പല്ലവിയുടെ ചോദ്യത്തിന് മുന്നിൽ സ്തബ്ധരായി നിൽക്കാനേ ആ രണ്ടു അമ്മമാർക്കും കഴിഞ്ഞോള്ളൂ
ഈ ശ്രീലകത്തിന്റെ നാലു ചുവരുകൾക്കുള്ളിൽ കരഞ്ഞു കണ്ണീരുമായി ജീവിക്കാൻ ഞാനില്ല അമ്മേ… ഒന്നിനും ആയില്ലെങ്കിൽ… പാതിയിൽ നിർത്തി… അവരുടെ കണ്ണിലെ നീർത്തിളക്കം പറയാൻ വന്നതു മുഴുവിപ്പിച്ചില്ല എന്നതാവും ശെരി…
വൈകുന്നേരം ആണ് ശ്രുതി വിളിച്ചത്..
എടീ സെന്റോഫ് പാർട്ടിക്ക് വരുന്നില്ലേ ധന്യ ഡോക്ടറിന്റെ….
ഇല്ലെടീ ഒരു മൂഡില്ല… വൈകുന്നേരം കൊട്ടിയൂർ അമ്പലത്തിൽ തൊഴാൻ പോണം…
എന്നാ ശെരി ഞാൻ പോയിട്ട് വിളികാം..
പാർട്ടി ഒഴിവാക്കാൻ കള്ളം പറഞ്ഞതാണ് അമ്പലത്തിൽ തൊഴാൻ പോകുന്നു എന്നത്….
എങ്കിലും അമ്മയോട് പറഞ്ഞു.. അമ്മേ.. വൈശാഖ മഹോത്സവം തുടങ്ങീല്ലേ നമുക്ക് ഒന്ന് കൊട്ടിയൂർ പോയാലോ….
അമ്മ അച്ഛനോട് പോയി ചോദിച്ചിട്ടുണ്ടാവണം.. പോകാമെന്നു സമ്മതിച്ചു…
ദക്ഷന്റെ യാഗഭൂമിയിൽ.. പരമേശ്വേര സതി പ്രണയത്തിന്റെ സ്മരണകൾ ഉണർത്തുന്ന ആ യാഗ ഭൂമിയിൽ നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു ആശ്വാസം ആയിരുന്നു… എപ്പോളും ആലോചിക്കാറുണ്ട് പ്രണയത്തിന്റെ ദേവൻ പരമ ശിവൻ ആണെന്ന്… അത്രത്തോളം തീഷ്ണമായി ആരും പ്രണയിച്ചിട്ടില്ല… തന്നിലെ പാതിയിൽ തന്റെ പ്രിയതമയെ ചേർത്തവൻ…
മുട്ടറ്റം എത്തുന്ന വെള്ളത്തിൽ നിന്നു വേണം ഭഗവാനെ തൊഴാൻ.. കണ്ണടച്ച് തൊഴുതു നിൽകുമ്പോൾ അനുഗ്രഹ മെന്നോണം ചെറിയ ചാറ്റൽ മഴ മുഖത്തേക് തുള്ളി തുള്ളിയായി വീണു..
ചുറ്റിലും കെട്ടിയ പർണ ശാലകൾ.. യാഗത്തെ അനുസ്മരിപ്പിക്കുന്ന പൂജകൾ.. മുത്തശ്ശി പറഞ്ഞു കേട്ട കൊട്ടിയൂരിന്റെ പുരാണകഥയിലേക്ക് മനസ്സ് പോയി…
ദക്ഷന് ഇഷ്ടമില്ലാതെ അദ്ദേഹത്തിന്റെ പുത്രി സതി പരമശിവനെ ഗാഢമായി പ്രണയിക്കുന്നു ഒടുവിൽ തപസ്സു ചെയ്തു സ്വന്തം ആകുന്നു.. പരമശിവനെ സതി വിവാഹം ചെയ്തതിൽ ഇഷ്ടപ്പെടാത്ത സതിയുടെ പിതാവ്, ദക്ഷൻ പതിനാലുലോകത്തെ ശിവനൊഴികെ എല്ലാവരേയും ക്ഷണിച്ചു യാഗം നടത്തി. ക്ഷണിച്ചില്ലെങ്കിലും സതി യാഗം കാണാൻ പോയി. അവിടെവച്ച് പരമശിവനെ ദക്ഷൻ അവഹേളിച്ചതിൽ ദുഃഖിതയായ സതീദേവി യാഗാഗ്നിയിൽ ചാടി ജീവനൊടുക്കി. കൈലാസത്തിലിരുന്ന പരമശിവൻ ഇതറിഞ്ഞ് കോപാകുലനായി ജഡ പറിച്ചെടുത്ത് നിലത്തടിച്ചു. അതിൽ നിന്നും വീരഭദ്രൻ ജനിച്ചു. വിരഭദ്രൻ യാഗശാലയിൽ ചെന്ന് ദക്ഷന്റെ താടി പറിച്ചെരിഞ്ഞു, ശിരസറുത്തു. ശിവൻ താണ്ഡവ നൃത്തമാടി. ദേവന്മാരും ഋഷിമാരും ബ്രഹ്മവിഷ്ണുമാരും ശിവനെ സമീപിച്ച് ശാന്തനാക്കി. ധക്ഷന്റെ തല അതിനിടയിൽ ചിതറി പോയതിനാൽ ആടിന്റെ തല ചേർത്ത് ശിവൻ ദക്ഷനെ പുനർജീവിപ്പിച്ചു. യാഗവും പൂർത്തിയാക്കി. പിന്നീട് ആ പ്രദേശം വനമായിമാറി.
മണിത്തറയും വെള്ളത്തിലും കരയിലുമായി കെട്ടിയുണ്ടാക്കിയ പർണ്ണശാലകളും കുടിലുകളും ചേർന്നതാണ് താൽക്കാലിക ക്ക്ഷേത്രം ബാവലി പുഴയിൽ നിന്ന് കിഴക്കുഭാഗത്തുകൂടെ ഒഴുകിവരുന്ന വെള്ളം ക്ഷേത്രമുറ്റമായ തിരുവഞ്ചിറയെ വലംവച്ച് പടിഞ്ഞാറോട്ടൊഴുകി ബാവലിയൽ തന്നെ ചേരും. ബാവലിയിലെ കല്ലുകളും മണ്ണും കൊണ്ടാണ് മണിത്തറ ഉണ്ടാക്കുന്നത്. ദേവി സാന്നിദ്ധ്യമുള്ള അമ്മാറക്കല്ലുമുണ്ട്.
ഉൽസവകലത്ത് 34 താൽക്കാലിക ഷെഡ്ഡുകൾ കെട്ടും. അമ്മാരക്കല്ലിന് മേൽക്കൂരയില്ല. ഒരു ഓലക്കുടയാണ് ഉള്ളത്.
തിരുവഞ്ചിറയിലെ ശയനപ്രദക്ഷിണം പ്രത്യേകതയുള്ളതാണ്. മുട്ടൊപ്പം വെള്ളത്തിലൂടെ കണ്ണുകെട്ടിയാണ് ശയന പ്രദക്ഷിണം നടത്തുന്നത്
രാപ്പകൽ ഒരുപോലെ വിറകെരിയുന്ന കൊട്ടിയൂർ ക്ഷേത്രത്തിലെ തിരുവടുപ്പുകളിൽ നിന്നു ചാരം നിത്യവും ശിവഭൂതങ്ങൾ നീക്കം ചെയ്യുന്നുണ്ടെന്നുമാണ് വിശ്വാസം.
പ്രണയന്ധനായ പരമ ശിവൻ രുദ്ര വേഷം ആടിയ ആ യാഗ ഭൂമിൽ.. അവൾ.. പല്ലവി.. അവൾ കാത്തിരിക്കുന്ന ദേവന് വേണ്ടി പ്രാർത്ഥിച്ചു… കരിംകൂവള മിഴികലിലുള്ള അവളുടെ ഭക്തി… അത് പ്രണയത്തിനായി പ്രാർത്ഥിച്ചു… ആ മിഴികളിൽ മുഴുവൻ പ്രണയം ആയിരുന്നു.. എന്നോ കൈ വിട്ടു പോയ.. ആ പ്രണയം…
അവളുടെ കവിളുകളിൽ നിന്നു കടമെടുത്തൊന്നോണം അസ്തമയ സൂര്യന്റെ ചെഞ്ചായം വാനിൽ വിതറിയിരുന്നു… വെളുത്ത പാവാടയും പച്ച ബ്ലൗസും കൈകളിൽ കുപ്പി വളകളും.. ദേവനെ നോക്കി തൊഴുതു നിൽക്കുന്ന പല്ലവി മറ്റൊരു ദേവി ആണെന്ന് അവനു തോന്നി.. ചെറുതായി ചുരുണ്ട മുടിയിഴകളിൽ നിന്നൂറി വന്ന വെള്ളം അവളുടെ പിൻ ഭാഗത്തു നനവ് പടർത്തിയിരുന്നു… മുടിയുടെ പിന്നിൽ കുത്തിയ തുളസി യില…അവളിൽ നിന്നും കണ്ണെടുക്കാൻ തോന്നുന്നില്ല..
