മീനാക്ഷിയുടെ കണ്ണുകൾ നിറഞ്ഞു.
“ഞങ്ങൾ ആരോടും ഒരു ദേഷ്യവും വെച്ചിട്ടില്ല കുഞ്ഞേ.”
“അറിയാം.”
കുറച്ചുനേരം അനുപമ നിശബ്ദയായി.
“ദേവികയുടെ പഠനം നിർത്തരുത്.”
ആ വാക്ക് കേട്ടപ്പോൾ മീനാക്ഷി തല ഉയർത്തി.
“അവൾ പഠിക്കണം. അവൾക്കത് നഷ്ടമാകരുത്. കോളേജ് പൂർത്തിയാക്കണം. ആവശ്യമെങ്കിൽ നഗരത്തിലേക്ക് പോവട്ടെ. ജോലി നേടട്ടെ. ഒരു ജീവിതം ഉണ്ടാക്കട്ടെ.”
ഒരു നിമിഷം അവളുടെ കണ്ണുകളിൽ പഴയ അനുപമയെ മീനാക്ഷിക്ക് കാണാനായി.
തങ്ങളെ പത്തായപ്പുരയിൽ താമസിക്കാൻ അനുവദിച്ച അനുപമയെ.
കഷ്ടകാലത്ത് കൈപിടിച്ച അനുപമയെ.
പക്ഷേ അടുത്ത നിമിഷം ആ മൃദുത്വത്തിന് മുകളിലേക്ക് വീണ്ടും ഒരു മതിൽ ഉയർന്നു.
“പക്ഷേ…”
അനുപമയുടെ ശബ്ദം ഉറച്ചു.
“ഇനി ഒരിക്കലും മംഗലശ്ശേരിയിലേക്ക് തിരിച്ചു വരരുത്.”
ആ വാക്കുകൾ കേട്ടപ്പോൾ മീനാക്ഷിയുടെ കൈ വിറച്ചു.
“കുഞ്ഞേ…”
“ഇതാണ് എല്ലാവർക്കും നല്ലത്.”
“അച്ചു… അരവിന്ദിനെ മറന്നേക്കൂ.”
പുറത്ത് ഇടിമിന്നൽ മുഴങ്ങി.
“അതുകൊണ്ടാണ് ഞാൻ ഇപ്പോൾ നിങ്ങളെ സഹായിക്കുന്നത്. നാളെയോ മറ്റന്നാളോ കാര്യങ്ങൾ കൂടുതൽ മോശമാകുന്നതിന് മുമ്പ് പോകണം.”
ആ പണത്തിനുള്ളിൽ കരുതലുണ്ടായിരുന്നു.
പക്ഷേ ഒരവസാന തീരുമാനവും ഉണ്ടായിരുന്നു.
സ്നേഹവുമുണ്ടായിരുന്നു.
പക്ഷേ വാതിൽ അടച്ചുപൂട്ടുന്ന അവസാന കൈയൊപ്പും ഉണ്ടായിരുന്നു.
മീനാക്ഷി ഒടുവിൽ കവർ വാങ്ങി.
മറ്റൊന്നും പറയാനുണ്ടായില്ല.
വൈകുന്നേരത്തോടെ മഴ കൂടുതൽ ശക്തമായി.
മംഗലശ്ശേരിയുടെ മരങ്ങളും മതിലുകളും കാറ്റിൽ വിറയ്ക്കുകയായിരുന്നു.
കാര്യസ്ഥൻ ഗോവിന്ദൻ പഴയ
ജീപ്പുമായി പത്തായപ്പുരയുടെ മുന്നിൽ എത്തി.
അവന്റെ മുഖം പതിവുപോലെയായിരുന്നില്ല.
കണ്ണുകളിൽ കുറ്റബോധം ഉണ്ടായിരുന്നു.
“പോകാം.”
അത്രമാത്രമാണ് പറഞ്ഞത്.
ദേവുവിന്റെ സാധനങ്ങൾ അധികമുണ്ടായിരുന്നില്ല.
കുറച്ച് വസ്ത്രങ്ങൾ.
കുറച്ച് പുസ്തകങ്ങൾ.
പഴയ കുറിപ്പുകൾ.
അമ്മയും മകളും ചേർന്ന് ശേഖരിച്ച ചെറിയ ജീവിതം.
എല്ലാം ഏതാനും ബാഗുകളിൽ ഒതുങ്ങി.
ജീപ്പിൽ കയറുന്നതിന് മുൻപ് ദേവു ഒരിക്കൽ കൂടി തിരിഞ്ഞുനോക്കി.
മംഗലശ്ശേരി അവിടെ തന്നെ ഉണ്ടായിരുന്നു.
മഴയിൽ നനഞ്ഞ്.
ഗംഭീരമായി.
അകന്ന്.
എന്നാൽ അവൾ വീട്ടിലേക്കല്ല നോക്കിയത്.
മുകളിലെ ഒരു ജനാലയിലേക്കായിരുന്നു.
അരവിന്ദിന്റെ മുറി.
പുറത്തുനിന്ന് പൂട്ടിയിട്ട മുറി.
ആ ചില്ലുജനാലയിൽ ഒരു നിഴൽ പോലും കാണാനായില്ല.
അവൻ അവിടെ നിൽക്കുന്നുണ്ടോ?
ഉറങ്ങുന്നുണ്ടോ?
കരയുന്നുണ്ടോ?
തന്നെ അന്വേഷിക്കുന്നുണ്ടോ?
അവൾക്കറിയില്ലായിരുന്നു.
അതുപോലെ തന്നെ താൻ ഇന്ന് പോകുകയാണെന്ന് അരവിന്ദിനും അറിയില്ലായിരുന്നു.
ഒരു യാത്ര.
ഒരു വിടവാങ്ങൽ.
ഒരു അവസാന നോട്ടം.
ഇതിലെ ഒന്നിനും അവർക്കിടയിൽ വാക്കുകൾ ഉണ്ടായില്ല.
ദേവുവിന്റെ കണ്ണുകൾ നിറഞ്ഞു.
“വാ മോളേ.”
മീനാക്ഷി തോളിൽ കൈവച്ചു.
അവൾ മെല്ലെ ജീപ്പിൽ കയറി.
എഞ്ചിൻ ശബ്ദിച്ചു.
വാഹനം മുന്നോട്ടെടുത്തു.
മഴത്തുള്ളികൾ പിന്നിലെ ഗ്ലാസിലൂടെ ഒഴുകി.
ആ ഗ്ലാസിന് അപ്പുറം മംഗലശ്ശേരി ചെറുതായിക്കൊണ്ടിരുന്നു.
പിന്നെ മങ്ങിപ്പോയി.
അവസാനം മഴയിൽ ലയിച്ചു.
അതേ സമയം മുകളിലെ മുറിയിൽ അരവിന്ദ് ഇരിക്കുകയായിരുന്നു.
വാതിൽ എത്രതവണ ചവിട്ടിയെന്ന് പോലും അവന് ഓർമ്മയുണ്ടായിരുന്നില്ല.
ശബ്ദം പോയി.
കോപം തളർന്നു.
ശേഷിച്ചത് ഒരു ഭാരം മാത്രം.
അടുത്ത ദിവസം രാവിലെ അവൻ ഭക്ഷണം തൊട്ടില്ല.
ഉച്ചയ്ക്കും ഇല്ല.
രാത്രിക്കും ഇല്ല.
അടുത്ത ദിവസം വെള്ളം പോലും കുടിച്ചില്ല.
അനുപമ വാതിലിന് പുറത്തുനിന്ന്
സംസാരിച്ചു.
“അച്ചു…”
മറുപടിയില്ല.
“വാതിൽ തുറക്കെടാ.”
നിശബ്ദത.
“നിനക്ക് എന്നെ വേണമെങ്കിൽ ശകാരിക്കാം. പക്ഷേ എന്തെങ്കിലും കഴിക്കണം.”
അകത്തുനിന്ന് ഒരു ശബ്ദവും ഉണ്ടായില്ല.
ദിവസങ്ങൾ കടന്നുപോയി.
ഭക്ഷണം അകത്തേക്ക് പോയി.
കഴിക്കാതെ പുറത്തുവന്നു.
വെള്ളം അകത്തേക്ക് പോയി.
അതേപടി തിരിച്ചുവന്നു.
ശങ്കരനാരായണ മേനോൻ പുറമേ വികാരമൊന്നും കാണിച്ചില്ല.
“വിശക്കുമ്പോൾ കഴിച്ചോളും.”
അദ്ദേഹം പറഞ്ഞു.
പക്ഷേ രാത്രിയിൽ മുകളിലത്തെ മുറിയുടെ വാതിലിലേക്ക് നോക്കുന്നത് അനുപമ പലതവണ കണ്ടു.
