ഞാൻ അവിടെ നിന്നും ഇറങ്ങി. പറയേണ്ട കാര്യങ്ങൾ എല്ലാം റിയകുട്ടിയെ പറഞ്ഞു ഏൽപ്പിച്ചാണ് ഞാൻ അവിടെ നിന്നും ഇറങ്ങിയത്.
ഗെയ്റ്റ് കഴിഞ്ഞപ്പോൾ ആണ് ഇക്കയെ കണ്ടത്..
“ആ ഇക്കാ എന്തേ വൈകിയത് ” ഞാൻ ചോദിച്ചു.
“അത്… അത്.. ആലി … അല്ല ആല നന്നാക്കാൻ ആളു വന്നത് കൊണ്ട്.. ” ഇക്ക വിക്കി വിക്കി പറഞ്ഞു. എന്തോ ആരെയോ പേടിക്കുന്നത് പോലെ.
“ശരി… ഇക്ക എന്നിട്ട് ആലി നന്നാക്കിയോ? അല്ല… ആല നന്നാക്കിയോ? ”
“ഇല്ല.. ഒരു തീയതി കണ്ടിട്ട് വരാന് പറഞ്ഞു.”
“എന്ത്. എപ്പോൾ വരാന്ന് പറഞ്ഞെന്ന്? ”
“അല്ല!! ഇന്ന് ചെയ്തു തരാൻ സമയം ഇല്ല എന്ന് പറഞ്ഞു. പിന്നെ ഏതെങ്കിലും ഒരു ദിവസം നോക്കി വരാം എന്ന് പറഞ്ഞു. ”
“ശരി. ഇക്ക വന്നിട്ട് കാണാം. ആ!! ഇക്കയുടെ മോള് അവിടെ നല്ല അപ്പവും മുട്ടക്കറിയും ഉണ്ടാക്കി വെച്ചിട്ടുണ്ട്.. പോയി കഴിക്കണേ.. ”
ഞാൻ അവിടെ നിന്നും പോയി . പക്ഷെ പോയത് കമ്പനിയിൽ അല്ലായിരുന്നു. എന്റെ ചില സുഹൃത്തുക്കളെ കാണാൻ ആയിരുന്നു. എല്ലാം കഴിഞ്ഞു ചില സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് വന്നു. ഞാൻ വരുമ്പോഴേക്കും വൈകുന്നേരം ആയിരുന്നു. ഞാൻ വന്നു ബെൽ അടിച്ചു കുറച്ചു കഴിഞ്ഞാണ് വാതിൽ തുറന്നത്. റിയ മോളെ കണ്ടപ്പോൾ എന്തോ ഒരു വല്ലായിക തോന്നി.
ഞാൻ അകത്തു കയറി സോഫയിൽ ഇരുന്നു.
“എന്ത് പറ്റി ? എന്തോപോലെ ഉണ്ടല്ലോ മുഖം കാണുമ്പോൾ. ഇന്ന് ഉപ്പയെ കണ്ടില്ലേ,? അതോ ഒന്നും കഴിച്ചില്ലേ? ഞാൻ ചോദിച്ചു.
“ഒന്നുമില്ല… പിന്നെ ഉപ്പ ഇന്ന് വന്നില്ലേ? ഇവിടെ വന്നില്ലല്ലോ? റിയ കുട്ടി ചോദിച്ചു.
“ആണോ!!? എന്നാ എന്തെങ്കിലും തിരക്കിൽ പെട്ടു കാണും. അതോർത്തു മോള് സങ്കടപെടേണ്ട.?” ഞാൻ അങ്ങനെ പറഞ്ഞു ഒഴിഞ്ഞു.. സത്യം പറഞ്ഞാൽ അവൾക്ക് സങ്കടം ആയാലോ? എന്നാണ് ഞാൻ ഓർത്തത്.
“മ് . സാറിന് കഴിക്കാൻ എടുക്കെട്ടെ.? ”
“എനിക്ക് വേണ്ട മോളെ. ഞാൻ ഒരു കൂട്ടുകാരന്റെ കൂടെ ചായ കഴിച്ചു. മോളൊന്നും കഴിച്ചില്ലേ?”
“ഇല്ല!! സാർ വന്നിട്ട് ഒരുമിച്ചു കഴിക്കാന്ന് കരുതി.. ഇന്ന് ഉപ്പയും വന്നില്ല. ”
“ഒറ്റ അടിവെച്ചു തന്നാലുണ്ടല്ലോ.. വാ വന്നു കഴിക്ക്. ഞാൻ എടുത്തു തരാം.”
“എനിക്ക് വേണ്ട സാർ.. എനിക്ക് വേണം എന്നില്ല. എന്നാലും ഉപ്പ എന്താ ഇന്ന് ഇങ്ങോട്ട് വരാഞ്ഞത്? ”
“അതേ!!! ഞാൻ ഫ്രഷ് ആയി വരാം. എന്നിട്ട് നമുക്ക് ഒരുമിച്ചു കഴിക്കാം. എന്താ ഏ? ”
ഞാൻ റൂമിലേക്ക് പോയി. ബാത്‌റൂമിൽ കയറി ഒന്ന് കുളിച്ചു വേഷം മാറി വന്നു.
അവളെ പിടിച്ചിരുത്തി ഞാൻ തന്നെ വിളമ്പികൊടുത്തു. ഞാൻ കൂടെ ഇരുന്നു കഴിച്ചു. കഴിച്ചെന്നു വരുത്തി ഞങ്ങൾ രണ്ടാളും.
“എന്റെ മോളിങ്ങു വന്നേ… വാ ഇവിടെ ഇരി ” അവളെ പിടിച്ചു സോഫയിൽ ഇരുത്തി. എന്നിട്ട് അകത്തു പോയി ഞാൻ വാങ്ങിയ ഒരു കവർ എടുത്തു കൊണ്ടുവന്നു അവളുടെ കൈയിൽ കൊടുത്തു.
“തുറന്നു നോക്ക് ” ഞാൻ പറഞ്ഞു.
അവൾ തുറന്നു നോക്കി. അതിന് ശേഷം എന്റെ മുഖത്തും.
“ഇതെന്തിനാ വാങ്ങിച്ചത്..”
“അത് ഒന്നും ഇല്ല. കുറച്ചു ഡ്രോയിങ് പേപ്പറും ,പെന്നും, പെൻസിലും , ചില പെയിന്റും ബ്രഷും ഒക്കെയാണ്. ഇവിടെ ഇരുന്നു ഓരോന്ന് ചിന്തിച്ചോണ്ടിരിക്കാതെ ഇതിൽ വല്ലതും വരച്ചു സമയം കളയാം.. എന്റെ ചിത്രം വരക്കാം പറ്റുമോ എന്ന് നോക്കാലോ ”
അവൾ ചിരിച്ചു. എന്നാൽ ചിരിക്ക് വേണ്ടത്ര തെളിച്ചം കണ്ടില്ല.. ഇക്കയെ കാണാത്തത് കൊണ്ടാണെന്നു ഞാൻ കരുതി. എന്നാൽ രാത്രിയിൽ ഉറങ്ങാൻ കിടന്ന ശേഷം കുറച്ചു കഴിഞ്ഞു എന്തോ ഒച്ച കേട്ട് ഞാൻ റൂമിന്റെ വാതിൽ തള്ളി നോക്കി.
വാതിൽ തുറന്നു താഴെ വെറും നിലത്ത് ഒരു പഴകിയ സാരിയും പുതച്ചു . പനിച്ചു വിറച്ചു പിച്ചും പെയ്യും പറയുന്ന റിയകുട്ടിയെ ആണ് ഞാൻ കണ്ടത്.
“സാർ… സാർ… ഏട്ടൻ ഏട്ടൻ.. ഉപ്പ… ഉപ്പ.. ഞാൻ ഇപ്പോൾ മരിച്ചു പോകും ഉപ്പ സാറേട്ട സാറേട്ടാ” എന്നിങ്ങനെ എന്തൊക്കെയോ പിറു പിറുക്കുന്നു. ഞാൻ അവളെ കോരി എടുത്തു കട്ടിലിൽ കിടത്തി.
