അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 3 7

 

 

റിയാനയെ കണ്ട ഉടനെ സുഹാന അവളുടെ അടുത്തേക്ക് ഓടി വന്നു. സുഹാന റിയാനയെ കെട്ടിപിടിച്ചു.

 

“ഇത്താത്ത.. ഇത്താത്ത എവിടെയാ പോയത്…. ഉപ്പയും.. ഉമ്മയും ഒന്നും പറഞ്ഞില്ല. ഇത്താത്ത പോയത് മുതൽ എന്നെക്കൊണ്ടാണ് ഉമ്മ ഈ മുറ്റം മുഴുവൻ തൂത്തു വാരിക്കുന്നത്. ”

 

“ആണോ!! സാരമില്ല ഇനി ഇത്താത്ത എവിടേയും പോകില്ല . ഇനി ഇത്താത്ത ചെയ്‌തോളും. ”

 

അവർ സംസാരിക്കുന്നത് കേട്ട് സുബൈദ പുറത്തേക്ക് വന്നു. സുബൈദ റിയാനയെ കെട്ടിപിടിച്ചു എന്നിട്ട് പറഞ്ഞു.

 

“മോള് ചെറിയുമ്മയോട് ക്ഷമിക്ക്. ചെറിയുമ്മ ഒന്നും ഓർക്കാതെ എന്തൊക്കയോ ചെയ്യുകയും പറയുകയും ചെയ്തു പോയി. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല..”

 

“ഞാനല്ലേ ചെറിയുമ്മയോട് സോറി പറയേണ്ടത്.. എന്നെ എന്ത് പറഞ്ഞാലും ചെയ്താലും ഞാൻ ചെറിയുമ്മയെ തള്ളിയിടാൻ പാടില്ലായിരുന്നു.. പക്ഷെ എന്റെ ഉമ്മയെ പറഞ്ഞപ്പോൾ എനിക്ക് സഹിച്ചില്ല അതാ ഞാൻ അന്ന് അങ്ങനെ. ചെറിയുമ്മ എന്നോട് ക്ഷമിക്ക് ” റിയാന പറഞ്ഞു.

 

അവർ അകത്തേക്ക് പോയി. റിയാന കിടന്ന മുറിയിലേക്കാണ് സുബൈദ റിയാനയെ കൂട്ടികൊണ്ട് പോയത്.. അത് വളരെ മനോഹരമായും വൃത്തിയായും വെച്ചിരിക്കുന്നു. സുഹാന കട്ടിലിലും റിയാന നിലത്തുമാണ് മുൻപ് കിടന്നിരുന്നത്. സുഹാന റിയാനയുടെ കൈയിൽ നിന്നും ബാഗു വാങ്ങി അവിടെ ഉള്ള മേശയിൽ വെച്ചു.

 

“മോള് ഇവിടെ ഇരിക്ക് . ചെറിയുമ്മ മോൾക്ക് കുടിക്കാൻ എന്തെങ്കിലും എടുക്കാം.” റിയാനയെ പിടിച്ചു കട്ടിലിൽ ഇരുത്തി സുബൈദ പറഞ്ഞു.

 

“ഇതിൽ എന്താ ഇത്താത്ത ഉള്ളത്. തിന്നാൻ ഉള്ളത് എന്തെങ്കിലും ആണോ? ”

സുഹാന ചോദിച്ചു. ഒൻപതു വയസ്സേ ആയുള്ളൂ എങ്കിലും പത്തൊൻപതു വയസ്സിന്റെ ശരീരവും വെച്ച് കൊണ്ട് അവൾ ചോദിച്ചു. സുഹാനയ്ക്ക് എപ്പോഴും എന്തെങ്കിലും കഴിച്ചുകൊണ്ടിരിക്കണം . സുബൈദയെ പോലെ തന്നെയാണ് സുഹാനയും.. കാണാനും ഒരുപോലെ.

 

“അല്ല മോളെ അത് ഇത്താത്തയുടെ ഡ്രെസ്സ് ആണ്. ” റിയാന പറഞ്ഞു.

 

അതുകൊണ്ട് സുഹാന അത് തുറന്നു നോക്കിയില്ല.

 

അപ്പോഴേക്കും സുബൈദ ആട്ടിന്റെ പാലുമായി വന്നു. പറഞ്ഞു

 

“മോള് ഈ പാല് കുടിക്ക്. കുറച്ചു കഴിഞ്ഞു ചെറിയുമ്മ നല്ല നെയ്‌ച്ചോർ ഉണ്ടാക്കിത്തരാം”

 

“അപ്പൊ!! എനിക്കില്ലേ ഉമ്മാ പാല്. ” സുഹാന ചോദിച്ചു.

 

“നീ കുറച്ചു നേരത്തെ കുടിച്ചില്ലേ?? അത് മതി.. നിന്നെക്കാളും കുറേ മൂത്തത ഇത്താത്ത എന്നാലും നിന്നെ കണ്ടാൽ തോന്നും നീയാണ് മൂത്തത് എന്ന്.” സുബൈദ പറഞ്ഞു.

 

“അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ.. എന്നെ കണ്ട എല്ലാവരും പറയുന്നത് . ഞാൻ ഉമ്മയെ പോലെ ആണെന്ന…. ഇന്നാള് വല്ല്യ മൂത്തുമ്മ പറയുന്നത് കേട്ടല്ലോ… ഉമ്മയെ കെട്ടിക്കുമ്പോൾ പതിനെട്ടു വയസേ ഉള്ളു എന്നാലും കണ്ടാല് ഇരുപത്തെട്ട് പറയും എന്ന്” സുഹാന പറഞ്ഞു.

 

“ഈ പെണ്ണിന്റെ കാര്യം … പോയിക്കോണം…. നിനക്ക് പഠിക്കാൻ ഒന്നും ഇല്ലേ ?” സുബൈദ ചോദിച്ചു

 

“പഠിക്കാൻ ഇരുന്നേരം അല്ലേ ഉമ്മാ നിങ്ങള് മുറ്റം അടിക്കാൻ പറഞ്ഞത്. ” സുഹാന പറഞ്ഞു

 

“അയ്യടാ!! എന്നിട്ട് മുറ്റം അടിച്ച ഒരാള്… പോടീ അപ്പുറത്താറ്റം.” സുബൈദ സുഹാനയോട് പറഞ്ഞിട്ട് റിയാനയോട് പറഞ്ഞു.

മോള് കുറച്ചു നേരം വിശ്രമിച്ചോ. ചെറിയുമ്മ ഇപ്പൊ വരാം.

 

ചെറിയുമ്മയുടെ പ്രകടനത്തിൽ റിയകുട്ടിക്ക് സംശയം തോന്നി.. അറക്കും മുൻപ് വെള്ളം കൊടുക്കുന്ന ആടാണ് താൻ എന്ന് റിയ കുട്ടിക്ക് തോന്നാതിരുന്നില്ല.

 

“മോളെ വാ. ഉപ്പ ഇരുന്നു ചോറ് കഴിക്കാലോ? ” സുബൈദ വിളിച്ചു പറഞ്ഞു.

 

“എടി ഇത്താത്തയെ വിളിച്ചിട്ട് വാ” സുബൈദ സുഹാനയോട് പറഞ്ഞു.

 

“ഇത്താത്ത ഉമ്മ വിളിക്കുന്നാ ചോറ് തിന്നാലോ വാ” സുഹാന വിളിച്ചു പറഞ്ഞു.

 

“ഈ പെണ്ണിന്റെ കാര്യം എപ്പോഴും തിന്നണം തിന്നണം എന്ന ഒരു ചിന്തയേ ഉള്ളൂ. ” സുബൈദ സുഹാനയെകൊണ്ട് പറഞ്ഞു.

 

റിയാന വന്ന് ഇരുന്നു. അവൾ ഉപ്പയുടെ മുഖത്തു നോക്കി. ഉപ്പയുടെ മുഖത്തു ഒരു സന്തോഷവും കാണാൻ കഴിഞ്ഞില്ല എന്ന് മാത്രം അല്ല ഒരു തരം നിരാശയും കണ്ടു.. എന്നാൽ അതൊന്നും സുബൈദ ശ്രദ്ധിച്ചില്ല. അങ്ങനെ അവർ ഭക്ഷണം കഴിച്ചു കിടന്നു..

Leave a Reply

Your email address will not be published. Required fields are marked *