ്യം കേൾക്കേണ്ടി വരും! കേട്ട് കേട്ട് മടുത്തതാ.കാറും സ്വത്തും എഴുതി തന്നാലും അത് മാത്രം ഇനിയും പറയല്ലേന്ന് പറയുന്ന പോലെ അവന് നേരെ ഞാൻ കൈ കൂപ്പി. സെന്തിൽ ക്ക ക്ക ക്കാന്ന് ചിരിച്ചു.
“ഏട്ടത്തിക്ക് സുഖല്ലേടാ…” അവൻ സ്നേഹത്തോടെ ചോദിച്ചു. ഞാൻ തല കുലുക്കി അതേന്ന് പറഞ്ഞു. അപ്പോഴവൻ ഇടതു സൈഡിലൂടെ ഗേറ്റും കഴിഞ്ഞു എന്റെ വീട്ടിലേക്ക് ഒന്ന് ഏന്തി നോക്കി.
“എനിക്ക് ഒന്ന് മനസ്സിലുണ്ടായിരുന്നു ഡാ..തമ്പുരാട്ടിയുടെ ഓരോ കാണിക്കൽ കാണുമ്പോ..ഏട്ടത്തിയോട് പോലും ചെയ്തത് കണ്ടപ്പോ..നിന്റമ്മ ആളുകളെ വിഷമിപ്പിച്ചു പൈസയുണ്ടാക്കുമ്പോ… ആ കൈ കൊണ്ട് ഉണ്ടാക്കിയ ചോറല്ലേ..നിന്റെപാത്രത്തിൽ നിന്ന്കയ്യിട്ടാണേലും ചെറുപ്പത്തിൽ കഴിക്കേണ്ടി വന്നത് ഓർത്തൊരു ഒരു നെഞ്ചിലൊരു എരിച്ചില് . ഇപ്പോ…ഇത് കാണുമ്പോ..“അവൻ സൈഡ് ഗ്ലാസ്സിലൂടെ വരാന്തായിലേക്ക് വീണ്ടും നോക്കി. ഇങ്ങനെ നോക്കാൻ അവിടെയന്താ എന്നോർത്ത ഞാൻ കാറിന്റെ മറവിൽ നിന്ന് സൈഡിലേക്ക് മാറി വരാന്തയിലേക്ക് നോക്കി.
ഊരക്ക് കൈ രണ്ടും കൊടുത്ത് “ഏഹ്ഹ്ന്ന്…” കാഴ്ച കണ്ട് ഞാൻ പറഞ്ഞു പോയി. അമ്മ പെണ്ണുണ്ട് മടിയിലുള്ള വാവയെ നെഞ്ചിൽ ചേർത്ത് കുഞ്ഞി കവിളിൽ മെല്ലെയുമ്മ കൊടുത്തു ചിരിക്കുന്നു. വാവ ഉമ്മ കിട്ടുമ്പോ പൊട്ടിച്ചിരിക്കാണ്. അമ്മ വീണ്ടും കവിളിൽ ഉമ്മ കൊടുക്കും. വാവ പൊട്ടിച്ചിരിക്കും. ഇതന്നെ കാഴ്ച.
ഞാൻ മനസ്സിൽ ശ്രീദേവിയോട് വാവയെ ഒന്ന് കൊഞ്ചിച്ചു നോക്ക് എന്ന് പറഞ്ഞത് തമ്പുരാട്ടി മനസ്സിലാക്കിയോ ഈശ്വരാ…എന്തൊരു കാഴ്ചയാണ് ഇത്. ഇത്രേം സ്നേഹവും ഉള്ളിലിട്ടാണോ അമ്മ വാവയെ ഇത്ര ദിവസം തിരിഞ്ഞു നോക്കാതിരുന്നത്? ഏട്ടത്തിയും അനുഷേച്ചിയും ഇപ്പോ കണ്ടത് പറഞ്ഞാൽ പോലും വിശ്വസിക്കില്ലലോ?
സെന്തിൽ ആ കാഴ്ച കണ്ട് എന്റെ മുഖത്തേക്ക് നോക്കിയപ്പോ അവന്റെ കണ്ണുണ്ട് നിറഞ്ഞു പൊട്ടിയൊലിക്കാൻ നിക്കുന്നു. ഏട്ടത്തിയെയും വാവയെയും അമ്മ നല്ലപോലെ നോക്കുന്നുണ്ടെന്നു അവന് തോന്നി കാണും. പാവത്തിനെ തിരുത്താൻ നിക്കണ്ട. അങ്ങനെ നിന്നോട്ടെ.
“ആ കൈ കൊണ്ട് ണ്ടാക്കിയ ചോറ് കഴിച്ചതിൽ എനിക്കിപ്പോ കുറ്റബോധമൊന്നുമില്ലട്ടോ. നിന്റമ്മ അത്ര ഹൃദയമില്ലാത്ത ആളൊന്നുമില്ല ..പോട്ടെടാ..ഞാൻ വിളിക്കാം…” കണ്ണു നിറഞ്ഞത് തുടച്ചവൻ മുഖം കാണിക്കാതെ വണ്ടിയെടുത്തു പോയി.അവൻ പറഞ്ഞത് കേട്ട് എനിക്ക് സന്തോഷവും കരച്ചിലും എല്ലാം വന്നു.കൂടെ ഇപ്പോഴെങ്കിലും അമ്മ പെണ്ണ് വാവയെ എടുത്തു കൊഞ്ചിച്ചല്ലോ?
അനുഷേച്ചിയെയും ഏട്ടത്തിയെയും ഈ കാഴ്ച കാണിക്കാൻ എനിക്ക് കൊതിയായി. ഫോൺ എടുത്തു അനുഷേച്ചിയെ വിളിച്ചു. പെട്ടന്ന് ഏട്ടത്തിയെയും കൂട്ടി വരാന്തയിൽ വന്നു നോക്കാൻ പറഞ്ഞു.
ഗേറ്റിന്റെ അവിടെ കുറച്ചു മറഞ്ഞു നിന്ന്.
അവരുടെ വരവും നോക്കി നിന്ന ഞാൻ. വാവയെ കളിപ്പിക്കുന്ന അമ്മയെ നോക്കി. എന്തൊരു ചിരിയാണ് ആ മുഖത്തു. ഇത് വരെ കാണാത്തയൊന്നു. വയറിന്റെ മുകളിൽ വാവയെ ചേർത്തു പിടിച്ചിരുത്തി അമ്മ മുഖം വാവയുടെ കുഞ്ഞി കവിളിൽ മർത്തി വെക്കും. അപ്പോഴവൾ ചിരിച്ചു കൊണ്ട് അമ്മയുടെ നെഞ്ചിൽ അങ്ങു മുഖം പൊത്തും.
