ദാരിദ്ര്യത്തിൽ നിന്നും ഈ വലിയ വീടിന്റെ ആഡംബരത്തിലേക്ക് വന്ന അവൾക്ക്, ഒരു നിമിഷം ആ വീട് ഒരു തടവറയായി തോന്നി.
മാത്യുവിന്റെ കണ്ണുകളിലെ ഭയവും നിസ്സഹായാവസ്ഥയും അവൾ കണ്ടു.
അവൾ ഒന്നുമാലോചിക്കാതെ തന്റെ ഉള്ളിലെ വലിയൊരു ആഗ്രഹം അയാളോട് വെളിപ്പെടുത്തി.
”ഓക്കേ സാർ… നിങ്ങൾ പറയുന്നത് ഞാൻ അനുസരിക്കാം.
പക്ഷേ എനിക്ക് ഇവിടെ നിൽക്കാൻ വയ്യ.
എനിക്ക് യൂറോപ്പിലേക്ക് പോകണം.
അതെന്റെ വലിയൊരു സ്വപ്നമാണ്. സാമ്പത്തികമായി സാർ എന്നെ സഹായിക്കണം.”
ലില്ലിയുടെ ആവശ്യത്തിന് മുന്നിൽ മാത്യുവിന് എതിർപ്പില്ലായിരുന്നു.
പണം അയാൾക്ക് ഇപ്പോൾ ഒരു പ്രശ്നമേയല്ല. നതാഷയെ വീണ്ടെടുക്കുക എന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അയാളുടെ മുന്നിലുള്ളൂ.
”സമ്മതം ലില്ലി… എന്റെ ജീവിതത്തിൽ ഇപ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് നിന്നെ ബോധ്യപ്പെടുത്താൻ എനിക്ക് ആവില്ല.
പക്ഷേ നീ ആവശ്യപ്പെട്ടത് ഞാൻ ചെയ്തുതരും.
എത്ര പണം വേണമെങ്കിലും തരാം, നിന്റെ യാത്രയ്ക്കുള്ള എല്ലാ സൗകര്യങ്ങളും ഞാൻ ഒരുക്കാം. നീ എത്രയും പെട്ടെന്ന് ഇവിടം വിടണം.”
അയാൾ ഉടൻ തന്നെ തന്റെ അക്കൗണ്ടന്റും ഏജന്റുമായി സംസാരിച്ചു. ലില്ലിക്ക് വേണ്ട വിസയും ടിക്കറ്റും പണവും ഉറപ്പുവരുത്തി.
അവളെ തന്റെ ജീവിതത്തിൽ നിന്ന് സുരക്ഷിതമായി ഒഴിവാക്കി നിർത്തുമ്പോൾ മാത്യുവിന്റെ മനസ്സിൽ ഒരു ഭാരം ഒഴിഞ്ഞതുപോലെ തോന്നി…
ദിവസങ്ങൾ കഴിയുംതോറും മാത്യുവിന്റെ മനസ്സ് ഒരു കൊടുംകാറ്റുപോലെ പ്രക്ഷുബ്ധമാവുകയായിരുന്നു..
പ്രണയം പകയായും, നിസ്സഹായാവസ്ഥ ക്രൂരതയായും മാറുന്ന ഭീകരമായ ഒരു നിമിഷം.
തന്റെ പ്രിയപ്പെട്ടവളെ മറ്റൊരാൾക്ക് വിട്ടുകൊടുക്കുന്നതിനേക്കാൾ നല്ലത് അവളെ ഇല്ലാതാക്കുന്നതാണെന്ന വികലമായ ചിന്ത അയാളെ കീഴടക്കിയിരിക്കുന്നു.
ദിവസങ്ങൾ കഴിഞ്ഞ്,
മലഞ്ചെരിവിലെ ആ വിജനമായ വീട്. ചുറ്റും മരങ്ങളും കാട്ടുചെടികളും പടർന്നുനിൽക്കുന്നു.
ലില്ലിയിൽ നിന്നും മനസ്സിലാക്കിയ വഴിയിലൂടെ മാത്യു അവിടെ എത്തുമ്പോൾ നേരം രാവിലെ ഒമ്പത് മണിയോട് അടുക്കുന്നെ ഉണ്ടായിരുന്നുള്ളൂ.
ശത്രുവിന്റെ കോട്ടയ്ക്കുള്ളിലേക്ക് ഒളിച്ചുകടക്കുന്ന ഒരു വേട്ടക്കാരനെപ്പോലെ അയാൾ കാർ കാട്ടിനുള്ളിലേക്ക് മാറ്റി ആ വീടിന് അല്പം മാറി പതിയിരുന്നു.
കുറച്ചു കഴിഞ്ഞപ്പോൾ നതാഷ പുറത്തേക്ക് വന്നു. അവളുടെ മുഖത്ത് പഴയ ആ നിഷ്കളങ്കതയില്ല, പകരം ഏതോ ഒരു ലഹരിയിൽ ആണ്ടുപോയതുപോലെയുള്ള ഒരു ഭാവം.
അവൾ തന്റെ പുതിയ ക്ലിനിക്കിലേക്ക് കാറിൽ പുറപ്പെട്ടു. തൊട്ടുപിന്നാലെ സാമും തന്റെ ബൈക്കിൽ എവിടേക്കോ പോയി.
വീട് ഇപ്പോൾ വിജനമാണ്.
മാത്യു സാവധാനം വീടിന്റെ പിൻഭാഗത്തേക്ക് നീങ്ങി.
പിന്നിലെ ഗ്രിൽ ലോക്ക് പൊട്ടിച്ചു അതുവഴി അയാൾ അകത്തേക്ക് കടന്നു.
ആ വീടിനുള്ളിൽ നതാഷയുടെയും സാമിന്റെയും സാന്നിധ്യം മണംകൊണ്ട് അയാൾക്ക് അനുഭവപ്പെട്ടു. കിച്ചണിലേക്ക് നടന്ന മാത്യുവിന്റെ കണ്ണുകൾ ആദ്യം ഉടക്കിയത് അവിടുത്തെ ഗ്യാസ് സിലിണ്ടറിലായിരുന്നു.
അയാളുടെ ഉള്ളിൽ ഒരു പിശാച് ഉണർന്നു.
”നതാഷാ… നിന്നെ എനിക്ക് രക്ഷിക്കാൻ കഴിയില്ലെങ്കിൽ, നിന്നെ ആർക്കും വിട്ടുകൊടുക്കില്ല. അൽവിഷിന്റെ ഭാര്യയെപ്പോലെ നീയൊരു ഭ്രാന്തിയായി മാറുന്നത് കാണാൻ എനിക്ക് വയ്യ. അതിലും നല്ലത് ഈ മരണം തന്നെയാണ്.”
അയാൾ വിറയ്ക്കുന്ന കൈകളോടെ ഗ്യാസ് സിലിണ്ടറിന്റെ നോബ് സാവധാനം തിരിച്ചു.
ഗ്യാസിന്റെ ആ രൂക്ഷമായ ഗന്ധം അടുക്കളയിൽ പടരാൻ തുടങ്ങി.
ജനാലകളും വാതിലുകളും അയാൾ ഒന്നൊന്നായി അടച്ചു.
നതാഷ തിരിച്ചെത്തി ലൈറ്റ് സ്വിച്ച് ഇടുമ്പോൾ ഈ വീട് ഒരു അഗ്നിഗോളമായി മാറും. അവൾക്കൊപ്പം സാമും ഉണ്ടെങ്കിൽ എല്ലാം അവസാനിക്കും.
പക്ഷേ, വായു ശ്വസിച്ചപ്പോൾ അയാളുടെ ഹൃദയം വല്ലാതെ മിടിക്കാൻ തുടങ്ങി.
“ഞാൻ ഇത് എന്താണ് ചെയ്യുന്നത്? നതാഷയെ കൊന്നാൽ എനിക്ക് അവളെ തിരിച്ചു കിട്ടുമോ? അതോ സാമിന് വേണ്ടതും ഇതുതന്നെയാണോ?”
മാത്യുവിന്റെ കൈകൾ വിറച്ചു.
ഗ്യാസ് തുറന്നുവിട്ട് ആ വീട് ഒന്നാകെ ചാരമാക്കാൻ ഉറപ്പിച്ച അയാളുടെ ഉള്ളിൽ പെട്ടെന്ന് ഒരു കൊള്ളിയാൻ മിന്നി.

Super.