“… ദേവു… ദേവു… കല്ലു… കല്ലു…” ആരെയും കാണാത്തതിനാൽ ചെറിയ ഭയത്തോടെയാണ് ഞാൻ വീട്ടിലേക്ക് കയറിയത്.
“…അച്ഛ…” ഇരുട്ടത്ത് സിറ്റൗട്ടിനു മൂലയിൽ പതുങ്ങി ഇരുന്ന കല്ലു കരഞ്ഞോണ്ട് ഓടി എന്റെ അടുത്തേക്ക് വന്നു.
“…എന്താടാ… എന്തിന മോള് കരയുന്നെ… അമ്മ എവിടെ….” ഓടി വന്ന കല്ലുവിനെ എടുത്ത് മാറോട് ചേർത്ത് ഞാൻ ചോദിച്ചു.
“… അച്ഛൻ എവിടായിരുന്നു… മോള് സ്കൂൾ വിട്ട് വന്നപ്പോ ആരെയും കണ്ടില്ല…” ഏങ്ങി ഏങ്ങി കല്ലു പറഞ്ഞു.
“… അച്ഛൻ കുറച്ചു തിരക്കിൽ പെട്ടുപോയി മോളെ. അമ്മ വന്നില്ലേ…”
“…ഞാൻ ഇവിടെ വന്നപ്പോ ആരും ഇല്ലായിരുന്നു. അമ്മയും വന്നില്ല. മോള് പേടിച്ചുപോയി…” കണ്ണീർ അടങ്ങാതെ കല്ലു അവളുടെ വിഷമങ്ങൾ പറഞ്ഞു.
“… പോട്ടെടാ. അച്ഛൻ വന്നില്ലേ വാ നമുക്ക് കുളിച്ച് കുപ്പായം മാറാം…”
കല്ലുവിനെ താഴെ വയ്ക്കാതെ തന്നെ ചെടി ചട്ടിയിൽ ഒളുപ്പിച്ചു വച്ച താക്കോൽ എടുത്ത് വീട് തുറന്ന് അകത്ത് കയറി. കല്ലുവിനെ കുളിപ്പിച്ച് കുപ്പായം മാറ്റി. ഉച്ച മുതൽ ഒന്നും കഴിക്കാത്തതിനാൽ പാവത്തിന് നല്ല വിശപ്പ് ഉണ്ടായിരുന്നു. അവൾക്ക് ആഹാരവും വാരികൊടുത്ത് കട്ടിലിൽ കൊണ്ട് കിടത്തി. കരഞ്ഞു തളർന്നത് കൊണ്ടാവാം അവൾ പെട്ടെന്ന് ഉറങ്ങി.
ഇന്നത്തെ കാര്യങ്ങൾ ആലോചിച്ചപ്പോ എനിക്ക് ആകെ വിഷമം തോന്നി. മണി 8.00 ആയിട്ടും ദേവു വീട്ടിൽ എത്തിയില്ല. സാധാരണ 6.00 മണിക്ക് മുമ്പേ എത്തുന്നത് ആയിരുന്നു.ഞാൻ ഓരോന്ന് ആലോചിച്ച് ഹാളിലെ ഡയനിംഗ് ടേബിളിൽ തന്നെ ഇരുന്നു.
“…ഇതെന്താ ലൈറ്റ് ഒന്നും ഇടാതെ ഇരിക്കുന്നെ…” ഹാളിലെ ലൈറ്റ് ഇട്ടുകൊണ്ട് ദേവു വീടിന് ഉള്ളിലേക്ക് കടന്നു വന്നു.
“…നീ എന്താ ലേറ്റ് ആയത്…” ഡയിനിങ് ടേബിളിൽ കൈതാങ്ങി തലതാഴ്ത്തി ഞാൻ ചോദിച്ചു.
“…ഇന്ന് സ്റ്റോക്ക് ക്ലിയർ ചെയ്യാൻ ഉണ്ടായിരുന്നു. ആ മാനേജർ അത് കഴിഞ്ഞു പോയ മതിയെന്ന് പറഞ്ഞു. എല്ലാം ശെരിയാക്കി ഇറങ്ങിയപ്പോ ലേറ്റ് ആയി…”
“… ലേറ്റ് ആവും എന്ന് എന്താ എന്നെ വിളിച്ചു പറയാതിരുന്നേ…”
“… ഓ… അതിന്റെ കാര്യം ഞാൻ മറന്നുപോയി… ” നെറ്റിയിൽ കൈവെച്ച് എരിവ് വലിച്ചോണ്ട് ദേവു പറഞ്ഞു.
“… അപ്പൊ ഞാൻ വിളിച്ചപ്പോ എന്താ എടുക്കാത്തെ…”
“… വിളിച്ചിരുന്നോ… ഫോൺ സൈലന്റ് ആണെന്ന് തോന്നുന്നു ഞാൻ ശ്രെദ്ധിച്ചില്ല…” ബാഗിലെ ഫോൺ പരതികൊണ്ട് ദേവു പറഞ്ഞു.
“…നിനക്ക് ജോലി തീരാൻ ലേറ്റ് ആവുമെങ്കിൽ എന്നോട് ഒന്ന് വിളിച്ചു പറഞ്ഞാൽ എന്താ. ഞാൻ എന്തുമാത്രം ടെൻഷൻ അടിച്ചെന്നോ…”
“…ടെൻഷൻ അടിക്കാൻ ഇപ്പൊ എന്താ ഉണ്ടായേ. ഞാൻ ഇങ്ങു വന്നില്ലേ…” ദേവൂവും എന്നോട് കയർത്ത് സംസാരിക്കാൻ തുടങ്ങി.
“…എനിക്ക് അറിയാം നീ എന്നെ ഒരു ഭർത്താവ് ആയി പരിഗണിക്കുന്നില്ല എന്ന്. അറ്റ്ലീസ്റ്റ് ഒപ്പം താമസിക്കുന്ന ഒരാളായെങ്കിലും കൺസിഡർ ചെയ്തൂടെ. അത് പോട്ടെ കല്ലുവിന്റെ കാര്യത്തിൽ നിനക്ക് എന്തെങ്കിലും ഉത്തരവാദിത്തം ഉണ്ടോ…” എന്റെ ഉള്ളിലെ മുഴുവൻ വിഷമവും ആ വാക്കുകളിൽ ഉണ്ടായിരുന്നു.
“… കല്യാണം കഴിഞ്ഞ് പെട്ടെന്നൊരു ദിവസം നീ ജോലിക്ക് ഇറങ്ങി പോയി ആ സമയം കല്ലു ഇവിടെ ഒറ്റക്ക് എങ്ങനെ നിക്കും അവളെ ആര് നോക്കും എന്നൊക്കെ നീ ചിന്തിച്ചോ. പ്ലേസ്കൂളിൽ അഡ്മിൻ എടുക്കാൻ വന്നത് അല്ലാതെ ഒരു ദിവസം എങ്കിലും നീ അവളുടെ ടീച്ചറോട് കല്ലുവിന്റെ കാര്യങ്ങൾ സംസാരിച്ചിട്ടുണ്ട്…”
“…എനിക്ക് ജോലി ഉള്ളത് കൊണ്ടല്ലേ അവളുടെ സ്കൂളിൽ പോകാൻ പറ്റാത്തെ…” ദേവൂന്റെ ന്യായീകരണം എത്തി.
