“നിന്റെ ഫ്രണ്ടല്ലേ.”
“എന്റെ ഫ്രണ്ട്?”
“അതെ.”
അമ്മ ഇടപെട്ടു.
“അജൂ, പറയാമായിരുന്നില്ലേ?”
“എന്ത്?”
“കുട്ടിക്ക് ഇവിടെ താമസിക്കേണ്ട കാര്യം.”
അർജുൻ അവളെ നോക്കി.
അമ്മയെ.
പിന്നെ ലക്ഷ്മിയെ.
വീണ്ടും അമ്മയെ.
“താമസിക്കണം?”
“അതെ.”
ഇത്തവണ ദിവ്യയാണ് വിശദീകരിച്ചത്.
“ഇവളുടെ ഹോസ്റ്റൽ പ്രശ്നത്തിലാണ്.”
ലക്ഷ്മി ഉടനെ അവസരം ഏറ്റെടുത്തു.
“അതെ അമ്മേ. ഹോസ്റ്റലിൽ ചില മെയിന്റനൻസ് വർക്ക്സ് നടക്കുന്നു. കുറച്ചു ദിവസത്തേക്ക് റൂം ഒഴിയാൻ പറഞ്ഞു.”
പറയുമ്പോൾ പോലും അവൾ കണ്ണുകളിലേക്ക് നോക്കിയില്ല.
“നഗരത്തിൽ ബന്ധുക്കളൊന്നുമില്ല എന്ന് പറഞ്ഞപ്പോൾ ഇവൻ തന്നെയാ പറഞ്ഞത് വൈകുനേരം വീട്ടിലോട്ടു പോരാൻ. ഞാനുംവിചാരിച്ചു ഇതാകുമ്പോൾ കോളേജിലോട്ട് ഇവന്റെ കൂടെതന്നെ പോകാമല്ലോ…”
അർജുൻ ഒന്നും പറഞ്ഞില്ല.
ദിവ്യ അവനെ സംശയത്തോടെ നോക്കി.
“നിനക്ക് അറിയാമായിരുന്നില്ലേ?”
“ഞാൻ ഇച്ചിരി തിരക്കിലായിപോയി. പിന്നെ ഇവൾ എത്തുന്നതിനുമുൻപ് എത്താം എന്ന് വിചാരിച്ചാ ഓടിവന്നത്.” അജു പറഞ്ഞൊപ്പിച്ചു.
ദിവ്യ വിശ്വസിച്ചു.
അമ്മയും.
“പാവം കുട്ടി.”
അമ്മ പറഞ്ഞു.
“ഒറ്റയ്ക്ക് എവിടെ പോകാനാ.”
അർജുൻ ഇപ്പോഴും ചെറുതായി സ്തംഭിച്ചിരിക്കുകയായിരുന്നു.
അപ്പോഴേക്കും പുറത്തുനിന്ന് വിദ്യാർത്ഥികളുടെ ശബ്ദം കേട്ടു.
ട്യൂഷൻ തുടങ്ങേണ്ട സമയം.
ദിവ്യ എഴുന്നേറ്റു.
“ശരി. ഞാൻ ക്ലാസിന് പോട്ടെ.”
ബുക്കുകൾ എടുത്തു.
കുട്ടികളെ വിളിച്ചു.
അടുത്ത മുറിയിലേക്ക് നടന്നു.
അമ്മയും എഴുന്നേറ്റു.
“ഞാൻ അടുക്കളയിൽ നോക്കട്ടെ.”
“അമ്മേ ഞാൻ സഹായിക്കാം.”
ലക്ഷ്മി പറഞ്ഞു.
“വേണ്ട മോളേ.”
അമ്മ ചിരിച്ചു.
“അതിഥികൾ ജോലി ചെയ്യാറില്ല.”
ഇതുപറഞ്ഞ് അടുക്കളയിലേക്ക് പോയി.
ചില നിമിഷങ്ങൾക്കകം പാത്രങ്ങളുടെ ശബ്ദം കേട്ടു.
വീട്ടിലെ മറ്റെല്ലാ ശബ്ദങ്ങളും അകന്നു.
ഇപ്പോൾ
ഡൈനിംഗ് റൂമിൽ രണ്ടു പേർ മാത്രം.
അർജുൻ.
ലക്ഷ്മി.
ഒരു നിമിഷം ആരും ചലിച്ചില്ല.
ഘടികാരത്തിന്റെ ടിക്ക് ടിക്ക് ശബ്ദം മാത്രം.
അജു ലച്ചുവിന്റെ കൈകളിൽ പിടിച്ചു മുകളിലത്തെ നിലയിലെ അവന്റെ മുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. ലക്ഷ്മി വേടൻ തളച്ച ഒരു പേടമാനിനെ പോലെയവന്റെ കൈകളിൽ ചേർന്നുനിന്നു.
മുറിയിൽ കയറ്റി അജു കതകടച്ചുതിരിഞ്ഞപ്പോൾ ദാ തൊട്ടുപുറകിൽ അവനെ മുട്ടി മുട്ടിയില്ല എന്നാ പാകത്തിന് ഒരു വഷളൻ ചിരിയും ചിരിച്ചുകൊണ്ട് ലച്ചു.
“എന്താ നിന്റെ ഉദ്ദേശം? “
” ദുരുദ്ദേശം. എന്താപ്പോ ഇത്ര സംശയം? “അവൾ ചിണുങ്ങി.
പക്ഷേ ആ ചിരിക്ക് പിന്നിൽ എന്തോ ഒളിപ്പിക്കുന്നുണ്ടെന്ന് അവന് മനസ്സിലായി.
ഒരുപക്ഷേ കുറ്റബോധം.
ഒരുപക്ഷേ സങ്കടം.
അല്ലെങ്കിൽ രണ്ടും.
“ഇനി പറയ്.”
അജുവിന്റെ ശബ്ദം കടുപ്പമുള്ളതായിരുന്നു.
“എന്ത് പറയാൻ?”
“ഈ നാടകം ഒക്കെ നിർത്തി സത്യം പറയ്.”
ലച്ചു കുറച്ചുനേരം മിണ്ടാതെ നിന്നു.
പിന്നെ മുറിയിലൊന്ന് ചുറ്റി നോക്കി.
പഴയ അലമാര.
ചുമരിൽ തൂങ്ങിയിരുന്ന പുസ്തക ഷെൽഫ്.
ജനലിലൂടെ കയറിവരുന്ന സന്ധ്യയുടെ വെളിച്ചം.
മേശമേൽ ചിതറിക്കിടക്കുന്ന നോട്ട്ബുക്കുകൾ.
ആ മുറി മുഴുവൻ അവളുടെ കണ്ണുകളിലൂടെ കടന്നുപോയി.
അവസാനം അവൾ പതുക്കെ കട്ടിലിന്റെ അരികിൽ ഇരുന്നു.
അജു അപ്പോഴും നിൽക്കുകയായിരുന്നു.
“നിനക്ക് ദേഷ്യമാണല്ലേ?”
“ലച്ചു.”
“ശരി ശരി. നീ ചോദിച്ചാൽ ഞാൻ ഉത്തരം പറയാം.”
അവൻ കൈകൾ നെഞ്ചിൽ പിണച്ചു.
“എന്തിനാണ് ഇവിടെ വന്നത്?”
അവൾ കുറച്ചുനേരം ആലോചിച്ചു.
“രണ്ടു കാരണങ്ങൾ ആദ്യത്തേത് നീയെന്നു വച്ചാൽ എനിക്കിപ്പോൾ ഒത്തിരി ഇഷ്ടമാ. ഒരുതരം കിറുക്ക്. അതുകൊണ്ട് ഇന്ന് ഉച്ചക്കത്തെ സംഭവം കഴിഞ്ഞു എനിക്ക് ഇരിക്കപ്പൊറുതിയില്ലാരുന്നു.
രണ്ട്, എനിക്ക് പോകാൻ വേറെ സ്ഥലമില്ല.”
അവൻ മുഖം ചുളിച്ചു.
“കള്ളം.”
“സത്യം.”
“നിന്റെ വീട്ടിലേക്ക് പോകാം.”
ആ വാക്ക് കേട്ട നിമിഷം അവളുടെ മുഖം മാറി.
അജു അത് ശ്രദ്ധിച്ചു.
കോളേജിൽ എല്ലാവരെയും ചിരിപ്പിക്കുന്ന പെൺകുട്ടിയെ അവൻ പലതവണ കണ്ടിട്ടുണ്ട്.
ദേഷ്യപ്പെടുന്ന ലക്ഷ്മിയെയും.
കളിയാക്കുന്ന ലക്ഷ്മിയെയും.
കരയുന്ന ലക്ഷ്മിയെയും.
