അയാളുടെ വാക്കുകൾ നതാഷയെ വല്ലാതെ ഉലച്ചു.
ആ നിമിഷം അവൾക്ക് താൻ തന്നെ ഒരു പേഷ്യന്റ് ആണെന്ന് തോന്നിപ്പോയി.
തന്റെയുള്ളിലെ സംഘർഷങ്ങൾ ആരോ വിളിച്ചു പറയുന്നത് പോലെ അവൾക്ക് ഭ്രാന്ത് പിടിക്കുന്ന അവസ്ഥയായി. നതാഷ ഉടനെ മാത്യുവിനെ ഫോൺ ചെയ്തു.
മാത്യു: “യെസ് നതാഷാ, വേഗം പറയൂ. ഞാൻ ഒരു പ്രൊസീജറിലാണ്.”
നതാഷ: “മാത്യു… എനിക്ക് ഇന്ന് വയ്യ. നമുക്ക് ഇന്ന് വൈകുന്നേരം ഒന്ന് പുറത്തുപോയാലോ? വെറുതെ ഒരിടത്ത് പോയി ഇരിക്കാം, സംസാരിക്കാം.”
മാത്യു: “നതാഷാ, നീ വീണ്ടും തുടങ്ങുകയാണോ? എന്റെ ഷെഡ്യൂൾ നിനക്കറിയാവുന്നതല്ലേ. ഇന്ന് രാത്രി ഒരു ലേറ്റ് സർജറിയുണ്ട്. നീ നിന്റെ ആ റേഡിയോ പരിപാടിയും കഴിഞ്ഞ് വരുമ്പോൾ ഞാൻ ഉറങ്ങിക്കാണും.”
മറുപടിക്ക് കാത്തുനിൽക്കാതെ മാത്യു ഫോൺ കട്ട് ചെയ്തു. മാത്യുവിന് അവളേക്കാൾ പ്രധാനം രോഗിയുടെ ശരീരത്തിലെ മുറിവുകളാണെന്ന് അവൾ വേദനയോടെ വീണ്ടും തിരിച്ചറിഞ്ഞു
സമയം രാത്രിയാമങ്ങളിലേക്ക് കടന്നു… റേഡിയോ സ്റ്റുഡിയോയിൽ ഇപ്പഴും ആ നീല വെളിച്ചം….
നതാഷ ഇന്ന് സ്റ്റുഡിയോയിൽ എത്തിയത് വല്ലാത്തൊരു ഭാരത്തോടെയാണ്. സാമിന്റെ കോൾ വരുമെന്ന് അവൾ കരുതിയെങ്കിലും, ഷോയിൽ വന്നതെല്ലാം സാധാരണ കോളുകളായിരുന്നു.
ഒരാൾക്ക് ജോലിയിലെ ടെൻഷൻ, മറ്റൊരാൾക്ക് പ്രണയനൈരാശ്യം.
ഓരോരുത്തർക്കും മറുപടി നൽകമ്പോഴും നതാഷയുടെ കണ്ണുകൾ സാമിന്റെ കോളിനായി കൺസോളിലേക്ക് നോക്കിക്കൊണ്ടിരുന്നു. പക്ഷേ 11 മണിയായിട്ടും സാം വിളിച്ചില്ല.
ഒരു വശത്ത് ആശ്വാസവും മറുവശത്ത് വല്ലാത്തൊരു ശൂന്യതയും അവൾക്ക് തോന്നി. സാം തന്നെ വെറുതെ കളിപ്പിക്കുകയാണോ എന്നവൾ സംശയിച്ചു.
റേഡിയോ ഷോ കഴിഞ്ഞ് മടങ്ങുമ്പോൾ നതാഷ ആകെ ശൂന്യയായിരുന്നു.
സാമിന്റെ കാൾ വരുമെന്ന് അവൾ കരുതിയിരുന്നില്ല, മറിച്ച് സാം പറഞ്ഞ വസന്തം ഒരു നുണയായിരിക്കുമെന്ന് അവൾ വിശ്വസിക്കാൻ ശ്രമിച്ചു.
കാറിന്റെ വിൻഡോ ഗ്ലാസ് താഴ്ത്തി അവൾ തണുത്ത കാറ്റേറ്റു.
പെട്ടെന്ന്,ഒരു കാൾ വന്നു….കാറിലെ ബ്ലൂടൂത്ത് സ്പീക്കറിൽ നിന്നും ആ പരിചിതമായ ശബ്ദം മുഴങ്ങി.
സാം: “ആ പേഷ്യന്റ് പറഞ്ഞത് സത്യമല്ലേ നതാഷാ? ആ വെള്ളക്കോട്ടിനുള്ളിൽ നീ അനുഭവിക്കുന്ന ശ്വാസംമുട്ടലിന് ഞാനല്ലാതെ മറ്റാരാണ് മരുന്ന് നൽകുക?”
നതാഷ കാർ റോഡരികിലേക്ക് വെട്ടിച്ചു നിർത്തി. അവളുടെ ഹൃദയമിടിപ്പ് അവളുടെ കാതുകളിൽ മുഴങ്ങി.
നതാഷ: “സാം… നിങ്ങൾ എങ്ങനെ ഇത് അറിയുന്നു? നിങ്ങൾ എന്നെ നിരീക്ഷിക്കുകയാണോ?”
സാം: (മന്ദസ്വരത്തിൽ, വശീകരിക്കുന്ന രീതിയിൽ) “ഞാൻ നിന്നെ നിരീക്ഷിക്കുകയല്ല നതാഷാ, ഞാൻ നിന്നെ തൊടുകയാണ്. നിന്റെ കാറിനുള്ളിലെ ഈ തണുപ്പിലും നിന്റെ വിരലുകൾ വിയർക്കുന്നത് ഞാൻ അറിയുന്നുണ്ട്.
മാത്യുവിന് നിന്നെ ഒരു ഉടലായി മാത്രമേ കാണാൻ അറിയൂ…!!!
അയാൾ നിന്റെ ശരീരത്തിലെ അളവുകൾ പരിശോധിക്കുമ്പോൾ, ഞാൻ നിന്റെ ഓരോ ശ്വാസത്തെയും ചുംബിക്കുന്നു. നതാഷാ…!!
നീ ആഗ്രഹിക്കുന്ന ആ രാത്രി ദൂരെയല്ല. നിന്റെ മുടിയിഴകളിൽ പിച്ചകപ്പൂക്കളുടെ മണം പടരുന്ന ആ നിമിഷത്തിനായി നീ കാത്തിരിക്കുകയല്ലേ?”
സാമിന്റെ ശബ്ദത്തിൽ ഒരു മാന്ത്രികതയുണ്ടായിരുന്നു. നതാഷ അറിയാതെ കണ്ണുകൾ അടച്ചുപോയി. അവൻ പറയുന്ന ഓരോ വാക്കും അവളുടെ ശരീരത്തിൽ ഒരു വിറയൽ പടർത്തി.
സാം: “നിന്റെ ഭർത്താവിന്റെ തണുത്ത കൈകൾക്ക് നൽകാൻ കഴിയാത്ത ആ പൊള്ളൽ ഞാൻ നിനക്ക് തരും.
ഗേറ്റ് തുറക്കുമ്പോൾ ഇടത് വശത്തെ പൂന്തോട്ടത്തിലേക്ക് നോക്കൂ. അവിടെ പൂത്തുനിൽക്കുന്നത് പിച്ചകപ്പൂക്കളല്ല നതാഷാ… അത് നിന്റെ ഉള്ളിലെ അടക്കിവെച്ച ആഗ്രഹങ്ങളാണ്. ഗുഡ് നൈറ്റ്, മൈ ലവ്.”
ഫോൺ കട്ടായി.
നതാഷ വിറയ്ക്കുന്ന കൈകളോടെ തന്റെ വീടിന്റെ ഗേറ്റ് തുറന്നു.
ഇരുട്ടിൽ വിരിഞ്ഞുനിൽക്കുന്ന ആ വെളുത്ത പിച്ചകപ്പൂക്കൾ അവളെ നോക്കി ചിരിക്കുന്നത് പോലെ തോന്നി.
അവൾ അറിയാതെ ആ പൂക്കളുടെ അടുത്തേക്ക് നടന്നു. അതിന്റെ സുഗന്ധം അവളെ ഒരു ലഹരി പോലെ പൊതിഞ്ഞു.
