“…സോറി. കല്ലുവിന്റെ കാര്യം ഞാൻ ഓർത്തില്ല. പിന്നെ നിങ്ങൾ ഇന്ന് ജോലിക്ക് പോവുമെന്ന് എനിക്ക് അറിയില്ലല്ലോ…” ദേവു തെറ്റ് സമ്മതിച്ച് സ്വയം ന്യായീകരിക്കാൻ ശ്രെമിച്ചു.
“…ഇനി പറഞ്ഞിട്ട് എന്താ നീ ഇന്ന് ജോലിക്ക് പോകുമെന്ന് ഞാനോ ഞാൻ ഇന്ന് ജോലിക്ക് പോകുമെന്ന് നീയോ അറിഞ്ഞില്ല. അതുകൊണ്ട് അല്ലെ ഇങ്ങനെ ഒക്കെ പറ്റിയത്…”
“…ആഹ് പിന്നെ മോളെ എന്നും ഇങ്ങനെ മാമിയെ ഏൽപ്പിച്ചു പോകാൻ പറ്റില്ല…” ഞാൻ പറഞ്ഞു.
“… അതെന്താ മാമി വല്ല ഇഷ്ടക്കേടും പറഞ്ഞോ…”
“… അങ്ങനെ ഒന്നും പറഞ്ഞില്ല. വയസായവർ അല്ലെ എല്ലാഎപ്പോഴും കല്ലുവിന്റെ മേൽ മാമിയുടെ ശ്രദ്ധ എത്തണം എന്നില്ല അതുകൊണ്ട് പറഞ്ഞതാ…” ഞാൻ കാര്യം പറഞ്ഞു.
“…ഞാൻ ഇവിടെ അടുത്തൊരു പ്ലേസ്കൂളിൽ കല്ലുമോളെ ആക്കിയാലോ എന്ന് ചിന്തിക്ക. അതാവുമ്പോൾ കൂട്ടുകാരുടെ ഒത്ത് അവൾ കളിച്ചു നടന്നോളും…” ഞാൻ പറഞ്ഞതും ദേവു അതിന് സമ്മതം മൂളി.
രണ്ട് ദിവസത്തിനു ശേഷം ഞാനും ദേവൂവും ചേർന്ന് കല്ലുവിനെ അടുത്തുള്ള പ്ലേസ്കൂളിൽ ചേർത്തു. സ്കൂൾ ബസ് ഉള്ളതിനാൽ അവർ തന്നെ കൂട്ടികൊണ്ട് പോയി തിരിച്ചുകൊണ്ടാക്കുമായിരുന്നു. അങ്ങനെ പുത്തൻ ഉടുപ്പ് ഒക്കെ ഇട്ട് കല്ലുമോൾ സ്കൂളിൽ പോകാൻ റെഡി ആയി.
“…ആഹാ അച്ഛന്റെ മോള് സുന്ദരി ആയല്ലോ…” ഞാൻ അവളെ എടുത്തതും കുഞ്ഞിപ്പല്ലുകൾ കാട്ടി കല്ലു ചിരിക്കാൻ തുടങ്ങി.
“… അമ്മ വരൂലേ…” വിഷമത്തോടെ കല്ലു തിരക്കി.
“…ഇല്ലടാ അമ്മക്ക് ജോലിക്ക് പോണ്ടേ…” ഞാൻ അത് പറഞ്ഞതും കല്ലുവിന്റെ കുഞ്ഞിക്കണ്ണുകൾ നിറയാൻ തുടങ്ങി.
“… അയ്യേ.. അമ്മ ഇല്ലെങ്കിൽ എന്താ അച്ഛൻ ഇല്ലേ. നമ്മൾ അല്ലെ കൂട്ട്…” കല്ലുവിനെ സമാധാനിപ്പിച്ചോണ്ട് ഞാൻ അവൾക്ക് ഉമ്മകൾ നൽകി.
കല്ലുവിനെ ക്ലാസ്സിൽ കൊണ്ട് ആക്കിയിട്ട് ഞാൻ ആ ജനലിൽ കൂടി അവളെ തന്നെ നോക്കി നിന്നു. പുതിയ സ്ഥലവും പരിചയം ഇല്ലാത്തവരെ കണ്ടതോടു കൂടി കല്ലു പേടിയോടെ ചുറ്റും നോക്കാൻ തുടങ്ങി. ഞാൻ അതെല്ലാം ജനാല വഴി നോക്കി കാണുന്നുണ്ടായിരുന്നു. ആ കുഞ്ഞി കണ്ണുകൾ ചുറ്റും വീക്ഷിച്ച് അവസാനം എന്നിൽ എത്തിയതും കല്ലുവിൽ ചെറിയൊരു പുഞ്ചിരി വിടർന്നു. ഞാൻ ഇവിടെ ഉണ്ടെന്നു ആഗ്യം കാണിച്ചതും അവൾ കുറച്ചുകൂടി സമാധാനപെട്ടു. ക്ലാസ്സിൽ ടീച്ചർ വന്നതും ഞാൻ പതിയെ ഷോപ്പിലേക്ക് പോവാൻ ഇറങ്ങി.
“…അച്ഛ… അച്ഛാ…” ക്ലാസിലെ ജനലിൽ നിന്നും മാറിയതും എന്നെയും വിളിച്ച് കരഞ്ഞോണ്ട് കല്ലു ഓടി എന്റെ അടുത്തേക്ക് വന്നു.
“…എന്താ മോളെ. എന്തിനാ അച്ഛന്റെ മോള് കരയുന്നെ…” കല്ലുവിന്റെ എടുത്ത് ആ കവിളിലേ കണ്ണീര് ഒപ്പി ഞാൻ ചോദിച്ചു.
“…നമുക്ക് വീട്ടിൽ പോവാം അച്ഛാ…” എന്റെ കഴുത്തിൽ കെട്ടിപ്പിടിച്ച് എങ്ങൽ അടിച്ച് കരയാൻ തുടങ്ങി.
“…ഓ… ഓ… എന്താടാ ഇത്. അച്ഛൻ ഇവിടെ തന്നെ ഇല്ലേ പിന്നെ എന്തിന മോള് കരയുന്നെ…” കല്ലുവിന്റെ പുറത്ത് തട്ടി അവളെ അശ്വസിപ്പിക്കാൻ ശ്രമിച്ചു.
“… സോറി ടീച്ചർ. ആദ്യമായിട്ടാ ഇങ്ങനെ പരിചയം ഇല്ലാത്ത ഇടത്ത് ഒറ്റക്ക് അതിന്റെയ…” എന്റെ അടുത്തേക്ക് വന്ന ക്ലാസ്സ് ടീച്ചറോട് ഞാൻ കാര്യം പറഞ്ഞു.
“…ഏയ്യ് പിള്ളേർ അല്ലെ. ആദ്യം ഒക്കെ ഇങ്ങനെ തന്ന…” പുഞ്ചിരിയോടെ കല്ലുവിനെ എടുക്കാൻ ടീച്ചർ കൈ നീട്ടിയെങ്കിലും കല്ലു പോകാൻ കൂട്ടാക്കിയില്ല.
“…കല്ലു മോളെ ദേ ടീച്ചർ വിളിക്കുന്നു നോക്ക്…” ഞാൻ എന്തൊക്കെ പറഞ്ഞിട്ടും കല്ലു എന്റെ തോളിൽ തന്നെ അള്ളിപിടിച്ചിരുന്നു.
“…കല്ലുമോൾ വന്നാൽ ദാ ടീച്ചർ മിട്ടായി തരാലോ…” കല്ലുവിനെ മിട്ടായി കാണിച്ചതും കല്ലു ഒന്ന് ശാന്തമായി.
