പക്ഷേ യാഥാർത്ഥ്യത്തിൽ സംഭവിച്ചത് മാറിയില്ല.
അവൻ അവളെ വേദനിപ്പിച്ചു.
നന്നായി വേദനിപ്പിച്ചു.
അങ്ങനെ നടക്കുന്നതിനിടെയാണ് ഒരു വലിയ ജംഗ്ഷനിൽ എത്തിയത്.
അവിടെ നിൽക്കുമ്പോൾ അവന്റെ ശ്രദ്ധ മുന്നിലിരുന്ന കെട്ടിടത്തിലേക്ക് പോയി.
ആദ്യം അത് എന്താണെന്ന് മനസ്സിലായില്ല.
കാരണം കെട്ടിടം വളരെ വലുതായിരുന്നു.
ഗ്ലാസ് കൊണ്ടുണ്ടാക്കിയ ഒരു ഭീമൻ.
ഏതാണ്ട് ഇരുപത് നിലകൾ.
മുന്നിൽ വലിയ ഫൗണ്ടൻ.
സ്യൂട്ട് ധരിച്ച ആളുകൾ അകത്തേക്കും പുറത്തേക്കും നടക്കുന്നു.
മുകളിൽ വലിയ അക്ഷരങ്ങളിൽ പേര് എഴുതിയിരുന്നു.
കൃഷ്ണാ പ്രൈവറ്റ് ഫിനാൻസ്
അർജുൻ നിശ്ചലമായി.
കണ്ണുകൾ കുറച്ചു നേരം ആ
പേരിൽ തന്നെ നിന്നു.
കൃഷ്ണ.
ലക്ഷ്മി കൃഷ്ണ.
അവളുടെ കുടുംബം.
അതിനുശേഷമാണ് താഴെ എഴുതിയ വരികൾ ശ്രദ്ധയിൽപ്പെട്ടത്.
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്ക്.
അവൻ അനങ്ങാതെ നിന്നു.
ഇത്രയും വലിയൊരു സ്ഥാപനം.
ആയിരക്കണക്കിന് തൊഴിലാളികൾ.
കോടിക്കണക്കിന് രൂപയുടെ ഇടപാടുകൾ.
ഇത് മാത്രം അല്ല.
ഇതവരുടെ ബിസിനസ്സുകളിൽ ഒന്ന് മാത്രം.
വെറും ഒന്ന്.
അതിനെക്കുറിച്ച് ആലോചിച്ചപ്പോൾ വല്ലാത്തൊരു ശൂന്യത അവനുള്ളിൽ നിറഞ്ഞു.
ഒരു വശത്ത് ആ കെട്ടിടം.
മറ്റേ വശത്ത് അവന്റെ വീട്.
ജപ്തി നോട്ടീസ് ഒട്ടിച്ച തറവാട്.
മഴ ചോർന്ന മേൽക്കൂര.
അമ്മയുടെ തുന്നൽ മെഷീൻ.
പെട്ടെന്ന് ഒരു വിചിത്രമായ ചിന്ത വന്നു.
ഇത്രയും പണമുണ്ടായിട്ടും…
അവൾ എന്തിനാണ് ബസിൽ കോളേജിൽ വരുന്നത്?
അവളുടെ വീട്ടിൽ പത്തിൽ കൂടുതൽ കാറുകൾ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഡ്രൈവർമാരും ഉണ്ടാകും.
എന്നിട്ടും അത് ഒന്നും ഉപയോഗിക്കാതെ കുട്ടികളോടൊപ്പം ബസ് കയറി വരുന്നു.
മഴയിൽ നനയുന്നു.
കാന്റീനിൽ അഞ്ചുരൂപയുടെ ചായ കുടിക്കുന്നു.
അവൻ അറിയാതെ ചിരിച്ചു.
“ഭ്രാന്ത്…”
അതായിരുന്നു ശരിയായ വാക്ക്.
ലക്ഷ്മിക്കൊരു ചെറിയ വട്ടമുണ്ടായിരുന്നു.
അതിന്റെ ഒരു ഭാഗം ബസ് യാത്ര.
മറ്റൊരു ഭാഗം ആദ്യ ബെഞ്ചുകാരെ ശല്യം ചെയ്യൽ.
ഏറ്റവും വലിയ ഭാഗം…
അവനോട് പ്രണയം തോന്നിയത്.
അർജുൻ ചിരി നിർത്തി.
ആ ചിന്ത വീണ്ടും നെഞ്ചിനുള്ളിൽ എന്തോ വേദനിപ്പിച്ചു.
അവൻ അവിടെ നിന്ന് നടന്നു.
സൂര്യൻ പതിയെ താഴ്ന്നു.
നഗരം സന്ധ്യയിലേക്ക് മാറി.
അർജുൻ വീണ്ടും നടക്കുകയായിരുന്നു.
ഇത്തവണ കൂടുതൽ പതുക്കെ.
സ്വയം ആശ്വസിപ്പിക്കാൻ ശ്രമിച്ചുകൊണ്ട്.
ഇല്ല.
താൻ ചെയ്തത് തന്നെയാണ് ശരി.
ലക്ഷ്മിക്ക് മറുപടി കൊടുത്തിരുന്നെങ്കിൽ?
അതെങ്ങോട്ട് പോയേനെ?
ആദ്യം സന്തോഷം.
പിന്നെ?
അവളുടെ കുടുംബം.
സ്വന്തം കുടുംബം.
സാമൂഹിക വ്യത്യാസം.
സാമ്പത്തിക വ്യത്യാസം.
അവൾക്കായി തന്റെ ജീവിതം മാറ്റേണ്ടി വരും.
തനിക്കായി അവൾ ജീവിതം മാറ്റേണ്ടിവരും.
അതൊന്നും എളുപ്പമല്ല.
അതുകൊണ്ട് തന്നെയാണ് അവൻ ഇല്ല എന്ന് പറഞ്ഞത്.
അതുകൊണ്ടാണ് അകന്നത്.
അതുകൊണ്ടുതന്നെ അങ്ങനെ തന്നെ തുടരണം.
അവൻ സ്വയം പറഞ്ഞുകൊണ്ടിരുന്നു.
എന്നാൽ മനസ്സിന്റെ ഒരു കോണിൽ നിന്ന് ഒരു ശബ്ദം വീണ്ടും വീണ്ടും ചോദിച്ചു.
“അത് ശരിക്കും കാരണം തന്നെയാണോ?”
അല്ലെങ്കിൽ…
അവൾ തന്നെ പിന്നീട് നിരസിക്കുമെന്ന് പേടിച്ചതാണോ?
അവളുടെ ലോകത്തിൽ തനിക്ക് സ്ഥാനമില്ലെന്ന് തോന്നിയതാണോ?
താൻ അവൾക്കു പോരെന്ന് വിശ്വസിച്ചതാണോ?
അവൻ ആ ചിന്ത തള്ളിക്കളഞ്ഞു.
വീണ്ടും നടന്നു.
പക്ഷേ നഗരം അവനെ വിടാൻ തയ്യാറായിരുന്നില്ല.
അടുത്ത റോഡിൽ എത്തിയപ്പോൾ ഒരു ഷോപ്പിംഗ് മാൾ കണ്ടു.
അതിന്റെ മുന്നിൽ വലിയ ബോർഡ്.
കൃഷ്ണാ മാള്സ്.
അർജുൻ കണ്ണടച്ചു.
അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു വലിയ ബിൽബോർഡ്.
കൃഷ്ണാ ബിൽഡർസ്.
പിന്നെ ഒരു ആശുപത്രി.
കൃഷ്ണാ ഹെൽത്ത്കെയർ.
വീണ്ടും ഒരു പരസ്യം.
വീണ്ടും ആ പേര്.
കൃഷ്ണ.
കൃഷ്ണ.
കൃഷ്ണ.
അവൾ നഗരമൊട്ടാകെ പരന്നുകിടക്കുന്നതുപോലെ തോന്നി.
ഒഴിവാക്കാൻ പറ്റാത്തവിധം.
അവളുടെ മുഖം മനസ്സിൽ നിന്ന് പോവുന്നില്ല.
പേര് കണ്ണുകൾക്ക് മുന്നിൽ നിന്ന് പോവുന്നില്ല.
അർജുൻ ഒടുവിൽ ഒരു ബസ് സ്റ്റോപ്പിലെ ബെഞ്ചിൽ ഇരുന്നു.
ആകാശം ഇരുണ്ടു തുടങ്ങിയിരുന്നു.
അവൻ തല പിന്നിലേക്ക് ചായച്ചു.
