സാം മരിക്കുന്നത് മാത്യുവിന് പ്രശ്നമല്ല, പക്ഷേ ആ സ്ഫോടനത്തിൽ താനും ഇല്ലാതാകും.
മാത്യുവിന് ഒളിക്കാൻ ഇടമില്ലായിരുന്നു.
ഗ്യാസിന്റെ മണം കാരണം ശ്വാസം മുട്ടുന്നു. സാമിന്റെ കാലൊച്ചകൾ സിറ്റൗട്ടിൽ കേട്ടുതുടങ്ങി.
അയാൾ തന്റെ കീച്ചെയിൻ കയ്യിൽ ചുഴറ്റുന്ന ശബ്ദം വാതിലിനപ്പുറം കേൾക്കാം. മാത്യു അടുക്കളയുടെ വാതിലിലൂടെ പുറത്തേക്ക് ചാടാൻ ഒരുങ്ങി.
പക്ഷേ സാം വാതിൽ തുറന്നില്ല.
പകരം അടഞ്ഞ വാതിലിന് പുറത്ത് നിന്ന് അയാൾ ശാന്തമായി വിളിച്ചു പറഞ്ഞു:
”മാത്യു… നീ അകത്തുണ്ടെന്ന് എനിക്കറിയാം. ആ ഗ്യാസ് നോബ് ഒന്ന് തിരിച്ചു വെച്ചേക്ക്.ഭയങ്കര മണം.. എനിക്ക് മരിക്കാൻ ഇപ്പൊ താല്പര്യമില്ല. എന്റെ കൂടെ വരാൻ നതാഷാ കൂടി വേണ്ടേ? അത് കണ്ടിട്ട് പോയാൽ പോരെ നിനക്ക്?”
മാത്യു സ്തബ്ധനായി നിന്നുപോയി. സാം എല്ലാം അറിഞ്ഞിരുന്നു! മാത്യു അവിടെ വരുമെന്നും ഇങ്ങനെയൊക്കെ ചെയ്യുമെന്നും സാം നേരത്തെ കണക്കുകൂട്ടിയിരുന്നു. ഒരു മാരകരോഗിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന സത്യം മാത്യുവിനെ ഭയപ്പെടുത്തി.
മാത്യു ഗ്യാസ് സിലിണ്ടറിന്റെ നോബ് പതുക്കെ അടച്ചു. സ്ഫോടനം കൊണ്ട് ഒന്നിനും പരിഹാരമാകില്ലെന്ന് അയാൾക്ക് തോന്നി.
മാത്യു മുൻവാതിൽ തുറന്നു..
വാതിലിന് അപ്പുറവും ഇപ്പുറവും നിൽക്കുന്ന രണ്ട് മനുഷ്യർ. ഒരാൾ മരണത്തെ മുന്നിൽ കാണുന്ന വേട്ടക്കാരനും, മറ്റൊരാൾ സ്വന്തം പാപബോധത്തിൽ നീറുന്ന ഇരയും.
ആ വിജനമായ മലഞ്ചെരിവിലെ വീടിനുള്ളിൽ ഗ്യാസിന്റെ ഗന്ധം പടരുമ്പോഴും അവർക്കിടയിൽ വാക്കുകൾ കനലായി കത്തിക്കൊണ്ടിരുന്നു.
മാത്യുവിന് ശ്വാസം മുട്ടുന്നുണ്ടായിരുന്നു.
പക്ഷേ, ആ മെഡിക്കൽ സർട്ടിഫിക്കറ്റ് കയ്യിലിരിക്കെ അയാൾക്ക് അവിടെനിന്ന് ഓടിപ്പോകാൻ തോന്നിയില്ല. അയാൾ വിറയ്ക്കുന്ന ശബ്ദത്തിൽ ചോദിച്ചു:
”എന്തിനായിരുന്നു സാം ഇതൊക്കെ?
നീ മരിക്കാൻ പോകുകയാണെന്ന് അറിഞ്ഞിട്ടും ഇത്രയും ഭീകരമായ ഒരു പ്രതികാരം എന്തിനായിരുന്നു?
അമലയുടെ കാര്യം… അതൊരു കൈപ്പിഴയായിരുന്നു സാം.
ഒരു നിമിഷത്തെ അശ്രദ്ധ.
അതിൽ ഈ മാത്യു ഇന്നും നീറുന്നുണ്ട്. ഓരോ രാത്രിയും ആ മുഖം എന്റെ സ്വപ്നത്തിൽ വരാറുണ്ട്…”
പുറത്ത് സാമിന്റെ ഭാഗത്തുനിന്ന് ഒരു ചെറിയ ചിരി കേട്ടു.
അത് പരിഹാസത്തിന്റേതായിരുന്നില്ല, മറിച്ച് എല്ലാം നഷ്ടപ്പെട്ട ഒരാളുടെ ഭീകരമായ ചിരിയായിരുന്നു.
”എന്താ മാത്യു… താൻ വേദനിക്കണം എന്ന് ഞാൻ പറഞ്ഞോ?”
സാമിന്റെ ശബ്ദം ശാന്തമായിരുന്നു, പക്ഷേ അതിൽ ഒരു മരവിപ്പുണ്ടായിരുന്നു.
“തനിക്ക് അറിയാമോ… ഞാനും അമലയും ജീവിതം ഒന്ന് തുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ.
മനോഹരമായ സ്വപ്നങ്ങൾ കണ്ടിരുന്ന രണ്ട് പേർ.
പക്ഷേ എല്ലാം… നിങ്ങൾ എല്ലാവരും കൂടി ഒരു നിമിഷം കൊണ്ട് ഇല്ലാതാക്കി.എല്ലാം നിങ്ങളുടെ എടുത്തുചാട്ടം.. ദേഷ്യം..കാരണം..
എനിക്ക് ഈ കാൻസർ ആണെന്ന് അറിഞ്ഞപ്പോൾ ആ ഡോക്ടർ എന്നോട് പറഞ്ഞത് ഒന്നേയുള്ളൂ….
“ചെയ്യാനുള്ളതൊക്കെ ചെയ്തോളൂ, കാണാനുള്ളവരെയൊക്കെ കണ്ടോളൂ എന്ന്.”
സാം ഒരു നിമിഷം നിർത്തി.
ഒരു ദീർഘനിശ്വാസത്തിന് ശേഷം അയാൾ തുടർന്നു:
”പക്ഷേ എനിക്ക് കാണാനും ചെയ്യാനും ഇതൊക്കെയല്ലേ ഉള്ളൂ മാത്യു?
എനിക്ക് നഷ്ടപ്പെട്ട ആ ജീവിതം തിരിച്ചുതരാൻ നിനക്ക് കഴിയുമോ?
ഇല്ല.
അതുകൊണ്ട് നീ ഏറ്റവും സ്നേഹിക്കുന്നതിനെ എനിക്ക് തകർക്കണം. നതാഷ… അവൾ നിന്റെ പ്രാണനല്ലേ? അവളെ നീ നോക്കിനിൽക്കെ ഞാൻ മാറ്റിയെടുത്തു.
നിന്റെ സ്നേഹത്തേക്കാൾ അവൾ ഇപ്പോൾ എന്റെ സാമീപ്യം ആഗ്രഹിക്കുന്നു. അത് കാണുമ്പോൾ നിനക്കുണ്ടാകുന്ന ആ വേദനയുണ്ടല്ലോ… അതാണ് എന്റെ മരുന്ന്.”
”സാം… നീ അവളെ ചതിക്കുകയാണ്.
അൽവിഷിന്റെ ഭാര്യയെ ചെയ്തതുപോലെ അവളെയും നീ ഒരു ഭീരുവാക്കി മാറ്റുകയാണ്.
നീ മരിച്ചു കഴിഞ്ഞാൽ അവൾ എങ്ങോട്ട് പോകും?
പക തീർക്കാൻ അവൾ ബാക്കി ജീവിതം മുഴുവൻ നീറണമെന്നാണോ നീ ആഗ്രഹിക്കുന്നത്?”
”അവൾ നീറില്ല മാത്യു,”
സാം പുറത്തുനിന്ന് പറഞ്ഞു.
“അവൾ എന്നെ ഓർത്ത് ജീവിക്കും. നിനക്ക് അവളെ ഇനി ഒരിക്കലും പഴയ നതാഷയായി കിട്ടില്ല. നതാഷയെ നിനക്ക് രക്ഷിക്കാനാവില്ല. കാരണം, അവൾ ഇപ്പോൾ എന്നെ സ്നേഹിക്കുന്നു.നിന്നെ ഇതുവരെ സ്നേഹിച്ചതിനേക്കാൾ ഏറെ…”

Super.