ഒരു നിമിഷം രണ്ടുപേരും പരസ്പരം നോക്കി.
ശേഷം അർജുൻ തിരിഞ്ഞു നടന്നു.
“അജു!”
അവൾ പിന്നാലെ ഓടി.
അവൻ വേഗത്തിൽ നടന്നു.
“അജു, പ്ലീസ്!”
അവൻ തിരിഞ്ഞുനോക്കിയില്ല.
“ഒന്ന് കേൾക്ക്!”
നടത്തം ഓട്ടമായി.
ലക്ഷ്മി അവന്റെ പിന്നാലെ ഓടി.
കണ്ണീർ കാഴ്ച മങ്ങിച്ചിരുന്നു.
“അജു!”
അവൻ ഇപ്പോൾ ശരിക്കും ഓടുകയായിരുന്നു.
ഒഴിഞ്ഞോടുന്നതുപോലെ.
അവളിൽ നിന്ന്.
അവളുടെ സ്നേഹത്തിൽ നിന്ന്.
സ്വന്തം വികാരങ്ങളിൽ നിന്ന്.
ചില സെക്കൻഡുകൾക്കകം അവൻ കാഴ്ചയിൽ നിന്ന് മറഞ്ഞു.
ലക്ഷ്മി നിൽക്കുകയായിരുന്നു.
ശ്വാസം മുട്ടി.
കൈകൾ വിറച്ചു.
അവന്റെ പേര് വിളിക്കാൻ വീണ്ടും ശ്രമിച്ചു.
ശബ്ദം പുറത്തുവന്നില്ല.
ചില നിമിഷങ്ങൾ അവൾ അങ്ങനെ തന്നെ നിന്നു.
പിന്നെ പതുക്കെ നിലത്തിരുന്നു.
അന്നുവരെ അവൾ വിശ്വസിച്ചിരുന്നു എന്തു പ്രശ്നവും സംസാരിച്ച് തീർക്കാമെന്ന്.
ഇപ്പോൾ ആദ്യമായി അവൾക്ക് തോന്നി.
ചില മുറിവുകൾ വാക്കുകൾക്ക് അതീതമാണെന്ന്.
കണ്ണീർ തടയാൻ ശ്രമിച്ചു.
കഴിയില്ല.
അത് ഒഴുകിക്കൊണ്ടിരുന്നു.
അവൾ മുഖം കൈകളിൽ ഒളിപ്പിച്ചു.
കരഞ്ഞു. വളരെ
നേരം. അർജുൻ ഓടിപ്പോയ വഴിയിലേക്ക് നോക്കിക്കൊണ്ട്.
അർജുൻ ഓടിക്കൊണ്ടിരുന്നു.
പിന്നിൽ നിന്ന് ആരും പിന്തുടർന്നില്ല.
ആരും അവന്റെ പേര് വിളിച്ചില്ല.
എങ്കിലും അവൻ നിർത്തിയില്ല.
ക്യാമ്പസിന്റെ പിന്നിലെ മരങ്ങൾ കടന്നു.
മെക്കാനിക്കൽ ബ്ലോക്കിന്റെ അരികിലൂടെ ഓടി.
ബാസ്ക്കറ്റ് ബോൾ കോർട്ടിനടുത്തൂടെ കടന്നുപോയി.
ഒടുവിൽ ശ്വാസം മുട്ടിയപ്പോൾ ഒരു ചുമരിനരികിൽ നിന്നു.
നെഞ്ച് ഉയർന്നുതാഴ്ന്നുകൊണ്ടിരുന്നു.
കണ്ണുകൾ അടച്ചു.
പക്ഷേ കണ്ണുകൾ അടച്ച നിമിഷം തന്നെ അവളുടെ മുഖം തെളിഞ്ഞുവന്നു.
“എനിക്ക് നിന്നെ ഇഷ്ടമാണ്.”
അവൻ കണ്ണുകൾ തുറന്നു.
“ശ്ശേ…”
തലയിലൂടെ കൈ ഓടിച്ചു.
ഇന്ന് നടന്നതെല്ലാം സ്വപ്നംപോലെ തോന്നി.
രാവിലെ വരെ എല്ലാം സാധാരണമായിരുന്നു.
പ്രോജക്റ്റ് കഴിഞ്ഞു.
സ്കോളർഷിപ്പ് കിട്ടി.
ജീവിതം വീണ്ടും ട്രാക്കിലേക്ക് വരുമെന്നു തോന്നി.
അതിനുശേഷം…
ലക്ഷ്മി.
അവളുടെ പ്രണയം.
സ്വന്തം ദേഷ്യം.
അവളുടെ കണ്ണീർ.
ഒന്നും മനസ്സിലാകുന്നില്ല.
ആരോടെങ്കിലും സംസാരിക്കണം.
ആദ്യമായി മനസ്സിൽ വന്നത് അഖിലായിരുന്നു.
അവനോട് സംസാരിക്കണം.
എന്തെങ്കിലും പറയണം.
അല്ലെങ്കിൽ വെറുതെ അവന്റെ മുന്നിലിരുന്നു അരമണിക്കൂർ മിണ്ടാതിരിക്കണം.
അഖിൽ അതും സ്വീകരിക്കും.
പക്ഷേ ഒരു നിമിഷംകൊണ്ട് അതുവേണ്ടെന്നു വച്ച്.
വേണ്ട.
അവനോട് എന്തുപറയും?
“ഡാ, നിന്റെ കണക്കുകൂട്ടൽ ശരിയായിരുന്നു. അവൾക്ക് എന്നോട് പ്രണയമാണ്.”
അല്ലെങ്കിൽ
“ഡാ, എനിക്കും അവളോട് ഇഷ്ടമുണ്ടായിരുന്നു. പക്ഷേ ഞാൻ അവളെ കരയിച്ചിട്ട് പോന്നു.”
അല്ലെങ്കിൽ
“ഡാ, ഞാൻ പേടിച്ചു.”
ആ അവസാന വാക്കാണ് അവനെ കൂടുതൽ അസ്വസ്ഥനാക്കിയത്.
അതെ.
സത്യം പറഞ്ഞാൽ അവൻ പേടിച്ചിരുന്നു.
ലക്ഷ്മിയെ അല്ല.
സ്വയം.
അവളെ സ്നേഹിക്കാൻ അനുവദിച്ചാൽ പിന്നീട് സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ.
അർജുൻ നിശ്വസിച്ചു.
ഇനി ക്ലാസിലേക്ക് പോകാനുമില്ല.
അവിടെ
പോയാൽ ആളുകൾ കാണും.
അഖിൽ ചോദ്യങ്ങൾ ചോദിക്കും.
ലക്ഷ്മി ഒരുപക്ഷേ അവിടെ ഉണ്ടാകും.
അവളെ കാണാനുള്ള ധൈര്യം ഇപ്പോൾ ഇല്ല.
അവൻ കോളേജ് ഗേറ്റിലേക്ക് നടന്നു.
പുറത്തിറങ്ങി.
നഗരം പതിവുപോലെ തിരക്കിലായിരുന്നു.
ബസ്സുകൾ.
ഓട്ടോകൾ.
കാറുകൾ.
റോഡ് സൈഡിൽ നിൽക്കുന്ന കടക്കാർ.
സ്കൂൾ വിട്ട കുട്ടികൾ.
ആരും അർജുനെ ശ്രദ്ധിച്ചില്ല.
അത് അവന് ഇഷ്ടമായി.
ഇപ്പോൾ ആരും തന്നെ അറിയേണ്ടതില്ല.
ആരാണ്, എന്താണ്, എന്ത് ചിന്തിക്കുകയാണ് എന്നൊന്നും.
അവൻ വെറുതെ നടന്നു.
ഒരു ദിശയുമില്ലാതെ.
ഒരു മണിക്കൂർ.
ഒരുപക്ഷേ അതിലും കൂടുതൽ.
റോഡുകൾ മാറി.
കടകൾ മാറി.
മുഖങ്ങൾ മാറി.
പക്ഷേ മനസ്സിനുള്ളിലെ ചിന്തകൾ മാറിയില്ല.
ഓരോ അഞ്ചു മിനിറ്റിലും ലക്ഷ്മി വീണ്ടും അവിടെ എത്തും.
അവളുടെ ശബ്ദം.
അവളുടെ കണ്ണുകൾ.
അവന്റെ മറുപടികൾ.
അവൻ വീണ്ടും വീണ്ടും അതേ സംഭാഷണം മനസ്സിൽ നടത്തി.
ഈ തവണ കുറച്ചു സൗമ്യമായി.
ഈ തവണ കുറച്ചു ശാന്തമായി.
ഈ തവണ അവളെ കരയിക്കാതെ.
