“…ദേ മോള് ടീച്ചറുടെ കൂടെ ചെന്നാൽ ടീച്ചർ ഒരുപാട് മിട്ടായി തരും…” ഞാൻ അത് പറഞ്ഞതും സംശയത്തോടെ കല്ലു എന്നെയും ടീച്ചറെയും മാറി മാറി നോക്കി.
“…വാ… വാ… വാ… അങ്ങനെ തന്നെ മിടുക്കി…” ഇത്തവണ ടീച്ചർ കൈ നീട്ടിയതും മനസ്സില്ല മനസ്സോടെ കല്ലു ടീച്ചറുടെ കൈയിലേക്ക് പോയി.
“…അച്ഛൻ വൈകിട്ട് നേരത്തെ വരാട്ടോ. അതുവരെ ടീച്ചർ പറയുന്നത് എല്ലാം കേൾക്കണേ…” അതിന് കല്ലു തലയിട്ടിയതും അവൾക്ക് ഒരുമ്മ നൽകി ഞാൻ ഷോപ്പിലേക്ക് ഇറങ്ങി.
ഷോപ്പിലേക്ക് വണ്ടി ഓട്ടിക്കുന്ന വഴിയിൽ പണ്ട് എന്നെ അമ്മ സ്കൂളിൽ കൊണ്ട് ആക്കിയപ്പോ ഞാൻ കരഞ്ഞു വിളിച്ചത് ആയിരുന്നു ഓർമ വന്നതും. അന്ന് അമ്മക്ക് ഇഷ്ടമല്ലാത്തത് കൊണ്ട് എന്നെ കൊണ്ട് കളഞ്ഞത് ആണെന്നാണ് ഞാൻ കരുതിയെ. പക്ഷെ അന്ന് അമ്മ അനുഭവിച്ച വിഷമം എന്താന്ന് ഇന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്. അതെല്ലാം ഓർത്തപ്പോ കണ്ണുകൾ നിറഞ്ഞു.
“…കല്ലുവിന്റെ ഫസ്റ്റ് ഡേ എങ്ങനെ ഉണ്ട് ആശാനേ. അവൾ അവിടെ അടങ്ങി ഇരുന്നോ…” ഷോപ്പിൽ എത്തിയതും കിച്ചു അന്വേഷിച്ചു.
“…ഒന്നും പറയണ്ട. കരഞ്ഞുവിളിച്ച് ആകെ കുളമാക്കി. പിന്നെ ടീച്ചർ തഞ്ചത്തിൽ പറഞ്ഞ് അവളെ കൈയിൽ എടുത്തു…”
“… ആദ്യ ദിവസം അല്ലെ ആശാനേ അതിന്റെയ. കൂട്ടുകാർ ഒക്കെ ആവുമ്പോൾ കല്ലു ഹാപ്പി ആയിക്കോളും…” ഞാൻ കിച്ചു പറഞ്ഞത് മൂളിക്കേട്ടു.
അന്നത്തെ ദിവസം ഞാൻ ആകെ അസ്വസ്ഥൻ ആയിരുന്നു. കല്ലുമോൾ ഇപ്പൊ എന്ത് ചെയ്യുന്നുണ്ടാവും, ഇപ്പോഴും കരഞ്ഞോണ്ട് ഇരിക്കണോ അങ്ങനെയുള്ള ചോദ്യങ്ങൾ എന്റെ ഉള്ളിൽ അലയടിച്ചോണ്ട് ഇരുന്നു. ഉച്ചക്ക് നേരെ ആഹാരം കഴിക്കാൻ പോലും കഴിഞ്ഞില്ല.
“…എടാ നീ ഇങ്ങനെ നാഴികക്ക് നാല്പത് വട്ടം ക്ലോക്കിൽ നോക്കിയാൽ സമയം നീങ്ങത്തൊന്നുമില്ല…” എന്റെ വെപ്രാളം കണ്ട് മാമൻ പറഞ്ഞു.
“… ആശൻ ഇവിടെ ആണെങ്കിലും മനസ് കല്ലുവിന്റെ കൂടെയ…” മാമന് ഒത്താശയായി കിച്ചുവും എത്തി.
“… നീ ഇവിടെ ഇരുന്ന് ടെൻഷൻ അടിച്ചിട്ട് ഒരു കാര്യം ഇല്ല. കല്ലുമോൾ അവിടെ പുതിയ പിള്ളേർക്കൊപ്പം സന്തോഷത്തോടെ ഇരിക്കായിരിക്കും…” മാമന്റെ വക ഉപദേശവും കിട്ടി.
പിന്നെയും സമയം ഇഴഞ്ഞു നീങ്ങി. കല്ലുവിന്റെ സ്കൂൾ വിടും വരെ ഞാൻ കടിച്ചുപിടിച്ചു നിന്നു ശേഷം ഡ്രെസ്സും മാറി നേരെ സ്കൂളിലേക്ക്. സ്കൂളിൽ എത്തിയതും കല്ലു എന്റെ അടുത്തേക്ക് ഓടി വന്നു.
“…മോളെ…” ഞാൻ കല്ലുവിനെ എടുത്ത് ഉമ്മകൾ കൊണ്ട് പൊതിഞ്ഞു.
“… ടീച്ചർ വേറെ കുഴപ്പം ഒന്നും ഉണ്ടായില്ലല്ലോ…” ഞാൻ ആധിയുടെ ടീച്ചറോട് തിരക്കി.
“… ഏയ്യ്. അവൾ ഇവിടെ ഹാപ്പി ആയിരുന്നു. അല്ലെ മോളെ…” കല്ലുവിന്റെ താടിയിൽ തട്ടി ടീച്ചർ ചോദിച്ചതും കല്ലു പുഞ്ചിരിച്ചു.
തിരികെ വീട്ടിലേക്കുള്ള യാത്രയിൽ കല്ലു വാ തോരാതെ അവളുടെ വിശേഷങ്ങൾ പറഞ്ഞോണ്ട് ഇരുന്നു. പുതിയ കൂട്ടുകാരെ കിട്ടിയതും ടീച്ചർ മിട്ടായി കൊടുത്തതും അങ്ങനെ അങ്ങനെ. ഞാൻ അതെല്ലാം വളരെ ശ്രെദ്ധയോടെ കേട്ടിരുന്നു.
രണ്ട് ദിവസം കൊണ്ട് കല്ലു സ്കൂളുമായി പൊരുത്തപ്പെട്ടു. ഇപ്പൊ സ്കൂൾ ബസിൽ കയറി സ്കൂളിൽ പോയി തിരിച്ചും അതുപോലെ വീട്ടിൽ എത്തും. ദേവു ആ സമയത്ത് ജോലി കഴിഞ്ഞു എത്തില്ല അതിനാൽ ഞാൻ ഷോപ്പിൽ പോകുന്ന ടൈമിംഗ് ഒന്ന് മാറ്റി പിടിച്ചു. രാവിലെ നേരത്തെ പോയി വൈകിട്ട് കല്ലു വീട്ടിൽ എത്തുന്ന സമയത്ത് ഞാൻ എത്തും. എല്ലാം അങ്ങനെ നല്ല രീതിയിൽ പോകുന്ന വേളയിൽ ആണ് വർക്കിന്റെ ആവിശ്യത്തിന് ആയി ഒരു കാർ നോക്കാൻ പോയത്. പക്ഷെ വിചാരിച്ച സമയത്ത് തിരിച്ച് എത്താൻ പറ്റിയില്ല ഞാൻ വീട്ടിൽ എത്തുമ്പോൾ നേരം ചെറുതായി ഇരുട്ടിയിരുന്നു. ദേവു ആ സമയത്ത് എത്തുന്നതിനാൽ കല്ലുവിന്റെ കാര്യത്തിൽ എനിക്ക് ചെറിയ ആശ്വാസം ഉണ്ടായിരുന്നു. പക്ഷെ ഞാൻ വീട്ടിൽ എത്തിയപ്പോൾ മുറ്റത്ത് വെളിച്ചം ഒന്നും കണ്ടില്ല.
