“…ടാ ഞായറാഴ്ച നീ ദേവൂനെയും കൊച്ചിനെയും കൂട്ടി വീട്ടിലേക്ക് വരണം കേട്ടോ…” ഉച്ചക്ക് ഭക്ഷണം കഴിക്കുന്നതിന്റെ ഇടക്ക് മാമൻ പറഞ്ഞു.
“…എന്താ മാമ പ്രത്യേകിച്ച്…” ഞാൻ കാര്യം തിരക്കി.
“…നിന്നെയും ദേവൂനെയും വിളിച്ച് വിരുന്ന് തരണം എന്ന് നിന്റെ മാമി കുറച്ചു ദിവസമായി പറയുന്നു. ഞാനും വിചാരിച്ചു വിവാഹം കഴിഞ്ഞ് നിങ്ങൾ എങ്ങും പോയില്ലല്ലോ ഞായർ അവൾക്ക് ലീവും ആണല്ലോ. അന്ന് വേറെ പരുപാടി ഒന്നും ഇല്ലല്ലോ…” മാമൻ സംശയത്തോടെ ചോദിച്ചു.
“… വേറെ പരുപാടി ഒന്നും ഇല്ല. ഞാൻ അവളോട് ഒന്ന് ചോദിച്ച് മാറ്റം വല്ലതും ഉണ്ടെങ്കിൽ ഞാൻ പറയാം…” അതിന് മാമൻ ഒന്ന് മൂളി.
“…അഹ് പിന്നെ നീതു നിന്നെ തിരക്കി. കഴിച്ചിട്ട് അങ്ങോട്ട് ഒന്ന് ചെല്ല്…” ഞാൻ അതിന് ഒന്ന് മൂളി.
“…എന്താ ചേച്ചി എന്നെ കാണണം എന്ന് പറഞ്ഞത്…”
“…എടാ അടുത്ത മാസം ഞാൻ ഇവിടെന്ന് ഇറങ്ങാട…”
“…അതെന്താ ചേച്ചി പെട്ടെന്ന് ഇങ്ങനെ ഒരു തീരുമാനം…”
“… എടാ നിനക്ക് അറിയാലോ അഖിലേഷേട്ടൻ പുറത്തും ഞാൻ ഇവിടെയും അല്ലെ. അവിടെ എനിക്ക് ഒരു ജോലി ഏട്ടൻ സെറ്റ് ആക്കിയിട്ടുണ്ട് അപ്പൊ ഉടനെ പോവേണ്ടി വരും…”
“…ആണോ. ചേച്ചി ഇവിടെ ഉള്ളതോണ്ട് എനിക്ക് ഈ വശത്തേക്ക് നോക്കേണ്ടതെ ഇല്ലായിരുന്നു. ചേച്ചി പോയ എല്ലാം അവതാളത്തിൽ ആവും. സാരമില്ല വേറൊരാളെ കിട്ടോന്ന് നോക്കട്ടെ. ചേച്ചിയുടെ പരിചയത്തിൽ ആരെങ്കിലും ഉണ്ടൊന്നും നോക്ക്…”
“…ഞാൻ നോക്കാടാ…” ചിരിച്ചോണ്ട് ചേച്ചി പറഞ്ഞു.
ഞാൻ ഷോപ്പ് പുതുക്കി പണിതപ്പോ car accessories കൂടെ തുടങ്ങിയർന്നല്ലോ. നീതു ചേച്ചിയാണ് അതിന്റെ കാര്യങ്ങൾ ഒക്കെ നോക്കികൊണ്ടിരുന്നത്. കസ്റ്റമർ ഡീലിങ്ങും സ്റ്റോക്ക് ചെക്ക് ചെയ്യുന്നതും എല്ലാം ചേച്ചിയാണ്. സ്റ്റോക്ക് തീരുമ്പോൾ ഓർഡർ ചെയ്യാൻ മാത്രമേ എന്റെ ആവശ്യം ഉള്ളു. അത്രക്ക് സഹായം ആയിരുന്ന ചേച്ചിയാണ് പോവുന്നത്. ഇനി പുതിയ ഒരാളെ കണ്ടെത്തണം.
ഇന്ന് സ്കൂൾ കഴിഞ്ഞ് ബസ് ഇറങ്ങി വരുന്ന കല്ലുവിനെ കൂട്ടാൻ ഞാൻ വീട്ടിൽ നേരത്തെ എത്തി.
“… അച്ഛൻ രാവിലെ എവിടെ പോയതാ. ഞാൻ എണീറ്റപ്പോ കണ്ടില്ലലോ. അമ്മയോട് ചോദിച്ചപ്പോ അമ്മയും ഒന്നും പറഞ്ഞില്ല…” രാവിലെ എന്നെ കാണാത്ത പരാതി എത്തി.
“…അച്ഛന് രാവിലെ കുറച്ചു പണി ഉണ്ടായിരുന്നു. അതാ മോള് എഴുന്നേറ്റപ്പോ അച്ഛനെ കാണാത്തെ…” എനിക്ക് കല്ലുവിനോട് അങ്ങനെ പറയാനാണ് തോന്നിയത്.
എന്നത്തേയും പോലെ ദേവു എത്തി കല്ലുവിന്റ കാര്യങ്ങൾ എല്ലാം ചെയ്ത് അടുക്കള പണിയിൽ മുഴുകുമ്പോൾ ആണ് ഞാൻ അടുക്കളയിലേക്ക് ചെന്നത്.
“…ദേവു ഞായറാഴ്ച മാമൻ നമുക്ക് ഒരു വിരുന്ന് ഒരുക്കുന്നുണ്ട്. നീ ഫ്രീ ആണെങ്കിൽ നമുക്ക് അന്ന് അങ്ങോട്ട് ഇറങ്ങിയാലോ…” മടിച്ച് മടിച്ച് ഞാൻ ചോദിച്ചതും ദേവു സമ്മതം മൂളി.
“… ദേവു…” പിന്നെ എന്ത് സംസാരിക്കും എന്ന് അറിയാതെ അവിടെ നിന്ന് പരുങ്ങിയ ശേഷം ഞാൻ ദേവൂനെ വിളിച്ചു.
“… എന്താ😡…” കത്തുന്ന കണ്ണുകളോടെ ദേവു ചോദിച്ചതും ഞാൻ ചെറുതായി ഒന്ന് പേടിച്ചു ഒന്നുമില്ലെന്ന് പറഞ്ഞ് നൈസ് ആയിട്ട് അവിടെന്ന് തടി തപ്പി.
ഞായാർ രാവിലെ തന്നെ ദേവുവിനെയും കല്ലുവിനെയും കൂട്ടി മാമന്റെ വീട്ടിൽ എത്തി. ദേവു മാമിയുടെ ഒപ്പം അടുക്കളയിൽ കയറി ഞാനും മാമനും കല്ലുവിനെ കൊണ്ട് അവിടെ മുഴുവൻ നടന്നു. ഉച്ചക്ക് എല്ലാരും ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാൻ തുടങ്ങി. ഇന്ന് കല്ലുവിന് വാരി കൊടുക്കുന്ന ജോലി മാമി ഏറ്റെടുത്തു.
“…ഇനിയിപ്പോ ഇവിടെ കിടന്നിട്ട് നാളെ പോകാം പിള്ളേരെ…” കഴിക്കുന്നതിന്റെ ഇടക്ക് മാമി പറഞ്ഞു.
