“… ഹ്ഹ്മ്. ഓവർ ആകരുത് കേട്ടല്ലോ…” താകീതോടെ ദേവു തേജസിന് ഗ്ലാസ്സ് കൊടുത്തു.
“… അതെ നമ്മുടെ ആളെയും ഒന്ന് നോക്കിയേക്കണേ…” വേദിക ദേവനെക്കുറിച്ചും തേജസിനോട് സൂചന നൽകി.
“…ഊണ് റെഡി ആയി വാ കഴിക്കാം…” ഉചക്ക് ഊണ് കഴിക്കാനായി ദേവനെയും തേജസിനെയും വിളിച്ചപ്പോ രണ്ടും കൊലഫിറ്റ്.
“… ദേവു പണി ആയെന്ന തോന്നുന്നേ. രണ്ടും ഫിറ്റ് ആണ്…” അടുക്കളയിലേക്ക് ചെന്ന് ദേവുവിനോട് വേദിക കാര്യം പറഞ്ഞു.
“… ഓ..രണ്ടിനും ഞാൻ വച്ചിട്ടുണ്ട്…” ചെറിയ ദേഷ്യത്തിൽ പിറുപിറുത്തോണ്ട് കറികൾ എല്ലാം ടേബിളിൽ നിരത്തി ദേവനെയും തേജസിനെയും അടുത്തേക്ക് ദേവു ചെന്നു.
“… നിങ്ങൾ ഇരിക്കുന്നില്ലേ…” തേജസ്സിനും ദേവനും മാത്രം വിളമ്പുന്നത് കണ്ട ദേവൻ ചോദിച്ചു.
“…ഞങ്ങൾ പിന്നെ കഴിച്ചോളാം…” അവർക്ക് വിളമ്പുന്നതിന്റെ ഇടക്ക് ദേവു പറഞ്ഞു.
“…അതൊന്നും പറഞ്ഞാൽ പറ്റില്ല. നമ്മുക്ക് എല്ലാർക്കും ഒരുമിച്ചു കഴിക്കാം വാ ഇരിക്ക്…” ദേവന്റെ നിർബന്ധത്തിന് മുന്നിൽ കീഴടങ്ങി അവസാനം ദേവുവിനും വേദികക്കും ഇരിക്കേണ്ടി വന്നു.
“…കല്ലു മോൾക്ക് ഇന്ന് അച്ഛൻ വാരി തരാട്ടോ…” തൊട്ട് അടുത്തിരുന്ന കല്ലുവിനെ വിളിക്കേണ്ട താമസം അപ്പൊ തന്നെ ചാടി തേജസിന്റെ മടിയിൽ ഇരുന്നു.
“… അതൊന്നും വേണ്ട. ഇപ്പോഴേ ഏട്ടന് ബോധം ഇല്ല ഇതിന്റെ ഇടക്ക് കൊച്ചിനൂടി വാരികൊടുക്കാൻ നിക്കണ്ട..” ദേവു തേജസിനെ തടയാൻ നോക്കി.
“…അവന്റെ കൊച്ചിന് വാരി കൊടുക്കാനുള്ള ബോധം ഒക്കെ അവന് ഉണ്ട് അല്ലേടാ…” തേജസിന് ഒത്താശയായി ദേവൻ എത്തി. അതോടെ ദേവു കൂടുതൽ ഒന്നും പറയാൻ നിന്നില്ല.
“…മാമ. ഈ അമ്മക്ക് കുശുമ്പ. അച്ഛനെ എനിക്ക് മാത്രമേ വാരി തരു അമ്മക്ക് വാരികൊടുക്കൂല അതിന്റെ കുശുമ്പാ…” കുഞ്ഞിപ്പല്ലു കാട്ടി ചിരിച്ചോണ്ട് കല്ലു പറഞ്ഞു.
“…ആഹാ… എടാ അളിയാ എന്തടാ നീ എന്റെ പെങ്ങൾക്ക് വാരി കൊടുക്കാത്തെ…” ദേവൻ തേജസിനോട് ചോദിച്ചു.
“…സോറി അളിയാ ഇനി ആവർത്തിക്കൂല. ദേവു… ആ…” തേജസ് ഒരുരുള ഉരുട്ടി ദേവുവിന് നേരെ നീട്ടി.
“… അയ്യേ…ഇങ്ങേര് മനുഷ്യനെ നാണം കെടുത്തും…” അതും പറഞ്ഞ് ചെറിയ ചമ്മലോടെ വാ തുറന്ന് ആ ഉരുള സ്വീകരിച്ചു.
“… ഇനി ഇതെല്ലാം കണ്ട് നിനക്ക് വാരി തന്നില്ല എന്ന് വേണ്ട…” അതും പറഞ്ഞ് ദേവൻ വേദികക്കും ഒരു ഉരുള നൽകി. പിന്നെ അവിടെ മത്സരിച്ച് ഭാര്യമാരെ ഊട്ടുന്നതിന്റ ബഹളം ആയിരുന്നു. ദേവൂവും വേദികയും ഇതെല്ലാം വളരെ സന്തോഷത്തോടെ ആസ്വദിച്ചു.
“… നോക്ക് ദേവു. ഒരമ്മ പെറ്റ അളിയന്മാരെ പോലെ രണ്ടും കെട്ടിപ്പിടിച്ച് കിടക്കണ കണ്ടില്ലേ…” ഊണിനുശേഷം കട്ടിലിൽ കെട്ടിപിടിച്ചു കിടക്കുന്ന തേജസിനെയും ദേവനെയും നോക്കി വേദിക പറഞ്ഞു. അത് കണ്ടപ്പോ ദേവുവിനും ചിരി വന്നു.
“… ഞാൻ അന്ന് പറഞ്ഞത് നിനക്ക് ഓർമ ഉണ്ടോ…” ഉച്ച ഉറക്കം കഴിഞ്ഞ് തിരിച്ചു പോവാൻ ഒരുങ്ങവേ ദേവൻ ദേവുവിനോട് ചോദിച്ചു.
“…നിന്നെയും കുഞ്ഞിനേയും അവൻ പൊന്നുപോലെ നോക്കും എന്ന് ഞാൻ പറഞ്ഞതിന് മാറ്റം വല്ലതും വന്നിട്ടുണ്ടോ…” ദേവന്റെ ചോദ്യത്തിന് നിറപുഞ്ചിരിയായിരുന്നു ദേവുവിന്റെ മറുപടി.
“… നീ ഇവിടെ നല്ല സന്തോഷത്തിൽ ആണെന്ന് എനിക്ക് അറിയാം അതുപോലെ അവനെയും നോക്കിയേക്കണെ. ഇവൻ ഒരു പാവമാ…” ഉറങ്ങി കിടക്കുന്ന തേജസിന്റെ നെറുകയിൽ തലോടുകൊണ്ട് ദേവൻ പറഞ്ഞു.
“…എന്നാ നമുക്ക് ഇറങ്ങിയാലോ ഏട്ടാ…” അപ്പോഴേക്കും മുറിയിലേക്ക് വേദിക വന്നു.
“… നിങ്ങൾ ഇപ്പോഴേ ഇറങ്ങുവാണോ. നിക്ക് ഞാൻ ഏട്ടനെ വിളിച്ചേഴുന്നേൽപ്പിക്കാം…” ഉറങ്ങി കിടക്കുന്ന തേജസിനെ ഉണർത്താൻ ദേവു ശ്രെമിച്ചു.
“… വേണ്ട അവൻ കിടന്നോട്ടെ. ഞങ്ങൾ ഇറങ്ങുവാ…” അതും പറഞ്ഞ് തേജസിനെ ഒന്ന് നോക്കിയ ശേഷം ദേവനും വേദികയും ഇറങ്ങി. അപ്പോഴും ദേവുവിന്റെ മനസ്സിൽ ദേവൻ പറഞ്ഞ വാക്കുകൾ നിഴലിച്ചു നിന്നു.
