നതാഷ: (ബാഗ് മേശപ്പുറത്ത് വെച്ചുകൊണ്ട്) “മാത്യു…നിങ്ങൾ ഉറങ്ങിയില്ലേ? സമയം ഒരുപാട് വൈകി.”
മാത്യു തന്റെ കണ്ണട ഊരി മേശപ്പുറത്ത് വെച്ചു.
വയസ്സ് നാൽപ്പത്തിന് അടുക്കുന്ന അയാളുടെ കണ്ണുകളിൽ സ്നേഹത്തേക്കാൾ ഗൗരവമായിരുന്നു. ഒരു സർജന്റെ കൃത്യതയോടെ അയാൾ നതാഷയെ ഒന്ന് നോക്കി.
മാത്യു: “ഇന്ന് രണ്ട് മേജർ സർജറികൾ ഉണ്ടായിരുന്നു നതാഷാ. ലേറ്റ് ആയി.
പിന്നെ നിന്റെ ഈ റേഡിയോ ഷോ…
രാത്രി മുഴുവൻ ഉറക്കമിളച്ച് മറ്റുള്ളവരുടെ സങ്കടങ്ങൾ കേൾക്കുന്നത് നിന്റെ മാനസികാരോഗ്യം നശിപ്പിക്കുമെന്ന് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട്?!!”
വികാരങ്ങളൊക്കെ വെറും കെമിക്കൽ റിയാക്ഷൻസ് മാത്രമാണ്.., നീ അതിൽ ഇത്രയധികം ഇൻവോൾവ് ആകുന്നത് എനിക്ക് ഇഷ്ടമല്ല.നിനക്ക് അറിയില്ലേ നതാഷാ…”
നതാഷ ഗ്ലാസ് വിൻഡോയ്ക്ക് അടുത്തേക്ക് നടന്നു. ചില്ലിന് അപ്പുറം മഴത്തുള്ളികൾ ഒലിച്ചിറങ്ങുന്നത് അവൾ നോക്കി നിന്നു.
നതാഷ: “രാസപ്രവർത്തനങ്ങൾ മാത്രമാണോ മാത്യു ജീവിതം?
നമ്മൾ തമ്മിൽ സംസാരിക്കാൻ പോലും സമയമില്ലാതായിരിക്കുന്നു. നിങ്ങൾ എപ്പോഴാണ് എന്നെ ഒന്ന് ചേർത്തുപിടിച്ചിട്ടുള്ളത്?
ഒരു രോഗിയുടെ ശരീരത്തെ സമീപിക്കുന്ന ആ തണുത്ത കൃത്യതയോടെയല്ലാതെ എന്നെ നിങ്ങൾ സ്പർശിച്ചിട്ടുണ്ടോ?”
മാത്യു എഴുന്നേറ്റു. അയാളുടെ ശബ്ദം മാർബിൾ തറയെക്കാൾ തണുപ്പുള്ളതായിരുന്നു.
മാത്യു: “എനിക്ക് നാളെ രാവിലെ ഏഴ് മണിക്ക് ഒരു ക്രിട്ടിക്കൽ കേസ് ഉണ്ട്. ഇത്തരം ഇമോഷണൽ ഡ്രാമക്ക് എനിക്ക് സമയമില്ല. ഗുഡ് നൈറ്റ്.”
ഒരു വാക്കുകൊണ്ട് പോലും അവളെ സ്പർശിക്കാതെ അയാൾ ആ വലിയ സ്റ്റെയർകേസ് കയറി മുകളിലേക്ക് പോയി.
ആ വലിയ ഹാളിലെ ശൂന്യതയിൽ നതാഷ തനിച്ചായി. അവൾ ആ വലിയ ഗ്ലാസ് ഭിത്തിക്ക് മുന്നിൽ ചെന്ന് ഇരുട്ടിലേക്ക് നോക്കി. സാമിന്റെ വാക്കുകൾ അവളുടെ ഉള്ളിൽ മുഴങ്ങി— ‘ഒരു സർജന്റെ ബ്ലേഡ് പോലെ മൂർച്ചയുള്ള വാക്കുകൾ.’
പെട്ടെന്ന്, അവളുടെ ഫോൺ വൈബ്രേറ്റ് ചെയ്തു. അപരിചിതമായ നമ്പറിൽ നിന്നൊരു സന്ദേശം.
”ആ സുതാര്യമായ ചില്ലുകൾ നിന്നെ പുറംലോകത്തുനിന്നും മറയ്ക്കുന്നില്ല നതാഷാ. ആ ആധുനിക തടവറയിൽ നീ എത്രമാത്രം ശ്വാസംമുട്ടുന്നുണ്ടെന്ന് ഞാൻ കാണുന്നുണ്ട്. പുറത്തേക്ക് നോക്കൂ… നിന്റെ രക്ഷകൻ ദൂരെയല്ല.”
നതാഷ ഞെട്ടിപ്പോയി. അവൾ വേഗത്തിൽ ഗ്ലാസ് വിൻഡോയിലൂടെ പുറത്തെ പൂന്തോട്ടത്തിലേക്ക് നോക്കി.
ദൂരെ സ്ട്രീറ്റ് ലൈറ്റിന്റെ മങ്ങിയ വെളിച്ചത്തിൽ, മഴ നനഞ്ഞു നിൽക്കുന്ന ഒരു നിഴൽരൂപം അവൾ കണ്ടു.
ചില്ലിന് അപ്പുറം നിൽക്കുന്ന ആ രൂപം തന്റെ ഉള്ളിലെ ഏകാന്തതയെ വായിക്കുന്നുണ്ടെന്ന് അവൾ ഭീതിയോടെയും അതേസമയം ഒരു നിഗൂഢമായ ആവേശത്തോടെയും തിരിച്ചറിഞ്ഞു.
മാത്യു മുകളിൽ ഉറക്കത്തിലേക്ക് വീഴുമ്പോൾ, താഴെ നതാഷ ആ ചില്ലിന് അപ്പുറത്തെ ഇരുട്ടിലേക്ക് സാമിനെ തേടുകയായിരുന്നു..
പിറ്റേന്ന് പകൽ.
നഗരത്തിലെ പ്രമുഖ ഹോസ്പിറ്റലിൽനതാഷയുടെ ക്യാബിനിൽ എയർകണ്ടീഷണർ നിശബ്ദമായി പ്രവർത്തിക്കുന്നുണ്ടെങ്കിലും അവൾക്ക് വല്ലാതെ ശ്വാസംമുട്ടുന്നത് പോലെ തോന്നി.
രാവിലെ മുതൽ രോഗികളുടെ തിരക്കായിരുന്നു.
ഓരോരുത്തർക്കും പറയാനുള്ളത് ദാമ്പത്യത്തിലെ തകർച്ചകളെക്കുറിച്ചും മനസ്സിന്റെ ആഴത്തിലുള്ള മുറിവുകളെക്കുറിച്ചുമാണ്.
മറ്റുള്ളവരുടെ സങ്കടങ്ങൾ കേട്ട് അവരെ ആശ്വസിപ്പിക്കുമ്പോഴും നതാഷയുടെ മനസ്സ് തലേദിവസം രാത്രി കേട്ട സാമിന്റെ ശബ്ദത്തിലായിരുന്നു.
അന്ന് ഉച്ചയ്ക്ക് ഒരു പേഷ്യന്റ് നതാഷയെ കാണാൻ എത്തി.
അയാൾക്ക് പറയേണ്ടിയിരുന്നത് തന്റെ ഭാര്യയുടെ അവിശ്വസ്തതയെക്കുറിച്ചായിരുന്നു. സംസാരിക്കുന്നതിനിടയിൽ അയാൾ പെട്ടെന്ന് നതാഷയുടെ നേരെ ആക്രോശിച്ചു.
പേഷ്യന്റ്: “നിങ്ങളൊക്കെ വലിയ ഡോക്ടർമാരാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം?
മനസ്സ് വായിക്കാൻ നിങ്ങൾക്കാവില്ല ഡോക്ടർ!!!!!!
നിങ്ങൾക്കും കാണില്ലേ ഇതുപോലെ എന്തെങ്കിലും രഹസ്യങ്ങൾ? ഈ വെള്ളക്കോട്ടിനുള്ളിൽ നിങ്ങൾ എത്രമാത്രം കള്ളങ്ങൾ ഒളിപ്പിക്കുന്നുണ്ട്?”
