“…നീ ഇത് എവിടെ പോണു. ഉച്ചക്ക് ചോർ കഴിച്ചിട്ട് പോയാൽ മതി…”
“… നിങ്ങൾ അല്ലെ എന്റെ വീട്ടിൽ പാചകത്തിന് സാധന സാമഗ്രികൾ ഒന്നും ഇല്ലന്ന് പറഞ്ഞെ ആദ്യം അത് പോയി വാങ്ങട്ടെ. ഊണ് ഒക്കെ ഇനിയും കഴിക്കാലോ…” മാമനോടും മാമിയോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി.
ഷോപ്പിലേക്കുള്ള യാത്രയിൽ വണ്ടിയിൽ പാട്ട് വച്ചതും കല്ലുമോൾ ഡാൻസും തുടങ്ങി. ദേവുവിന്റെ മടിയിൽ ഇരുന്ന് തുള്ളി കളിച്ചാണ് കക്ഷിയുടെ ഇരുപ്പ്. ആദ്യം തന്നെ പാത്രകടയിലേക്കാണ് പോയത് പിന്നെ പലചരക്കു കടയിലേക്ക്. കല്ലുവിനെ എന്റെ കൈയിൽ ഏൽപ്പിച്ച് ദേവു വീട്ടിലേക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ തുടങ്ങി. ഞാൻ ആണെങ്കിൽ കല്ലുവിനെയും കൊണ്ട് അവിടെ ആകെ ചുറ്റി നടന്നു.
“…എവിടെ എന്തിനാ നിർത്തിയെ…” തുണിക്കടയ്ക്ക് മുന്നിൽ വണ്ടി നിർത്തിയതും ദേവു എന്നെ നോക്കി.
“…തുണികടയിൽ എന്തിനാ വരുന്നത് എന്ന് നിനക്ക് അറിയില്ലേ…” ഫൺ അടിക്കാൻ നോക്കിയതാ ദേവുവിന്റെ തുറിച്ചു നോട്ടത്തിന് മുന്നിൽ പാളിപ്പോയി.
“…നിനക്കും മോൾക്കും കുറച്ചു ഡ്രെസ്സ് എടുക്കാം എന്ന് കരുതി…” സീറ്റ് ബെൽറ്റ് അഴിക്കുന്ന കൂട്ടത്തിൽ ഞാൻ പറഞ്ഞു.
“…അതൊന്നും വേണ്ട. ആവിശ്യം ഉള്ള ഡ്രസ്സ് ഒക്കെ വീട്ടിൽ ഉണ്ടല്ലോ…”
“…പിന്നെ ഞാൻ കണ്ടത് അല്ലെ. പണ്ട് എങ്ങാണ്ട് എടുത്ത രണ്ട് ഡ്രസ്സിന്റെ കാര്യം അല്ലെ നീ പറയുന്നേ…” കാറിൽ നിന്നും ഞാൻ ഇറങ്ങിയിട്ടും ദേവു അനങ്ങാതെ ഇരുന്നു.
“…എന്റെ ആവശ്യത്തിന് അത് മതി…” ഞാൻ അവളെ താഴ്ത്തിപറഞ്ഞത് അവൾക്ക് ഇഷ്ടപെടാതെ അവൾ പറഞ്ഞു.
“…ദേ നോക്ക് നീ ഇപ്പൊ എന്റെ ഭാര്യ ആണ് അപ്പൊ നല്ല ഡ്രസ്സ് ഒക്കെ വാങ്ങി തന്ന് നിന്നെ സന്തോഷത്തോടെ നോക്കണം എന്നുണ്ട്. So please…” പുറത്ത് ഇറങ്ങി ദേവുവിന്റെ ഡോർ വിൻഡോ വഴി ഇത്രയും പറഞ്ഞ് അവൾക്ക് ഇറങ്ങാനായി ഡോർ തുറന്നു കൊടുത്തു. വേറെ വഴിയില്ലാതെ മടിച്ചു മടിച്ച് ദേവു പുറത്തേക്ക് ഇറങ്ങി.
ദേവുവിനെയും കൂട്ടി ഞാൻ അകത്തേക്ക് പോയി. ആദ്യം ദേവുവിന് ഡ്രസ്സ് എടുക്കാൻ ആയിരുന്നു പോയത് ചെന്ന പാടെ ഒന്നു രണ്ട് ഡ്രസ്സ് എടുത്ത് നോക്കി അതിൽ നിന്നും ഒരെണ്ണം അവൾ സെലക്ട് ചെയ്തു.
“… അത് ഇഷ്ട്ടപെട്ടോ…” അതിന് ദേവു ചെറുതായി ഒന്ന് മൂളി.
“… വേറെയും നോക്കിക്കോ…”
“… വേണ്ട ഇത് മതി…” വലിയ താല്പര്യം ഇല്ലാതെ ദേവു പറഞ്ഞു.
പിന്നെ അവളോട് തർക്കിക്കാതെ എനിക്ക് ഇഷ്ട്ടപെട്ട കുറച്ചു ഡ്രസ്സ് അവൾക്കായി വാങ്ങി. പിന്നെ കല്ലുവിനും കുപ്പായം വാങ്ങി. കല്ലു ആണെങ്കിൽ അവൾക്ക് പുതിയ കുപ്പായം എടുക്കുമ്പോൾ വലിയ സന്തോഷത്തോടെ അവിടെ തുള്ളി ചാടി.
“…നീ എന്താ കാണിക്കുന്നേ പൈസ ഒക്കെ ഞാൻ കൊടുത്തോളം…” ബില്ല് അടിച്ച ശേഷം സ്വന്തം പൈസ കൊടുക്കാൻ ഒരുങ്ങിയ ദേവുവിനെ തടഞ്ഞുകൊണ്ട് ഞാൻ പൈസ കൊടുത്തു.
“… എന്താ ആലോചിക്കുന്നേ…” തിരിച്ചു വീട്ടിലേക്ക് പോകുന്നവഴി ഒപ്പം ഇരുന്ന കല്ലു എന്നെ ഒരുപാട് വിളിച്ചിട്ടും വിളി കേൾക്കാത്ത പോലെ ഇരുന്ന എന്നോട് ദേവു ചോദിച്ചു.
“…ഏയ്യ് പണ്ട് ഞാൻ നിന്നോടൊപ്പം ഷോപ്പിംഗ് ചെയ്യാൻ വന്നത് ആലോചിക്കായിരുന്നു…” ദേവു സംശയത്തോടെ എന്നെ നോക്കി.
“…അന്നൊക്കെ ദേവന് നിന്റൊപ്പം ഷോപ്പിങ്ങിന് വരാൻ പേടിയായിരുന്നു. നീ ഉദ്ദേശിച്ച ഡ്രസ്സ് കിട്ടുന്നവരെ ആ കടയിലെ മുഴുവൻ ഡ്രെസ്സും നീ അവരെക്കൊണ്ട് എടുപ്പിച്ച് അരിച്ചു പറക്കുമായിരുന്നു. എന്നിട്ടും കിട്ടിയില്ല എങ്കിൽ ഒരു കൂസലും ഇല്ലാതെ അടുത്ത ഷോപ്പിലേക്ക് പോകും. ആ നീയാണ് ഇന്ന് ഒന്നോ രണ്ടോ ഡ്രസ്സിൽ നിന്നും ഒരെണ്ണം സെലക്ട് ചെയ്തത്…”
