“…നീ കിടന്നോ ഞാൻ ഇപ്പൊ വരാം…” വേദികയെ പറഞ്ഞയപ്പിച്ച് തേജസ് ടീവിയും ഓഫ് ആക്കി ദേവുവിന്റെ മുറിയിലേക്ക് ചെന്നു.
“…കല്ലു അടങ്ങി ഇരുന്നില്ലങ്കിൽ എന്റേന്ന് നല്ല തല്ല് കിട്ടും കേട്ടോ…” കിടക്ക വിരിക്കുന്ന ദേവുവിനെ ശല്യപെടുത്തുന്ന കല്ലുവിനെ ശാസിക്കുന്ന ദേവുവിന്റെ സ്വരവും കേട്ടാണ് ദേവൻ ആ മുറിയിലേക്ക് കടന്നത് .
“…എന്തിനാ മോളെ അമ്മയെ വെറുതെ ശല്യപെടുത്തുന്നെ…” ദേവന്റെ സൗണ്ട് കേട്ടാണ് കല്ലുവും ദേവൂവും വാതിൽക്കൽ നിക്കുന്ന ദേവനെ കാണുന്നത്.
“…മാമ.. അമ്മ കഥ പറഞ്ഞു തരാന്നു പറഞ്ഞ് പറ്റിക്ക…” ചുണ്ടും വലിച്ചിറക്കി ദേവന്റെ പക്കൽ കല്ലുമോൾ പരാതി പറഞ്ഞു.
“…അത് അമ്മക്ക് കഥ അറിയാത്തത് കൊണ്ടാവും. മോള് ഒരു കാര്യം ചെയ്യ് വേദിക മാമിയുടെ അടുത്തേക്ക് ചെല്ല്. മാമിക്ക് ഒരുപാട് കഥ അറിയാലോ…” അത് കേട്ടതും തുള്ളിചാടി അവൾ നേരെ ദേവന്റെ മുറിയിലേക്ക് ഓടി.
“…നിനക്ക് നാളെ ലീവ് ആണോ…” ദേവൻ ചോദിച്ചു.അതേയെന്ന് മറുപടി നൽകിയിട്ടും ദേവൻ തിരികെ പോയില്ല.
“… ഏട്ടന് എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ…” കിടക്ക വിരിച്ചു തീർന്നിട്ടും തിരികെ പോകാതെ നിൽക്കുന്ന ദേവനോട് ദേവു ചോദിച്ചു.
“…നമ്മുടെ തേജസ് ഇന്ന് എന്നോട് ഒരു പ്രൊപോസൽ പറഞ്ഞു…” കട്ടിലിൽ ഇരുന്നുകൊണ്ട് ദേവൻ പറഞ്ഞതും ചുവരിൽ ചാരി നിന്ന് ദേവു സംശയത്തോടെ അവനെ നോക്കി.
“…അവന് നിന്നെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു…”
“…ഇനി ഒരു കല്യാണം അത് ശരിയാവില്ല ഏട്ടാ…” ദേവു അവളുടെ നിലപാട് പറഞ്ഞു.
“…നിന്റെ മാനസികാവസ്ഥ എന്താണെന്ന് എനിക്ക് അറിയാം. തേജസിനെ നമുക്ക് അറിയാവുന്നത് അല്ലെ അവനെ വിവാഹം ചെയ്താൽ നിരഞ്ജന്റെ ഒപ്പം ഉണ്ടായിരുന്ന ഒരു ജീവിതം ആയിരിക്കില്ല എന്ന് എനിക്ക് ഉറപ്പ് ഉണ്ട്…” ദേവു ഒന്നും മിണ്ടിയില്ല.
“…മുമ്പത്തെ പോലെ നിന്നെ നിർബന്ധിക്കാൻ എനിക്ക് യോഗ്യത ഇല്ല. നീ ആലോചിച്ച് ഒരു തീരുമാനം എടുക്ക്. നിന്റെ തീരുമാനം എന്തായാലും ഏട്ടൻ നിന്റൊപ്പം ഉണ്ടാവും…” ദേവന് പറയാനുള്ളത് പറഞ്ഞ ശേഷം അവൻ സ്വന്തം റൂമിലേക്ക് പോവാൻ ഒരുങ്ങി.
“…ഞാനും വരുന്നുണ്ട് ഏട്ടാ. കല്ലു അവിടെ അല്ലെ …” ദേവൂവും ദേവന്റെ ഒപ്പം അവരുടെ മുറിയിലേക്ക് പോയി.
“…ആഹാ ഇവൾ അപ്പോഴേക്കും ഉറങ്ങിയോ…” വേദികയെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന കല്ലുവിനെ നോക്കി ദേവു ചോദിച്ചു.
“…കഥ പറഞ്ഞ് താ മാമി എന്നും പറഞ്ഞ് എന്നെ കെട്ടിപ്പിടിച്ച് കിടന്നത. പാതി പറഞ്ഞ് എത്തിയതും കക്ഷി ഉറക്കമായി…” കല്ലുവിന്റെ തലയിൽ തലോടികൊണ്ട് വേദിക പറഞ്ഞു.
“…എനിക്ക് തോന്നി ഇവൾ ഉറങ്ങിക്കാണും എന്ന്. അതാ കല്ലുവിനെ എടുത്തോണ്ട് പോവാൻ ഞാൻ ഇങ്ങോട്ട് വന്നത്…”
“… ഇനിയിപ്പോ അവളെ എടുത്ത് ഉറക്കം കളയണ്ട. ഇന്ന് ഇവിടെ കിടന്നോട്ടെ…” കല്ലുവിനെ എടുക്കാൻ തുനിഞ്ഞതും വേദികയുടെ സ്നേഹത്തോടുള്ള ശാസനം കിട്ടിയതും കൂടുതൽ ഒന്നും പറയാതെ കല്ലുവിന്റെ നെറുകയിൽ ഒരു ചുമ്പനവും നൽകി ദേവു സ്വന്തം മുറിയിലേക്ക് പോയി.
പിറ്റേന്ന് ദേവുവിന് ലീവ് ആയതിനാൽ രാവിലെ മുതൽ വീട്ടിലെ ഓരോ പണിയിലായി അവൾ മുഴുകി. രാവിലെ തുണി കഴുകാനായി കല്ലുവിന്റെ മുഷിഞ്ഞ തുണികൾ റൂമിൽ നിന്നും എടുക്കുമ്പോഴാണ് കരഞ്ഞുകൊണ്ട് കല്ലുമോൾ അവൾക്ക് അരികിലേക്ക് വരുന്നത്.
“…എന്ത് പറ്റി മോളെ. എന്തിനാ നീ കരയുന്നെ…”കരഞ്ഞു തളർന്ന കണ്ണുമായി ദേവുവിന്റെ കാലിൽ കെട്ടിപ്പിടിച്ച് കരയുന്ന കല്ലുവിന്റെ മുന്നിൽ മുട്ടുകുത്തിയിരുന്നു അവൾ ചോദിച്ചു.
“…അമ്മുമ്മ… അമ്മുമ്മ അടിച്ചു…” കൈയിലെ ചുമന്നു കിടക്കുന്ന വടിയുടെ പാടിലേക്ക് ചൂണ്ടി എങ്ങി എങ്ങി കല്ലു കരഞ്ഞു.
“…അയ്യോ ഇവിടെ ചുമന്നല്ലോ…” ആ കുഞ്ഞി കൈയിലെ പാടിൽ വിരലോടിച്ച് നോക്കിയ ദേവുവിന്റെ കണ്ണുകളും നിറഞ്ഞു.
“…നീ വന്നേ ഞാൻ ചോദിക്കാം എന്തിനാ എന്റെ കൊച്ചിനെ തല്ലിയത് എന്ന്…”
